മുത്തശ്ശി മരം – ജയ്മാേൻ ദേവസ്യ

Facebook
Twitter
WhatsApp
Email

*മുത്തശ്ശി മരം*

കക്കത്തുചിറയിലെ പ്രധാന സർക്കാർ ഒഫീസിലെ സാറന്മാർക്ക് ഉച്ചയൂണിൻ്റെ സമയം  പുതിയ ആശയമൊന്ന് മുളപൊട്ടി…..

“ഓഫീസിന്റെ മുറ്റത്ത് കാലങ്ങളായി തല ഉയർത്തി നിൽക്കുന്ന  മുത്തശ്ശിമാവെന്ന് അവർ വിളിക്കുന്ന നാട്ടുമാവിനെ പൈതൃക മരമാക്കി പ്രഖ്യാപിക്കാൻ ശ്രമിച്ചാലോ…?” ഹെഡ് ക്ലാർക്കിൻ്റെതാണ് ചോദ്യം.

“ശരിയാ ….. വേണം, വേണം ….”

“ഇക്കൊല്ലത്തെ പരിസ്ഥിതി ദിനാചരണം ഈ മാവിനെ പൊന്നാട അണിയിച്ച്, ആദരിച്ചു വേണം കൊണ്ടാടാൻ .. “

“രാജാവിന്റെ കാലത്ത് നട്ടുപിടിപ്പിച്ച നാട്ടുമാവാണ്, അടുത്ത പ്രദേശത്തെങ്ങും ഇത്രയും പ്രായമായ മാവേ കാണില്ല…!”

“എത്രയോ മനുഷ്യരെ കണ്ട മരമാണിത്… ജീവനക്കാരയവർ തന്നെ കാണും ആയിരക്കണക്കിന് ..അതും രാജസേവകർ മുതൽ…”

നിറയെ മാങ്ങയുമായി മുറ്റത്ത് തണൽ വിടർത്തി നിൽക്കുന്ന മാവിനെ  എല്ലാവരും പ്രശംസ കൊണ്ട് മൂടി, മാവിന് വേണ്ടി ഊണുമുറിയിൽ രൂപം കൊണ്ട ആശയത്തെ എല്ലാവരും  പിന്താങ്ങി…

ഒഫീസിൽ കുഞ്ഞമ്മ സൂപ്രണ്ടിന് മാത്രം ഒരു സംശയം.
‘പൈതൃകമരമായി മാവിനെ പ്രഖ്യാപിച്ചാൽ, മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുന്ന ഓഫീസിലെ സ്ത്രീ രത്നങ്ങളുടെ മാമ്പഴക്കാലത്തെ പതിവ് പരിപാടി  നിലച്ചു പോകുമോ’ എന്ന സന്ദേഹമായിരുന്നു സുപ്രണ്ടിനുണ്ടായത്.

‘പൈതൃകമരമാക്കിയ മാവിൻ്റെ മാമ്പഴം, മാമ്പഴ പുളിശ്ശേരി ഉണ്ടാക്കുകുവാനായി ജീവനക്കാർക്ക് എടുക്കാൻ പറ്റുമോ’ എന്നുള്ള സൂപ്രണ്ടിൻ്റെ സംശയം ന്യായമായതാണ്..

ഒഫീസിലെ മറ്റ് മഹിളാമണികളോട് സൂപ്രണ്ടിത് പങ്കു വയ്ക്കുകയും ചെയ്തു. ‘അങ്ങിനെയുള്ള കുഴപ്പമൊന്നും കാണില്ലാ’  എന്ന് അവരൊക്കെ പറഞ്ഞെങ്കിലും സൂപ്രണ്ടിന് സംശയം വിട്ടുമാറിയില്ല.

