രാവിലെ
സ്കൂളിൽ പോകുന്ന
മകൾക്കൊപ്പം
ഒറ്റാലുമായിറങ്ങി.
വൈകീട്ടുവരെ കറങ്ങി.
കിട്ടിയത്
മഴയ്ക്കായ് കരയും
രണ്ട് തവളകൾ മാത്രം.
അസ്തമയസൂര്യനെ
ഒറ്റാലിൽ
തളയ്ക്കണമെന്ന്
കൊതി തോന്നിയെങ്കിലും
സ്വയം നിയന്ത്രിച്ചു.
സൂര്യനസ്തമിച്ചപ്പോൾ
വീട്ടിൽനിന്നും
വിളിയെത്തി:
“ട്യൂഷൻ കഴിഞ്ഞ്
മോളെത്തിയിട്ടില്ലല്ലോ!
ഒന്നു വിളിച്ചേ!…”
ആ സമയത്ത്
അമ്പലക്കുളക്കടവിനടുത്തുള്ള
പാടത്തായിരുന്നു.
ഒറ്റാലിൽ
ഒരു അടിയുടുപ്പ്
തടഞ്ഞപ്പോൾ ഞെട്ടി!
“മോളെ!”…
ഓട്ടമായിരുന്നു…
ട്യൂഷൻ മാഷ് പറഞ്ഞു :
“അവൾ
കൂട്ടുകാരിക്കൊപ്പം
പോയല്ലോ”…
ഓടി…
പാടത്തിൻ
കരയിലുള്ള
കൂട്ടുകാരിയുടെ
വീട്ടിലേയ്ക്ക്…
അതാ…
കൂലിപ്പണിക്കാരിയായ
കൂട്ടുകാരിയുടെ അമ്മ
ചേറുപുരണ്ട
അടിയുടുപ്പുമായ്
അയാളെ
തുറിച്ചുനോക്കി
നിൽക്കുന്നു.
“കാറ്റിൽ
പാടത്തേയ്ക്ക്
പറന്നതായിരിക്കും!
ആദ്യം
ഞാനുമൊന്ന് ഞെട്ടി!
രണ്ട് പെൺകുട്ടികളും
ഇറയത്തുണ്ട്…
ഹോംവർക്ക്
ചെയ്യുന്നുണ്ട്…”
അയാൾ
ഒറ്റാലുമായി
വീണ്ടും
പാടത്തേയ്ക്ക്…
ഇത്തവണ
സൂര്യനെപ്പോലെ
ചുറ്റും കൊമ്പുകളുള്ള
ഒരു മത്സ്യത്തെ
ഒറ്റാലിന് സ്വന്തമാക്കണം!
ഒരു നിലവിളി
ഒറ്റാലിൽനിന്നുയരുന്നുണ്ടോ?
അയാൾ കാതോർത്തു!
അസ്തമയം
കഴിഞ്ഞിട്ടും
ആകാശത്തു പടർന്ന
ചോരപ്പാടുകൾ
മായ്ച്ചുകളയാൻ
കാർമേഘങ്ങൾ
ഒരുമയോടെ
മുന്നേറുന്നുണ്ട്!
കാർമേഘങ്ങൾക്ക്
പീഡകരുടെ ഛായ!
അയാൾ
ഒറ്റാലുയർത്തി
കാർമേഘങ്ങൾക്ക്
നേരെ വീശി!
💓✍️💓
ചാക്കോ ഡി അന്തിക്കാട്
2021 നവംബർ 11













