മാസച്യുസിറ്റ്സ് (യുഎസ്) ∙ ഭൂമിയിലെ ജീവജാലങ്ങളെ നിരീക്ഷിച്ചു പഠിച്ച്, ജൈവവൈവിധ്യ സന്ദേശവാഹകനായി പരിണമിച്ച യുഎസ് ജീവശാസ്ത്രജ്ഞൻ എഡ്വേഡ് ഒ.വിൽസൻ (92) അന്തരിച്ചു. ഹാർവഡ് സർവകലാശാലയിൽ 46 കൊല്ലം അധ്യാപകനായിരുന്ന വിൽസൻ, ഷഡ്പദങ്ങളെക്കുറിച്ചുള്ള അറിവുകളുടെ അക്ഷയഖനിയായിരുന്നു, ഉറുമ്പുസ്നേഹിയും. നാച്വറൽ സിലക‍്‌ഷൻ (പ്രകൃതി നിർധാരണം) ജീവജാലങ്ങളുടെ സ്വഭാവത്തെ ബാധിക്കുന്നതെങ്ങനെയെന്നു മനസ്സിലാക്കാൻ പതിറ്റാണ്ടുകളോളം ഗവേഷണത്തിൽ മുഴുകി. ആധുനികകാലത്തെ ചാൾസ് ഡാർവിൻ എന്ന വിശേഷണത്തിനുടമയായി.
‘ഓൺ ഹ്യുമൻ നേച്ചർ’ എന്ന കൃതി 1979 ലെ പുലിറ്റ്സർ പുരസ്കാരം നേടി. ബെർട് ഹോൾഡോബ്ലറുമായി ചേർന്നെഴുതിയ ‘ദി ആന്റ്സി’ന് 1991 ലെ പുലിറ്റ്‌സർ ലഭിച്ചു. യുഎസിലെ അലബാമയിൽ 1929 ജൂൺ 10നാണ് എഡ്വേഡ് ഓസ്ബോൺ വിൽസന്റെ ജനനം. 8 വയസ്സായപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു. നൊമ്പരങ്ങളുടെ ബാല്യത്തിന് ആശ്വാസം പകർന്നതു വീടിനടുത്തുള്ള ചെറുവനങ്ങളും കുളങ്ങളും അവിടങ്ങളിലെ ജീവജാലങ്ങളുമായിരുന്നെന്നു ‘നാച്വറലിസ്റ്റ്’ എന്ന സ്മരണകളിൽ വിൽസൻ എഴുതിയിട്ടുണ്ട്. ചൂണ്ട കൊണ്ട് വലതുകണ്ണിന്റെ കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതോടെ നിലത്തുമാത്രം നോക്കി നടക്കുന്നതു ശീലമായി. അങ്ങനെയാണ് ഉറുമ്പുകളിൽ ആകൃഷ്ടനായത്.
‘ദി ഇൻസെക്റ്റ് സൊസൈറ്റീസ്’ (1971), ഡോ. മകാർതറുമായി ചേർന്നെഴുതിയ ‘ദ് തിയറി ഓഫ് ഐലൻഡ് ബയോജ്യോഗ്രഫി’ (1967), വിവാദം സൃഷ്ടിച്ച ‘സോഷ്യോബയോളജി: ദ് ന്യൂ സിന്തസെസ്’ (1975), ‘ദ് ഡൈവേഴ്സിറ്റി ഓഫ് ലൈഫ്’ (1992) തുടങ്ങിയവയാണു ശ്രദ്ധേയമായ മറ്റു രചനകൾ.













