LIMA WORLD LIBRARY

ശാദ്ധപുഷ്പങ്ങള്‍ – ബാലചന്ദ്രന്‍ അമ്പലപ്പാട്ട്

ഓര്‍മകളേയെന്‍ മനസ്സില്‍ നിറയ്ക്കു
ഓമനിക്കാനൊരു സ്വപ്നം
കനവുകളെരിയും കനലിതിലെന്നുടെ
നെഞ്ചകമുരുകി തീര്‍ന്നാലോ
തന്ത്രികള്‍ മുറുകാതപശ്രുതി
നെഞ്ചിന്‍തമ്പുരുവില്‍നിന്നുയരുമ്പോള്‍
രാഗം താനം പല്ലവി പാടാം
മനസ്സില്‍ തീമഴയൊഴിയട്ടെ.
മിഴിനീര്‍മഴയായ് പെയ്യുന്നു
കദനക്കടലില്‍ ചേരുന്നു
എരിയും കനലിനു കുളിര്‍ചാറ്റാന്‍
മഴയായ് പെയ്യാനായെങ്കില്‍

അലകളിലാരവമുണരുമ്പോള്‍
അടരും ആലിന്നിലപോലെ.
കൊഴിയുന്നൊന്നായ് ജന്മങ്ങള്‍
ആയുസ്സറുതിയിലെത്താതെ.
കത്തും നെഞ്ചിന്‍നെരിപ്പോടില്‍
സ്വപ്നം കാച്ചിയെടുക്കുമ്പോള്‍
മലരികളും വന്‍ചുഴികളുമായ്
പിരിയും ജീവിത കൈവഴികള്‍

പകലവനുണരുന്നണയുന്നു
പകലിരവില്ലാതൊരുവേഷം
ആടിത്തീരാതണയുന്നു
കാലം പിന്നോട്ടോടുന്നു.
ആരവമില്ലാതണിയറയില്‍
പലരും ചായംതേയ്ക്കുന്നു
യവനിക നീങ്ങാന്‍ നില്‍ക്കാതെ
പലരും ചമയമഴിക്കുന്നു.

തലവരതെറ്റിയ ജന്മങ്ങള്‍
പടുമുളപൊട്ടി പടരുമ്പോള്‍
തണലാകേണ്ടൊരു കൈതന്നെ
മണ്ണിനു വളമായ്തീര്‍ക്കുന്നു.
ഇടനാഴികളില്‍ ഇരുള്‍ വീഴാന്‍
ശേഷിക്കുന്നതു നിമിഷങ്ങള്‍
നിഴലുകള്‍ നാഗഫണംപോലെ
പാര്‍ത്തുകിടന്നു വിഷം തീണ്ടാന്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px