പ്രവാസികളെ പീഡിപ്പിക്കുന്ന മാടമ്പികൾ – കാരൂർ സോമൻ (ലണ്ടൻ).

Facebook
Twitter
WhatsApp
Email
കേരളത്തിൽ നല്ലൊരു വിഭാഗം പോലീസ്,  സർക്കാർ ജീവനക്കാർ, പ്രാദേശിക നേതാക്കൾ രാഷ്ട്രീയ പാർട്ടികളുടെ ഗുണ്ട  മാടമ്പികളായി പ്രത്യേക പരിശീലനം നേടിക്കൊണ്ടിരിക്കുന്നു. അധികാരത്തിലിരിക്കുന്നവരുടെ അറിവോടെയാണ്, അറിവില്ല എന്ന രണ്ട് വാദങ്ങളുണ്ട്. എന്തായാലും  രാജഭരണ കാലങ്ങളിൽ നായാട്ടിനായി പോകുമ്പോൾ വേട്ട നായ്ക്കളും ഒപ്പമുള്ളതുപോലെയാണ് ഓരോ സംഭവങ്ങളും കാണുന്നത്.  ഈ കൂട്ടർ ശാസ്ത്ര -സാങ്കേതിക-വിദ്യാഭാസ-അധ്വാന  രംഗത്തൊന്നുമല്ല പരിശീലനം നേടി നാടിനെ സേവിക്കുന്നത്. അതിലുപരി അവരുടെ ബോധമനസ്സിൽ വളരുന്നത് പാവപ്പെട്ട നാട്ടുകാരെ, പ്രവാസികളെ    ചുഷണം ചെയ്‌തും, ഭയപ്പെടുത്തിയും കീശ എങ്ങനെ വീർപ്പിക്കാമെന്ന നിഗുഢ പരീക്ഷണ പാഠങ്ങളാണ് പഠിക്കുന്നത്.  ഇപ്പോൾ പ്രവാസികൾക്ക്  ഞെട്ടലുണ്ടാക്കിയ സംഭവം ഷാഹി വിജയൻ എന്ന അമേരിക്കക്കാരൻ പത്തു കോടിയോളം  കഷ്ടപ്പെട്ടും കടമെടുത്തും  കൊല്ലം ചവറയിൽ ഒരു ഓഡിറ്റോറിയാം നിർമ്മിച്ചപ്പോൾ നാട്ടിലെ ഒരു രാഷ്ട്രീയ കുട്ടി നേതാവ്  കൈക്കൂലി കൊടുത്തില്ലെങ്കിൽ അവിടെ കൊടികുത്തും വീർപ്പുമുട്ടലനുഭപ്പെടും എന്ന ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്. യാഥർഥ്യങ്ങൾ അതിന്റ ഉടമ വെളിപ്പെടുത്തിയിട്ടും ഏകപക്ഷിയമായ തീരുമാനങ്ങൾ പൊതുമണ്ഡലത്തിൽ വിവാദങ്ങൾ ഉളവാക്കുന്നു. അഭിപ്രായ പ്രകടനങ്ങളല്ല വേണ്ടത് ആരോഗ്യകരമായ ഇടപെടലുകളാണ് ആവശ്യം.
