ചൈന: ചരിത്രത്തിലെ മഞ്ഞനദിയുടെ സംസ്കാരം – കാരൂര്‍ സോമന്‍, ലണ്ടൻ

Facebook
Twitter
WhatsApp
Email

മാനവ സംസ്കൃതിയുടെ കളിത്തൊട്ടിലാണ് ചരിത്രം. ആ ചരിത്രബോധമാണ് മനുഷ്യനെ സംസ്കാരമുള്ള വ്യക്തിയായി അത്യുന്നതിയിലേയ്ക്ക് വഴി നടത്തുന്നത്. ഞാന്‍ ആരാണ് എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് ചരിത്ര സൃഷ്ടീകളിലൂടെയാണ്. ഇതറിയാത്തവര്‍ ഉണങ്ങിവരണ്ട പൂപോലെ ചാനല്‍ സംസ്കാരത്തിന്‍റെ കഠിനമായ ആഘാതമേറ്റ് കഴിയുന്നവരാണ്. പൗര്‍ണ്ണമി രാവുകള്‍ മണ്ണിലാണ്. ജീവിതം മണ്ണിലാണ്. അതിനെ മഹാലക്ഷ്മിയുടെ മന്ദഹാസമെന്നോ ഇന്ദ്രജാലകത്തിലെ മാന്ത്രികവടിയെന്നോ വിളിക്കാം. ഞാന്‍ ഈ ലോകത്തും എന്തിന് ജനിച്ചു, എങ്ങനെ വളരണം, എങ്ങനെ വളരാന്‍ പാടില്ല തുടങ്ങിയ പാഠങ്ങളാണ് ചൈന ലോകത്തിന് പകര്‍ന്നു നല്കുന്നതും. പീപ്പീള്‍സ് റിപ്പബ്ലിക് ഓഫ് ചൈന കിഴക്കനേഷ്യയിലെ ഏറ്റവും വലിയ രാജ്യമാണ്. ലോകത്തേ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള 35 കോടി ജനങ്ങള്‍ പാര്‍ക്കുന്ന രാജ്യം. കരയുടെ വലിപ്പത്തില്‍ ലോകത്തേ രണ്ടാമത്തെ രാജ്യം. 6 ദശലക്ഷ ചതുരശ്ര കിലോമീറ്റര്‍. പുരാതന ചൈനയും ആധുനിക ചൈനയും വ്യത്യസ്ത ധ്രുവങ്ങളിലാണ്. പുരാതന ചൈനയും ഭാരതവുമായി നമുക്ക് ചരിത്രപരമായ കുറെ യാഥാര്‍ത്ഥ്യങ്ങള്‍ അനാവരണം ചെയ്തു തരുന്നുണ്ട്. ഭാരതത്തിന്‍റെ സിന്ധൂ നദീതട സംസ്കാരംപോലെ തന്നെ ചൈനീസ് സംസ്കാരവും യാങ്സി നദിയോടും മഞ്ഞനദിയോടും ബന്ധപ്പെട്ടു കിടക്കുന്നു. ചൈനയിലെ രാജഭരണത്തില്‍ പ്രധാനികള്‍ ബി.സി. പതിനാറാം ശതകത്തില്‍ ഹെനാന്‍ പ്രവശ്യയിലുണ്ടായിരുന്ന ഷാങ് രാജവംശമാണ്. അവരുടെ കൊട്ടാരങ്ങളില്‍ പുരുഷന്മാരെക്കാള്‍ സുന്ദരിമാരുടെ കാല്‍വളകിലുക്കങ്ങളായിരുന്നു.അതൊരിക്കലും അവരുടെ ഭരണത്തിന് വിഘാതമായിരുന്നില്ല. യുവ സുന്ദരിമാരുടെ ചരണതല സ്പര്‍ശത്താല്‍ രാജാക്കന്മാര്‍ അനുരാഗവിവശരായിട്ടുണ്ട്. അന്തഃപുര നാരിമാര്‍ക്കൊപ്പം ജലക്രീഡ നടത്താനും അവര്‍ക്ക് മടിയില്ലായിരുന്നു. അവരുടെ ഭരണകാലം സ്ത്രീകള്‍ക്ക് പരിപൂര്‍ണ്ണ സുരക്ഷ ലഭിച്ചിരുന്നു. ക്രൂരമായ ശിക്ഷാവിധികളാണ് സ്ത്രീകളോട് അപമര്യാദയുമായി പെരുമാറുന്നവര്‍ക്ക് ലഭിച്ചിരുന്നത്. ഒരു സ്ത്രീയെ ഏതെങ്കിലുംവിധത്തില്‍ അപമാനിച്ചതായി സ്ത്രീയുടെ പരാതി ലഭിച്ചാല്‍ രാജഭടന്മാര്‍ അന്വേഷിക്കും. കോടതിയില്‍ വാദപ്രതിവാദങ്ങള്‍ ഒന്നുമില്ല.
കുറ്റം മനസ്സിലാക്കിയാല്‍ ആ പുരുഷന്‍റെ കണ്ണ് കുത്തിപൊട്ടിച്ച് അന്ധനായി നടത്തുമായിരുന്നു. ബലാല്‍സംഗമെങ്കില്‍ സമൂഹമദ്ധ്യത്തില്‍ ശൂലമെറിഞ്ഞ് കൊല്ലുമായിരുന്നു. അതിലൂടെ പുരുഷന്‍റെ മസ്തിഷ്ക രസതന്ത്രം കൂടുതല്‍ പ്രകാശനമായി. ആ കാലം മുതലെ ഒരു ശിശുവിന്‍റെ വളര്‍ച്ചപോലെ മനുഷ്യരുടെ ബോധമനസ്സ് ഭയത്തോടെ വളര്‍ന്നു. ആ കാലത്ത് ഭാരതീയ സ്ത്രീകള്‍ വീടിനുള്ളിലും പുറത്തും പുരുഷന്മാരാല്‍ പീഢിപ്പിക്കപ്പെട്ടുകൊണ്ടിരുന്നു. അന്ന് ജാതിമത പൗരിഹിത്യമായിരുന്നെങ്കില്‍ ഇന്ന് സമ്പത്തും അധികാരവുമാണ് കുറ്റവാളികളെ സൃഷ്ടിക്കുന്നത്. ഷാങ്ങ് രാജഭരണത്തിന്‍റെ കാലമാണ് മാതൃത്വത്തിന്‍റെ ചൂടും ചൂരും ജനങ്ങള്‍ തിരിച്ചറിയുന്നത്. ഇന്നു ഭാരതീയ സ്ത്രീകളോടെ കാട്ടുന്ന അവഗണനയും അന്യായങ്ങളുമോര്‍ത്ത് നമുക്ക് ലജ്ജയുണ്ടോ?
ഫാങ് ഭരണകാലത്താണ് നഗരങ്ങളും, പാലങ്ങളും വിവിധ നിര്‍മ്മാണ വിദ്യകളും സ്ത്രീപുരുഷഭേദമെന്യേ അഭ്യസിക്കുന്നത്. അന്നും ഇന്നും ചൈയിലെ സ്ത്രീകള്‍ വെറുതെയിരിക്കില്ല. ഏതൊരു മഹല്‍ വ്യക്തിക്കും ചരിത്രത്തില്‍ സ്ഥാനമുള്ളതുപോലെ ചൈനയുടെ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്ക് വളരെ വലുതാണ്. സ്ത്രീകള്‍ക്കായി നിലകൊള്ളുന്നതിന്‍റെ പിന്നിലും പുരുഷന്മാരെപോലെ സ്ത്രീകള്‍ക്കും തുല്യപങ്കാണുള്ളതും. ലോകത്തെ രണ്ടാമത്തെ വന്‍ശക്തിയായി നിലകൊള്ളുന്നതിന്‍റെ പിന്നിലും പുരുഷന്മാരെപ്പോലെ തന്നെ സ്ത്രീകള്‍ക്കും തുല്യം പങ്കാണുള്ളത.് 10.15 ട്രില്യന്‍ ഡോളറാണ് ചൈനയുടെ ദേശീയ വരുമാനം. ചൈനയില്‍ ഭരണം നടത്തിയിരുന്ന ഫാങ് രാജവംശം സ്വന്തം ജനതയോടു പ്രഖ്യാപിച്ചത് കുടിലില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും നിങ്ങളാല്‍ കഴിയുന്ന ഉല്പാദനം നടത്തുക എന്നുള്ളതാണ്. അങ്ങനെ തുടങ്ങിയ ഉല്പാദനവും വിപണിയും ഏറ്റവും വിലകുറവുള്ള ഉല്‍പന്നങ്ങളായി ഇന്ന് ലോകമെമ്പാടുമുണ്ട്. കാലാകാലങ്ങളിലായി ചൈനീസ് ഭരണാധികാരികള്‍ വിപണിയും വികസനവും എന്ന പ്രത്യയശാസ്ത്രം സോഷ്യലിസത്തിന്‍റെ മാര്‍ഗ്ഗമായി സ്വീകരിച്ചു പോരുന്നു. 1949 ലെ ചൈനീസ് വിപ്ലവത്തോടെ ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമല്ലെങ്കിലും അവരുടെ വികസന നേട്ടങ്ങള്‍ ഓരോന്നും ആ ലക്ഷ്യത്തിലേക്കാണ്. അതേസമയം നമ്മുടെ ഇന്ത്യയാകട്ടെ മുതലാളിത്ത വികസനപാതയില്‍ തുടരുന്നു. അതിനാല്‍ ഇന്ഡ്യ വെറും 2.27 ട്രില്യന്‍ ഡോളറുമായി ഏറെ പിന്നിലാണ്. അതിന്‍റെ മറുഭാഗം നോക്കിയാല്‍ നമ്മുടെ സ്ത്രീകള്‍ അവിടെയും പിന്നിലാണ്. ചൈനയുടെ സംസ്കാരവും, ചരിത്രവും, സാഹിത്യവും, രാഷ്ട്രീയവും സമഗ്രമായി പരിശോധിച്ചാല്‍ ആര്‍ക്കും മനസ്സിലാകുന്നത് ലോകത്തെ ഏറ്റവും വലിയ അവരുടെ വന്‍മതില്‍പോലെ ഒരു സോഷ്യലിസ്റ്റ് സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള കഠിന അദ്ധ്വാനത്തിലാണവര്‍. അതില്‍ പ്രധാനമായും മാറ്റുരക്കുന്നത് ചൈനയിലെ സ്ത്രീകളാണ്. അവര്‍ പുരുഷാധിപത്യത്തിന് മുന്നില്‍ കീഴടങ്ങുന്നവരല്ല. ഏത് രംഗത്തായാലും സ്വന്തം കാലിടറാതെ അവര്‍ മുന്നോട്ട് പോകുന്നു. അത് ചൈന