ഇന്ത്യയുടെ ജനാധിപത്യ സംസ്കാരം തകരുന്നു – കാരൂർ സോമൻ, ലണ്ടൻ.

Facebook
Twitter
WhatsApp
Email
ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ മൃഗീയ നരഹത്യ നടക്കുന്ന സംസ്ഥാനമാണ് ഉത്തരപ്രദേശ്‌.  എത്രയോ പാവപ്പെട്ട പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ചു കൊന്നു. അതിലൊരാൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ എം.എൽ.എ എന്ന് കേൾക്കുമ്പോൾ നിർവ്വികാരത മാത്രമല്ല ഞെട്ടലുമുണ്ടാകുന്നു.  പാവപ്പെട്ട കൃഷിക്കാരെ, പട്ടിണി പാവങ്ങളെ, ന്യൂന പക്ഷങ്ങളെ വ്യാപകമായി നിഷ്ടുരമായി കൊന്നൊടുക്കുന്നത് കാണുമ്പൊൾ ഇന്ത്യൻ ജനാധിപത്യം  ഇത്രമാത്രം  അധപതിച്ചുപോയല്ലോ എന്നോർത്ത് അമ്പരപ്പാണ് തോന്നുന്നത്. ഇപ്പോഴിതാ സമാധാനപരമായി പ്രതിഷേധം നയിച്ച കർഷകരുടെയിടയിലേക്ക് വാഹനം ഓടിച്ചു കയറ്റി എട്ടിലധികം പേരെ കൊല്ലുകയും അതിലധികമാളുകളെ ആശുപതിയിലാക്കുകയും ചെയ്തു.  അവരുടെ ഓരോ പ്രവർത്തിയും നികൃഷ്ടമായ മൃഗപ്രകൃതിയാണ് വെളിപ്പെടുത്തുന്നത്. ഈ മത  ഭ്രാന്തന്മാർ ശിലായുഗത്തിലെ കാട്ടുമൃഗങ്ങളാണോ? 
 
ലഖി൦പുർ ഖെരയിൽ ക്രൂരമായ കൊലപാതകം നടത്തിയതിൽ കേന്ദ്ര  ആഭ്യന്തര സഹമന്ത്രിയുടെ മകൻ വഹിച്ച   പങ്ക് വെളിച്ചത്തു വന്നപ്പോൾ അതിൽ നിന്നുളവാകുന്ന ഭീതിയും ഭയവും ഭീകരവാദികളെപോലും ഞെട്ടിക്കുന്നതാണ്. ആ ഭീരുക്കൾ ഒളിഞ്ഞും മറഞ്ഞുമാണ് ബോംബ് വെച്ച് പാവങ്ങളുടെ ജീവനെടുക്കുന്നത്. ഇവർ എതിരാളികളെ കൊന്നൊടുക്കാൻ മറ്റുള്ളവരുടെ മുന്നിലൂടെ കടന്നു വരുന്നു. ഇത്രമാത്രം കൊടുംക്രൂരത ചെയ്തിട്ടും സഹമന്തിക്കും മുഖ്യ മന്ത്രിക്കും യാതൊരു കുലുക്കവുമില്ല. മകൻ ഓടിച്ചത് സ്വന്തം വാഹനമെന്നറിഞ്ഞിട്ടും ജനങ്ങളെ തെറ്റിധരിപ്പിക്കുന്നു.   നാട് ഭരിക്കുന്ന കള്ള സന്യാസി കണ്ണടച്ച് ഇരുട്ടാക്കുന്നു. പ്രശനങ്ങളുണ്ടാക്കുന്നത് കാലിസ്താൻ വാദികൾ, മത മൗലിക വാദികൾ, പ്രതിപക്ഷം തുടങ്ങിയ അർത്ഥശൂന്യവും അപരിഷ്‌കൃതവുമായ വാദങ്ങൾ നിരത്തുന്നു. മാനുഷിക മൂല്യങ്ങളെ കാറ്റിൽ പറത്തി ചെന്താമരപ്പൂപോലുള്ള സിംഹാസനത്തിലിരുന്ന്  വാലാട്ടികളായ സുന്ദരികളെ കണ്ടുകൊണ്ട് സന്യാസിയുടെ മൂടുപടം ധരിച്ചങ്ങനെ വിലസുന്നു. മുൻ കാലങ്ങളിൽ ഉത്തര്പ്രദേശ് കുറച്ചൊക്കെ സവിശേഷതകളുള്ള നാടായിരിന്നു. ഇന്നവിടെ മതത്തിന്റ മറവിൽ മന്ത്രോച്ചാരണം നടത്തി കാട്ടുകൊമ്പന്റെ സ്വഭാവമുള്ളവർ ഭരിക്കുന്നത്  അത്ഭുത്രകരമാണ്. 
 
