കോരിച്ചൊരിയുന്ന മഴ മാറി. മാനത്തു നക്ഷത്രങ്ങള്‍ വിരിഞ്ഞു. റോഡില്‍ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു.
“ഡോ, എഞ്ചിനീയറേ…, എണീക്കെണീക്ക്. വീടെത്തി.”
സ്പനത്തിലെന്ന പോലെയാണു ശബ്ദം കേട്ടത്. സൈമണ്‍ കണ്ണു തുറന്നു. കാറിന്‍റെ ഡോര്‍ ആരോ പുറത്തുനിന്നു തുറന്നു. വീഴാന്‍ പോയ സൈമനെ പുറത്തുനിന്നയാളുടെ കൈകള്‍ താങ്ങി. അവന്‍ മുഖമുയര്‍ത്തി നോക്കി, കലാകേരള പ്രസിഡന്‍റ് ഡോ. രാഘവന്‍ നായരാണ്. സംഘടനയുടെ ഭാരവാഹികള്‍ക്കു നായര്‍ ചെറിയൊരു പാര്‍ട്ടി കൊടുത്തു, വെറുതേ. അതിന്‍റെ ഫലമാണു സൈമനെ കാറില്‍ വീട്ടിലെത്തിക്കേണ്ടി വന്നത്. ആദ്യമായിട്ടൊന്നുമല്ല. പക്ഷേ, ഈ നേരത്ത് ഇതു പതിവുള്ളതായിരുന്നില്ല.
മദ്യം വരിഞ്ഞുമുറുക്കിയ സിരകളില്‍ മഞ്ഞിന്‍റെ സ്പര്‍ശം ഒരല്പം അയവു നല്‍കി. മനുഷ്യര്‍ മാത്രമല്ല, മരങ്ങള്‍ പോലും നല്ല ഉറക്കത്തില്‍. തലയ്ക്കു ഭാരം കൂടുന്നതു പോലെ. വഴിയിലെങ്ങും ആരെയും കാണാനില്ല.
ജോലിയും കൂലിയുമില്ലാത്ത സൈമന് ആകെയുള്ള പൊതു പരിപാടിയാണീ കലാകേരള പ്രവര്‍ത്തനം. അതിന്‍റെ മറവില്‍ ഈസിയായി ലഭിക്കുന്ന മദ്യപാന അവസരങ്ങളാണ്, അല്ലാതെ കടുത്ത സാഹിത്യ, സാംസ്കാരിക താത്പര്യങ്ങളൊന്നുമല്ല പ്രചോദനം. എന്തിനും എപ്പോഴും സമയമുള്ള, മദ്യം കൊടുത്താല്‍ എന്തിനും തയാറാകുന്ന സൈമന്‍ ഭാരവാഹിയായിരിക്കുന്നതില്‍ മറ്റുള്ളവര്‍ക്കും സന്തോഷം മാത്രം.
അയാള്‍ വേച്ചുവേച്ച് വീട്ടിലേക്കു നടന്നു. സ്പെയര്‍ കീ തപ്പിയെടുത്ത്, വളരെ ബുദ്ധിമുട്ടി താക്കോല്‍ദ്വാരത്തിലൂടെ കണ്ടു പിടിച്ചു. അതിനുള്ളിലേക്കു താക്കോല്‍ കടത്താന്‍ പിന്നൊരു സര്‍ക്കസ്. ഒടുവില്‍ എങ്ങനെയോ കതകു തുറന്നു വന്നു. അര്‍ധരാത്രി കഴിഞ്ഞിട്ടുണ്ടാകും. അതോ നേരം വെളുക്കാറായോ. ലൈറ്റിട്ടു ചുവരിലെ ക്ലോക്കില്‍ നോക്കിയിട്ട് സമയം തിരിച്ചറിയാന്‍ കഴിയുന്നില്ല. ക്ലോക്കില്‍ നിറയെ സൂചി. ഇതില്‍ മണിക്കൂര്‍ സൂചിയേത്, മിനിറ്റ് സൂചിയേത്, സെക്കന്‍ഡ് സൂചിയേത്! സമയമറിഞ്ഞിട്ടും ഇപ്പോ പ്രത്യേകിച്ചു വിശേഷമൊന്നുമില്ലല്ലോ എന്ന ആശ്വാസത്തില്‍ അയാള്‍ കണ്ണുകള്‍ പിന്‍വലിച്ചു.
ചുവരിന്‍റെ മറ്റൊരു ഭാഗത്ത് തൂക്കിയിരിക്കുന്ന ക്രൂശിത രൂപം അയാള്‍ കണ്ടു. ദൈവപുത്രം കുരിശില്‍ കിടക്കുന്നു. സ്വര്‍ഗാരോഹണവും ചെയ്തു. താനോ മദ്യത്തില്‍ മുങ്ങിക്കിടക്കുന്നു. സ്വര്‍ഗം തന്നെയാണ് ആശ. പക്ഷേ, ഇങ്ങനെയീ ഭൂമിയില്‍ കിടക്കാന്‍ തന്നെയാണോ വിധി. അയാള്‍ ആത്മഗതം അലറി:
“എന്നെക്കൂടി കൊണ്ടുപൊയ്ക്കൂടെ നിന്‍റെ സ്വര്‍ഗത്തിലേക്ക്? പക്ഷേ, കുരിശേല്‍ കേറാനൊന്നും എനിക്കു മേലാ. വേണേല്‍ ഫ്ളൈറ്റ് പിടിച്ചു വരാം.”
ക്രിസ്തു എന്താണിങ്ങനെ തുറിച്ചു നോക്കുന്നതെന്ന് അയാള്‍ ആശങ്കപ്പെട്ടു. കാനായിലെ കല്യാണത്തിനു വെള്ളം വീഞ്ഞാക്കിക്കൊടുത്ത ആളല്ലേ. അപ്പോ ഞാന്‍, ഈ മനുഷ്യപുത്രന്‍ വീഞ്ഞിന്‍റെ വേറൊരു രൂപം ഇത്തിരി കുടിച്ചെന്നു വച്ച് ഇത്ര നോക്കാന്‍ എന്തിരിക്കുന്നു!
അവള്‍ക്കിട്ട് ഒന്നുകൂടി പൊട്ടിക്കേണ്ടതായിരുന്നു. ഇനിയിപ്പോ ഡ്യൂട്ടിക്കു പോയിട്ടുണ്ടാകും. നാളെ ഇങ്ങു വരട്ടെ, കാണിച്ചു കൊടുക്കാന്‍ ഞാന്‍ ആരാണെന്ന്.
അപ്പോഴാണു കുഞ്ഞിന്‍റെ കാര്യം ഓര്‍ത്തത്. നാശം പിടിച്ചവള്‍ കൊച്ചിനെ കളഞ്ഞിട്ടു ജോലിക്കു പോയിക്കാണും. മുറിയിലൊക്കെ കയറി ലൈറ്റിട്ടു നോക്കി. ഇല്ലല്ലോ, കുട്ടി വീട്ടിലില്ല. ഇവളാ കൊച്ചിനെ എവിടെ കൊണ്ടു പോയി കളഞ്ഞു. ആര്‍ക്കറിയാം…!
പിന്നെ കൂടുതല്‍ ആലോചിച്ചു മെനക്കെടാന്‍ അവനു മനസില്ലായിരുന്നു. കണ്‍പോളകള്‍ക്കു വല്ലാത്ത ഭാരം. സോഫയിലേക്കു മറിഞ്ഞു. സോഫയുടെ മൂലയില്‍ ഫോണ്‍ ചിലച്ചു. ആരെന്നു പോലും നോക്കാതെ സ്വിച്ചോഫ് ചെയ്തു കണ്ണടച്ചു. ലൈറ്റണയ്ക്കാന്‍ മറന്നിരുന്നു, അല്ലെങ്കില്‍ മടിച്ചു. ഉള്ളില്‍ അന്ധകാരവുമായി കിടന്ന സൈമനു മുകളില്‍ വൈദ്യുതി വെളിച്ചം മാത്രം പ്രകാശം പരത്തി.
ഇപ്പോള്‍ ചില ഉത്തരേന്ത്യക്കാര്‍ എംപിമാരാകുന്നുണ്ട്. അതാവട്ടെ, അവരുടെ ജാതിയും മതവും ഉപയോഗിച്ചു കൊണ്ടാണ്. ഉന്നത ബിരുദധാരികള്‍ക്കുള്ളതാണു കലാകേരളയുടെ അംഗത്വം. കൂടുതലും കടുത്ത മതവിശ്വാസികള്‍. പലപ്പോഴും ആഘോഷങ്ങളും വാര്‍ഷികവുമെല്ലാം മത പരിപാടികളായി മാറുകയാണു പതിവ്. ഇംഗ്ലണ്ടില്‍ ആ നാട്ടുകാര്‍ക്കില്ലാത്ത പതിവാണ് മതത്തോടുള്ള ഈ അത്യാര്‍ത്തി. മതത്തിന്‍റെയും കൈയിലുള്ള എന്‍ജിനീയറിങ് ബിരുദത്തിന്‍റെയും ബലത്തില്‍ സൈമനു കലാകേരളയില്‍ അംഗത്വം ലഭിച്ചതാണ്. സംഘടനാ പ്രവര്‍ത്തനങ്ങളുടെ നിഗൂഢതകളൊന്നും അയാള്‍ക്കറിയില്ല. പക്ഷേ, പാര്‍ട്ടികളിലും ആഘോഷങ്ങളിലുമെല്ലാം ആദ്യാവസാനക്കാരനായിരിക്കും എപ്പോഴും.
കടുത്ത കാര്യങ്ങളൊന്നും മുമ്പും ആലോചിച്ചു തല പുണ്ണാക്കാന്‍ ശ്രമിച്ചിട്ടില്ല. അപ്പന്‍ പണ്ടു ഗള്‍ഫില്‍ പോയി ആവശ്യത്തിലധികം പണമുണ്ടാക്കിയിട്ടുണ്ട്. മകനു പ്രീഡിഗ്രിക്കു മാര്‍ക്കും എന്‍ട്രന്‍സിനു റാങ്കും തീരെ താഴെയായിരുന്നിട്ടും കാശെറിഞ്ഞ് എന്‍ജിനീയറിങ് കോളേജില്‍ സീറ്റ് വാങ്ങി പഠിപ്പിച്ചു. കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ചു നടക്കാനുള്ള സുവര്‍ണാവസരമായിരുന്നു സൈമനത്. സ്കൂളിലും പ്രീഡിഗ്രിക്കുമൊക്കെ പഠിക്കുമ്പോള്‍ എല്ലാത്തിനും അപ്പന്‍റെയും അമ്മയുടെയും ബന്ധുക്കളുടെയുമൊക്കെ നിയന്ത്രണമാണ്. എന്‍ജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ അങ്ങനെ യാതൊരു പ്രശ്നങ്ങളുമില്ല. ഒരു അല്ലലുമില്ലാത്ത ജീവിതം.
ബസിനു കല്ലെറിയാനും കാറു കത്തിക്കാനും രസം പിടിച്ചാണു രാഷ്ട്രീയത്തില്‍ പിച്ചവച്ചു തുടങ്ങിയത്. പ്രതിഷേധങ്ങളും പ്രകടനങ്ങളും ആവേശമായ കാലം. രാഷ്ട്രീയത്തിന്‍റെ മറ്റു സ്വാര്‍ഥ ലാഭങ്ങളെക്കുറിച്ചും ഗുണവശങ്ങളെക്കുറിച്ചും അറിഞ്ഞു തുടങ്ങിയപ്പോള്‍ രാഷ്ട്രീയത്തില്‍ തുടരാനായി ശ്രമം. പണക്കൊഴുപ്പിന്‍റെ ബലത്തില്‍ പാര്‍ട്ടിയുടെ ജില്ലാ കമ്മിറ്റി അംഗം വരെയായി. രാജ്യത്തിന്‍റെ പൊതുനډയ്ക്കാണു തന്‍റെ രാഷ്ട്രീയമെന്ന് അയാള്‍ വീമ്പിളക്കി. വാക്കും പ്രവര്‍ത്തിയും തമ്മില്‍ ബന്ധമുണ്ടാകാതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ഉത്തമ മാതൃകകളായി എപ്പോഴും അയാള്‍ക്കു മുന്നിലുണ്ടായിരുന്നു. അങ്ങനെ അല്ലലറിയാതെ ജീവിച്ച സൈമന് ഒരിക്കലും സൂസന്‍റെ നേരേ ഒരു സഹാനുഭൂതിയോ കുഞ്ഞിനോടു കാര്യമായ വാത്സല്യമോ തോന്നിയിട്ടില്ല. സ്വന്തം കാര്യങ്ങള്‍ കൃത്യമായി മുന്നോട്ടു പോകുന്നുണ്ടോ എന്നു മാത്രമേ അയാള്‍ക്ക് അന്വേഷിക്കേണ്ടിരുന്നുള്ളൂ.
ഭാര്യയുടെ കൂടെ ലണ്ടനില്‍ വന്നപ്പോള്‍ രാഷ്ട്രീയത്തില്‍നിന്നു വിട്ടുനിന്നോളുമെന്ന ധൈര്യമായിരുന്നു അപ്പനും അമ്മയ്ക്കും. എന്നാല്‍, ഇംഗ്ലണ്ടില്‍ച്ചെന്നാലും രാഷ്ട്രീയം കളിച്ചു നടക്കാമെന്നായിരുന്നു അയാളുടെ മനസില്‍. പക്ഷേ, നാട്ടിലെപ്പോലെ ബന്ദും ഹര്‍ത്താലും ട്രെയ്ന്‍ തടയലും ജയില്‍ നിറയ്ക്കലും ലാത്തിച്ചാര്‍ജും വെട്ടിക്കുത്തും പോലുള്ള കലാപരിപാടികളൊന്നും അവിടെയില്ലെന്നറിഞ്ഞപ്പോള്‍ അയാള്‍ നിരാശനായി.
ഇവിടുത്തെ ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യക്കാരെ കൂട്ടിയിണക്കാന്‍ ഓരോ രാജ്യത്തുനിന്നുള്ളവര്‍ക്ക് കൗണ്‍സിലര്‍ പദവി നല്‍കാറുണ്ട്. അതു നാട്ടിലെ ഒരു പഞ്ചായത്തംഗം പോലെ മാത്രം. നാട്ടിലെ ഒരു വാര്‍ഡില്‍ ഒരു മെംബറെങ്കില്‍ ഇവിടെ ആ സ്ഥാനത്തു മൂന്നു കൗണ്‍സിലര്‍മാര്‍. അതില്‍ കൂടുതലൊന്നും പ്രവാസിക്ക് അവിടെ രാഷ്ട്രീയത്തില്‍ ചെയ്യാനില്ല. പക്ഷേ, സ്വന്തം സ്ഥലത്തെ കൗണ്‍സിലര്‍ ആരെന്നും പലരുമറിയില്ല. അത്ര ഡീഗ്ലാറസ് ആയ ഒരു പരിപാടിയോടു സ്വാഭാവികമായും സൈമനും തീരെ താത്പര്യം തോന്നിയതുമില്ല.
ഇവിടുത്തെ ഒരു മേയറോ പാര്‍ലമെന്‍റംഗമോ ആകാന്‍ ഒരിക്കലും കഴിയില്ല. പിന്നെ വെറുതേ എന്തിനു രാഷ്ട്രീയ വേഷം കെട്ടി നേരം മെനക്കെടുത്തണം.
അങ്ങനെയാണു ജോലിക്കു വല്ലതും പോയാലോ എന്നൊരു ചെറിയ ചിന്ത ഉരുത്തിരിഞ്ഞത്. നല്ല ശമ്പളമാണെന്നാണു കേട്ടിട്ടുള്ളത്. പക്ഷേ, അന്വേഷിച്ചു തുടങ്ങിയപ്പോഴേ അറിഞ്ഞു, ഇന്ത്യയിലെ എന്‍ജിനീയറിങ്ങിനൊന്നും ഇവിടെ വല്യ വിലയൊന്നുമില്ല. ചെറിയ രീതിയില്‍ തുടങ്ങിയാലേ വലിയ ജോലിക്കു സാധ്യതയുള്ളൂ. പക്ഷേ, സൂസന്‍റെ ഉപദേശങ്ങള്‍ ഒരിക്കലും അയാളുടെ കാതുകളെ സ്പര്‍ശിക്കുക പോലും ചെയ്തതായി തോന്നിയിട്ടില്ല.
ഇവിടുത്തെ പരീക്ഷ പാസാകുന്നവര്‍ക്കേ ഇവിടെ മുന്‍ഗണന ലഭിക്കൂ. കിട്ടുന്ന ജോലി ചെയ്തു നല്ല പേരുണ്ടാക്കാന്‍ നോക്കണം. എത്രയോ ഇന്ത്യന്‍ ഡോക്റ്റര്‍മാര്‍ ഇവിടെ കടകളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നു. പക്ഷേ, ഒന്നും സൈമനെ ഏശിയില്ല. ഭര്‍ത്താവിന്‍റെ നിശബ്ദതയും നിസംഗതയും മനസിലാക്കിയ അവള്‍ ഉപദേശം മെല്ലെ വേണ്ടെന്നു വച്ചു. ജീവിതത്തില്‍ യാതൊരു ഭാരവും ഉത്തരവാദിത്വങ്ങളും അറിയാതെ ജീവിച്ചയാള്‍ക്ക് താന്‍ ഭാര്യയായി എന്തിനു ഭാരമാകണമെന്നായിരുന്നു അവളന്നു ചിന്തിച്ചത്.
രാഷ്ട്രീയ നേതാവായിരുന്ന കാലത്തു പോലും മേലനങ്ങി ജോലി ചെയ്തിട്ടില്ല. എന്നിട്ടാണിപ്പോ ലണ്ടനില്‍ വന്നു കടയില്‍ നില്‍ക്കാനും കൊച്ചുവെളുപ്പാന്‍കാലത്ത് ഉണര്‍ന്ന് കമ്പനിപ്പണിക്കു പോകാനും പ്രൊപ്പോസല്‍. അയാളുടെ സ്വതസിദ്ധമായ മടിയും ദുരഭിമാനവും ഒന്നിനും അനുകൂലമായിരുന്നില്ല. അതിലൊക്കെ നല്ലത് അല്‍പ്പം സാമൂഹ്യപ്രവര്‍ത്തനവും ഏറെ വിശ്രമവും മദ്യപാനവുമായി വീട്ടില്‍ തന്നെ അങ്ങനെ കഴിച്ചുകൂട്ടുകയായിരുന്നു.
ലണ്ടന്‍ നഗരം ഉള്ള സമയം കൊണ്ടു കണ്ടാസ്വദിച്ചു, മിക്കപ്പോഴും ഒറ്റയ്ക്ക്. ആളുകള്‍ ജോലികള്‍ക്കായി പരക്കം പായുന്നതു കണ്ടു. ഭൂഗര്‍ഭ ട്രെയ്നുകളില്‍ ആളുകള്‍ ഇടിച്ചുകുത്തി പോകുന്നതും ബ്രിട്ടീഷുകാര്‍ യാത്രകളിലുടനീളം പുസ്തകങ്ങള്‍ വായിക്കുന്നതും കണ്ടു. എങ്കിലും ഇന്ത്യയില്‍നിന്നു കൊണ്ടു വന്ന കടലാസ് ഡിഗ്രിയും ലണ്ടനിലെ തന്‍റെ കോമാളിവേഷവും മറന്ന് അയാള്‍ കാഴ്ചകളിലും സുഖാനുഭൂതികളും മുഴുകിക്കഴിഞ്ഞു. ഭര്‍ത്താവിന്‍റെ ഏതാഗ്രഹത്തിനും മറുത്തുപറയാതെ വഴങ്ങിക്കൊടുക്കുന്ന ഭാര്യ കൂടിയായപ്പോള്‍ എല്ലാം തികഞ്ഞു.
(തുടരും….)
About The Author
No related posts.