കുറ്റമില്ലാത്തവർ – എം തങ്കച്ചൻ ജോസഫ്.

Facebook
Twitter
WhatsApp
Email

കുറ്റമില്ലാത്തവർ (കവിത)
.
××××××××××××××××××

അറ്റുപോകുന്നൊരു പാണിതൻവേദന
മാറ്റാൻ കഴിയുന്നു മർത്തൃനിന്ന്..
പാതിമുറിഞ്ഞൊരു കരളിന്റെ വേദന
മാറ്റാൻ കഴിയുമോ കാലങ്ങളേ..

തെറ്റു കുറ്റങ്ങൾ മനുഷ്യ സഹജം
കാറ്റ് പറഞ്ഞൊരു വാമൊഴിയോ…
കുറ്റം വിധിപ്പാനും ശിക്ഷ നടപ്പാനും
ദൈവത്തെ പോലും മറികടന്നു. നിങ്ങൾ…

ഭ്രാന്തുപിടിച്ചൊരു മതവൈര വിത്തുകൾ
വെട്ടിമുറിച്ചൊരു മുറിവിടത്തിൽ..
മുളക് തേക്കുന്നൊരു നീച മനസ്സിനെ..
പേരെന്ത് ചൊല്ലി വിളിച്ചിടേണ്ടൂ..ഞാൻ

വെള്ള പുതച്ചൊരു കള്ളത്തരങ്ങളും
പൊള്ളയാം നല്ലൊരു മാമൂലുകൾ..
ആടിപ്പഴകിയൊരാട്ടക്ക ഥപോലെ
കെട്ടു കഥകൾ മെനഞ്ഞിടുന്നു

ദൈവകോപാഗ്നിയോ ശാപദുഖങ്ങളോ
ഇരുളാർന്ന വീഥിയിൽ ജീവിതം തിരയുന്നു..
പായാരംചൊല്ലി കരഞ്ഞൊരു പത്നിനിയും
ഒരു മുഴം കയറിലായ് ശാന്തി തേടിപ്പോയി..

ഇടിവെട്ടി പെയ്യുന്ന മലവെള്ളം പോലെയാ
കാലത്തിൻമാറ്റൊലി കേൾക്കുന്നു ഞാൻ..
കാട്ടു ചെന്നായ്ക്കൾ കാവല് നിൽക്കുന്ന
നീതി കൂടാരങ്ങൾ നീങ്ങിടട്ടെ…

ഏറ്റു വാങ്ങുന്നു ഞാൻ കുറ്റങ്ങളൊക്കെയും
കുറ്റമില്ലാത്തവർ നിങ്ങളാണോ.
പാതിമുറിഞ്ഞൊരു പ്രാണന്റെ വേദന
പ്രാകിപ്പറഞ്ഞു ഞാൻ തീർത്തിടട്ടേ….
🌻🌻🌻

എം തങ്കച്ചൻ ജോസഫ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *