LIMA WORLD LIBRARY

ബ്രിട്ടീഷ് സാമ്പ്രാജ്യം – കാരൂർ സോമൻ (ലണ്ടൻ)

ജയിക്കുന്നവരുടേതാണ് ചരിത്രം എന്നു പറയാറുണ്ട്. ഇംഗ്ലണ്ട് എന്നും ജയിച്ചുകൊണ്ടിരുന്നതിനാൽ അവരുടെ ചരിത്രം അവർ സ്വയം നിർമിച്ചതാണെന്നു പറയാം. സാമ്രാജ്യത്വരാജ്യങ്ങളിലെ ചരിത്രകാരന്മാർ തങ്ങളുടെ രാജ്യത്തിന്റെ അധീനതയിലുള്ള കോളനികളുടെ ചരിത്രം നിർമ്മിച്ചിരുന്നതിനെയാണ് കൊളോണിയൽ ചരിത്രരചന എന്ന് പറയുന്നത്. തങ്ങളുടെ ഭരണകൂടങ്ങൾ കോളനികളിൽ അധീശത്വം പുലർത്തുന്നതു ന്യായീകരിക്കുകയും നിലനിർത്തുകയും ചെയ്യുക എന്നതായിരുന്നു കൊളോണിയൽ ചരിത്രകാരന്മാരുടെ പ്രാഥമികലക്ഷ്യം. ആ ലക്ഷ്യം ബ്രിട്ടീഷ് ചരിത്രകാരൻമാർ ഭംഗിയായി നിർവഹിച്ചിട്ടുമുണ്ട്.

1815-നു ശേഷമാണ് ബ്രിട്ടീഷ് ചരിത്രകാരന്മാർ അവരുടെ സാമ്രാജ്യത്വ ചരിത്രരചനാ സമ്പ്രദായം ആരംഭിക്കുന്നത്. ഈ കാലമാവുമ്പോഴേക്കും ഇംഗ്ലണ്ട് യൂറോപ്പിൽ സാമ്പത്തികമായും സൈനികമായും എതിരില്ലാത്ത ശക്തിയായി മാറിക്കഴിഞ്ഞിരുന്നു.

ജെയിംസ് മിൽ, വിൻസന്റ് സ്മിത്ത്, വില്ല്യം വിൽസൺ ഹണ്ടർ, ജെയിംസ് ടോഡ്, മൗണ്ട് സ്റ്റുവർട്ട് എലിഫിൻസ്റ്റൺ എന്നിവർ ഇവരിൽ പ്രമുഖരാണ്.

ബ്രിട്ടീഷ് ഇന്ത്യ സർക്കാരിലെ, സ്‌കോട്ട്‌ലന്റുകാരനായ ഒരു ഭരണകർത്താവും നയതന്ത്രജ്ഞനും ചരിത്രകാരനുമാണ് മൗണ്ട്സ്റ്റ്യുവർട്ട് എൽഫിൻസ്റ്റോൺ (ജീവിതകാലം: 1779 ഒക്ടോബർ 6 – 1859 നവംബർ 20). ഇദ്ദേഹം ബോംബേയുടെ ഗവർണർ ആയിരുന്ന കാലത്ത്, ഇന്ത്യക്കാർക്ക് പ്രവേശനസ്വാതന്ത്ര്യമുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങൾ അവിടെ തുറക്കുന്നതിൽ മുൻകൈയ്യെടുത്തു. പ്രസിദ്ധനായ ഒരു ഭരണകർത്താവ് എന്നതിനു പുറമേ ഇന്ത്യയെക്കുറിച്ചും അഫ്ഗാനിസ്ഥാനെക്കുറിച്ചുമുള്ള ഗ്രന്ഥങ്ങളും ഇദ്ദേഹം എഴുതിയിട്ടുണ്ട്. അഫ്ഗാനിസ്ഥാന്റെ ചരിത്രത്തെയും അവിടത്തെ ജനസമൂഹത്തേയും കുറിച്ചുള്ള ആദ്യത്തെ പാശ്ചാത്യഗ്രന്ഥമായ ആൻ അക്കൗണ്ട് ഓഫ് ദ് കിങ്ഡം ഓഫ് കാബൂൾ എന്ന ഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്.

ബ്രിട്ടീഷ് ഇന്ത്യ സർക്കാർ, കാബൂളിലെ ദുറാനി സാമ്രാജ്യവുമായി ബന്ധം സ്ഥാപിക്കാൻ അയച്ച ആദ്യത്തെ നയതന്ത്രസംഘത്തിന്റെ തലവനായിരുന്നു എൽഫിൻസ്റ്റോൺ. 300 സൈനികരുമടങ്ങുന്ന എൽഫിൻസ്റ്റോണിന്റെ സംഘം, ഇന്ത്യയിലെ ബ്രീട്ടീഷ് ഗവർണർ ജനറലായിരുന്ന മിന്റോ പ്രഭുവിന്റെ ഉത്തരവ് പ്രകാരം 1808 ഒക്ടോബറിലാണ് ദില്ലിയിൽ നിന്നും യാത്ര പുറപ്പെട്ടത്. 1809 ജൂൺ മാസം പെഷവാറിൽ വച്ചാണ് ദുറാനി ചക്രവർത്തിയായ ഷാ ഷൂജയെ എൽഫിൻസ്റ്റോണും സംഘവും സന്ദർശിച്ചത്.

പെഷവാറിൽ വച്ച് ഷാ ഷുജയും എൽഫിൻസ്റ്റോണും ഒരു സൗഹൃദ ഉടമ്പടിയിൽ ഒപ്പുവച്ചു. ഫ്രഞ്ചുകാരോ, ഇറാനികളോ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ആക്രമണം നടത്തിയാൽ അഫ്ഗാനികൾ ബ്രിട്ടീഷുകാരോടൊപ്പം അവർക്കെതിരെ പൊരാടും എന്നായിരുന്ന ഈ കരാറിലെ വ്യവസ്ഥ. ഈ സന്ധി നടപ്പിൽ വന്നില്ലെങ്കിലും ആൻ അക്കൗണ്ട് ഓഫ് ദ് കിങ്ഡം ഓഫ് കാബൂൾ എന്ന പ്രശസ്തഗ്രന്ഥത്തിന്റെ രചനക്ക് ഈ സന്ദർശനം പ്രയോജനപ്പെട്ടു. 1815ൽ പുറത്തിറങ്ങിയ ഈ ഗ്രന്ഥം ഇന്നും അമൂല്യമായ ഒന്നായി വിലയിരുത്തപ്പെടുന്നു.

രജപുത്രരുടെ ചരിത്രം രചിച്ച ബ്രിട്ടിഷ് സൈനികോദ്യോഗസ്ഥനാണ് ജയിംസ് ടോഡ്. ജയിംസ് ടോഡ് സീനിയറിന്റെ മകനായി 1782 മാർച്ച് 20ന് ലണ്ടണ്ടനിലെ ഇസ്ലിങ്ടണിൽ ജനിച്ചു. പിതാവ് ഉത്തർപ്രദേശിലെ മിർസാപൂരിൽ താമസമാക്കിയതുകൊണ്ട് ജയിംസ് ടോഡ് ബാല്യകാലം മുതൽക്കേ ഇന്ത്യൻ അന്തരീക്ഷത്തിലാണ് വളർന്നത്. 1798-ൽ സൈനികനായി ഈസ്റ്റിന്ത്യാ കമ്പനിയിൽ ചേർന്ന ഇദ്ദേഹം 1800-ൽ ലഫ്റ്റനന്റ് പദവിയിലെത്തി. 1805 മുതൽ രാജസ്ഥാൻ പ്രദേശങ്ങളായിരുന്നു പ്രവർത്തന മേഖല. രജപുത്താനയിലെയും മധ്യ ഇന്ത്യയിലെയും ബ്രിട്ടന്റെ രാഷ്ട്രീയ സൈനിക കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം പ്രവർത്തിച്ചിരുന്നത്. 1813-ൽ ക്യാപ്റ്റൻ പദവിയിലേക്കുയർന്നു. പശ്ചിമ രജപുത്താന സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പ്രതിനിധിയായി ഇദ്ദേഹത്തെ 1818-ൽ നിയമിച്ചു. 1822-ൽ വിരമിക്കുന്നതുവരെ ഈ സ്ഥാനത്തു തുടർന്നു. ഔദ്യോഗിക കാലത്ത് ഇദ്ദേഹം ചരിത്രരചനയ്ക്കായുള്ള വസ്തുതകൾ ശേഖരിക്കുന്നതിലും വ്യാപൃതനായിരുന്നു.

ഇന്ത്യയിലെ ജോലിയിൽനിന്നും വിരമിച്ച് ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹത്തിന് 1824-ൽ മേജർ പദവിയും 1826-ൽ ലഫ്റ്റനന്റ് കേണൽ പദവിയും ലഭിച്ചു. ഇന്ത്യയിൽ നിന്നും സമാഹരിച്ച വസ്തുതകൾ ഉപയോഗിച്ച് ഇംഗ്ലണ്ടിൽ വച്ചാണ് ഇദ്ദേഹം രജപുത്രരുടെ ചരിത്ര രചന നടത്തിയത്. ദി അനൽസ് ആൻഡ് ആന്റിക്വിറ്റീസ് ഒഫ് രാജസ്ഥാൻ എന്ന ചരിത്രഗ്രന്ഥം രണ്ടു വാല്യങ്ങളിലായി 1829-നും 32-നും ഇടയ്ക്ക് പ്രസിദ്ധീകരിച്ചു. 1822-ൽ നടത്തിയ സഞ്ചാരങ്ങളെ അടിസ്ഥാനമാക്കി രചിച്ച ട്രാവൽ ഇൻ വെസ്റ്റേൺ ഇന്ത്യ എന്ന ഗ്രന്ഥം മരണാനന്തരം 1839-ലാണ് പ്രസിദ്ധീകൃതമായത്. റോയൽ ഏഷ്യാറ്റിക് സൊസൈറ്റിയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്ന ഇദ്ദേഹം കുറച്ചുകാലം അവിടെ ലൈബ്രേറിയനായും സേവനമനുഷ്ഠിച്ചിരുന്നു. 1835 നവംബർ 17  -ന് ലണ്ടനിൽ മരണമടഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts