LIMA WORLD LIBRARY

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ – സിന്ദുമോൾ തോമസ് (ഗൽഫ്)

സെമിത്തേരിയിലെ ശിലാലിഖിതങ്ങൾ
###############
നനഞ്ഞ മണ്ണും
പോകുമ്പോഴൊക്കെ നനയുന്ന മിഴികളും –
നിതാന്ത നിദ്രയ്ക്കൊരിടം
പൂക്കളുടെ പുഞ്ചിരി ശോകം വിഴുങ്ങുമിടം
ഒച്ചകളൊക്കെയും വിലാപധ്വനികളാവുന്നിടം

ഇവിടെ നിന്നു പിന്നിലേക്കാണ്
എന്റെയും വേരുകൾ

നിലയില്ലാതെ താഴുമ്പോൾ
കരിയിലപോലെ ഞെരിക്കപ്പെടുമ്പോൾ
ഒച്ചയില്ലാതെ അമർന്നടരുമ്പോൾ
ആകാശത്തെക്കു കണ്ണുകളുയർത്തി കേഴുമ്പോൾ
നേർത്തൊരു ചിറകടിയൊച്ച
മെലിഞ്ഞൊരു നെടുവീർപ്പ്_
എന്റെയൊപ്പം ഇവരുണ്ട്;
നടന്നു പോയ വഴികളെ
വിയർപ്പുകൊണ്ടും കണ്ണീരുകൊണ്ടും
അടയാളപ്പെടുത്തിയവർ
നെഞ്ചിൽ കുരുങ്ങിയ നിലവിളികളെ
ആകാശത്തിലുയരുന്ന പ്രാർത്ഥനയാക്കിയവർ

കൊന്നതും വെന്നതും
വെട്ടിപ്പിടിച്ചതും
ചോരനീരാക്കിവിളയിച്ചതും
മുണ്ടുമുറുക്കി വളർത്തിയതും
കൊതിച്ചതും വിധിച്ചതും
സ്വപ്നം കണ്ടതും –
ഒരു ജീവചരിത്രമൊന്നാകെ-
കറുത്ത തലക്കല്ലിലെ
തുല്യാക്ഷരങ്ങളായി അവസാനിക്കുമിടം..
ആഡംബരങ്ങളൊന്നുമില്ലാതെ
പേര് ജനന മരണ തീയതികൾ,
“സമാധാനത്തിൽ ഉറങ്ങുക”
എന്നൊരാശംസയും!

സിന്ദുമോൾ തോമസ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px