“സാറിനും മറ്റുറുള്ളവർക്കും മാമ്പഴം രാവിലെ തന്നെ താനെടുത്തു വച്ചു കൊള്ളാ”മെന്ന് ഒഫീസിലെ പാർട്ട് ടൈം സ്വീപ്പർ രാധച്ചേച്ചി ഉറപ്പു പറഞ്ഞതോടെ അക്കാര്യത്തിലും തീരുമാനമായി.

സംശയം ഉന്നയിച്ച കുഞ്ഞമ്മ സൂപ്രണ്ടിന്റെ തന്നെ ഉത്സാഹത്താൽ “പൈതൃക മരം – പ്രഖ്യാപനം സംബന്ധിച്ച്” എന്ന് പുറംപാളിയിൽ എഴുതി ചേർത്ത ഒരു ചുവന്ന ഫയൽ ബോർഡ് ഒഫീസിൽ  ഉദയം ചെയ്തു.

പിന്നെയെല്ലാം ശരപറ നീക്കങ്ങളായിരുന്നു.
പരിസ്ഥിതി സ്നേഹിയും കവിയുമായ ഒഫീസിലെ തലമുതിർന്ന ഗുമസ്ഥൻ ഹരിസാർ “നാട്ടുമാവിനെ പൈതൃക മരമായി പ്രഖ്യാപിച്ച് ബഹുമാനിക്കുന്നതിനുള്ള  അപേക്ഷ, സാഹിത്യ ശൈലിയിൽ തന്നെ എഴുതി തയ്യാറാക്കി ജീവനക്കാർക്കു വേണ്ടി  ഓഫീസർ മുൻപാകെ  സമർപ്പിച്ചു.
ഒഫീസ് മേലധികാരി അതിൽ “പുട്അപ് ” രേഖപ്പെടുത്തി അനന്തര നടപടകൾക്കായി ബന്ധപ്പെട്ട സെക്ഷൻ ഗുമസ്ഥനായ ടോം മാത്യുവിനെ ഏൽപ്പിച്ചു..

ടോം, ഫയൽ നമ്പരിട്ട്  കുറിപ്പെഴുതി…

വിഷയം “ഓഫീസ് വളപ്പിൽ നിൽക്കുന്ന  മുത്തശ്ശിമാവിനെ പൈതൃകമരമാക്കുന്നത് സംബന്ധിച്ച് .”

സൂചന : “ഓഫീസ് പരിസരത്ത് നിൽക്കുന്ന നാട്ടുമാവിനെ പൈതൃക മരം എന്ന പദവി നൽകണം എന്നപേക്ഷിച്ചു കൊണ്ട് ജീവനക്കാർ സമർപ്പിച്ച അപേക്ഷ..”

ഈ വർഷത്തെ ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കക്കത്തുചിറയിലെ ഒഫീസ് പരിസരത്ത് നിൽക്കുന്ന 150 വർഷത്തിലധികം പ്രായം കണക്കാക്കുന്ന നാട്ടുമാവിനെ ‘പൈതൃക മരമാക്കി പ്രഖ്യാപിക്കണം’ എന്നാവശ്യപ്പെട്ട് സൂചന പ്രകാരം അപേക്ഷ ലഭിച്ചിട്ടുണ്ട്. ആയതിന് അംഗീകാരം ലഭിക്കുന്നതിനായി ബഹുമാനപ്പെട്ട ജില്ലാ ഓഫീസർക്ക് അപേക്ഷയും കത്തും നൽകാവുന്നതാണ്. കൂടാതെ, ടി മാവിന്റെ പ്രായം കണക്കാക്കി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിന് ജില്ലാ ഫോറസ്റ്റ്  ഓഫീസിലേക്കും കത്ത് നൽകാവുന്നതാണ്. ആയതിനുളള കത്തുകളും പകർപ്പുകളും, ഫയലും തുടർ നടപടികൾക്കും ഉത്തരവിനുമായി സമർപ്പിക്കുന്നു.

പി. സെക്ഷൻ എന്നെഴുതി ഒപ്പും തീയതിയുമിട്ട് ഈ കുറിപ്പും , സൂസമ്മ ടൈപ്പിസ്റ്റിനെ കൊണ്ട് തയ്യാറാക്കിച്ച കത്തുകളും സഹിതം ഓഫീസ് അധികാരി മുൻപാകെ ഉത്തരവിനായി   ടോം മാത്യു ഫയൽ സമർപ്പിച്ചു.

ഓഫീസ് അധികാരി ഒപ്പുവച്ച കത്തുകൾ അന്നു തന്നെ ജില്ലാ ഓഫീസിലേക്കു ഇമെയിൽ മുഖാന്തരവും തപാൽ മാർഗ്ഗവും പറന്നു.

വൈകുന്നേരം നാട്ടിലെ വാട്ട്സാപ്പ് ഗ്രൂപ്പിൽ ഒഫീസിൽ കൈക്കൊണ്ട പരിസ്ഥിതി സ്നേഹം ടോം മാത്യു പങ്കു വച്ചു…ഈ നൂതന ആശയം പുറത്തറിഞ്ഞതും എല്ലാവരാലും പരക്കെ പ്രശംസിക്കപ്പെട്ടു. എല്ലാവരും പരസ്ഥിതി സ്നേഹികളായി. ഗ്രൂപ്പിൽ ലൈക്കായി, പ്രശംസാവചനങ്ങളായി, കമന്റുകളായി..എന്തു വന്നാലും ഈ മുത്തശ്ശി മരത്തെ സംരക്ഷിക്കേണ്ടതാണെന്ന സംസാരത്തോടൊപ്പം വാർത്ത അപ്പോൾ തന്നെ പലരും മറ്റു ഗ്രൂപ്പുകളിലേയ്ക്കും ഷെയർ ചെയ്തു…അങ്ങിനെ ഈ മുത്തശ്ശിമരത്തെ കുറിച്ചുള്ള വാർത്തകൾ നാനാദിക്കിലേക്കും പരന്നു…ആളുകൾ മുത്തശ്ശിമരത്തിനെ കാണാനെത്തി..

മാവിന്റെ കൂടെ നിന്ന് സെൽഫി എടുത്ത് പ്രൊഫൈൽ ആക്കുവാൻ ചിലർക്ക് തിടുക്കം.

“എന്റെ ചെറുപ്പത്തിലും ഈ മാവ് ഇതേ രീതിയിൽ ഈ വണ്ണത്തിൽ ഈ കുന്നിൻ പുറത്തുണ്ടെന്ന്” എൺപത് വയസ്സുകഴിഞ്ഞ പരിസരവാസി കൊച്ചു നീലാണ്ഠൻ ചേട്ടൻ സാക്ഷ്യപ്പെടുത്തി…

“ചെറുപ്പകാലത്ത് മാങ്ങാ പറിക്കുവാൻ ഇതിൽ കയറി താഴെ വീണ് തൻ്റെ  കാലൊടിഞ്ഞിട്ടുണ്ടെന്ന് അച്ഛൻ പറഞ്ഞ കഥ”  കൂടി നീലാണ്ഠൻ ചേട്ടൻ പറഞ്ഞതോടെ മാവിന്റെ പ്രായം നൂറു വയസ്സിന് മുകളിലെന്ന് സംശയമില്ലാതെ അംഗീകരിക്കപ്പെട്ടു…

ചിലരുടെ അഭിപ്രായത്തിൽ ‘സ്വാതിതിരുനാൾ തിരുമനസ് രാജവായിരിക്കെ, പണ്ഡക ശാല സ്ഥിതി ചെയ്തിരുന്ന കുന്നുംപുറത്തെ ഈ പറമ്പിൽ  രാജാവിന്റെ സന്ദർശനത്തോടനുബന്ധിച്ച് കുഴിച്ചു വച്ചതാണ് ഈ മാവ്’ എന്ന, അവർക്കറിയാവുന്ന ചരിത്രവും പറഞ്ഞു.

അനന്തപുരിയിൽ നിന്ന് അങ്കമാലി വരെ അക്കാലത്ത് നിർമ്മിച്ച രാജകീയ റോഡിനരുകിൽ ഈ ഇനം മാവുകൾ ആയിരുന്നു നട്ടിരുന്നതെന്നും പഴയ പൂഞ്ഞാർ റോഡിന്റെ ഭാഗമായ കിടങ്ങൂർ ഭാഗത്തും കൂത്താട്ടുകുളത്തും കുമാരനല്ലൂരിലും ഇപ്പോഴും ഇത്തരം മാവുകൾ നിൽക്കുന്നുണ്ടെന്ന് കൂടി ചിലർ സാക്ഷ്യപ്പെടുത്തിയതോടെ എല്ലാവർക്കും മാവിനോടുള്ള സ്നേഹം വീണ്ടും വർദ്ധിച്ചു. …..

ഏതായാലും ഈ മരത്തെക്കുറിച്ചുള്ള കൗതുക വാർത്ത, പത്രത്തിലും,  ചാനലിലും വലിയ വാർത്തയായി..ഓൺലൈൻ ചാനലുകാർ വന്ന് മാവിനെ ഷൂട്ടു ചെയ്ത് എസ്ക്ലൂസീവ് വാർത്ത ആണെന്ന രീതിയിൽ സംപ്രേക്ഷണം ചെയ്തു.

മരത്തെ പ്രതി നാട്ടിലെ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ ശ്രദ്ധയിൽ പെട്ടിരുന്ന ജില്ലാ ഓഫീസർക്കു മുൻപാകെ നാട്ടുമാവിനെ പൈതൃക മരമാക്കി പ്രഖ്യാപിക്കുന്നതിനായുള്ള അപേക്ഷ അടങ്ങിയ കത്തു ലഭിച്ചു. കത്തു കിട്ടിയ ജില്ലാ ഓഫീസർക്കു മുത്തശ്ശിമരത്തെ ഒന്നു കാണണമെന്ന് ആഗ്രഹം. ഒഫീസർ പരിവാര സമേതം കുന്നിൽ പുറത്തുളള കക്കത്തുചിറ ഓഫീസിലേക്ക്..

ഒഫീസർ മരത്തിന് ചുറ്റും നടന്നു മരത്തെ കണ്ടു…
ഫോട്ടോ എടുത്തു…
മരത്തിന്റെ നിൽപ്പ് അത്ര പന്തിയാണോ എന്ന് ഒഫീസർക്ക് സംശയം…

‘പ്രായമായ മരം,അധികം മണ്ണാഴമില്ലാത്ത പ്രദേശം, നല്ലൊരു കാറ്റു വീശിയാൽ മരം മറിഞ്ഞ് വീഴാനും കൊമ്പൊടിയാനും സാധ്യതയുണ്ട് ..തൊട്ടടുത്ത് ജീവനക്കാർ ഇരുന്ന് ജോലി ചെയ്യുന്ന ഓഫീസും, വിവിധ കാര്യങ്ങൾക്കായി  പൊതുജനം എത്തുന്ന ഇടവും…..ഇപ്പോൾ തന്നെ മെയ് മാസം പകുതിയായി..ഏതാനും ദിവസങ്ങൾക്കുള്ളിൽ കാലവർഷം എത്താൻ പോകുന്നു….മഴക്കാലത്തെ കാറ്റിലും കോളിലും മുത്തശ്ശിമരം വീണാൽ ജീവാപായ സാധ്യത..’

