”
കാനന ഛായയിലാടു മേയ്യ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ”
ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പന്ത്രണ്ടു വയസ്സുള്ള പെണ്കിടാവായി മാറാന്‍ എനിക്കധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. ‘ചങ്ങമ്പുഴ’ യുടെ മറ്റനേകം കവിതകള്‍ വായിച്ച് ഹൃദ്യസ്ഥമാക്കിയ എന്റെ മനസ്സില്‍ ആ കൗമാര പ്രായത്തില്‍ അരങ്ങേറിയ വികാര വിക്ഷോഭങ്ങള്‍ ചാരം ഊതിമാറ്റിയ കനല്ക്കട്ടയിലെന്നപോലെ ജ്വലിച്ചുയര്‍ന്നു. ‘വിമണ്‍സ് ഡേ’ ആഘോഷത്തിന് ഞങ്ങളുടെ അസ്സോസിയേഷന് അംഗങ്ങള്‍ തീരുമാനമെടുത്തപ്പോള്‍ വെറുതെ, ഒരു നിമിഷം എന്റെ ഉള്ളം തുടിച്ചു. സ്ഥിരം പല്ലവി പോലെ ഓരോരുത്തരും വിളിച്ചു.
‘ഞാനൊരു കഥ പറയാം’
‘ഞാനൊരു കവിത ചൊല്ലാം’
‘ഞാന്‍ ഒരുഗ്രന്‍ പ്രസംഗം പാസ്സാക്കാം’
‘ഞാന്‍ കീബോര്‍ഡ് വായിക്കാം’
‘ഞാങ്ങളൊരു കൈകൊട്ടിക്കളിയായാലോ’
സ്ഥിര അംഗങ്ങളായി വര്‍ഷങ്ങള്‍ വിലസിയ എന്റെ കൂട്ടുകാരികളെല്ലാം വലിയ ‘ത്രില്‍’ലില്‍ ആയിരുന്നു. കൊറോണ വരുത്തിയ വരള്‍ച്ചയ്ക്ക് മനസ്സുകളെ അപ്പാടെ മരവിപ്പിക്കാന്‍ കഴിയുമെന്ന് കരുതേണ്ട.’സൂം’എന്ന അത്ഭുതത്താല്, മനുഷ്യ മഹാ സാഗരം വറ്റിക്കാന്‍ പറ്റില്ലെന്ന് ലോകം മനസ്സിലാക്കിയിരിക്കുന്നു. ലോകം മുഴുവന്‍ കലാകാരന്മാരും കലാകാരികളും ഉണര്‍ന്നിരിക്കുന്നു. പണ്ട് ഒരു നാലഞ്ച് പേരെ സ്റ്റേജില്‍ കയറ്റാന്‍ ഞാനനുഭവിച്ച ബുദ്ധിമുട്ട് ഇന്നില്ല. പ്രേക്ഷകര്‍ നിറഞ്ഞുകവിയുന്ന ഓഡിറ്റോറിയങ്ങളില്‍ സ്റ്റേജില്‍ കയറേണ്ടി വരുമ്പോള്‍ മുട്ടു വിറയ്ക്കുന്ന അനുഭവം ആര്‍ക്കും വേണ്ടല്ലോ!!. ലോകം മുഴുന്‍ ഇന്ന് കലാകാരന്മാരാണ്. സ്വന്തം അകത്തളത്തില്‍ ഏകാന്തതയിലിരുന്ന് എന്തും കാണിയ്ക്കാം. അതെല്ലാം ഒപ്പിയെടുത്ത് ലക്ഷങ്ങള്‍ക്ക് മുമ്പില്‍ വിളമ്പാന്‍ തയ്യാറായി ശാസ്ത്രലോകം നിര്‍മ്മിച്ചു നല്കിയ ഉപകരണങ്ങളും’ടിക് ടോക്’ എന്ന പേരില്‍ ആദ്യം ആഗോള ശ്രദ്ധപിടിച്ചു പറ്റി-പിന്നെ പിന്നെ പുരോഗമനത്തിന്റെ പാതയിലൂടെ അത്ഭുതസിദ്ധികള്‍ തന്നെ കൈവരിച്ചു. അകത്തളത്തിലെ അലങ്കോലങ്ങള്‍ അരങ്ങ് തകര്‍ക്കുന്ന അത്ഭുത പ്രതിഭാസങ്ങളായി മാറാന്‍ നിമിഷങ്ങള്‍ മതി.സ്റ്റേജില്‍ കയറുമ്പോള്‍ മുട്ടു വിറച്ചു തളര്ന്നൊടിഞ്ഞിരുന്ന കാലമൊക്കെ പോയത് കലാലോകത്തനൊരു നേട്ടം തന്നെയാണ്. ‘സൂം’എന്നൊരു വന്‍ നേട്ടം!!.ഞങ്ങളുടെ വിമന്‍സ് ഡേ ആഘോഷങ്ങളും സൂം മീറ്റിംഗിലൂടെയല്ലാതെ നടത്താനൊരു മാര്‍ഗ്ഗവുമില്ലല്ലോ.
അപ്പോഴാണ് എണ്‍പതിലേക്ക് കാല് വെയ്ക്കാന്‍ തയ്യാറായി നില്ക്കുന്ന എനിക്ക് ഒരാശയമുദിച്ചത്. കലാകാരിയും ഉറ്റ സ്നേഹിതയുമായവളെത്തന്നെ ഫോണില്‍ വിളിച്ച് ഞാന്‍ കാര്യം പറഞ്ഞു. ‘ലോകം മുഴുവന്‍ അകലം പാലിക്കുന്ന ഈ കാലത്ത് നമ്മളെങ്ങനെ ഇതൊക്കെ കാണിയ്ക്കും?.”നിനക്കെന്താ ഭ്രാന്തായോ”അവളെന്നെ നിരുത്സാഹപ്പെടുത്താന്‍ തുടങ്ങി.
‘താനിങ്ങനെ പേടിയ്ക്കാതെടോ’
‘പേടിയ്ക്കാതെ, എങ്ങനെ?’
‘വഴിയുണ്ടാക്കാം…വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’
‘ഹൊ!താന്‍ പോടോ……പറ്റാത്തൊരുകാര്യം!!’
‘പറ്റും!! പറ്റിയ്ക്കാമെടോ!!!’
ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. വര്‍ഷങ്ങളായി ഞങ്ങള്‍ രണ്ടു പേരും ജോടിയായി എത്രയോ സ്റ്റേജുഷോകള് വിജയിപ്പിച്ചിരിക്കുന്നു. പിന്നെയല്ലേ ഇത്!!. പാട്ട് ഞാനെന്റെ ഫോണില്‍ പിടിച്ചെടുത്തു എനിക്ക് ഒരുപാട് സഹായിയായ മകളെന്നപോലെ എനിക്ക് പ്രിയപ്പെട്ടവളായ പെണ്‍സുഹൃത്തിനെ എന്റെ ഇംഗിതം അറിയിച്ചു. യാതൊരു തടസ്സവുമുന്നയിക്കാതെ ആ കുട്ടി എന്നെ സഹായിക്കാന്‍ തയ്യാറായി.മാര്‍ച്ച് മാസത്തിന്റെ മധ്യത്തില്‍, ഇംഗ്ലണ്ടിലെ മാറി മാറി വരുന്ന കാലാവസ്ഥയില്‍, ഈ കൊറോണയെ വകവയ്ക്കാതെ ഞങ്ങള്‍ തുനിഞ്ഞിറങ്ങി. ചെറിയ തടസ്സങ്ങള്‍ ഉണ്ടായെങ്കിലും എല്ലാം മറികടന്ന് ഞങ്ങള്‍ ഉദ്ദേശകാര്യം നിറവേറ്റി.
എണ്‍പതുകാരനായ കാമുകനും കാമുകിയും പതിനേഴും പതിനെട്ടും വയസ്സിലേയ്ക്ക് മാനസികമായി മാറിക്കഴിഞ്ഞു.,മേയ്ക്കപ്പിലും!!.
“കാനന ഛായയിലാടു മേയ്യ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ”
കാമിനിയുടെ ഗദ്ഗദം ഏറ്റെടുക്കാന്‍ കഴിയാതെ കാമുകന് വിതുമ്പി.
“പാടില്ല പാടില്ല നമ്മെ നമ്മള്
പാടെ മറന്നൊന്നും ചെയ്തു കൂടാ”
ആട്ടിടയനായി ജനിച്ച്, ആട് മേയിച്ച് നിത്യവൃത്തി നടത്തുന്ന ഇടയബാലനെ സ്നേഹിച്ച്, അവന്റെ ജീവിതത്തിലേക്ക് കടന്നു കയറാന്‍ വെമ്പല്‍ കൊള്ളുന്ന പ്രഭുകുമാരിയെ, സ്വാന്തനിപ്പിച്ച് പിന്തിരിഞ്ഞ് പോകുന്ന ഇടയന്റെ “പ്രണയ നൊമ്പരങ്ങള്‍” ആ പച്ചവിരിച്ച മൈതാനത്തില്‍ വെച്ച് ഒപ്പിയെടുത്ത് എന്റെ പ്രിയസ്നേഹിത ക്യാമറയിലാക്കി പ്രണയം!! അതിന് സ്ഥലകാലബോധമില്ല നൂറ്റാണ്ടുകളായി ഈ ഭൂമിയില്‍ വിടരുകയും,വാടുകയും,കൊഴിയുകയും ചെയ്യുന്ന ജീവിയ്ക്കുന്ന നൊമ്പരം! യുഗ യുഗങ്ങളായി ഇതിങ്ങനെ വിടരുന്നു. പരിമളം പരത്തുന്നു, വാടുന്നു,കൊഴിയുന്നു പുതിയ മുകുളങ്ങള്‍ വിടരുന്നു. ഒരിയ്ക്കലും ഒളിമങ്ങാത്ത ഈ പ്രതിഭാസം, തന്റെ തൂലികത്തുമ്പിലൂടെ അണിയിച്ചൊരുക്കി മലയാളിയ്ക്ക് നല്കിയ മഹാകവിയുടെ ഉഛ്വാസനിശ്വാസങ്ങള് ഞങ്ങള്‍ ഒപ്പിയെടുത്തു.
ഒരു മാനസീക നിര്‍വൃതി ഞാനനുഭവിയ്ക്കുകയായിരുന്നു. നര തലോടിയ ചുരുള്‍ മുടികള്‍ നിറ മാറ്റം ഏറ്റുവാങ്ങി-ഒരു പതിനാറുകാരിയുടെ ഭാവഹാവാദികള്‍ വിരിയുന്ന മുഖത്തിന് അനുയോജ്യമായി, രണ്ടായി പകുത്ത് മെടഞ്ഞിട്ട മുടിയാട്ടി, കുസൃതി വിരിയുന്ന പ്രേമലോലമായ പെണ്‍കിടാവിന്റെ പ്രണയചേഷ്ടകള്‍ വാരിവിതറി ഞാനൊരു കാമുകിയായി-കാമുകനായി പ്രിയ സ്നേഹിത, തലയില്‍ ഷാള്‍ ചുറ്റികെട്ടി ചുരുള്‍ മുടി മറച്ചുവെച്ചു ഷര്‍ട്ടും കൈലിമുണ്ടും,കൈയ്യില്‍ ആട്ടിടയന്റെ ചൂരല്‍ വടിയുമായി സുസ്മേരവദനനായി ഇറങ്ങി വന്നു. കാമുകിയുടെ ഇംഗിതങ്ങള്‍ സാധിച്ചു കൊടുക്കാനാകാതെ, അവളുടെ മുന്നില്‍ നിന്ന് തലതാഴ്ത്തി മടങ്ങുന്ന അവശകാമുകനായി എന്റെ പ്രിയ സ്നേഹിത ഗദ്ഗദകണ്ഠയായി ഇറങ്ങിപ്പോയി-നൂറ്റാണ്ടുകളായി ലോകമെമ്പാടും ഇന്നും ആവര്‍ത്തിക്കപ്പെടുന്ന ഈ മൗന നൊമ്പരത്തിന് മജ്ജയും മാംസവുമേകി പൊലിപ്പിച്ച ചങ്ങമ്പുഴയെ ഞാനിന്നും ആരാധിക്കുന്നു. പ്രേമ മസൃണമായ മനസ്സുകളുടെ സ്നിഗ്ദസൗന്ദര്യം ആ വരികളില്‍ ഉലാവിനിന്നു.
‘വൗ———-വൗ’
കാണികള്‍ കൈയ്യടിച്ചു-
വല്ലാത്തൊരാത്മ സംതൃപ്തി!!!
‘സ്വപ്നത്തിലോ?!! അതോ സ്വര്‍ഗ്ഗത്തിലോ?!!!’
About The Author
No related posts.
One thought on “ലോകമേ!! ഉണരൂ വേഗം നീ!!!! – സിസിലി ജോര്‍ജ് (ഇംഗ്ലണ്ട് )”
Cicily… Cഓൺgrats