കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-20

മുല്ലപ്പൂക്കള്‍ പൊഴിഞ്ഞു കിടന്നിരുന്ന പടിപ്പുരമുറ്റം കയറി വന്ന ദേവിക ചെരുപ്പഴിച്ചുവച്ച് പൂമുഖത്തേക്ക് കയറി വരുന്നതും നോക്കി ഉമ ഒരു നിമിഷം നിന്നു പോയി. വിനയന്‍ തിരുമേനിയെ കസേരയില്‍ ഇരുത്തി വീഴ്ചയില്‍ ക്ഷതമെന്തെങ്കിലും ഉണ്ടായോ എന്ന് പരിശോധിക്കുകയായിരുന്നു രവി. പുറം തിരിഞ്ഞു നിന്നിരുന്ന അയാളെ തള്ളിമാറ്റി ദേവിക തിരുമേനിയുടെ കരം കവര്‍ന്നു. സുന്ദരിയായ ആ പെണ്‍കുട്ടിയുടെ അപ്രതീക്ഷിതമായ വരവും പെരുമാറ്റവും തിരുമേനിയെ ചിന്താക്കുഴപ്പത്തിലാക്കി. അവളാവട്ടെ നിലത്ത് മുട്ടുകുത്തി വിനയന്റെ മടിയില്‍ തലവച്ച് അനിര്‍വ്വചനീയമായ നിര്‍വൃതിയിലെന്നവണ്ണം കണ്ണുകളടച്ചു. അവളെത്തള്ളിമാറ്റാന്‍ വിനയന്‍ ശ്രമിച്ചെങ്കിലും എന്തുകൊണ്ടോ അയാള്‍ക്കതിനു കഴിഞ്ഞില്ല. ദേവുവിന്റെ തീര്‍ത്തും അവിചാരിതമായ പ്രവൃത്തിയും ഉമയുടെ ഭാവവ്യത്യാസവും കണ്ട് സന്ദര്‍ഭത്തിന്റെ ഗൗരവം ലഘൂകരിക്കാനെന്നവണ്ണം രവി ചിരിച്ചു.

‘ആഹാ…. വന്നല്ലോ കഥാനായിക! കാണണമെന്ന് തിരുമേനി പറഞ്ഞതേയുള്ളൂ, ദേവൂട്ടി ഹാജറായി’.

തന്റെ മടിയില്‍ ഇത്ര അവകാശത്തോടെ തലചേര്‍ത്ത് ഇരിക്കുന്നതാരാണെന്നറിയാതെ ശ്വാസം മുട്ടിയ വിനയന് കേട്ടപ്പോള്‍ ആശ്വാസമായി. അപ്പോള്‍ ഇതാണ് ദേവിക. ഉമയുടെ മകള്‍. വെറുതെയല്ല അവളുടെ സ്പര്‍ശ്ശനമേറ്റപ്പോള്‍ മനസ്സില്‍ വാത്സല്യം വഴിഞ്ഞൊഴുകിയതും താന്‍ തരളിതനായതും.

ഉമക്ക് ദേവുവിന്റെ ഇരിപ്പ് അരോചകമായിത്തോന്നി. അമ്മമനസ്സിന്റെ സ്വാര്‍ത്ഥതയാവാം കൗമാരക്കാരിയായ മകള്‍ ഒരന്യപുരുഷനെ സ്പര്‍ശ്ശിച്ചതോ അയാളുടെ മടിയില്‍ തലചേര്‍ത്തിരുന്നതോ അവള്‍ക്കുള്‍ക്കൊള്ളാനായില്ല. വീട്ടിലെത്തിയിട്ട് വേണം ദേവുവിനോട് സംസാരിക്കാന്‍. അവള്‍ തീരുമാനിച്ചുറച്ചു.

‘ദേവൂ…. ഇതാരാണെന്ന് മോള്‍ക്കറിയുമോ?’

രവിയുടെ ചോദ്യം കേട്ട് ദേവു പിടഞ്ഞുണര്‍ന്നു. താനെവിടെയാണെന്നറിയാത്ത മട്ടില്‍ അവള്‍ ചുറ്റുപാടും നോക്കി. തന്റെ തലയില്‍ തലോടുന്ന വിരലുകള്‍ ഡാഡിയുടേതല്ലെന്ന തിരിച്ചറിവില്‍ തെല്ലു സങ്കോചത്തോടെ അവള്‍ ചാടിയെണീറ്റു.

‘മോള്‍ എങ്ങനെ ഇവിടെത്തി?’ ഉമ അത്ഭുതത്തോടെ ചോദിച്ചു.

‘I just stepped out in search of you guys. No idea how I reached here. അറിയില്ല അമ്മേ…’ ഇംഗ്ലീഷും മലയാളവും ഇടകലര്‍ത്തി അവള്‍ പറഞ്ഞപ്പോള്‍ ഉമ അവിശ്വസനീയതയോടെ രവിയെ നോക്കി.

‘മോളേ…. അമ്മയെപ്പോഴും പറയാറില്ലേ അമ്മയുടെ ചൈല്‍ഡ്ഹുഡ് ഫ്രണ്ടിനെപ്പറ്റി കുഞ്ഞാത്തോല്‍? അവരുടെ വീടാണിത്.’

കുഞ്ഞാത്തോലെന്ന പേര് കേട്ടപ്പോള്‍ മനസിലായത് പോലെ ദേവിക തലയാട്ടി.

കിടപ്പിലായ ആത്തോലമ്മയെ കാണാന്‍ ഉമ അകത്തളത്തില്‍ ചെന്ന രംഗം വികാരനിര്‍ഭരമായിരുന്നു. അവളെ കണ്ടപ്പോള്‍ ആത്തോലമ്മയുടെ കണ്ണുനിറഞ്ഞു. പച്ചമരുന്നുകളുടെ ഗന്ധം നിറഞ്ഞ മുറിയും പരിസരവും. ഇവിടെ സഹായത്തിനു കാര്‍ത്തിയമ്മ വരുന്നില്ലെങ്കില്‍ പിന്നെ ആരാണു വൃത്തികേടാവാതെ വീടും പരിസരവും സൂക്ഷിക്കുന്നത്? ഉമയ്ക്ക് ജിഞ്ജാസ തോന്നി. അവരുടെ ഇരുചെന്നിയിലൂടെയും ഒഴുകിയിറങ്ങിയ കണ്ണുനീര്‍ ഉമ തുടച്ചുമാറ്റി. ഞരമ്പുകള്‍ തെളിഞ്ഞ അവരുടെ കൈപ്പത്തികള്‍ വിറകൊള്ളുന്നതും നോക്കി അവള്‍ കൈകള്‍ കൂപ്പി മാപ്പെന്ന് മന്ത്രിച്ചു.
അതേ നിമിഷം തന്നെ ഉമയെ അത്ഭുതപ്പെടുത്തിക്കൊണ്ട് ആരോ പിടിച്ചെഴുന്നേല്‍പ്പിച്ചതുപോലെ ആത്തോലമ്മയുടെ ശരീരം അല്‍പമൊന്നുയര്‍ന്നു. അവര്‍ ക്ലേശിച്ച് കട്ടിലിന്റെ ക്രാസിയില്‍ ശിരസ് ചാരിയിരുന്നു. ഒന്ന് പുഞ്ചിരിച്ച്, ദേവൂട്ടിയെ അവര്‍ കണ്ണുകളാല്‍ അരികിലേക്ക് വിളിച്ചു. ഉമ മകളെ ആത്തോലമ്മയുടെ അരികിലേക്ക് ചേര്‍ത്തുനിര്‍ത്തിയപ്പോള്‍ അവര്‍ മുഖമുയര്‍ത്തി ദേവുവിന്റെ നിറുകയില്‍ അരുമയായി ചുംബിച്ചു. നിറുകയില്‍ ഒരു കുടന്ന മഞ്ഞ് വീണ പ്രതീതിയായിരുന്നു ദേവുവിന്. കുളിരുള്ളൊരു കാറ്റ് തൊട്ടുരുമ്മി പോയതുപോലെ തോന്നിയപ്പോള്‍ ഉമ കുഞ്ഞാത്തോലിന്റെ സാന്നിദ്ധ്യം വീണ്ടും അനുഭവിച്ചു.

അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങി വാര്യത്തേക്കുള്ള ഇടവഴിയോളമെത്തിയപ്പോള്‍ എന്തോ മറന്നതുപോലെ രവി നിന്നു. പിന്നെ ഉമയോട് ദേവുവിനെകൂട്ടി വീട്ടിലേക്ക് പോവാന്‍ നിര്‍ദ്ദേശിച്ച് അയാള്‍ മനയിലേക്ക് തിരിച്ചുനടന്നു. മടങ്ങിച്ചെന്ന രവിയെ സാകൂതം വീക്ഷിച്ച് പൂമുഖത്തെ കസേരയിലിരുന്നിരുന്ന വിനയനോട് രവി അല്‍പം സംസാരിക്കാനുണ്ട് എന്നു പറഞ്ഞു.

