ന്യൂയോർക്ക് ∙ തന്നെ വിലക്കിയ ട്വിറ്റർ, ഫെയ്സ്ബുക് ഉൾപ്പെടെയുള്ള സാമൂഹമാധ്യമ കമ്പനികൾക്കു ബദലായി യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ ആരംഭിച്ചു. ട്രംപിന്റെ കീഴിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പും (ടിഎംടിജി) സ്പെഷൽ അക്വിസിഷൻ കമ്പനിയും ലയിച്ചാണ് പുതിയ സമൂഹമാധ്യമം തുടങ്ങുന്നത്. അടുത്ത മാസം മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ബീറ്റ പതിപ്പ് പുറത്തിറക്കും. 2022 ആദ്യ പാദത്തിൽ യുഎസിൽ ലഭ്യമാകും. ആപ്പിൾ ആപ് സ്റ്റോറിൽ പ്രീ–ഓർഡർ ആരംഭിച്ചു. വെബ്സൈറ്റ്: www.truthsocial.com. രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന്റെ പേരിൽ വിവേചനം കൽപിക്കാത്ത പ്ലാറ്റ്ഫോം എന്നാണ് ട്രൂത്ത് സോഷ്യലിന്റെ വിവരണം.
ട്രംപിന്റെ വിലക്കിനു പിന്നിൽ
യുഎസ് പാർലമെന്റ് മന്ദിരത്തിൽ നടന്ന അക്രമത്തിനു പിന്നാലെ ജനുവരിയിലാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും ട്രംപിനെ വിലക്കിയത്. പാർലമെന്റിലേക്കു മാർച്ച് ചെയ്യാൻ അനുയായികളോട് ആഹ്വാനം ചെയ്തതിനായിരുന്നു നടപടി.
ട്വിറ്ററിൽ 8.8 കോടി ഫോളോവേഴ്സ് ഉണ്ടായിരുന്ന ട്രംപിന്റെ അക്കൗണ്ട് (@realDonaldTrump) എന്നെന്നേക്കുമായി വിലക്കി. ട്രംപിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ അക്കൗണ്ടും (@TeamTrump) സസ്പെൻഡ് ചെയ്തു. പിന്നാലെ ഫെയ്സ്ബുക്കും അനുബന്ധ കമ്പനികളും വിലക്ക് ഏർപ്പെടുത്തി.
English Summary: Donald Trump to start new social media truth social













