മെയ്യ്തഴുകി കടന്നുപോയ കാറ്റിനും സ്‌നേഹത്തിന്റെ കുളിര്. അതിലലിഞ്ഞ്, കണ്ണുകളിറുക്കിയടച്ച് ഏതോ ഒരു അനുഭൂതിയിലെന്നവണ്ണം നിന്നിരുന്ന ഉമയെ രവി കുതൂഹലത്തോടെ നോക്കി. അവളുടെ മുഖത്തെ ഭാവഭേദങ്ങള്‍ കണ്ടുനില്‍ക്കേ ഇനിയൊന്നും അവളെ പറഞ്ഞു മനസ്സിലാക്കേണ്ട കാര്യമില്ലെന്ന് രവിക്കുറപ്പായി. അനുഭവിച്ചറിയുകയാണവള്‍, കുഞ്ഞാത്തോലിന്റെ സാമീപ്യം. കുഞ്ഞാത്തോലിന്റെ സത്യം. ഇനിയൊന്നും ഭയക്കാനില്ല, കഴിഞ്ഞ കുറെ ദിവസങ്ങളായി ഈ രഹസ്യവും പേറി നടന്ന് അയാള്‍ വളരെ ക്ഷീണിതനായിരുന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ കാറ്റൊന്നു നിലച്ചപ്പോള്‍ അവള്‍ മനയിലേക്കുള്ള ഇടവഴിയിലേക്കിറങ്ങി. രവി യാതൊന്നും മിണ്ടാതെ അവളെ അനുഗമിച്ചു. കൃത്യമായ ലക്ഷ്യങ്ങളുമായാണ് ഉമ മനയിലേക്കു പോവുന്നതെന്ന് രവിക്ക് മനസിലായി. അങ്ങനെയെങ്കില്‍, താനതിന് പ്രതിബന്ധമാവരുതെന്നു അയാള്‍ നിശ്ചയിച്ചു. നീണ്ട ഇടവഴി കടന്ന് കോയിക്കല്‍മനയുടെ മുറ്റത്തേക്ക് അവര്‍ കാല്‍ വച്ചതും മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിന്നും ഒരുകൂട്ടം വെള്ളരിപ്രാവുകള്‍ കുറുകിക്കൊണ്ടു പറന്നുയര്‍ന്നു.
കോയിക്കല്‍ മനയിലെ ഉരുളന്‍ തൂണുകള്‍ നിറഞ്ഞ പൂമുഖത്തേക്ക് അവര്‍ കയറി. വലിയ ഓട്ടുമണിയുടെ ഞാന്നുകിടന്നിരുന്ന വള്ളിയില്‍ പിടിച്ച് രവി വലിച്ചു. ഉമയാവട്ടെ അരതിണ്ണയില്‍ കൈകുത്തി പുറത്തേക്ക് നോക്കി നിന്നു. ബാല്യകൗമാരങ്ങളുടെ ഒരായിരം ഓര്‍മ്മകള്‍ ഒരു ചലച്ചിത്രത്തിലെന്നവണ്ണം അവളുടെ മനക്കണ്ണില്‍ തെളിഞ്ഞുമാഞ്ഞു. മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ പടര്‍ന്നുകയറിയ കുടമുല്ലയുടെ വള്ളികള്‍ നിറയെ സൗരഭ്യം പടര്‍ത്തുന്ന മുല്ലപ്പൂക്കള്‍. വെളുത്തുരുണ്ട കുടമുല്ലപ്പൂക്കള്‍ കുഞ്ഞുവിനു ജീവനായിരുന്നു. പത്തിരുപത്തഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറം ഒരു വിഷുക്കാലം അവളുടെ മനസ്സില്‍ തെളിഞ്ഞു.
സ്‌കൂളടച്ച് കഴിഞ്ഞാല്‍ കുഞ്ഞാത്തോലുമൊത്ത് കാവില്‍പ്പോക്ക് പതിവായിരുന്നു. രാവിലെ അച്ഛന്‍ വീട്ടില്‍നിന്നും പോയാല്‍പിന്നെ തനിച്ചിരിക്കാന്‍ വല്ലാത്തൊരു മടിയായിരുന്നു. അതുകൊണ്ട് തന്നെ രാവിലെ തയ്യാറായി മനയിലെത്തും. കുഞ്ഞുവിനെയും കൂട്ടി കാവില്‍പ്പോകും. അന്ന് അച്ഛന്‍ വാങ്ങിത്തന്ന വിഷുക്കോടിയുമണിഞ്ഞു മനയിലെത്തി. ആകെപ്പാടെ ഒരുത്സാഹം. പച്ചയും മഞ്ഞയും നിറം കലര്‍ന്ന പട്ടുപാവാടയുടേയും ബ്ലൗസിന്റേയും തിളക്കത്തില്‍ മുഖത്തിനു പോലും ശോഭ കൂടിയെന്ന് തോന്നി. മനയ്ക്കലെ മുറ്റത്ത് കയറിയപ്പോഴെ കണ്ടു കുഞ്ഞാത്തോലും പുത്തനുടുത്തിരിക്കുന്നു. സുന്ദരിയായി അണിയിച്ചൊരുക്കിയ കുഞ്ഞാത്തോലിന്റെ മുടിയില്‍ മുല്ലപ്പൂമാല ചൂടിക്കാനുള്ള ശ്രമത്തിലാണ് ആത്തോലമ്മ. അതുകണ്ടതും എന്തുകൊണ്ടോ മനസൊന്നു വിങ്ങി. ഒരുകുറവും വരുത്താതെയാണ് അച്ഛന്‍ വളര്‍ത്തുന്നതെങ്കിലും കണ്ണിലല്‍പം മഷിയെഴുതാനോ മുടിയൊന്ന് കോതി പിന്നിയിടാനോ അമ്മയില്ലാത്തതിന്റെ കുറവ് ആ പത്തുവയസ്സുകാരിക്ക് അനുഭവപ്പെടാറുണ്ടായിരുന്നു. ഇപ്പോളിതാ മുല്ലപ്പൂമാല കോര്‍ക്കാനും ചൂടിക്കാനും അമ്മയുണ്ടായിരുന്നെങ്കില്‍ എന്നൊരു നഷ്ടബോധം. മുടിയില്‍ പിടിച്ച് വിഷണ്ണയായി നിന്ന തന്നെക്കണ്ടാവണം കുഞ്ഞാത്തോലും മുടിയില്‍ നിന്നും പൂമാല ഊരി മാറ്റിയത്. ഒടുവില്‍ ആത്തോലമ്മ മുല്ലവള്ളിയില്‍ നിന്നും പൊട്ടിച്ചെടുത്ത മുല്ലമൊട്ടുകള്‍ കോര്‍ത്ത് തന്റെ മുടിയിലും മാല ചാര്‍ത്തിയതിന് ശേഷം മാത്രമേ കുഞ്ഞാത്തോല്‍ സ്വന്തം മുടിയില്‍ പൂ ചൂടിയുള്ളൂ. അത്ര സ്‌നേഹമായിരുന്നു അവള്‍ക്ക്. ഉമയുടെ കണ്ണുകളില്‍ ഒരു പുകച്ചില്‍ പിടഞ്ഞുണര്‍ന്നു.
അകത്തളത്തിലെ തടിവാതിലിന്റെ സാക്ഷകള്‍ ഉരയുന്ന ശബ്ദം കേട്ട് രവി അവിടേക്ക് നോക്കി. തലയല്‍പ്പം കുനിച്ച് ഉത്തരത്തില്‍ മുട്ടാതെ വിനയന്‍ തിരുമേനി പുറത്തിറങ്ങി. കുറുവടിയുടെ സഹായത്തോടെ ക്ലേശിച്ച് ക്ലേശിച്ച് കാലുകള്‍ പെറുക്കിവയ്ക്കുന്ന മട്ടില്‍ അയാള്‍ നടന്നപ്പോള്‍ രവി അയാളെ തോളോട് ചേര്‍ത്ത് സഹായിച്ചു. അന്ധാളിപ്പോടെ ആ കാഴ്ച കണ്ട ഉമ വിനയനെ വീണ്ടും വീണ്ടും നോക്കി. കുഞ്ഞാത്തോലിന്റെ അതിസുന്ദരനായിരുന്ന മുറച്ചെറുക്കനെ അവള്‍ ഓര്‍ത്തുനോക്കി. ആകാശവും ഭൂമിയും പോലെ അന്തരമുള്ള ആ രണ്ടുരൂപങ്ങള്‍ അവള്‍ നിശബ്ദയായി നിന്നു മനക്കണ്ണില്‍ വീണ്ടും താരതമ്യം ചെയ്യുകയായിരുന്നു. ചുണ്ടുകളില്‍ ആര്‍ത്തുവന്ന തേങ്ങല്‍ ഒരുവട്ടം കടിച്ചമര്‍ത്തി അവള്‍ രവിയെ നോക്കി.
‘കുഞ്ഞാത്തോലിന്റെ ജീവനെടുത്ത അന്നത്തെ അപകടത്തിന്റെ ബാക്കിപത്രമാണീ ജീവന്‍’
രവി പറഞ്ഞപ്പോള്‍ സങ്കടം സഹിക്കാനാവാതെ അവള്‍ തേങ്ങിപ്പോയി. താനേറെ സ്‌നേഹിച്ച ഈ കുടുംബം മുഴുവന്‍ അച്ഛന്റെ ഒറ്റകൈപ്പിഴയില്‍ തകര്‍ന്നുപോയല്ലോ എന്ന ചിന്ത അവളെ വല്ലാതെ പൊള്ളിച്ചു.
ഉമയെ കണ്ട് വിനയന്റെ മുഖത്തും വാടിയൊരു പുഞ്ചിരി വിരിഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷമാവാം ചിരിയുടെ ഒരു ലാഞ്ചന പോലും ആ മുഖത്ത് വന്നത്. ഉമയുടെ സാമീപ്യം കുഞ്ഞുവിന്റെ ഓര്‍മ്മകള്‍ പരത്തുന്നല്ലോ എന്ന് അയാളതിശയിച്ചു. വരവിന്റെ ഉദ്ദേശം ആരാഞ്ഞ വിനയനോട് രവി കാര്‍ത്തിയമ്മയെക്കുറിച്ചന്വേഷിച്ചു.
‘കാര്‍ത്തിയമ്മയോ? അതാര്?’ വിനയന്‍ അത്ഭുതം കൂറി.
‘അങ്ങനെയൊരാള്‍ ഇന്നേവരെ മനയ്ക്കല്‍ സഹായത്തിന് വന്നിട്ടില്ലെന്ന്’ വിനയന്‍ തീര്‍ത്ത് പറഞ്ഞപ്പോള്‍ എല്ലാം മനസ്സിലായവനെപ്പോലെ രവി തലയാട്ടി.
കുട്ടികളെപറ്റി വിനയന്‍ ആരാഞ്ഞപ്പോള്‍ ഉമ വാചാലയായി. ദേവൂട്ടിയുടെ കാര്യങ്ങള്‍ വിനയനെ പറഞ്ഞു കേള്‍പ്പിക്കാന്‍ അവള്‍ക്കെന്തോ വല്ലാത്തൊരു താല്‍പര്യം.
‘എനിക്കവളെയൊന്നു കാണണമല്ലോ, ദേവൂനെ! പറഞ്ഞുകേട്ടപ്പോള്‍ എന്തുകൊണ്ടോ വല്ലാത്തൊരിഷ്ടം’ വിനയന്‍ പറഞ്ഞു.
‘തീര്‍ച്ചയായും കാണണം. കാണേണ്ടവര്‍ തന്നെയാണു നിങ്ങള്‍. തിരുമേനിയെ കാണാതെ പോവാന്‍ അവള്‍ക്കാവുകയുമില്ല’
രവി പറഞ്ഞതിലെ ദ്വയാര്‍ത്ഥത്തിന്റെ പൊരുള്‍ വിനയനോ ഉമയ്‌ക്കോ മനസ്സിലായില്ലെങ്കിലും, പൊടുന്നനെ ദൂരെയെവിടെനിന്നോ ഉയര്‍ന്നൊരു തേങ്ങിക്കരച്ചിലിന്റെ നേരിയ ശബ്ദം അവര്‍ കേട്ടു. തേങ്ങല്‍ നിലച്ചതിനു പിന്നാലെ മുഴങ്ങിയ താരാട്ടിന്റെ അലകള്‍ കേട്ട് അവര്‍ അത്ഭുതം കൊണ്ടപ്പോള്‍ രവി പുറത്തേക്ക് വിരല്‍ ചൂണ്ടി വിനയനോട് പറഞ്ഞു.
‘കേട്ടോ? കുഞ്ഞാത്തോല്‍ നമുക്കിടയില്‍ ഉണ്ട്’ അവള്‍ നമ്മെ അറിയുന്നുണ്ട്, നമ്മള്‍ പറയുന്നത് കേള്‍ക്കുന്നുമുണ്ട്. നിങ്ങളെ വിട്ട് പോവേണ്ടി വന്നെങ്കിലും അവള്‍ ഈ ഇല്ലവും ചുറ്റുപാടുകളും വിട്ടിട്ടില്ല’.
രവി പറഞ്ഞുതീരും മുന്‍പേ ‘ന്റെ കുഞ്ഞൂ’ എന്നൊരു വിളിയോടെ കാലിടറിവീണു പോയ വിനയന്‍ തിരുമേനിയുടെ കുറുവടി പൂമുഖവും കടന്ന് മുറ്റത്തേക്ക് തെറിച്ചുവീണു. തിരുമേനിയെ താങ്ങിയെഴുന്നേല്‍പ്പിച്ച് രവി കസേരയിലിരുത്തുമ്പോഴേക്കും കുറുവടി എടുക്കാന്‍ പുറത്തേക്കിറങ്ങിയ ഉമ ഇല്ലത്തിന്റെ പടിപ്പുര കടന്ന് ചിരപരിചിതയെപ്പോലെ മുറ്റത്തേക്ക് കയറിവന്ന ദേവുവിനെക്കണ്ട് അത്ഭുതസ്തബ്ധയായി.







