മുറിവുകൾ പൂത്ത മഞ്ഞമുക്കുറ്റികൾ
മുറിയിലാകെ മുളയ്ക്കുന്ന പുലരിയിൽ
കൊടുകൊലയാളി വൈറസിൻ ഭീതിയാൽ
അഴൽ തഴയ്ക്കുന്നൊരഗ്നിഗേഹങ്ങളിൽ
സഹനജീവിതം തോഴരോടൊപ്പമായ്
ബഹളമില്ലാതെ പായുന്നനാദിയായ്.
കടൽ കടന്നെത്തിയുള്ളൊരു നോവിനാൽ
പശി പിടഞ്ഞ് വയറു കത്തീടവേ
പനി തിളയ്ക്കുന്ന കപ്പയായ് ശ്രീലങ്ക
കടല വേവുന്ന ഗന്ധമായ് പാകിസ്ഥാൻ
ഒരു നുള്ളു പാൻപരാഗായ് പൂർവ്വബംഗാൾ
മധുരമേറെത്തണുത്ത മാമ്പഴരുചി
അരുണമാകുന്നടുക്കള പിന്നെയും.
അകലെ നാടുകൾ ഓരോ സ്വരങ്ങളിൽ
അരികിലെത്തുന്നു സന്ദേശവാക്യമായ്
തലനരച്ചവർക്കുള്ളിൽ മനഃക്ലേശ-
രുധിര സമ്മർദ്ദമായ് കണ്ണുനീരുകൾ.
ചെറുകുസൃതികൾ പൂത്ത ചിരികളായ്
കളികളിൽ സ്വയമലിയുന്നു കുട്ടികൾ.
പതിവു റേഷന്റെ നല്ലരിച്ചോറിനാൽ
പകുതിജീവിതം വെന്തു തൂവീടുന്നു.
തൊടിയിലൊക്കെ കിളികൾ കുടുംബമായ്
സമയനിർബ്ബന്ധമില്ലാതെ പാടുന്നു
അരണ, അണ്ണാറക്കണ്ണനും ഓന്തുമായ്
കുരുവി, കാക്കകൾ സാറ്റു കളിക്കുന്നു.
വാഴകൾ പുതു കൂമ്പുകൾ നീട്ടിയാ
പ്രായപൂർത്തിതൻ ലജ്ജയാൽ ചൂളുന്നു.
അത്ര കർക്കശമല്ലാ വ്യവസ്ഥയാൽ
മൈനകൾ വീടിനുള്ളിലേക്കെത്തുന്നു.
കതകടച്ചു നാം കഥയറിയാത്തതാം
കദനമൊക്കെ കുടിച്ചിറക്കുമ്പോഴും
പതിവു കയ്പ്പക്ക ജൂസിന്റെയാന്തലിൽ
സ്ഥിതമധുരമാം രോഗമറിയുമ്പോഴും
നാവിലിത്രയും കയ്പു നിറഞ്ഞീല
നോവിനിത്രയ്ക്ക് ബാഷ്പം തുളിച്ചീല.
കരുതിവെയ്ക്കാത്ത സ്നേഹമൗനങ്ങളിൽ
കടലുപോലെ പരക്കുന്നു ജീവിതം.
കതകു പൂട്ടിയകത്തിരിക്കുമ്പോഴോ
കവിത പോലെ വിതുമ്പുന്നു വീടകം.
വർണ്ണമത്സ്യങ്ങൾ നീന്തും തടാകമായ്
ചുവരുകൾക്കുള്ളിലക്വേറിയങ്ങളും.
നിത്യസ്വാതന്ത്ര്യമെന്ന വേദാന്തമോ
വിട്ടുപോകുന്നുടലുയിർക്കേളിയായ്.
പട്ടുപോകാത്ത കെട്ടുപാടല്ലയോ
മിച്ചമാകുന്നു പട്ടടയോളവും.
എങ്കിലും ജയിലാക്കിയ ജീവിതം
ബന്ധുരത്വം നിറയ്ക്കുന്നു നമ്മളിൽ
വന്ധ്യമായ് വരണ്ടെങ്ങോ നിലയ്‌ക്കേണ്ടൊ-
രുൾക്കുടന്നകൾ വിടരുന്ന വിങ്ങലാൽ.
തമ്മിലേറെയകന്നിരിക്കുമ്പോഴും
ഹൃത്തിനാൽ പുണർന്നീടുന്നു തങ്ങളിൽ,
നമ്മിലേക്ക് തിരിഞ്ഞു നോക്കുമ്പോഴോ
ഇന്നലെക്കണ്ട നമ്മളല്ലിന്നു നാം.
===
P. Sivaprasad / പി. ശിവപ്രസാദ്
About The Author
No related posts.