കുഞ്ഞാത്തോൽ – ശാന്തിനി ടോം | അധ്യായം-21

Facebook
Twitter
WhatsApp
Email

പിറ്റേന്നു പുലരാന്‍ നാലുനാഴിക ബാക്കിനില്‍ക്കേ സൂര്യദേവന്‍ തിരുമേനി വാര്യത്തെത്തി. കുളിച്ച് ശുഭ്രവസ്ത്രം ധരിച്ച് രവിയും ഉമയും ദേവികയും പന്തലില്‍ ആസനസ്ഥരായപ്പോള്‍ വിനയന്‍ തിരുമേനിയെ ചുമലിലേറ്റി നാരായണേട്ടനും എത്തി. പൂജാവിധികള്‍ ആരംഭിച്ചപ്പോള്‍ ശാന്തമായിരുന്നെങ്കിലും പിന്നീട് അന്തരീക്ഷത്തില്‍ നേരിയ വ്യതിയാനം തോന്നിത്തുടങ്ങി. നിലവിളക്കിന്റെ തിരികള്‍ കാറ്റിലാളി കരിന്തിരി കെട്ടപ്പോള്‍ മന്ത്രോച്ചാരണങ്ങള്‍ ഉച്ചത്തില്‍ ജപിച്ച് തിരുമേനി കൈമളെ നോക്കി. നാരായണേട്ടന്‍ നിലവിളക്കില്‍ നെയ്യ് പകര്‍ന്ന് വീണ്ടും തിരി കൊളുത്തിയപ്പോള്‍ ഇരുമ്പുരുളിയിലെ ആട്ടിഞ്ചോര കലര്‍ത്തിയ വെള്ളം കൈമള്‍ തര്‍പ്പണം ചെയ്ത് തുടങ്ങിയിരുന്നു. പൊടുന്നനെ മുഴങ്ങിയ അലറിക്കരച്ചിലില്‍ പ്രപഞ്ചമാകെ നടുങ്ങിത്തരിച്ചുനില്‍ക്കെ ഹോമകുണ്ഡത്തിനരികില്‍ കൈകള്‍ കൂപ്പിയിരുന്നിരുന്ന ദേവിക പൊടുന്നനെ ചാടിയെണീറ്റു തിരുമേനിയുടെ നേരേ വിരല്‍ ചൂണ്ടി.

‘എന്റെ അമ്മയെ ഉപദ്രവിക്കരുത്, എല്ലാം ഞാന്‍ വലിച്ചെറിയും’ എന്നവള്‍ ആക്രോശിക്കുന്നത് കേട്ട് ഞെട്ടിത്തരിച്ച ഉമയ്ക്കും വിനയനും മധ്യേ എന്തുചെയ്യണമെന്നറിയാതെ രവി വിവശനായി.

‘വാര്യര്‍ ഭയപ്പെട്ടതു തന്നെ സംഭവിച്ചിരിക്കുന്നു. കുഞ്ഞാത്തോല്‍ തന്റെ കുഞ്ഞിന്റെ ആത്മാവുമായി സംവദിച്ചു കഴിഞ്ഞിരിക്കുന്നു. ഇനി വാര്യര്‍ക്ക് രക്ഷയില്ല’.
സൂര്യദേവന്‍ തിരുമേനിയുടെ ശബ്ദം ദൂരെയെവിടെനിന്നോ ഒഴുകി വരുന്നതുപോലെ അവര്‍ കേട്ടു.

ദേവുവിന്റെ തീഷ്ണമായ കണ്ണുകള്‍ ഒരു മാത്ര തിരുമേനിയില്‍ തറഞ്ഞു നിന്നു. കിണ്ടിയില്‍ നിന്നും തീര്‍ത്ഥജലമെടുത്ത് തിരുമേനി ദേവുവിനു മേല്‍ തളിച്ചതും ഒരു പഞ്ഞിത്തുണ്ടെന്ന വണ്ണം അവള്‍ ഹോമകുണ്ഡത്തിനരികില്‍ മോഹാലസ്യപ്പെട്ട് വീണു. രവി അവളെ വാരിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തിരുമേനി കയ്യുയര്‍ത്തി തടഞ്ഞു.

ഇത്ര നേരം ചുറ്റും നടക്കുന്നതൊന്നും അറിയാതെ ഇരുന്നിരുന്ന ഉമ ചാടിയെണീറ്റു. ‘കുഞ്ഞാത്തോലിന്റെ കുഞ്ഞ്’ എന്ന വാക്ക് കേട്ടതിന് ശേഷം മറ്റേതോ ലോകത്തെന്ന മട്ടിലായിരുന്നു അവള്‍ ഇരുന്നിരുന്നത്. ആദ്യമായാണ് ഇങ്ങനെയൊന്നു കേള്‍ക്കുന്നത്. വികാരവിക്ഷോഭങ്ങള്‍ കൊണ്ട് ഹോമാഗ്‌നിയുടെ പ്രഭയില്‍ അവളുടെ മുഖം ചുവന്നു കാണപ്പെട്ടു. വിനയന്റെ അവസ്ഥയും മറിച്ചായിരുന്നില്ല. പതിനാറുവര്‍ഷങ്ങള്‍ക്ക് ശേഷം ആ മനസ്സില്‍ പിതൃവാത്സല്യം വീണ്ടും അലയടിച്ചു. ഒരുപാട് മോഹിച്ച കടിഞ്ഞൂല്‍ കുഞ്ഞിന്റെ മുഖമൊന്നു കാണാന്‍ കഴിയാഞ്ഞ ദുഃഖം എന്നേക്കുമായി നിര്‍മ്മലയെ നഷ്ടപ്പെട്ട വേദനയില്‍ മുങ്ങിപ്പോയിരുന്നു.

വിവശയായി ചാടിയെണീറ്റ ഉമയോട് ഇരിക്കാന്‍ പറഞ്ഞു തിരുമേനി. അവള്‍ക്ക് എന്താണറിയേണ്ടതെന്ന് വ്യക്തമായി ധാരണയുണ്ടായിരുന്നത് കൊണ്ട് തിരുമേനി പറഞ്ഞു.

പൂജാപന്തലില്‍ നിന്നും ആരും എഴുന്നേല്‍ക്കുന്നത് ശുഭമല്ല. ഒന്ന് പിഴച്ചാല്‍ മൂന്നെന്നാണെങ്കിലും ഇനിയുമൊരുവട്ടം കൂടി പൂജാവിഘ്‌നം സംഭവിച്ചാലൊരുപക്ഷെ കുഞ്ഞാത്തോലിനെ കീഴ്‌പെടുത്തുക ദുഷ്‌കരമാവും. എന്നുമാത്രമല്ല ഓരോവട്ടവും പൂജാവിധികള്‍ മുടങ്ങുമ്പോള്‍ ദുശ്ശക്തികള്‍ കൂടുതല്‍ ശക്തിയാര്‍ജിക്കും.

നിലത്ത് മയങ്ങുന്ന ദേവികയെ ചൂണ്ടി അദ്ദേഹം വിനയനോടും ഉമയോടും പറഞ്ഞു.

അതെ, ഇത് സത്യമാണ്. ദേവികയെന്ന ഈ പെണ്‍കുട്ടി കുഞ്ഞാത്തോലിനൊപ്പം ദുര്‍മരണം പ്രാപിച്ച ആ ഗര്‍ഭസ്ഥശിശുവിന്റെ പുനര്‍ജന്മമാണ്. ആരൊക്കെ അല്ലെന്നു പറഞ്ഞാലും അതാണ് സത്യം. ഭൂമിയില്‍ പിറന്നു വീഴും മുന്‍പേ തന്നെ അവളുടെയും അമ്മയുടെയും ജീവന്‍ നശിപ്പിച്ച ശത്രുവിനെ വകവരുത്തുക എന്നത് തന്നെയാണിവളുടെ ജന്മോദ്ദേശ്യവും. ‘ജന്മജന്മാന്തരങ്ങളായി ജീവജാലങ്ങള്‍ കര്‍മ്മവും കര്‍മ്മഫലവും അനുഭവിക്കുന്നുവെന്നത് വാസ്തവമാണ്. രണ്ടു വഴികളേ മരണാനന്തരം ജീവനുള്ളു. ഒന്നു കര്‍മ്മഫലമനുസരിച്ച് മറ്റൊരു ശരീരം സ്വീകരിക്കുക, മറ്റൊന്ന് ബ്രഹ്മസാക്ഷാത്ക്കാരം കൈവരിക്കുക. കഴിഞ്ഞ ജന്മത്തിലെ പാപത്തിന് പരിഹാരം ചെയ്യാനായി അല്ലെങ്കില് നന്മ ചെയ്ത് അടുത്ത ജന്മത്തിലെ ദുഖങ്ങള് അകറ്റാനായാണ് വീണ്ടും ജനിക്കുന്നതെന്നാണ് വിശ്വാസം.

ഭഗവദ് ഗീതയില്‍ ഭഗവാന് ശ്രീകൃഷ്ണന് പറയുന്നതിതാണ്:
വാസാംസി ജീര്ണാനി യഥാ വിഹായ
നവാനി ഗൃഹ്ണാതി നരേളപരാണി
തഥാ ശരീരാണി വിഹായ ജീര്ണാ
ന്യന്യാനി സംയാതി നവാനി ദേഹീ’

‘മനുഷ്യന് ജീര്‍ണിച്ച വസ്ത്രം ഉപേക്ഷിച്ച് പുതിയ വസ്ത്രങ്ങള് സ്വീകരിക്കുന്നതുപോലെ ആത്മാവ് ജീര്‍ണിച്ച ശരീരങ്ങളെ ഉപേക്ഷിച്ച് പുതിയ ശരീരങ്ങള്‍ കൈക്കൊള്ളുന്നു.’

‘പക്ഷേ എന്റെ കുഞ്ഞ് ജനിച്ചിരുന്നില്ലല്ലോ, പിന്നെങ്ങനെ പുനര്‍ജ്ജനിക്കും?’ വിനയന്‍ ഒരു തേങ്ങലോടെ ചോദിച്ചു.

‘ജനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണത് മരിച്ചത്. ഗര്‍ഭപാത്രത്തില്‍ ശ്വാസം മുട്ടി, അതും മണ്ണിനോട് ചേര്‍ന്ന്. അതായത് അവള്‍ ജനിച്ചതിന് തുല്യയായിരുന്നുവെന്നര്‍ത്ഥം.’

‘ഇനിയും സംശയം ബാക്കിയാണോ?’ അദ്ദേഹം ഉമയോടും വിനയനോടും ആരാഞ്ഞു. അവരുടെ കണ്ണുകളിലെ അവിശ്വസനീയഭാവം കണ്ട് വിനയനെ താങ്ങി ദേവികയുടെ സമീപത്തിരുത്താന്‍ തിരുമേനി രവിയോടാവശ്യപ്പെട്ടു.

വിനയന്റെ വലതുകൈത്തലം ദേവുവിന്റെ നെറ്റിത്തടത്തിലര്‍പ്പിച്ച് അദ്ദേഹം കണ്ണുകളടച്ച് മന്ത്രങ്ങള്‍ ഉരുവിട്ടു. കാന്തികതരംഗങ്ങളുടെ അത്ഭുതകരമായ ഒരു പ്രവാഹം തന്നിലേക്ക് അരിച്ചിറങ്ങുന്നത് ഒരു സ്വപ്‌നത്തിലെന്നവണ്ണം വിനയന്‍ അനുഭവിച്ചറിഞ്ഞു. തന്നില്‍ പ്രവേശിച്ച ആ ഊര്‍ജ്ജത്തില്‍, ബലമറ്റ കാലുകള്‍ കൂടുതല്‍ ശക്തി പ്രാപിച്ചതായും ഓജസറ്റ ശരീരത്തില്‍ ഉന്മേഷമേറിയതായും അയാള്‍ക്ക് തോന്നി. മന്ത്രജപം നിര്‍ത്തി കണ്ണുതുറന്ന തിരുമേനി സ്വന്തം കാലില്‍ നിവര്‍ന്ന് നിന്ന വിനയനെ അത്ഭുതക്രാന്തരായി നോക്കിയിരിക്കുന്ന ഉമയേയും രവിയേയും കണ്ട് പുഞ്ചിരിച്ചു.

‘പുത്രിയും പിതാവും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്. ഇപ്പോള്‍ അബോധാവസ്ഥയില്‍ നിലകൊള്ളുന്നത് നിങ്ങളുടെ മകള്‍ ദേവികയല്ല, വിനയന്റെ പിറക്കാനിരുന്ന കുഞ്ഞിന്റെ ആത്മാവാണ്. ആ ആത്മാവാണ് ഒരു സ്പര്‍ശ്ശനത്തിലൂടെ പിതാവിനു ജീവന്‍ പകര്‍ന്നത്. ദേവുവിന്റെ ശരീരം അതിനുള്ള ചാലകവും ഞാന്‍ വെറും നിമിത്തവുമായി എന്ന് മാത്രം.’
തുടര്‍ന്ന് അദ്ദേഹം വിനയനോട് പറഞ്ഞു.

‘മരിച്ചവര്‍ക്ക് വേണ്ടിയുള്ള കര്‍മ്മങ്ങള്‍ യഥാവിധി അനുഷ്ഠിക്കണം. മരിച്ചവരുമായുള്ള ഋണാനുബന്ധം നിശ്ശേഷം അവസാനിപ്പിക്കുവാന്‍ വേണ്ടിയാണിത്. ഋണബന്ധം അവശേഷിക്കുന്നു എങ്കില്‍ അത് നിങ്ങളുടെ ശരീരത്തിനേയും മനസ്സിനേയും ദുര്‍ബലമാക്കും.