‘നാളെ സൂര്യദേവന്‍ തിരുമേനി വരും ഹോമം നടത്താന്‍… ഉച്ചാടനം. തിരുമേനി ഉണ്ടാവണം പൂജക്കളത്തില്‍. പത്തുപതിനാറു വര്‍ഷമായി അലഞ്ഞുനടക്കുന്ന ആ ആത്മാവിനിനിയെങ്കിലും ശാന്തി വേണം.’

‘ഉച്ചാടനം?’ വിനയന്‍ എടുത്തുചോദിച്ചു

‘ഇത്ര ക്രൂരത വേണോ എന്റെ കുഞ്ഞാത്തോലിനോട്? ആ പാവം ആരെയെങ്കിലും ഉപദ്രവിച്ചിട്ടുണ്ടോ ഇന്നോളം? അവള്‍ക്കതിനാവില്ല, എന്റെ കുഞ്ഞുവിനൊരിക്കലും ആരെയും നോവിക്കാനാവില്ല.’
വിനയന്‍ പൊട്ടിത്തെറിച്ചപ്പോള്‍ തലേന്നത്തെ ശാന്തികര്‍മ്മത്തിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ രവി അദ്ദേഹത്തെ ധരിപ്പിച്ചു.

നാളെ രാത്രിയിലെ പൂജയില്‍ വിനയന്റെ സാന്നിദ്ധ്യം അത്യാവശ്യമാണെന്ന് രവി അപേക്ഷിച്ചപ്പോള്‍ വരാമെന്ന് വിനയന്‍ സമ്മതിച്ചു. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോവാന്‍ നാരായണേട്ടനെ അയയ്ക്കാമെന്നേറ്റ് രവി യാത്ര പറഞ്ഞിറങ്ങി. ദേവുവിനെ സംബന്ധിക്കുന്ന വിവരങ്ങള്‍ പറയണമെന്ന് കരുതിയെങ്കിലും നാളത്തെ പൂജയില്‍ എല്ലാം ചുരുളഴിയുമെന്നും, ഇനിയഥവാ അതുണ്ടായില്ലെങ്കില്‍ ആരുമതറിയണ്ടെന്നും ആ പിതാവിന്റെ സ്വാര്‍ത്ഥമനം ആഗ്രഹിച്ചു.

അയാള്‍ വീട്ടിലെത്തിയപ്പോള്‍ ഉമയുടെ വിഷണ്ണമായ മുഖം ശ്രദ്ധിച്ചു. ദേവു എങ്ങനെയാണു മനയ്കലെത്തിയതെന്നും അവ്വിധം പെരുമാറിയതെന്നും ആലോചിച്ച് അവള്‍ക്ക് ഭ്രാന്ത് പിടിക്കുന്നുണ്ടായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ രവി പെരുമാറുന്നതുകൂടി കണ്ടപ്പോള്‍ അവള്‍ സ്വയം മനസ്സിലാവാത്തതുപോലെ നിന്നു.

പിറ്റേന്ന് വൈകുന്നേരമായപ്പോള്‍ പൂജയ്ക്കാവശ്യമായ സാമഗ്രികളുമായി കൈമളെത്തി. മന്ത്രവാദക്കളം രാത്രി തന്നെ വരയ്ക്കാന്‍ തുടങ്ങണമെന്ന് കൈമള്‍ ധരിപ്പിച്ചു. ഒരാട്ടിന്‍ കുഞ്ഞിനെ ഏര്‍പ്പടാക്കാന്‍ നാരായണനെയും പറഞ്ഞേല്‍പ്പിച്ചു. അതെന്തിനാണെന്ന് ആരാഞ്ഞ രവിയോട് കൈമള്‍ വിശദീകരിച്ചു.

‘ശാന്തികര്‍മ്മത്തിനും വശ്യകര്‍മ്മത്തിനും മഞ്ഞള്‍ കലക്കിയ വെള്ളം കൊണ്ട് തര്‍പ്പണം ചെയ്യണം. ഉച്ചാടനത്തിനു ആടിന്റെ ചോരകലക്കിയ വെള്ളം കൊണ്ട് വേണം തര്‍പ്പണം ചെയ്യേണ്ടത്.’
ഉച്ചാടനം എന്ന കര്‍മ്മം കൊണ്ട് എന്താണുദ്ദേശിക്കുന്നതെന്ന് രവിയ്ക്ക് പിന്നെയും മനസിലായില്ല.