 ഉത്തരപ്രദേശ് ഭരണംകൂടം നിയമത്തെ കാറ്റിൽ പറത്തിയപ്പോൾ, നീതിയും സത്യവും മറക്കാൻ ശ്രമിച്ചപ്പോൾ  കർഷകർ കൊല്ലപ്പെട്ട സംഭവത്തിൽ സുപ്രിം കോടതി സ്വമേധയാ കേസ്സെടുത്തു.   വിശദമായ റിപ്പോർട്ട് കൊടുക്കണം. കുറ്റക്കാർ എവിടെ, എത്രപേരെ അറസ്റ്റു ചെയ്തു തുടങ്ങി ധാരാളം ചോദ്യങ്ങൾ അവിടുത്തെ ആഭ്യന്തര മന്ത്രിയോട് ചോദിക്കുന്നു. ഉടനടി മന്ത്രി പുത്രന് പൊലീസ് നോട്ടീസ് കൊടുത്തിട്ടൂ ഹാജരാകാൻ അറിയിക്കുന്നു. ഈ പൊലീസ് വകുപ്പ് ഭരിക്കുന്ന കിഴങ്ങന്മാരെയാണ് ആദ്യം പുറത്താക്കേണ്ടത്. ഈ കള്ളക്കൂട്ടം ധരിച്ചത് ഭരണകക്ഷിയുടെ ഇച്ഛക്ക് വിരുദ്ധമായി കോടതി ഇടപെടുമെന്ന് കരുതിയില്ല. ഭരണകൂടങ്ങൾ പൈശാചിക ശക്തികളാകുമ്പോൾ ഈശ്വരന്റെ അവതരംപോലെ കോടതികൾ ഇടപെടുന്നത് പാവങ്ങൾക്ക് അനുഗ്രഹമാണ്. ഈ ഭരിക്കുന്നവർക്ക് അല്പമെങ്കിലും ധാർമ്മിക മാന്യതയുണ്ടായിരുന്നെങ്കിൽ ആ പദവികളിൽ തുടരില്ലയിരുന്നു. ഇപ്പോഴും അധികാരത്തിൽ അള്ളിപിടിച്ചിരിക്കുന്നു. എന്തൊരു തൊലിക്കട്ടി.  ജനാധിപത്യത്തിന്റ തണലിൽ അധികാരത്തിലിരിക്കുന്നവർ എത്രയോ പാവങ്ങളെ ഇങ്ങനെ  വേട്ടയാടുന്നു. ഭീഷണിപ്പെടുത്തുന്നു. കള്ളപ്പണത്തിന്റ, ജാതി മത അവശിഷ്ടങ്ങളുടെ തേരിലേറി ജനസേവകരായി വരുന്നവരുടെ പ്രവർത്തികൾ മുഖംമൂടികളെപോലെയായാണ്. അത് വലിച്ചുകീറാൻ തലച്ചോറുള്ള എഴുത്തുകാരോ ജനസേവകരോ ഇല്ലെന്നുള്ളതാണ് യാഥാർഥ്യം.  അവരുടെ ക്രൂരപ്രവർത്തികൾ എത്തി നിൽക്കുന്നത്  രാജ്യത്തിന് അന്നം തരുന്ന കർഷകരുടെ ജീവനെടുത്തുകൊണ്ടാണ്.  രാപകൽ കഷ്ടപ്പെടുന്ന കർഷകരെ  സർവ്വനാശത്തിലേക്ക് തള്ളിവിടുന്നു.   ഇവർ ജനസേവകരോ അതോ ജനകിയ  ഭീകരരോ എന്നത് വോട്ടുകൊടുക്കുന്നവർ ചിന്തിക്കണം. 
 
കർഷകരുടെ സമരം പത്തു മാസത്തിലധികം തുടരുന്നത് ഭരണകൂടങ്ങളുടെ വിഴ്ചതന്നെയാണ്. ഭരിക്കുന്ന പാർട്ടികൾ പ്രതിപക്ഷ പാർട്ടികൾക്ക് മുതലെടുപ്പ് നടത്താൻ അവസരം കൊടുക്കരുതായിരിന്നു. ഇന്ത്യൻ നിയമം 151 വകുപ്പിൽ ഒരു വനിതയെ 30 മണിക്കൂറിലധികം പൊലീസ് തടങ്കലിൽ വെച്ചത് അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നു. ലോകത്തെ ഞെട്ടിച്ച ഒരു കൂട്ടക്കൊല നടത്തിയിട്ട് അവരുടെ ആശ്രിതർക്ക് കുറെ ലക്ഷങ്ങൾ കൊടുത്താൽ നികത്താവുന്നതല്ല ഒരു കുടുംബത്തിന്റ നഷ്ടം. 45 ലക്ഷങ്ങൾ ഓരോ കുടുംബത്തിന് കൊടുക്കുമ്പോൾ അതിന് കാരണക്കാരായ ഭരണാധിപന്മാരിൽ നിന്നല്ലേ ആ തുക ഈടാക്കേണ്ടത്? അല്ലാതെ പാവങ്ങളുടെ നികുതിപ്പണമാണോ കൊടുക്കേണ്ടത്?  കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കുന്നതിന് പകരം ഭരണത്തിലുള്ളവർ ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ഇതുപോലുള്ള കുതന്ത്രങ്ങൾ നടത്താറുണ്ട്. ഇതും കുറ്റവാളികളെ വീണ്ടും കുറ്റം ചെയ്യാൻ പ്രേരിപ്പിക്കുന്നു.    മിക്ക സംസ്ഥാനങ്ങളിലും ഇതുപോലുള്ള ഭരണകൂട ഭീകരത കാണുന്നു. കർഷക സമരത്തിൽ എത്രയോ പാവപ്പെട്ട കർഷകർ മരണപ്പെട്ടു. നിത്യവും എത്രയോ കർഷകർ ഇന്ത്യയിൽ ആത്മഹത്യ ചെയ്യുന്നു. കർഷകരുടെ ഉത്പന്നങ്ങൾക്ക് താങ്ങുവിലകൊടുക്കാതെ വമ്പൻ മുതലാളിമാർക്ക് ഒത്താശ ചെയ്യാൻ പോയാൽ അവിടെ കർഷകരുടെ താല്പര്യമല്ല സംരക്ഷിക്കപ്പെടുന്നത്. സർക്കാർ  പതിനൊന്ന് പ്രാവശ്യം ചർച്ച നടത്തിയിട്ടും എന്താണ് പരിഹാരം കണ്ടെത്താൻ സാധിക്കാത്തത്? എന്താണ് പാര്ലമെന്റിൽ ഈ വിഷയം ചർച്ചക്ക് വരാത്തത്?  അത് ഭരണ പരാജയമല്ലേ?  ഇന്ത്യയിൽ നടക്കുന്ന ജാനാധിപത്വ ധ്വ൦സനം അവസാനിപ്പിക്കുക. കുറ്റവാളികൾക്ക് കൂട്ടുനിൽക്കുന്ന, കൂട്ടക്കൊല നടത്തുന്ന  ഭരണകൂടങ്ങളെ കോടതി ഇടപ്പെട്ട് പിരിച്ചുവിടുക. ഇന്ത്യയുടെ ജനാധിപത്യ സംസ്കരം തകർക്കുന്നവരെ പുറത്താക്കുക. 
………………………………

About The Author

Leave a Reply

Your email address will not be published. Required fields are marked *