തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ ലക്ഷ്യത്തോടടുക്കുന്നു. വാക്‌സിൻ എടുക്കേണ്ട ജനസംഖ്യയിൽ 93.04 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. എന്നാൽ, ഇനിയും എട്ടരലക്ഷത്തോളംപേർ ആദ്യ ഡോസ് സ്വീകരിക്കാനുണ്ട്. 2021-ലെ ജനസംഖ്യപ്രകാരം പതിനെട്ടരലക്ഷത്തോളംപേർ വാക്‌സിൻ എടുക്കാനുണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളതെങ്കിലും കോവിഡ് ബാധിച്ച പത്തുലക്ഷത്തോളം പേർക്ക് മൂന്നുമാസം കഴിഞ്ഞ് വാക്സിൻ എടുത്താൽമതി.
നിലവിലുള്ള രോഗികളിൽ 11 ശതമാനം പേരാണ് ആശുപത്രി, അല്ലെങ്കിൽ ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. സെപ്റ്റംബർ 27 മുതൽ ഒക്ടോബർ നാലുവരെയുള്ള കാലയളവിൽ ശരാശരി 1,42,680 കേസുകൾ ചികിത്സയിലുണ്ടായിരുന്നതിൽ രണ്ടുശതമാനംപേർക്ക് ഓക്‌സിജൻ കിടക്കകളും ഒരു ശതമാനം പേർക്ക് ഐ.സി.യു.വും ആവശ്യമായിവന്നു.
ഒക്ടോബർ ഒന്നുമുതൽ അഞ്ചുവരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താൽ ഒന്നും രണ്ടും ഡോസ് ചേർത്ത് 5,65,432 ഡോസ് വാക്സിനാണ് നൽകിയത്. അതിൽ 1,28,997 പേർ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുത്തത്.
കണക്കുകൾ പറയുന്നത്
സംസ്ഥാനത്ത് വാക്സിനേടുക്കേണ്ട ജനസംഖ്യ – ഏകദേശം 2.67 കോടി
ആദ്യ ഡോസ് സ്വീകരിച്ചവർ – 2,48,50,307 (93.04 ശതമാനം)
രണ്ടാം ഡോസ് സ്വീകരിച്ചവർ – 1,14,40,770 (42.83 ശതമാനം)
ഒന്നും രണ്ടും ഡോസ് ചേർത്ത് ആകെ നൽകിയത് – 3,62,91,077
വാക്‌സിൻ സ്വീകരിച്ചവർ (ഒക്ടോബർ അഞ്ചുവരെ)
ആരോഗ്യപ്രവർത്തകർ
ആദ്യഡോസ് 5,55,571 (100 ശതമാനം)
രണ്ടാംഡോസ് 4,89,620 (88 ശതമാനം)
കോവിഡ് മുന്നണിപ്പോരാളികൾ
ആദ്യഡോസ് 5,71,622 (100 ശതമാനം)
രണ്ടാം ഡോസ് 5,13,956 (90 ശതമാനം)
18-നും 45-നും ഇടയിലുള്ളവർ
ആദ്യഡോസ് 1,11,85,902 (80 ശതമാനം)
രണ്ടാംഡോസ് 25,19,926 (17 ശതമാനം)
45-നും 60-നും ഇടയിൽ പ്രായമുള്ളവർ
ആദ്യഡോസ് 66,70,811 (97 ശതമാനം)
രണ്ടാം ഡോസ് 37,78,487 (60 ശതമാനം)
60-നു മുകളിലുള്ളവർ
ആദ്യ ഡോസ് 58,41,011
രണ്ടാം ഡോസ്-40,78,667
വിമുഖതകാണിക്കരുത്
വാക്സിനേഷനോട് വിമുഖതകാണിക്കരുത്. കുറച്ചുപേർ വാക്സിൻ എടുക്കാതെ മാറിനിൽക്കുന്നത് സമൂഹത്തിനുതന്നെ ആപത്താണ്.
-വീണാ ജോർജ്, ആരോഗ്യമന്ത്രി.