‘എന്റെ ദേവു?’ ഉമ പൊട്ടിക്കരഞ്ഞുകൊണ്ടാണു ചോദിച്ചത്.

‘ദേവുവിനൊരു കുഴപ്പവുമില്ല. ഒന്നുണര്‍ന്നെണീക്കുമ്പോള്‍ അവള്‍ ഇതെല്ലാം മറക്കും. നിങ്ങളുടെ മാത്രം ദേവുവായി മാറുകയും ചെയ്യും. പക്ഷേ അതിനുമുന്‍പ് നമുക്ക് പൂജ തുടര്‍ന്ന് ലക്ഷ്യപ്രാപ്തി നേടിയേ ഒക്കൂ. ‘

‘ദേവുവിന്റെ ആത്മാവില്‍ കുഞ്ഞാത്തോല്‍ ആധിപത്യം പ്രാപിച്ചു കൂടാ. അങ്ങനെ സംഭവിച്ചാല്‍ ദേവുവിന്റെ ശരീരം കൊണ്ട് കുഞ്ഞാത്തോല്‍ പ്രതികാരം ചെയ്യാന്‍ ശ്രമിച്ചേക്കും. അത് തടയാന്‍ നമുക്ക് കഴിഞ്ഞെന്നും വരില്ല.’

‘കുഞ്ഞുവിനെ ഉച്ചാടനം ചെയ്യുന്ന കര്‍മ്മം ഒഴിവാക്കിക്കൂടേ?’ തിരുമേനി പറഞ്ഞു നിര്‍ത്തിയപ്പോള്‍ വിനയന്‍ അറിയാതെ ചോദിച്ചു പോയി.

‘ആചാരങ്ങളും അനുഷ്ഠാനങ്ങളും യഥാവിധി നടത്തുന്നത് നല്ലതാണ്. വിട്ടുപോയ ജീവന്റെ മനസ്സിലേക്ക് നമ്മള്‍ ഒരു തുള്ളി സ്‌നേഹജലം പകരുകയാണ്. ഓരോരോ കര്‍മ്മങ്ങളിലൂടെ ഇവിടെ നമ്മള്‍ ചെയ്യുന്ന ഏറ്റവും ചെറിയ കാര്യവും അവര്‍ക്കവരുടെ ലോകത്തില്‍ വലുതായ സുഖവും സന്തോഷവും നല്കുന്നു. അതനുഭവിക്കാന്‍ സാധിച്ചാല്‍ അവര്‍ക്ക് സ്വര്‍ഗ്ഗമായി. ഇനിയും ഈ ഭൂമിയില്‍ അലയാതെ കുഞ്ഞാത്തോല്‍ സ്വര്‍ഗം പ്രാപിക്കാന്‍ ഏകാഗ്രമായ മനസ്സോടെ പ്രാര്‍ത്ഥിക്കുകയാണു വേണ്ടത്.’ തിരുമേനി പറഞ്ഞുനിര്‍ത്തിയപ്പോള്‍ വിനയന്‍ തലയാട്ടി സമ്മതം പ്രകടിപ്പിച്ചു.
കൈമള്‍ നിലവിളക്കില്‍ നെയ്പകര്‍ന്ന് തിരികള്‍ പ്രകാശമാനമാക്കി. ഹോമകുണ്ഡത്തിലേക്ക് ചന്ദനച്ചീളുകളും നെയ്യും അര്‍പ്പിച്ചു. വീണ്ടും മന്ത്രോച്ചാരണങ്ങള്‍ മുഴങ്ങിത്തുടങ്ങിയപ്പോള്‍ പാടത്തിനക്കരെ കോയിക്കല്‍ മനയുടെ അതിര്‍ത്തിയില്‍ കരിമ്പനക്കൂട്ടങ്ങള്‍ ക്രോധത്തോടെ ആടിയുലഞ്ഞു. കര്‍ണ്ണപുടങ്ങള്‍ ഭേദിക്കും മട്ടിലുയര്‍ന്ന കരച്ചിലിന്റെ ശബ്ദത്തില്‍ വാര്യത്തെ മൂവാണ്ടന്‍ മാവിലെ പ്രാവിന്‍പറ്റങ്ങള്‍ പരിഭ്രമത്തോടെ പറന്നകന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *