LIMA WORLD LIBRARY

ബ്രിട്ടൺ ഒരു ദ്വീപാണ് – കാരൂർ സോമൻ (ലണ്ടൻ)

ബ്രിട്ടൻ ഇന്നു കാണുന്ന രൂപത്തിലായത് നൂറ്റാണ്ടുകൾ പിന്നിട്ട വൻ പരിണാമ പ്രക്രിയകളിലൂടെയാണ്. അതിന്റെ ആദ്യ ഘട്ടമെന്നു വിളിക്കാവുന്നത് ആനി രാജ്ഞിയുടെ ഭരണകാലത്തെയാണ്. അവരുടെ കാലത്ത്, 1707 മേയ് 1നു ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങൾ ചേർന്നുണ്ടായതാണ് ഗ്രേറ്റ് ബ്രിട്ടന്റെ ആദ്യ രൂപം. 1801-ൽ അയർലൻഡ് കൂടിച്ചേർന്ന് യുണൈറ്റഡ് കിങ്ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടൺ ആൻഡ് അയർലൻഡ് എന്നായി മാറുകയും ചെയ്തു.

1702 മുതൽ 1714 വരെ ബ്രിട്ടനും അയർലൻഡും ഭരിച്ചിരുന്ന രാജ്ഞിയായിരുന്നു ആനി രാജ്ഞി. ജയിംസ് രണ്ടാമന്റേയും (1633-1701) ആനി ഹൈഡിന്റെയും പുത്രിയായി 1665 ഫെബ്രുവരി 6നു ജനിച്ച ആനി 1683 ജൂലൈ 28നു ഡെന്മാർക്കിലെ രാജാവ് ഫ്രെഡറിക്ക് മൂന്നാമന്റെ പുത്രനായ ജോർജ്ജ് രാജകുമാരനെ (1653-1708) വിവാഹം ചെയ്തു.

1705 മാർച്ച് 8നു ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ് എന്നീ രാജ്യങ്ങളുടെ രാജ്ഞിയായി അധികാരമേറ്റു. 1707 മേയ് 1ന് ആക്ട്‌സ് ഓഫ് യൂണിയൻ എന്ന നിയമത്തിലൂടെ, ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ് എന്നീ രാജ്യങ്ങളെ ചേർത്തു ഗ്രേറ്റ് ബ്രിട്ടൺ രൂപീകരിച്ച ആനി രാജ്ഞി, ഗ്രേറ്റ് ബ്രിട്ടൺ, അയർലൻഡ് എന്നിവയുടെ രാജ്ഞിയായി ഭരണം തുടർന്നു. 1714 ഓഗസ്റ്റ് 1 പുലർച്ചെ ആനി രാജ്ഞി അന്തരിച്ചു.

ബ്രിട്ടൻ യഥാർഥത്തിൽ ഒരു ദ്വീപാണെന്നത് പുറത്തുള്ള പലരും ശ്രദ്ധിക്കാത്ത വസ്തുതയാണ്. ബ്രിട്ടീഷ് ദ്വീപസമൂഹത്തിലെയും യൂറോപ്പിലേയും ഏറ്റവും വലിയ ദ്വീപാണ് ഗ്രേറ്റ് ബ്രിട്ടൺ, ആഗോളാടിസ്ഥാനത്തിൽ വലിപ്പത്തിൽ എട്ടാം സ്ഥാനവും, ജനസാന്ദ്രതയിൽ മൂന്നാം സ്ഥാനവുമാണ് രാജ്യത്തിനുളളത്. യൂറോപ്പ്യൻ ഭൂഖണ്ഡത്തിന്റെ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഗ്രേറ്റ് ബ്രിട്ടന്റെ പടിഞ്ഞാറായി അയർലൻഡ് സ്ഥിതി ചെയ്യുന്നു. യുണൈറ്റഡ് കിംങ്ഡത്തിന്റെ ഭൂരിഭാഗം ഭൂപ്രദേശവും ഗ്രേറ്റ് ബ്രിട്ടണിലാണ്.

ഇംഗ്ലണ്ട്, സ്‌കോട്ട്‌ലൻഡ്, വെയിൽസ് എന്നിവയും അവയുടെ തലസ്ഥാന നഗരങ്ങളായ ലണ്ടൺ, എഡിൻബറോ, കാർഡിഫ് എന്നിവയും ഈ ദ്വീപിൽ തന്നെ സ്ഥിതി ചെയ്യുന്നു.

ഗ്രേറ്റ് ബ്രിട്ടൺ എന്ന വലിയ ചുറ്റും അനേകം ദ്വീപുകളും ചെറുദ്വീപുകളും ഉണ്ട്. ഇതിന്റെ ആകെ വിസ്തീർണ്ണം 209,331 ച. കി. (80,823 ചതുരശ്ര മൈൽ) വരും. ജാവയ്ക്കും ഹോൺഷുവിനും ശേഷം ലോകത്തിലെ ഏറ്റവും ജനവാസമുള്ള മൂന്നാമത്തെ ദ്വീപാണ് ഗ്രേറ്റ് ബ്രിട്ടൺ.

ഗ്രേറ്റ് ബ്രിട്ടൺ അതിന്റെ നീളമേറിയ വടക്കുതെക്കേ അച്ചുതണ്ടിൽ പത്തു ഡിഗ്രി അക്ഷാംശത്തോളം വ്യാപിച്ചു കിടക്കുന്നു. ഭൗമശാസ്ത്രപരമായി ദ്വീപിന്റെ കിഴക്കും തെക്കും പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പടിഞ്ഞാറൻ, വടക്കൻ പ്രദേശങ്ങൾ കുന്നുകളും മലകളുമാണ്.

ഹിമയുഗത്തിനു ശേഷമാണ് യഥാർഥത്തിൽ ഈ ഭൂപ്രദേശം ഒരു ദ്വീപായി മാറുന്നത്. ഹിമയുഗം അവസാനിക്കുന്നതിനുമുമ്പ് യൂറോപ്പിന്റെ ഒരു ഉപദ്വീപ് മാത്രമായിരുന്നു ഇവിടം, അതായത് മൂന്നു വശം മാത്രം വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശം. ഉയർന്നുവന്ന സമുദ്രനിരപ്പ് ഹിമം ഉരുകാൻ ഇടയാക്കുകയും ഇംഗ്ലീഷ് ചാനൽ രൂപപ്പെടുകയും ചെയ്തു. ഇന്ന് ഇംഗ്ലീഷ് ചാനലാണ് ബ്രിട്ടണെ യൂറോപ്പിൽനിന്ന് ഏറ്റവും ചുരുങ്ങിയത് 21 മൈൽ (34 കിമീ) വരെ ദൂരത്തിലാക്കിയിരിക്കുന്നത്.

ഹിമയുഗം കഴിഞു സമുദ്ര നിരപ്പു ഉയർന്നു തുടങ്ങി 10000 വർഷം കഴിഞ്ഞപ്പോൾ അയർലൻഡ് ദ്വീപ് ഈ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. പിന്നെയും 2000 കൊല്ലം കഴിഞ്ഞപ്പോൾ ഗ്രേറ്റ് ബ്രിട്ടൺ ദ്വീപും യുറേഷ്യ ഭൂഖണ്ഡത്തിൽ നിന്നു വേർപെട്ടു. ഈ ഭൂപ്രദേശം യുറേഷ്യ ഭൂഖണ്ഡത്തിൽ ചേർന്നു കിടക്കുന്ന കാലത്ത് ഉത്തര ഐബീരിയയിൽ നിന്നു കര മാർഗ്ഗം വന്ന മനുഷ്യർ ആണ് ഇവിടെ ആദ്യമായി സ്ഥിരതാമസം ആക്കിയത്.

ഇംഗ്ലീഷ് ചാനൽ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ ഒരു ശാഖയാണ്. ഇത് ബ്രിട്ടനെയും ഫ്രാൻസിനെയും തമ്മിൽ വേർതിരിക്കുന്നു. ഇതിന് 560 കി.മി. നീളവും 240 കി.മി. മുതൽ 34 കി.മി. വരെ വീതിയും ഉണ്ട്. ഇരു രാജ്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽപ്പാതയായ ചാനൽ ടണൽ ഇംഗ്ലീഷ് ചാനലിലെ കടലിനടിയിലൂടെയാണ് നിർമ്മിച്ചിരിക്കുന്നത്.