ഒഫീസർ എന്താേ തീരുമാനിച്ചുറച്ച് തിരികെ   ഒഫീസിലെത്തി…തന്റെ സവിശേഷ അധികാരത്തിൽ, ദുരന്ത നിവാരണചട്ടം വച്ച് ജില്ലാ ഓഫീസർ അന്നു തന്നെ ഉത്തരവുമിറക്കി…

“ജനങ്ങളുടെ ജീവനും സ്വത്തിനും, സർക്കാരിന്റെ ജംഗമങ്ങൾക്കും നാശം വരുത്താൻ സാധ്യതയുളളതിനാൽ കക്കത്തുചിറ ഒഫീസ് പരിസരത്ത്  അപകടാവസ്ഥയിൽ നിൽക്കുന്നതും വാർദ്ധക്യത്താൽ ജീർണ്ണത സംഭവിച്ചതുമായ മാവിനത്തിൽ പെട്ട പാഴ്മരം ഉടൻ തന്നെ മുറിച്ച് മാറ്റേണ്ടതും, അതിനുളള പണം ദൈനം ദിന ചിലവിനത്തിൽ വകയിരുത്തുകയും ചെയ്യേണ്ടതാണ്. സാധാരണ സർക്കാർ ചട്ടപ്രകാരമുളള നടപടിക്രമങ്ങൾ പാലിച്ച് ലേലം ചെയ്ത് വിൽക്കുവാൻ  ശ്രമിച്ചാൽ മരം മുറിച്ചു മാറ്റുന്നതിന് കാലദൈർഘ്യം ഉണ്ടാവുകയും  കാലവർഷത്തോടനുബന്ധിച്ച് ഈ മരത്തിനുണ്ടായേക്കാവുന്ന കേടുപാടുകൾ മൂലം ജനങ്ങളുടെ ജീവനും സ്വത്തിനും നാശനഷ്ടം ഉണ്ടാകുമെന്നും  ബോധ്യമായതിനാൽ,  ദുരന്തനിവാരണ നിയമം അനുസരിച്ച് മേൽ പറഞ്ഞ മരം ഈ വർഷത്തെ മൺസൂൺ ആരംഭിക്കുന്ന ജൂൺ 1 ന് മുൻപായി  മുറിച്ചു മാറ്റുവാൻ ഇതിനാൽ ഉത്തരവാകുന്നു….”

താഴെ ജില്ലാധികാരി തന്റെ ഉദ്യോഗ പേരും സീലും വച്ച് ഒപ്പിട്ടതോടെ ഈ എഴുത്ത്,  പാലിക്കപ്പെടാനുള്ള ഉത്തരവായി മാറി.

അങ്ങനെ കാലവർഷം തുടങ്ങുന്നതിന് മുന്നേ മുത്തശ്ശിമരം നിലം പൂകി.
ജൂൺ അഞ്ചിലെ പരിസ്ഥിതി ദിനത്തിൽ സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായി  വിതരണം ചെയ്യേണ്ട   ചെടിതൈകൾ നിരത്തി വയ്ക്കാൻ ഒഫീസ് പരിസരത്ത് സ്ഥലമില്ലാത്തതിനാൽ വെട്ടിയിട്ട നാട്ടുമാവിന്റെ തായ്ത്തടിയും കമ്പുകളും മുറ്റത്തു നിന്ന് വലിച്ചു  കെട്ടിടത്തിനു പുറകിലേക്ക് മാറ്റി….

അങ്ങനെ, വർഷങ്ങൾക്ക് മുന്നേ ഓഫീസ് വളപ്പിൽ നിന്നു വെട്ടിയിട്ട്, സർക്കാർ നടപടികളിൽപ്പെട്ടു വിൽപന നടക്കാതെ ഓഫീസ് കെട്ടിടത്തിന് പുറകിൽ കിടന്ന് കുശുത്തു നശിച്ചു കൊണ്ടിരിക്കുന്ന ആഞ്ഞിലിത്തടിയുടെ തൊട്ടടുത്ത്, അക്കൊല്ലത്തെ പരിസ്ഥിതി ദിനം  മുതൽ പുതിയ ഒരു ഉരുളൻ തടിക്കു  കൂടി,  ഇടം ലഭിച്ചു…

About The Author

Leave a Reply

Your email address will not be published. Required fields are marked *