പറക്കുന്ന വീട് (ഡോ.സുനിത ഗണേഷ്)

Facebook
Twitter
WhatsApp
Email

“ഇൗ ലോകം മുഴുവൻ സന്നദ്ധരായ ആളുകളാണ്, ചിലർ ജോലി ചെയ്യാൻ സന്നദ്ധത കാണിക്കുന്നു, ബാക്കിയുള്ളവർ അവരെ അത് ചെയ്യാൻ സമ്മതിക്കുന്നു” റോബർട്ട് ഫ്രോസ്റ്റ്

ചേറ്റുമണ്ണിൽ പുതഞ്ഞിരുന്നു.
മേൽക്കൂര വിണ്ടകന്നിരുന്നു.
മണ്ചട്ടികളുള്ളിൽ
വഞ്ചികളായി മാറിയിരുന്നു.
മുട്ടിലിഴഞ്ഞും, തുഴഞ്ഞും
ദിനങ്ങളേറെ കടന്നുപോയിരുന്നു.

കോണ്ക്രീറ്റ് സൗധങ്ങൾ ദൂരെ,
യേറെ ദൂരെ തലപൊക്കി നിന്നിരുന്നു.
ഇടക്കിടെയവ,യിങ്ങോട്ടു
പുച്ഛ മെറിഞ്ഞിരുന്നു.
മേൽക്കൂരക്കുകീഴിൽ നിഴലുകൾ
ചൂളി ചുരുണ്ടിരുന്നു.

വേലിമുള്ളിൽ കേറി നോക്കിയിരുന്നു.
തെങ്ങോളം, പനയോളം,
മോഹങ്ങൾ കൊണ്ടിരുന്നു.
വേലി പൊളിഞ്ഞതും,
മണ്ണിലളവുകോൽ വീണതും,
കണ്ണീരോടെ നോക്കി നിന്നു.

തെങ്ങോല മെടഞ്ഞൊരു
കൂരയാ വഴി വന്നിരുന്നു.
ഇത്തിരി തണലുണ്ടെന്നൊരു
വാർത്ത മൊഴിഞ്ഞിരുന്നു.
കോണ്ക്രീറ്റു സൗധങ്ങളെ പാളി നോക്കി,യോലപ്പുരതന്നകത്തു കേറി.

ഇത്തിരിത്തണലിൽ നിശ്വസിച്ചു,
അപ്പോഴേക്കും മാനം ഇടഞ്ഞു
കറുത്തു, പെരുമഴ കൂരക്കത്തുകേറി…
ഓലപ്പുരക്കലിതുള്ളിപ്പറഞ്ഞു,
തള്ളിപ്പറഞ്ഞു പുതുവീടകത്തെ,
അന്തിച്ചു നിന്നവൾ ചോരും കൂരക്കുക്കീഴേ…

മഴയോ കുസൃതിയായി, കലിയായി
പാറി വീണു, റാഞ്ചിയെടുത്തു ജീവനാകെ…
കോണ്ക്രീറ്റു സൗധങ്ങൾ
മുങ്ങിപ്പോയി, ഭൂമിയാകവേ നനഞ്ഞു പോയീ, പറക്കുന്ന വീടപ്പോളവിടെയെത്തി
അവളെയുമെടുത്തു പറന്നു പോയീ..

സുനിത ഗണേഷ്

About The Author

Leave a Reply

Your email address will not be published. Required fields are marked *