കേരളത്തിലെ ചില   രാഷ്ട്രീയ പ്രാദേശിക നേതാക്കൾ കുറെ കാലങ്ങളായി പഴയെ മാടമ്പികളെപോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആർക്കാണ് അറിയാത്തത്.  ഇന്നത് വളരെ  വ്യാപകമായി കേരളത്തിൽ വളരുന്നു. ഏത് പാർട്ടിയായാലും എങ്ങനെ  സമ്പത്തു വർദ്ധിപ്പിക്കാം എന്ന  ചിന്തയാണ്. ഒരു പ്രവാസി  ഓഡിറ്റോറിയാം കെട്ടിപൊക്കിയപ്പോൾ കുട്ടി നേതാവ് ഒരു ഗുണ്ടയെപോലെ പതിനായിരം രൂപ കോഴ   ചോദിച്ചത് ഏത് വകുപ്പിലാണ് ഉൾപ്പെടുത്തേണ്ടത്.  ചിലർക്ക്  പൈതൃകമായി കിട്ടിയ പിന്തുടർച്ചാവകാശമാണ്  പ്രതികാരം ചെയ്യുക, ഭയപ്പെടുത്തുക,   സത്യം പറയുന്നവരെ ഭീതിയിലാഴ്ത്തുക,  കൊല്ലാൻ പറഞ്ഞാൽ കൊല്ലുക തുടങ്ങിയ അപരിഷ്‌കൃത ഗോത്ര മാടമ്പി   സംസ്കാര൦. വിപ്ലവ കുട്ടി നേതാവ് ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ പൊലീസ്,   കോടതി, വിചാരണ, ന്യായാധിപൻ എല്ലാം ഞാൻ തന്നെയെന്ന് വീമ്പളക്കുന്നു.  കുട്ടി നേതാവിന്റ വാക്കുകൾ കേട്ടാൽ തോന്നും തങ്ങൾ ഈ നാട്ടിലെ സ്വയം ഭരണാവകാശമുള്ള രാഷ്ട്രീയ പാർട്ടിയുടെ പരമാധ്യക്ഷനാണ്. ഇതൊക്കെ കേൾക്കുന്നവർക്ക്   കേരളദേശമെല്ലാം ഈ കൂട്ടർക്ക്  പതിച്ചുകിട്ടിയതാണോ എന്ന് തോന്നും. ഇത്തരത്തിലുള്ള  പരാന്നഭോജികൾ പാവപ്പെട്ട തൊഴിലുടമകളെ, പ്രവാസികളെ അസ്വസ്ഥരും ആകുലരുമാക്കുന്നത് നന്നല്ല.  സാംസ്കാരിക കേരളത്തിന് അപമാനമാണ്.  ഇവരുടെ   സമീപനം കണ്ടാൽ തോന്നും പ്രവാസികൾ ഇവരുടെ ആശ്രിതർ. നാട്ടിലെ പാവങ്ങൾ ഇവരുടെ അടിമകൾ. വിദ്യാസമ്പന്നരായ യുവതി യുവാക്കളെ നാട്ടിൽ നിന്ന് കുടിയൊഴുപ്പിച്ചതിൽ  രാഷ്ട്രീയ പാർട്ടികൾക്ക് വലിയൊരു പങ്കുണ്ട്. ഇന്നും അവർ കറവപ്പശുക്കൾ തന്നെ.    അവരുടെ തലച്ചോർ അന്യരാജ്യക്കാർ ഉപയോഗിക്കുന്നു. അവർ സ്വന്തം ദേശത്തുണ്ടായിരുന്നെങ്കിൽ ഈ മന്ദബുദ്ധികൾ ഇങ്ങനെ അഴിഞ്ഞാടില്ലായിരുന്നു. പ്രവാസികളുടെ അവകാശങ്ങളും അധികാരങ്ങളുമാണ് ഇവർ വലിച്ചിഴച്ചു് സ്വന്തക്കാർക്കും  പാർട്ടിയിലുള്ളവർക്കും വീതിച്ചുകൊടുക്കുന്നത്. അതിന്റ ദുരന്തങ്ങളാണ് നാട്ടിൽ കണ്ടുകൊണ്ടിരിക്കുന്നത്. ഒരു തുണ്ടു ഭൂമിയില്ലാത്ത  തിരുവനന്തുപുരത്തുകാരൻ മണികണ്ഠന് കൂലിപ്പണി ചെയ്ത് ജീവിക്കാൻപോലും മാർഗ്ഗമില്ലാത്ത ഒരു ദുരവസ്ഥ എന്തുകൊണ്ടാണ്  മറ്റൊരു തൊഴിലാളി വർഗ്ഗമുണ്ടാക്കുന്നത്?  ആ പാവം തൊഴിലാളിയെ മർദ്ദിക്കുന്നത്  ജനം കണ്ടതല്ലേ? ഈ മാടമ്പി ഗുണ്ടകളെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയല്ലേ വേണ്ടത്? എല്ലാം നിയമപാലകരും കുറ്റവാളികൾക്ക് ഒത്താശ ചെയ്യുന്നതിനാൽ കുറ്റകൃത്യങ്ങൾ പെരുകുന്നു.  ആരെയും ശിക്ഷിച്ചു കാണുന്നില്ല.