മാത്രമല്ല അവരുടെ അയല്‍ രാജ്യങ്ങളായ ജപ്പാന്‍, സിംഗപ്പൂര്‍, ഹോംങ്കോലെ സ്ത്രീകളെ ധീരയും ധന്യയുമാക്കുന്നു. അതിന്‍റെയര്‍ത്ഥം അവിടുത്തെ സ്ത്രീകളെല്ലാം സുരക്ഷിതര്‍ എന്നല്ല. നിര്‍ഭാഗ്യമെന്ന് പറയാന്‍ ഇന്‍ഡ്യയില്‍കണ്ടുവരുന്ന സ്ത്രീകള്‍ പിഞ്ചു പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള ശാരീരിക പീഢനങ്ങള്‍, പെണ്‍വാണിഭങ്ങള്‍ മുതലായവ സൂചിപ്പിക്കുന്നത് മണ്‍മറഞ്ഞ ബ്രാഹ്മണ മേധാവിത്വം അധികാരത്തിന്‍റെയും, സമ്പത്തിന്‍റെയും മറവില്‍ പുനര്‍ജനച്ചിരിക്കുന്നു എന്നാണ്. ഇന്‍ഡ്യയിലെങ്ങും ദളിത് പീഢനങ്ങള്‍പോലെ സ്ത്രീകള്‍ക്ക് നേരെയുള്ള നിന്ദ്യവും, നീചവുമായ പ്രവൃത്തികള്‍ നടന്നിട്ടും അവരെ സംരക്ഷിക്കുന്ന സമീപനമാണ്. നീതിന്യായ വകുപ്പുകളില്‍ നിന്നുപോലുമുണ്ടാകുന്നത്. ഇവിടെയാണ് ചൈനയില്‍ ഭരിച്ചിരുന്ന ഫാങ് ഭരണാധിപന്മാരെ കണ്ടു പഠിക്കൂ. അതല്ലെങ്കില്‍ ഗള്‍ഫ് ഭരണകൂടങ്ങളെ കണ്ടുപഠിക്കൂ എന്ന് പറയുന്നത്. ഇന്‍ഡ്യന്‍ സ്ത്രീകള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍, പീഢനങ്ങള്‍ വെളിവാക്കുന്നത് പുരുഷന് സ്ത്രീകള്‍ ഒരു ഉപഭോഗവസ്തുമാത്രമായിട്ടാണ്. നമ്മുടെ പുരാണത്തിലെ ‘സതി’ ഏറ്റവും വലിയ ഉദാഹരണമാണ്. ഇതുണ്ടാക്കീയതും ബ്രാഹ്മണ പുരോഹിത വര്‍ഗ്ഗമാണ്. അധികാരവര്‍ഗ്ഗം അതിന് കൂട്ടുനിന്നു. രാജാറാം മോഹന്‍ റോയി അതിനെതിരെ ധീരനായി പോരാടുക മാത്രമല്ല പ്രക്ഷോഭങ്ങള്‍ നടത്തുകയും ബ്രിട്ടീഷ് സര്‍ക്കാര്‍ അത് നിറുത്തല്‍ ചെയ്യുകയും ചെയ്തു. ഇന്ന് സ്ത്രീകള്‍ നേരിടുന്ന നീറുന്ന പീഢനങ്ങള്‍ക്ക് നേരെ എത്ര നേതാക്കള്‍ മുന്നോട്ടു വരുന്നു. ഭരണരംഗത്തുള്ളവരില്‍ പലരും കുറ്റവാളികളല്ലാ? അധികാരമുപയോഗിച്ച് രക്ഷപ്പെടുന്നു. കോടതികള്‍ ഇവര്‍ക്ക് കഠിനശിക്ഷകള്‍ എന്തുകൊണ്ട് കൊടുക്കുന്നില്ല?
യൂറോപ്പും അമേരിക്കയും തെല്ലൊരു വിസ്മയത്തോടെയാണ് ചൈനയുടെ വികസനത്തേ കാണുന്നത്. 2008ല്‍ ലോകമെമ്പാടും സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ടപ്പോള്‍ യാതൊരു പ്രതിസന്ധിയും നേരിടാതെ പോയത് ചൈനയാണ്. അതുവരെ സാമ്പത്തിക ശക്തിയായി രണ്ടാം സ്ഥാനത്ത് നിന്ന ജപ്പാന്‍ പുറകോട്ടു പോയി. ചൈന ലക്ഷ്യമിടുന്നത് ഒന്നാം സ്ഥാനം തന്നെയാണ്. നമ്മുടെ അയല്‍രാജ്യങ്ങളില്‍ മാത്രമല്ല ലോകത്തിന്‍റെ എല്ലാ കോണുകളിലും ചൈനീസ് ഉല്പന്നങ്ങള്‍ ലഭ്യമാണ്. അവര്‍ക്ക് സുദൃഢമായ കാഴ്ചപ്പാടും നയതന്ത്ര വാണിജ്യ വ്യാപാര ബന്ധവുമാണുള്ളത്. വികസിത രാജ്യങ്ങള്‍ ചൈനയെ കൗതുകത്തോടെ ഉറ്റുനോക്കുന്നതിനിടയില്‍ അവരെ ആശങ്കപ്പെടുത്തുന്ന ഒരു കാര്യം ലോകത്തേ വന്‍ ശക്തിയായ അമേരിക്കയെ എല്ലാം രംഗത്തും പുറംതള്ളി ഒന്നാമത് എത്തുമോ എന്നതാണ്. വികസിത രാജ്യങ്ങളെപ്പോലെ ചൈനീസ് ഭരണകൂടം ലക്ഷ്യം വെക്കുന്നത് സ്വന്തം ജനതയുടെ സാമ്പത്തിക പുരോഗതി തന്നെയാണ്. അതിന്‍റെയര്‍ത്ഥം അവരുടെ കമ്മോണിസ്റ്റ് – സോഷ്യലിസ്റ്റ് നയങ്ങള്‍ക്ക് മാറ്റമുണ്ടാകുമെന്നല്ല. മറ്റ് രാജ്യങ്ങളെപ്പോലെ ബഹുരാഷ്ട്രകുത്തകകമ്പനികള്‍ക്ക് അവരുടെ വിപണി തുറന്നു കൊടുത്തിട്ടില്ല. തുറന്ന് കൊടുത്തിട്ടുള്ളത് കടുത്ത നിയന്ത്രണങ്ങളോടെയാണ്. വ്യവസായ വാണിജ്യമേഖലകളില്‍ ആരോടും മത്സരിക്കാനും അവര്‍ തയ്യാറാണ്. ഇതൊക്കെ നടക്കുമ്പോഴും കുത്തക മുതലാളിമാരും കുറെശ്ശെയായി വളരുന്നുണ്ട്. ചൈനയുടെ പുരോഗതിക്ക് പ്രധാനമായും ഒപ്പം നില്ക്കുന്നത് പൊതുമേഖല സ്ഥാപനങ്ങളാണ്. ഈ സര്‍ക്കാര്‍ സ്ഥാപങ്ങളില്‍ ജോലി ചെയ്യുന്ന കുറെ ഉന്നത ഉദ്യോഗസ്ഥര്‍, പാര്‍ട്ടിയിലെ ഉന്നതര്‍, അഴിമതിനടത്തുന്ന ഉന്നതര്‍ കാണിതിരുന്നുകൂടാ, കഴിഞ്ഞ 18 ആം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ അഴിമതിയും, ധൂര്‍ത്തും, ആഡംബര ജീവിതവും കമ്മോണിസ്റ്റ് പാര്‍ട്ടിക്ക് കോട്ടമുണ്ടാക്കുമെന്നും ഇതില്‍നിന്ന് അകന്ന് നില്‍ക്കണമെന്നും ഷീ ആഹ്വാനം ചെയ്യുകയുണ്ടായി അധികാരത്തിന്‍റെ മട്ടുപ്പാവില്‍ ജീവിക്കുന്ന കമ്മോണസ്റ്റുകാര്‍ സോഷ്യലിസത്തിന്‍റെ ലാളിത്യവും ആശയപ്പോരാട്ടങ്ങളും ഒരു പറ്റം മേലാളന്‍മാര്‍ക്ക് സേവനത്തിനുള്ളതല്ലെന്ന് മുന്നറിയിപ്പ് നല്കുന്നു. ആധുനിക ചൈനയുടെ വളര്‍ച്ചക്കും സംസ്കാരത്തിനും അടിത്തറയിട്ടത് മഞ്ഞനദിയുടെ തീരത്ത് നിന്നുതന്നെയാണ്. അത് സ്ത്രീ- പുരുഷ സമത്വം തന്നെയാണ്. അതിന് കാമത്തിന്‍റെ വന്യമായ തീക്ഷ്ണതയില്ലായിരുന്നു. ആ സംസ്കാരവും അദ്ധ്വാനവുമാണ് ചൈനയെ മുന്നോട്ടു നയിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *