പകലിൻ വാതിൽ ചാരി മിഹിരൻ പടിയിറങ്ങി…
പടിഞ്ഞാറു ചെമ്പട്ടുടുത്തു ചേതോഹരിയായി…
മൂകാനുരാഗം മൂളിയൊരിളം തെന്നൽ വീശി…
മൗനാനുവാദം നൽകി സന്ധ്യയാം ശ്രീലക്ഷ്മിയും…
നെന്മണി കതിരുകൾ നമ്രശിരസ്കരായ്….
നിശ്ചലമാകുന്നു നിരുത്സാഹമോടവർ…
നീഹാരം പുൽകുവാൻ വെമ്പും പുൽനാമ്പുകൾ…
നീഡങ്ങൾ പൂകുവാൻ പായും വിഹഗങ്ങളും…
രാവിൻ തേരേറിയാ പനിമതി അണയവേ…
പുളകിതയാകുന്നു ക്ഷിതിയാം പ്രണയിനി..
പ്രഫുല്ലമാം മിഴികൾ തുറന്നു താരാഗണം…
വിണ്ണിന്റെ മേനിയിൽ പൂത്തിറങ്ങീടുന്നു…
നിശാഗന്ധി നീർത്തും സുഗന്ധത്തിൻ കമ്പളം..
നിലാപക്ഷി മൂളുന്ന രാഗത്തിൻ മധുരിമ…
ഇന്ദുഗോപങ്ങൾ തീർക്കും ഇന്ദ്രജാലങ്ങൾ..
ചന്ദ്രിക ചന്ദനം ചാർത്തുമീ യാമത്തിൽ…
പ്രത്യുഷത്തിൻ ശംഖനാദമുയരുമ്പോൾ…
ലജ്ജയാൽ അംബര വദനം തുടുക്കുന്നു..
പൂത്താലമേന്തി നിൽക്കുന്നു പൂവാകയും…
പുത്തനുദയത്തിൻ പൊൻകണിയാകുവാൻ…..
Dr. സിന്ധു ഹരികുമാർ
About The Author
No related posts.