 വിദേശ രാജ്യത്തു് കുടിയേറി പാർത്തിട്ടും  അവിടുന്ന് കിട്ടുന്ന വരുമാനത്തിൽ നിന്ന് ജന്മനാട്ടിൽ  എന്തെങ്കിലും വ്യവസായം തുടങ്ങാമെന്ന് കരുതിയാൽ ഈ കഴുക കണ്ണുള്ള യൂണിയനുകളും നാട്ടിലെ രാഷ്ട്രീയ ഗുണ്ടകളും തങ്ങളുടെ അധികാര പരിധിയിലുള്ള പോലീസ്, പഞ്ചായത്തു, വില്ലജ് ഓഫീസ്, കൃഷി ഓഫീസ് തുടങ്ങി എല്ലാം  അധികാരികളെയും  വീരയുഗത്തിലെ യവനന്മാരെപോലെ രംഗത്തിറക്കി പ്രതിരോധിക്കുന്നു.  ഷാഹി വിജയന് സംഭവിച്ചതും അതുതന്നെ.  വിദേശ മലയാളികൾ  ഇതൊക്കെ അമ്പരപ്പോടെയാണ്  കാണുന്നത്.  ഞങ്ങൾ പാർക്കുന്ന രാജ്യങ്ങളിൽ ഇതുപോലുള്ള നീതിനിഷേധങ്ങൾ നടക്കുന്നില്ല. ആരും ഭരണകൂടത്തിന്റ അടിച്ചമർത്തലിന് ഇരകളാകുന്നില്ല. ഭരിക്കുന്നവർ കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്നില്ല. വിദേശികളായിട്ടും   ഒരു രാഷ്ട്രീയ പാർട്ടിയും കേരളത്തിലേതുപോലെ വേട്ടയാടുന്നില്ല.  സംകാരിക സാഹിത്യ നായകന്മാർ വാഴ്ത്തിപ്പാടി  പുരസ്‌കാര പദവികൾ നേടുന്നില്ല.   സ്വന്തം നാട്ടിൽ ഇതൊക്കെ കാണുമ്പൊൾ പ്രവാസികൾക്ക് ലജ്ജയാണ് തോന്നുന്നത്.
പാവങ്ങളെ മർദിക്കുന്ന, ഉപജീവനത്തിനായി വിദേശത്തു് കഴിയുന്ന പ്രവാസികളെ കരുതിക്കൂട്ടി നിരന്തരമായി ഉപദ്രവിക്കുന്നത്  ഭരണകൂടങ്ങൾ കണ്ണുതുറന്ന് കാണണം. പ്രവാസിയായ സാജൻ ഇതുപോലൊരു ഓഡിറ്റോറിയം പണിതതും ഒടുവിൽ ആ പാവം തുങ്ങി മരിച്ചതും   കുറ്റവാളികൾ രക്ഷപ്പെട്ടതും അതുപോലെ സുഗതൻ എന്ന പ്രവാസി തന്റെ വർക്ക്‌ഷോപ്പിൽ തുങ്ങി മരിച്ചതും മലയാളികൾ മറന്നിട്ടില്ല.  കേരളത്തിലെ ഈ ഇത്തിക്കണ്ണിവർഗ്ഗത്തെ കേരള ജനത എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല. കേരളത്തിൽ പച്ചയായ എത്രയോ ഹിംസാൽമക അല്ലെങ്കിൽ കൊള്ളക്ക് തുല്യം കൊള്ളിവെയ്പ്പ് നടത്തുന്നവരെ നിയമപരമായി ശിക്ഷിക്കുന്നില്ല?  പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരി പള്ളനിറക്കാൻ ഇവർക്ക് നാണമില്ലേ? .   നാടിന് നാശം വിതക്കുന്ന ഈ ഗുണ്ടകളെ വളരാൻ അനുവദിക്കരുത്. ഇവർക്ക് തൊഴിൽ ഇല്ലെങ്കിൽ  കുറെ കന്നുകാലികളെ വാങ്ങി കൊടുത്താൽ കന്നുകാലി സമ്പത്തു് കൈവരും. അന്നും ഇന്നും ഏറ്റവും കൂടുതൽ കാണുകാലികളുള്ളവർ സമൂഹത്തിലെ സമ്പന്നരാണ്.  മറ്റുള്ളവരുടെ വിയർപ്പിന്റ കൂലി അടിച്ചുമാറ്റാതെ   സ്വന്തം ആവശ്യങ്ങൾക്ക് പണം കിട്ടുകയും ചെയ്യും. ഈ കൈക്കൂലി സാമ്പത്തിനേക്കാൾ  എത്രയോ മികച്ചതാണ്  പശുക്കളെ വളർത്തി പാലുല്‌പാദനം വർദ്ധിപ്പിക്കുന്നത്. അതിലൂടെ  ആരോഗ്യമുള്ള ഒരു ജനതയെ വളർത്തിക്കൊണ്ടുവരാൻ സാധിക്കും. നാടിന് നന്മ ചെയ്തുകൊണ്ടുവേണം ജനസേവനം നടത്താൻ അല്ലാതെ മറ്റുള്ളവരെ വേദനിപ്പിച്ചുകൊണ്ട്  അധികാര കസേരകളിൽ വരരുത്. അങ്ങനെ വരുന്നത് നാടിന് ആപത്താണ്. പ്രവാസികൾ നാടിന്റ നന്മയാണ് ആഗ്രഹിക്കുന്നത് അവരെ അടിച്ചമർത്താൻ ശ്രമിക്കരുത്.
ഇന്നത്തെ പ്രവാസികൾ കേരളത്തിലുണ്ടായിരുന്ന കാലം കേരളം എല്ലാം രംഗത്തും എത്ര സമ്പന്നമായിരുന്നു. എത്ര സുന്ദരമായിരുന്നു. ഇന്ന് പണം, അധികാരം സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു. എന്ത്  അനീതി നടന്നാലും അധികാരികളിൽ നിന്ന് കേൾക്കുന്നത് അർത്ഥശങ്കയുളവാക്കുന്ന വാക്കുകൾ.   സമൂഹത്തിൽ വിനാശം വിതക്കുന്ന വ്യക്തികളെ കോടിയുടെ നിറം നോക്കി  ഒരു പാർട്ടിയും     സംരക്ഷിക്കരുത്. കൊറോണ കാലം   ജോലിയും കുലി യില്ലാത്തവന്   കഞ്ഞിയും കുരയും കൊടുത്തില്ലെങ്കിലും നോക്കു  കൂലി ഗുണ്ടകളെ വിട്ട് തല്ലരുത്.  കേരളം  നിക്ഷേപ സൗഹാർദ ദേശമെന്ന് അധികാരത്തിലുള്ളവർ പറയുമ്പോൾ ഇതുപോലുള്ള സംഭവങ്ങൾ എന്തുകൊണ്ടുണ്ടാകുന്നു? മറ്റ് വ്യവസായികൾ  അന്യസംസ്ഥാനങ്ങളിലേക്ക് പോകുന്നു.  ആദ്യം അവസാനിപ്പിക്കേണ്ടത് ഗുണ്ടാപ്പിരിവുകളും കൈക്കൂലിയുമാണ്. ഈ വിഷയങ്ങൾ അധികാരത്തിലുള്ളവർ ഗൗരവമായി എടുക്കണം.  പാവപ്പെട്ടവൻ കരയിക്കിട്ട മീൻപോലെ പിടയുന്നു.  പ്രവാസി ഷാഹി വിജയനോട് കാട്ടിയത് കാടത്വമാണ്. അതിൽ കുറ്റവാളികളായ ദേശ ദ്രോഹികളെ മാതൃകാപരമായി ശിക്ഷിക്കണം.  ശക്തമായ നടപടികൾ എടുക്കാത്തതാണ് കേരളത്തിൽ എല്ലാം രംഗത്തും നിയമലംഘനങ്ങൾ നടക്കുന്നത്. മൊബയിലിൽ പകർത്താൻ സാധിക്കുന്നതുകൊണ്ട് ചിലതൊക്കെ പുറത്തു വരുന്നു. കുറെ കാലങ്ങളായി കേരളത്തിൽ കണ്ടുകൊണ്ടരിക്കുന്ന മത -രാഷ്ട്രീയ സംവാദങ്ങൾ വിചിത്രവും ഭയാനകവുമായി മാറുകയാണ്.  ഇത് രണ്ടും കേരളത്തിലെ  വോട്ടുപെട്ടി യന്ത്രം  നിറക്കാനുള്ള   ഉത്പന്നങ്ങളാണ്. ആ ഉൽപ്പന്നം വിറ്റഴിക്കുന്ന ധനതത്വശാസ്ത്രം കുട്ടികളെ ദയവായി  പഠിപ്പിക്കരുത്.
…………………
………………………………
……………………………..

About The Author

Leave a Reply

Your email address will not be published. Required fields are marked *