‘ബാധയൊഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ മറ്റുള്ള മനുഷ്യരെയോ ദേവതകളെയോ ജീവികളെയോ ഉപദ്രവിക്കുവാന്‍ കഴിയാത്ത സ്ഥാനത്തേക്ക് നീക്കിനിര്‍ത്തുന്ന മാന്ത്രിക കര്‍മ്മമാണ് ഉച്ചാടനം. പല വ്യാധികളും രോഗങ്ങളും ഉച്ചാടനത്തിലൂടെ ഭേദമാക്കാറുണ്ട്. കറുത്തപക്ഷത്തില്‍ പതിനാലോ അഷ്ടമിയോ ശനിയോ വന്നാല്‍ ഉച്ചാടനത്തിന് ഉത്തമ സമയമാണ്. അതിശക്തവും ഫലപ്രദവുമായ ഒരു മന്ത്രവാദ വിദ്യയാണിത്’. കൈമള്‍ വിശദീകരിച്ചു.

കുഞ്ഞാത്തോലിനെ ഇത്രയും ശക്തമായ വിധിയിലൂടെ ബന്ധിക്കേണ്ടതുണ്ടോ എന്ന് വിനയന്‍ തിരുമേനി ചോദിച്ചത് രവിയോര്‍ത്തു. അതിനെപ്പറ്റി കൈമളോട് ചോദിക്കണമെന്നും തോന്നി.

‘വര്‍ഷങ്ങള്‍ക്ക് മുന്‍പു കുഞ്ഞാത്തോലിന്റെ പകയും പ്രതികാരവും തിരിച്ചറിഞ്ഞ ആദ്യനാളുകളില്‍ത്തന്നെ വാര്യര്‍ ‘സ്തംഭനം’ എന്ന കര്‍മ്മം ചെയ്യിച്ച് കുഞ്ഞാത്തോലിന്റെ ശക്തിയെ ബന്ധിച്ചിരുന്നു.’
‘എല്ലാ പ്രവൃത്തികളില്‍ നിന്നും തടയുക എന്നതാണ് സ്തംഭനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അന്ന് സ്തംഭനം ചെയ്ത് കുഞ്ഞാത്തോലിന്റെ ശക്തിയെ ബന്ധിച്ച തകിടാണു പുഴക്കരയിലെ മണ്ണിനടിയില്‍ നിന്നും നിങ്ങള്‍ അനാവരണം ചെയ്ത ആ ചുവന്ന പട്ടില്‍ ഉണ്ടായിരുന്നത്. ആ തകിട് ഭൂമിയിലെ വായുവുമായി സമ്പര്‍ക്കമുണ്ടായപ്പോള്‍ വീണ്ടും കുഞ്ഞാത്തോലിനു ശക്തി മടക്കി കിട്ടിയിരിക്കുന്നു. ഇനി ഉച്ചാടനമല്ലാതെ മറ്റൊരു ക്രീയക്കും കുഞ്ഞാത്തോലിനെ അടക്കിനിര്‍ത്താന്‍ കഴിയില്ല. അത് നമ്മള്‍ ഇന്നലെ ഹോമത്തിനിടയില്‍ നേരില്‍ കണ്ടതുമാണല്ലോ’
‘അതുകൊണ്ടിനി ചെയ്യാന്‍ പറ്റുന്ന ഒരേയൊരു കര്‍മ്മം ഉച്ചാടനം മാത്രമാണു. അത് ഭംഗിയായി പൂര്‍ത്തിയാവണേ എന്നുമാത്രമാണു ഇന്നലെ മുതല്‍ തിരുമേനിയുടെ പ്രാര്‍ത്ഥന’.
കൈമള്‍ പറഞ്ഞു നിര്‍ത്തിയപ്പോള്‍ രവി തലയാട്ടി.

അത്താഴം കഴിഞ്ഞ് കിടക്കാന്‍ പോവുന്നതിനുമുന്‍പ് രവി വാര്യരെ കാണാന്‍ മുറിയിലേക്ക് ചെന്നു. വളരെ ക്ഷീണിതനായി കാണപ്പെട്ട അദ്ദേഹത്തിന്റെ കണ്ണുകളില്‍ അകാരണമായ ഒരു ഭീതി നിഴലിച്ചു നിന്നിരുന്നു. രവി അയാളുടെ കൈകള്‍ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിക്കുമ്പോലെ തഴുകി, മുറി വിട്ടുപോന്നു. പൂമുഖത്തെ വെളിച്ചത്തില്‍ കൈമളും നാരായണേട്ടനും തകൃതിയായി കുരുത്തോല കൊണ്ട് പന്തലൊരുക്കുന്നതും മറ്റും കണ്ട് അയാള്‍ ഉറങ്ങാന്‍ പോയി.

 

LEAVE A REPLY

Please enter your comment!
Please enter your name here