ഗ്രേറ്റ് ബ്രിട്ടൺ ദ്വീപുകളിലെ ഇംഗ്ലണ്ട്, സ്‌കോട്ട്‌ലാന്റ്, വെയിൽസ് എന്നീ രാജ്യങ്ങളും, അയർലൻഡ് ദ്വീപിലെ ഉത്തര അയർലൻഡും ഉൾപ്പെട്ട കൂട്ടായ്മയാണ് യുണൈറ്റഡ് കിങ്ഡം.

യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിപ്പമേറിയതും ഏറ്റവുമധികം ജനസംഖ്യയുള്ളതുമായ രാജ്യം ഇംഗ്ലണ്ട് തന്നെ. ഇംഗ്ലണ്ടിന്റെ ഭൂഅതിർത്തികളിൽ വടക്കു സ്‌കോട്ട്‌ലൻഡും, പടിഞ്ഞാറ് വെയിൽസുമാണുള്ളത്. സമുദ്രാതിർത്തികളായി വടക്കു പടിഞ്ഞാറ് ഐറിഷ് കടലും, കിഴക്കു വടക്കൻ കടലും ഉണ്ട്. തെക്കു യൂറോപ്പ് ഉപദ്വീപഖണ്ഡവുമായി ഇംഗ്ലണ്ടിനെ വേർതിരിക്കുന്ന ഇംഗ്ലീഷ് ചാനൽ കടലിടുക്കു സ്ഥിതി ചെയ്യുന്നു. ഇംഗ്ലണ്ടിന്റെ ഭാഗമായി നൂറോളം കൊച്ചു ദ്വീപുകളുമുണ്ട്. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടൺ ഗ്രേറ്റ് ബ്രിട്ടണിലെ ഏറ്റവും വലിയ നാഗരികപ്രദേശവും എല്ലാരീതിയിലുമല്ലെങ്കിലും മിക്ക രീതിയിലും യൂറോപ്യൻ യൂണിയനിലെ ഏറ്റവും വലിയ നാഗരികപ്രദേശവും ആണ്.

ഇന്നു ഗ്രേറ്റ് ബ്രിട്ടൺ എന്നറിയപ്പെടുന്ന പ്രദേശത്ത് ശിലായുഗം മുതൽ മനുഷ്യവാസമുണ്ടായിരുന്നു എന്നാണു പുരാവസ്തു അവശേഷിപ്പുകൾ സൂചിപ്പിക്കുന്നത്. എഡി അഞ്ചാം നൂറ്റാണ്ടിൽ ഈ പ്രദേശ്ത്ത് കുടിയേറി പാർത്ത ആങ്‌ലെസ് എന്ന ജർമൻ ഗോത്രവർഗത്തിന്റെ പേരിൽ നിന്നാണ് ഇംഗ്ലണ്ട് എന്ന് പേര് ഉണ്ടായത്. എഡി 927 മുതൽ തന്നെ ഇതിനൊരു ഏകീക്രിത രാജ്യത്തിന്റെ സ്വഭാവമുണ്ട്. പതിനഞ്ചാം നൂറ്റാണ്ട് മുതൽ ഇംഗ്ലണ്ട് ഒരു പ്രബല ശക്തി ആവുകയും ലോകത്തെമ്പാടും തന്റെ രാഷ്ട്രീയ സാംസ്‌കാരിക സ്വാധീനം ചെലുത്തുകയും ചെയ്തു. പാർലമെന്ററി ജനാധിപത്യ വ്യവസ്ഥ, വ്യവസായ വിപ്ലവം എന്നിവ ഉൽഭവിച്ചത് ഇംഗ്ലണ്ടിലാണ്.

അയോയുഗത്തിന്റെ തുടക്കത്തോടെ മധ്യ യൂറോപ്പിൽ നിന്ന് കെൽറ്റു ഗോത്ര വർഗക്കാർ ഇവിടെ വന്നു താമസം ആയി. അന്ന് ഇവിടത്തെ ജനങ്ങൾ കെൽറ്റ് ഭാഷ ആയ ബൈതോണികൾ ആയിരുന്നു സംസാരിച്ചിരുന്നത്. 43 എഡി ആയതോടെ റോമൻ സൈന്യം ഗ്രേറ്റ് ബ്രിട്ടന്റെ ഒട്ടുമിക്ക പ്രദേശങ്ങളും പിടിച്ചടക്കി, അങ്ങനെ ഗ്രേറ്റ് ബ്രിട്ടൺ റോമൻ സാമ്രജ്യത്തിന്റെ ബ്രിട്ടാനിയ പ്രവിശ്യ ആയി. അതിനു ശേഷം ബ്രിട്ടനിൽ ഗ്രെകൊ റോമൻ സംസ്‌കാരം പ്രചാരത്തിൽ വന്നു. എഡി അഞ്ചാം നൂറ്റാണ്ടോടെ സാമ്രാജ്യത്തിന്റെ മറ്റ് അതിർത്തികൾ സംരക്ഷിക്കാനും, ആഭ്യന്തര യുദ്ധങ്ങളിൽ പങ്കെടുക്കാനും വേണ്ടി റോമൻ ഭരണാധികാരികൾ സൈന്യങ്ങളെ ബ്രിട്ടനിൽ നിന്നു തിരിച്ചു വിളിച്ചു തുടങ്ങി. അതോടെ ബ്രിട്ടനിലെ റോമൻ സൈനിക ശക്തി ക്ഷയിച്ചു തുടങ്ങി.

ബ്രിട്ടനിൽ നിന്നു റോമൻ സൈന്യം പിൻവാങ്ങിയതോടെ, മുൻപു ബ്രിട്ടന്റെ തീര പ്രദേശങ്ങളിൽ ചില്ലറ ആക്രമണങ്ങളും കൊള്ളയും മറ്റും ആയി നടന്നിരുന്ന ആങ്ങ്ൾസ്, സാക്‌സൺ, ജൂട്ട് എന്നീ ജർമൻ ഗോത്ര വർഗങ്ങൾ ധൈര്യസമേതം ആക്രമിച്ചു കയറി ഇവിടെ സ്ഥിരതാമസം ആയി. ഈ ജർമാനിക് ഗോത്ര വർഗങ്ങളെ കൂട്ടമായി ആംഗ്ലോ സാക്‌സൺ എന്ന പേരിൽ അറിയപ്പെട്ടു. ഇവരും ബ്രിറ്റൊൺ എന്നു വിളിക്കുന്ന ബ്രിട്ട്‌നിലെ ആദിവാസികളും തമ്മിൽ അനേകം യുദ്ധങ്ങൾ ഉണ്ടായി. ക്രമേണ ബ്രിട്ടന്റെ ഒരു ഭാഗമായ ഇംഗ്ലണ്ടിന്റെ ഭൂരിഭാഗവും ആംഗ്ലോ സാക്‌സൺ നിയന്ത്രണത്തിലായി. അന്ന് ഇംഗ്ലണ്ടിൽ ഉണ്ടായിരുന്ന പ്രമുഖ ആംഗ്ലൊ സാക്‌സൺ രാജ്യങ്ങൾ നോർത്തുംബ്രിയ, മെഴ്‌സിയ, വെസക്‌സ്, ഈസ്റ്റ് ആംഗ്ലിയ, എസക്‌സ്, കെന്റ്, സസക്‌സ് എന്നിവയാണ്.

എഡി 1066 ൽ വില്ലിയം ഡ്യൂക് ഒഫ് നോർമണ്ടി (വില്ലിയം ദി കോൻക്വറർ എന്നും വിളിക്കും) ഇംഗ്ലണ്ട് ആക്രമിച്ചു കീഴടക്കി. ഈ ആക്രമണത്തോടു കൂടി നോർമണ്ടിയിൽ നിന്നു വന്നവർ (നോർമൻ) ഇംഗ്ലണ്ടിലെ ഭരണ വർഗം ആയി. വില്ലിയം ഇംഗ്ലണ്ടിന്റെ ആദ്യത്തെ നോർമൻ രാജാവും ആയി. നോർമൻ ജനത ഫ്രഞ്ച് ഭാഷ സംസാരിക്കുന്നവർ ആയിരുന്നു. ഇംഗ്ലണ്ടിൽ നിന്നു ആംഗ്ലോസാക്‌സൺ ഭാഷയെ തുടച്ചു മാറ്റാൻ വേണ്ടി നോർമൻ ഭരണാധികാരികൾ ആംഗ്ലോസാക്‌സൺ ഭാഷ പള്ളിക്കൂടങ്ങളിൽ പഠിപ്പിക്കുന്നത് നിരോധിച്ചു.

യൂറോപ്യൻ യൂണിയനിലെ ഏറ്റവും ജനസംഖ്യയുള്ള നഗരമായ ലണ്ടനും രണ്ടായിരം വർഷങ്ങൾക്കു മുൻപ് സ്ഥാപിക്കപ്പെട്ടതാണ്. തെംസ് നദി ഈ നഗരത്തിലൂടെയാണ് ഒഴുകുന്നത്. ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യത്തിന്റെ കാലത്താണ് ഈ നഗരം സ്ഥാപിതമാവുന്നത്. ഇതിന്റെ റോമൻ പേര് ലൊണ്ടീനിയം എന്നായിരുന്നു.

അന്ന് യുണൈറ്റഡ് കിങ്ഡത്തിലെ ഒരു രാജ്യമായിരുന്നു വെയിൽസ്. കിഴക്കേ അതിർത്തിയിൽ ഇംഗ്ലണ്ടും, പടിഞ്ഞാറേ അതിർത്തിയിൽ ഐറിഷ് കടലുമുണ്ട്. ഇവിടെ ഇംഗ്ലീഷാണ് പരക്കെ സംസാരിക്കപ്പെടുന്നതെങ്കിലും വെയിൽസിനു തനതായ ഒരു ഭാഷയാണ് ഉണ്ടായിരുന്നത്. അതിനെ വെൽഷ് എന്ന് പറഞ്ഞിരുന്നു. വെൽഷ് ജനത ഒരു കെൽറ്റിക് വംശമാണ്. അഞ്ചാം നൂറ്റാണ്ടിൽ ബ്രിട്ടണിൽ റോമൻ അധീശത്വം അവസാനിച്ചതോടെയാണ് വെയിൽസ് ഒരു രാജ്യമായി ഉരുത്തിരിഞ്ഞു വന്നത്. പിന്നീട് ചരിത്രത്തിൽ കാണാം, പതിനഞ്ചാം നൂറ്റാണ്ട് മുതൽ വെയിൽസ് ഇംഗ്ലണ്ടിന്റെ അധീനതയിലായ കാഴ്ച.

യു.കെ. യുടെ ഭാഗമായ വെയിൽസിന്റെ തലസ്ഥാന നഗരമാണ് കാർഡിഫ്. തെക്കുകിഴക്കൻ വെയിൽസിൽ ബ്രിസ്റ്റോൾ ചാനലിന്റെ കരയിൽ സ്ഥിതി ചെയ്യുന്നു. ഏ.ഡി. 75ൽ റോമാക്കാർ ഇവിടെ ഒരു കോട്ട നിർമ്മിച്ചിരുന്നുവെങ്കിലും, പതിനൊന്നാം നൂറ്റാണ്ടിൽ നോർമനുകളുടെ വരവോടെ മാത്രമാണ് പട്ടണം സ്ഥാപിതമായത്. പത്തൊൻപതാം നുറ്റാണ്ടിന്റെ ആദ്യകാലം വരെ ജനസംഖ്യ കുറവായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി കയറ്റുമതി ചെയ്യുന്ന തുറമുഖമായി കാർഡിഫ് മാറി. കൽക്കരി വ്യവസായം അവസാനിച്ചെങ്കിലും വെയിൽസിലെ ഏറ്റവും വലിയ നഗരം അതിന്റെ മുഖ്യവാണിജ്യകേന്ദ്രമായി ഇന്നും തുടരുന്നു.

ഇതു പോലെയാണ് സ്‌കോട്ട്‌ലൻഡും. സ്‌കോട്ട്‌ലൻഡ് യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ്. 790 ദ്വീപുകൾ സ്‌കോട്ട്‌ലൻഡിന്റെ ഭാഗമാണ്.1707 മേയ്1-ന് സ്വതന്ത്രരാജ്യമായിരുന്ന സ്‌കോട്ട്‌ലൻഡ് ബ്രിട്ടിഷ് രാജ്യത്തിൽ ചേർന്നു. ഇംഗ്ലണ്ടുമായി തെക്ക് ഭാഗത്ത് അതിർത്തി പങ്കിടുന്നു. എഡിൻബറോ ആണ് തലസ്ഥാനം. സ്‌കോട്ട്‌ലൻഡിലെ രണ്ടാമത്തെ വലിയ നഗരവും യൂറോപ്പിലെ സാമ്പത്തിക കേന്ദ്രങ്ങളിലൊന്നുമാണ് ഈ നഗരം. ഗ്ലാസ്‌ഗോ ആണ് ഏറ്റവും വലിയ നഗരം.

റോമൻ നിയമമാണ് സ്‌കോട്ട്‌ലൻഡിലെ നിയമത്തിന്റെ അടിസ്ഥാനം. സ്‌കോട്ടിഷ് പ്രിസൺ സർവീസാണ് തടവുകാരുടെ കാര്യങ്ങൾ നോക്കുന്നത്.

സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമാണ് എഡിൻബർഗ്. ഗ്ലാസ്‌കോയ്ക്ക് പിന്നിലായ് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവും ഇതു തന്നെ. സ്‌കോട്ട്‌ലൻഡിലെ 32 പ്രാദേശിക സർക്കാർ കൗൺസിൽ പ്രദേശങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ ഏഴാമത്തെ നഗരമാണ് എഡിൻബർഗ്.

1473 മുതൽ എഡിൻബർഗ് സ്‌കോട്ട്‌ലൻഡിന്റെ തലസ്ഥാനമാണ്. നവോത്ഥാനത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നു ഈ നഗരം. എഡിൻബർഗ് സർവകലാശാലയായിരുന്നു ഇവിടുത്തെ നവോത്ഥാനത്തിന് നേതൃത്വം വഹിച്ചത്. ‘വടക്കിന്റെ ഏഥൻസ്’ എന്നൊരു വിളിപ്പേര് നഗരത്തിന് ലഭിക്കാൻ ഇത് കാരണമായി. എഡിൻബർഗിലെ ഓൾഡ് ടൗൺ, ന്യൂ ടൗൺ ജില്ലകളെ 1995-ൽ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങളായി പ്രഖ്യാപിച്ചു. 2001-ൽ നടന്ന കനേഷുമാരി അനുസരിച്ച് 448,625 ആണ് ഇവിടുത്തെ ജനസംഖ്യ.

എഡിൻബർഗിൽ വർഷം തോറും നടക്കുന്ന എഡിൻബർഗ് ഫെസ്റ്റിവൽ ലോകപ്രസിദ്ധമാണ്. വർഷം തോറും നടത്തപ്പെടുന്ന, ഔദ്യോഗികവും അല്ലാത്തതുമായ ഒരു കൂട്ടം ആഘോഷങ്ങൾ ചേർന്നതാണ് ഈ ഉത്സവം. എഡിൻബർഗ് ഫെസ്റ്റിവലിനായി എത്തുന്നവരുടേയും നഗരത്തിലെ സ്ഥിരതാമസക്കാരുടേയും എണ്ണം ഏറക്കുറെ തുല്യമാണ്. ഇവയിൽ ഏറ്റവും പ്രശസ്തമായവ എഡിൻബർഗ് ഫ്രിഞ്ച്, ദ എഡിൻബർഗ് ഇന്റർനാഷണൽ ഫെസ്റ്റിവൽ, ദ എഡിൻബർഗ് മിലിറ്ററി റ്റാറ്റൂ, എഡിൻബർഗ് അന്താരാഷ്ട്ര ചലച്ചിത്രമേള, എഡിൻബർഗ് അന്താരാഷ്ട്ര പുസ്തകമേള എന്നിവയാണ്.

യൂറോപ്പിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. യുണൈറ്റഡ് കിങ്ഡത്തിൽ, ലണ്ടണ്ടന് പിന്നിലായി, ഏറ്റവും കൂടുതൽ വിനോദ സഞ്ചാരികൾ സന്ദർശിക്കുന്ന നഗരമാണിത്. 1.3 കോടി വിനോദ സഞ്ചാരികളാണ് വർഷം തോറും എഡിൻബർഗ് നഗരത്തിലെത്തുന്നത്.

യുണൈറ്റഡ് കിങ്ഡത്തിലെ നാലു രാജ്യങ്ങളിൽ ഒന്നാണ് വടക്കൻ അയർലൻഡ് അഥവാ നോർത്തേൺ അയർലൻഡ്. അയർലൻഡ് ദ്വീപിന്റെ വടക്ക്കിഴക്ക് പ്രദേശത്തുള്ള വടക്കൻ അയർലൻഡ് റിപ്പബ്ലിക്ക് ഓഫ് അയർലലൻഡുമായി തെക്കോട്ടും പടിഞ്ഞാറോട്ടും അതിർത്തി പങ്കിടുന്നു.

വടക്കു പറിഞ്ഞാറൻ യൂറോപ്പിൽ അയർലൻഡ് ദ്വീപിന്റെ 85 ശതമാനത്തോളം ഭൂവിഭാഗം ഉൾക്കൊള്ളുന്ന ഒരു സ്വതന്ത്ര രാജ്യമാണ് അയർലൻഡ് എന്ന് പൊതുവേ അറിയപ്പെടുന്ന റിപ്പബ്ലിക്ക് ഓഫ് അയർലൻഡ്. ദ്വീപ് ഭാഗം വെച്ചത് 1921-ൽ ആണ്. യുണൈറ്റഡ് കിങ്ങ്ഡത്തിന്റെ ഭാഗമായ നോർത്തേൺ അയർലൻഡ്(വടക്ക്), അറ്റ്‌ലാന്റിക് സമുദ്രം (പടിഞ്ഞാറ്), ഐറിഷ് കടൽ (കിഴക്ക്) എന്നിവയാണ് ഈ രാജ്യത്തിന്റെ അതിരുകൾ. യൂറോപ്യൻ യൂണിയൻ അംഗമാണ് ഈ രാജ്യം. വികസിത രാഷ്ട്രമായ അയർലൻഡിലെ ജനസംഖ്യ 42 ലക്ഷം ആണ്.

പശ്ചിമ യൂറോപ്പിൽ വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ 84,421 ച.കി.മീ. വിസ്തൃതിയിൽ കിടക്കുന്ന ദ്വീപാണ് അയർലൻഡ്. നോർത്ത് ചാനൽ, ഐറിഷ് കടൽ, സെന്റ് ജോർജ്ജ് ചാനൽ, കെൽട്ടിക് കടൽ എന്നിവ വടക്കു മുതൽ തെക്കു വരെ (ഘടികാരദിശയിൽ) അതിരിടുന്നു. അയർലൻഡിനു കിഴക്കായാണ് പ്രധാന ബ്രിട്ടീഷ് ദ്വീപായ ഗ്രേറ്റ് ബ്രിട്ടൻ സ്ഥിതി ചെയ്യുന്നത്. അയർലൻഡ് ദ്വീപ് എയ്‌റ എന്നാണ് ഐറിഷ് ഭാഷയിൽ അറിയപ്പെടുന്നത്. ഹരിതാഭമായ ഭൂപ്രകൃതി കാരണം മരതകദ്വീപ് എന്നൊരു ചെല്ലപ്പേരുണ്ട്.

അയർലൻഡ് ദ്വീപിലെ ആറിൽ അഞ്ച് ഭാഗത്തോളം വരുന്ന തെക്കൻ മേഖലയാണ് റിപ്പബ്ലിക്ക് ഓഫ് അയർലൻഡ് എന്ന രാജ്യം. അവശേഷിച്ച വടക്കൻ മേഖല ഉത്തര അയർലൻഡ് എന്ന പേരിൽ ബ്രിട്ടന്റെ ഭാഗമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts