LIMA WORLD LIBRARY

ഫാത്തിമ – സേബാജോയ് കാനം (നോവല്‍ – 2) Seba Joy Kanam

ഒരു തിങ്കളാഴ്ച ദിവസം. പുലരിത്തുടിപ്പിന്റെ പൊന്‍വെയില്‍ മുറിക്കു ള്ളിലേയ്‌ക്കെത്തിനോക്കി. ബാബ പതിവിലും സന്തോഷവാനായി സല്‍ മയെ ഉറക്കെ വിളിച്ചു. അവര്‍ ഓടിവന്നു.

നോക്കൂ, ഹൈത്തമിന്റെ റിസള്‍ട്ട് വന്നിട്ടുണ്ട്. ബിസിനസ്സ് മാനേജ് മെന്റ് കോഴ്‌സ് നല്ല മാര്‍ക്കോടെ പാസായിരിക്കുന്നു.

അവര്‍ നന്ദിയോടെ മുകളിലേയ്ക്ക് കണ്ണുകള്‍ ഉയര്‍ത്തി ദൈവത്തിനു സ്തുതി പറഞ്ഞു, അല്‍ഹംദുലില്ലാഹ്…

‘ഉപരിപഠനത്തിനായി അവനെ വിദേശത്ത് അയക്കണം’ ബാബ ആത്മഗതം ചെയ്തു.

സല്‍മ ഉടന്‍ തന്നെ കുട്ടികളെ മൂന്നുപേരെയും വിളിച്ചു. മൂത്തവള്‍ റുക്കയ്യ സ്‌കൂള്‍ ടീച്ചറാണ്. രണ്ടാമന്‍ ഹൈത്തം. മൂന്നാമത്തെയാള്‍ ലൈല ആദ്യ വര്‍ഷം കോളെജ് വിദ്യാര്‍ത്ഥിനിയാണ്.

മൂവരും വേഗത്തില്‍ ബാബയുടെ അടുത്തെത്തി. സന്തോഷം പങ്കിട വേ ബാബ പറഞ്ഞു. ‘ഇന്ന്’ സ്റ്റാഫിനൊക്കെ ബിരിയാണിയും മധുരവും കൊടുക്കണം. ഫത്തുമിനോട് പറയൂ, മേരിയോടും പറയൂ.’

മേരി- ഫിലിപ്പൈനി യുവതിയാണ്. മുറികള്‍ എല്ലാം തൂത്തുതുടച്ചു വൃത്തിയാക്കുന്ന ക്ലീനിംഗ് സെക്ഷന്‍ ആണ് അവളുടെ തട്ടകം. താഴത്തെ നിലയിലും മുകളിലത്തെ നിലയിലുമുള്ള ഹൗസ് കീപ്പിംഗ് മേഖല, അവളുടെ കയ്യില്‍ മനോഹരമായി സൂക്ഷിക്കപ്പെട്ടിരിക്കുന്നു. മുപ്പതിനടുത്ത് പ്രായമുള്ളസുന്ദരി!

താഴത്തെ നിലയില്‍ ബാബയും മാമയും റുക്കയ്യയും താമസിക്കുന്നു. ഹൈത്തവും ലൈലയും മുകള്‍ നിലയിലും. ഫത്തുമും മേരിയും മുകള്‍ നിലയില്‍ത്തന്നെ അടുത്തടുത്ത രണ്ടു മുറികളില്‍. ജോലികളെല്ലാം തീരുമ്പോള്‍ അവര്‍ ബാല്‍ക്കണിയില്‍ പോയി കാറ്റുകൊള്ളാന്‍ ഇരിക്കാറുണ്ട്. താഴേയ്ക്കു നോക്കുമ്പോള്‍ കാണുന്ന നയനഭരിതമായ കാഴ്ചകളില്‍ അവര്‍ സ്വയം മറക്കും.

ആ ആഴ്ച അംജത്തിന് തിരക്കു കൂടിയ ദിനങ്ങളായിരുന്നു. ലൈല യുടെ പരീക്ഷാ ദിവസങ്ങളില്‍ കൃത്യസമയത്തുതന്നെ അവളെ കോളേ ജില്‍ എത്തിക്കണം. കൂടാതെ വീടിന്റെ പെയിന്റിംഗ് പണി നടക്കുന്ന തുകൊണ്ട് സോമന്റെ കൂടെ പോകേണ്ടതുമുണ്ട്. അയാള്‍ ഓടിനടന്നു.

കാറിനുള്ളില്‍ ഇരിക്കുമ്പോള്‍ ലൈല മൃദുവായി വിളിച്ചു.

‘അംജത്…’

‘ജീ…’

‘ഇനി എന്നാണ് നാട്ടില്‍ പോകുന്നത്?’

‘അടുത്ത വര്‍ഷം.’

റിയര്‍വ്യൂ മിററിലൂടെ വെളുത്തു തുടുത്ത ആ സുന്ദരന്‍ അവളെ നോക്കി. പിടയുന്ന രണ്ടു നീലക്കണ്ണുകള്‍ എന്തൊക്കെയോ തന്നോടു പറയുന്നുണ്ടെന്ന് അവനു തോന്നി.

‘ഇനി പോകുമ്പോള്‍ എന്നെക്കൂടി കൊണ്ടുപോകണം.’

‘എന്തിന്?’. അയാള്‍ അവളുടെ കണ്ണിലേയ്ക്ക് നോക്കി. അംജത്തിന് നേരിയ അങ്കലാപ്പു തോന്നി.

‘എനിക്കും പാക്കിസ്ഥാന്‍ കാണണം.’

അയാള്‍ ഒന്നും മിണ്ടിയില്ല.

അല്പ നിമിഷങ്ങള്‍ക്കുശേഷം അവള്‍ തുടര്‍ന്നു. ‘വീട്ടില്‍ ആരൊ ക്കെയുണ്ട്.’

‘ബാബയും മാമയും ഒരു അനുജത്തിയും.’

നീലക്കണ്ണുകള്‍ അയാളെ നോക്കിക്കൊണ്ടു ഇടറിയ സ്വരത്തില്‍ ചോദിച്ചു: ‘ഞാന്‍ വന്നാല്‍ എന്നെ സ്വീകരിക്കുമോ?’

വണ്ടി മുന്നോട്ടാഞ്ഞു. നിയന്ത്രണം വിട്ടുപോയ സ്റ്റിയറിംഗ് ഒരു വിധ ത്തില്‍ അയാള്‍ നേരെയാക്കി. പൊടുന്നനെ വണ്ടി ഒരു മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തി.

‘ഹെന്ത്?’ അയാള്‍ കിതപ്പോടെ തിരക്കി.

‘മാഡം എന്താണ് പറഞ്ഞു വരുന്നത്, എനിക്കൊന്നും മനസ്സിലാകു ന്നില്ല.’

‘അതേ… അംജത്. ഞാന്‍… ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു. എന്നെക്കാളേറെ….’

‘വിഡ്ഢിത്തം പറയാതെ കുട്ടീ….’ അയാള്‍ പരിഭ്രമത്തോടെ ചുറ്റും നോക്കി.

‘നിങ്ങള്‍ ഇല്ലാതെ എനിക്ക് ഉണ്ണുവാനോ, ഉറങ്ങുവാനോ കഴിയില്ല.’ അവള്‍ പൊട്ടിക്കരഞ്ഞു. വിറയ്ക്കുന്ന കരങ്ങള്‍ അവന്റെ തോളില്‍ വച്ചവള്‍ പറഞ്ഞു- ‘എനിക്ക് നിങ്ങള്‍ വേണം.’

അല്പനേരത്തെ പതര്‍ച്ചക്കുശേഷം ആ കൈ പതിയെ അടര്‍ത്തി മാറ്റി അവന്‍ വണ്ടി മെല്ലെ മുന്നോട്ടെടുക്കവേ പറഞ്ഞു: ‘ഇല്ല…. എനിക്കതിനാവില്ല. എന്നെ വെറുതേ വിടൂ… എന്നെ ഇതിന് കിട്ടില്ല.’

വീട്ടില്‍ പലതവണ ലൈല, അംജത്തിനെ അടുത്തൊന്നു കിട്ടാന്‍ ശ്രമിച്ചു. എന്നാല്‍ ലൈലയുടെ തല വെട്ടം കാണുമ്പോഴേ അംജത് ധൃതിയില്‍ നടന്നകലും. അവന്‍ ഒഴിഞ്ഞു മാറുമ്പോള്‍ ആ നീലക്കണ്ണു കള്‍ നിറഞ്ഞു തുളുമ്പും.

അന്നു രാത്രി സോമനും അംജത്തും അവരുടെ ഔട്ട്ഹൗസിനു മുമ്പിലെ ഈന്തപ്പനയുടെ ചുവട്ടിലിരുന്ന് സംസാരിക്കുകയായിരുന്നു. ഈന്തപ്പഴങ്ങള്‍ നിറയെയുള്ള സമയം, ചൂടുകാറ്റ് നന്നായി വീശുന്നു ണ്ടായിരുന്നു. എങ്കിലും ആ ഇരിപ്പിന് ഒരു സുഖമുണ്ട്. ഈ ചൂടുകാറ്റ് നല്ല പാകത്തിലുള്ള ഈന്തപ്പഴം വിളവിന് വളരെ നല്ലതാണത്രെ!

സോമനും അംജത്തും അരണ്ട വെളിച്ചത്തില്‍ സംസാരം തുടര്‍ന്നു കൊണ്ടേയിരുന്നു. ഉദ്യാനത്തിലുള്ള ബള്‍ബുകള്‍ എല്ലാം രാത്രികളില്‍ കത്തിനില്‍ക്കും. ഈ അരണ്ട വെളിച്ചം ഉദ്യാനത്തിന്റെ ഭംഗി കൂട്ടു ന്നുണ്ട്. ചേട്ടാനിയന്മാരെപ്പോലെയാണ് അവര്‍.
ആഹാരവും മുറിയുമെല്ലാം പങ്കുവയ്ക്കുന്നു. സുഖദുഃഖങ്ങള്‍ പരസ് പരം പറയുന്നു.

അംജത്ത്, സോമനെ ‘അഹു സോം’ എന്നാണ് വിളിക്കുന്നത്. അഹു എന്നാല്‍ സഹോദരന്‍ എന്നാണര്‍ത്ഥമാക്കുന്നത്. അവര്‍ ഇരുന്ന ഈന്തപ്പനയുടെ എതിര്‍ വശത്തായിട്ടാണ് മുഹമ്മദ് അര്‍ബാബിന്റെ വീട്. പെട്ടെന്ന് മുകള്‍ നിലയിലെ രണ്ടാമത്തെ മുറിയില്‍ നിന്നും വെളി ച്ചം പ്രകാശിച്ചു. അവര്‍ അങ്ങോട്ട് നോക്കിയിരിക്കെ ജനലുകള്‍ മലര്‍ ക്കെ തുറന്നു. അംജത്ത് പൊടുന്നനെ വിഷാദവാനായി.

‘നിന്റെ മുഖമെന്താ വിളറിയിരിക്കുന്നേ…, കുറെ ദിവസമായി ഞാന്‍ കാണുന്നു. നിനക്കെന്താ സുഖമില്ലേ…’ സോമന്‍ ചോദിച്ചു.

‘ഞാന്‍ അഹുസോമിനോട്…’ അയാള്‍ വിക്കലോടെ സ്വരം താഴ്ത്തി നിശബ്ദനായി.

‘പറയൂ… മടി വിചാരിക്കണ്ട. എന്തായാലും പറയൂ…’

‘കുറെ നാളായി…’ അയാള്‍ വീണ്ടും മൗനത്തിലാഴ്ന്നു.

‘നമുക്കിടയില്‍ എന്തിനാണൊരു മറ? ധൈര്യമായി പറയൂ.’

‘എനിക്ക് എങ്ങനെ തുടങ്ങണം എന്നറിയില്ല, അഹുസോം’

‘പറയെടോ…’ അയാള്‍ അംജത്തിന്റെ വിരലുകളില്‍ പിടിച്ചമര്‍ത്തി. സ്‌നേഹപൂര്‍വ്വം അവനെ തലോടി.

അംജത്ത് വിദൂരതയിലേക്കു നോക്കി. പിന്നെയൊരു ദീര്‍ഘനിശ്വാസ ത്തോടെ പതിയെ പറഞ്ഞു-

‘ലൈല എന്നെ സ്‌നേഹിക്കുന്നെന്ന്.’

സോമന്‍ ധൃതിയില്‍ ചാടിയെഴുന്നേറ്റുകൊണ്ട് ഉച്ചത്തില്‍ ചോദിച്ചു.
‘എന്ത്? എന്നിട്ട് നീയെന്തു പറഞ്ഞു?’

അംജത്ത് സോമനെ പതിയെ താഴേയ്ക്കു പിടിച്ചിരുത്തിക്കൊണ്ട് പറഞ്ഞു.

‘ഞാന്‍ അവളെ വിലക്കി. എനിക്ക് താത്പര്യമില്ലെന്ന് വ്യക്തമായി പറഞ്ഞു. അപ്പോള്‍ അവള്‍ എന്നെ ഭീഷണിപ്പെടുത്തി.’ അംജത്തിന്റെ സ്വരം ഇടറി.

‘എന്തു പറഞ്ഞ്?’ സോമന്‍ ഉദ്വേഗഭരിതനായി അംജത്തിനെ ഉറ്റു നോക്കി.

‘അവള്‍ ഒരുപാട് കരഞ്ഞു. എന്നെ മാത്രമേ സ്‌നേഹിക്കുവാന്‍ സാധിക്കു എന്നും പറഞ്ഞു. കത്ത് എഴുതിവെച്ചിട്ട് ആത്മഹത്യ ചെയ്യുമെന്നും അതിലെന്റെ പേര് എഴുതുമെന്നും മരണത്തിനുത്തരവാദി ഞാനാണെന്ന് അതില്‍ വ്യക്തമാക്കുമെന്നും പറഞ്ഞു.’

അംജത്ത് കിതപ്പോടെ നിര്‍ത്തി.

‘ഭഗവാനേ… എന്താണിതൊക്കെ?’ സോമന്‍ കൈകള്‍ കെട്ടി അങ്ങോ ട്ടുമിങ്ങോട്ടും ഉലാത്തി. അവര്‍ക്കിടയില്‍ മൂകത തളം കെട്ടി നിന്നു.

സോമന്‍ മൗനം ഭഞ്ജിച്ചു-
‘അംജത്,’ അവന്റെ ഇരുതോളിലും പിടിച്ച് അയാള്‍ പറഞ്ഞു. ‘നീ എന്റെ സഹോദരനാണ്. ഈ മരുഭൂമിയില്‍ നീ എന്റെ എല്ലാമാണ്. എന്റെ സന്തോഷവും സങ്കടവും പങ്കുവയ്ക്കാന്‍ എനിക്കിവിടെ നീ മാത്രമേയുള്ളു.’

‘എനിക്കതറിയാം അഹുസോം’

‘എന്നാല്‍ ഇവിടെ നോക്കൂ. എന്റെ കണ്ണുകളിലേയ്ക്ക് നോക്കി നീ എനിക്കൊരു വാക്കു തരണം.’ വികാരാധീനനായി സോമന്‍ തുടര്‍ന്നു: ‘ഇവിടെ അവള്‍ തെറ്റു ചെയ്താലും ശിക്ഷിക്കപ്പെടുന്നത് നീ ആയിരി ക്കും.’

‘ശരിയാണ്’ അംജത് സമ്മതിച്ചു.

‘എങ്കില്‍ നീ എനിക്കൊരു വാക്ക് തരണം. ഒരേ ഒരു വാക്ക്. എന്റെ കൂടെപ്പിറപ്പ് എനിക്കു നഷ്ടപ്പെട്ടുകൂടാ…’ സോമന്റെ സ്വരം ഇടറി. ഏതോ ഒരു വലിയവിപത്ത് അരികില്‍ കാണുംപോലെ അയാള്‍ ആവശ്യപ്പെട്ടു.
‘നീ ഇനി അവളെ നോക്കുകപോലും ചെയ്യരുത്. സംസാരിക്കുകയുമ രുത്. സംസാരിക്കാനുള്ള ഇടപോലും നല്‍കരുത്.’

‘ശരി ഞാന്‍ അങ്ങിനെ ചെയ്യാം അഹുസോം.’ അവന്‍ തലയാട്ടി.

സോമനില്‍ നിന്ന് ഒരു ദീര്‍ഘനിശ്വാസം ഉയര്‍ന്നു. തിളങ്ങിനിന്ന ചന്ദ്രനെ, ഒരു കരിമേഘം ഓടിവന്നു വിഴുങ്ങി. അവിടമാകെ ഇരുളിമ നിറഞ്ഞു. ചൂടുകാറ്റ് ചെറിയൊരു സീല്‍ക്കാരത്തോടെ മുഖത്തേയ്ക്കു വന്നാഞ്ഞടിച്ചു. ചിരിച്ചുകൊണ്ടു നിന്നിരുന്ന നക്ഷത്രങ്ങളും പിണങ്ങി യകന്നു. മിനിറ്റുകള്‍ കഴിഞ്ഞു. ചന്ദ്രന്‍ കരിമേഘക്കീറില്‍ നിന്നും ഓടി രക്ഷപ്പെട്ടുവന്നു. നിലാവ് വീണ്ടും തെളിഞ്ഞു.

അംജത്ത്, സോമനോടു പറഞ്ഞു:
‘വരൂ പോകാം.’

കണ്ണുനീര്‍ തുടച്ചുമാറ്റി സോമന്‍ അംജത്തിനൊപ്പം നടന്നു. മുകളില്‍ അവരെ വീക്ഷിച്ചുകൊണ്ട് നിന്നിരുന്ന ലൈലയും ജനലുകള്‍ ചേര്‍ത്ത ടച്ചു പിന്‍തിരിഞ്ഞു. കര്‍ട്ടന്‍ വലിച്ചിട്ട് അവള്‍ കിടക്കയിലേക്ക് ചാഞ്ഞു.

(തുടരും)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px