മരിച്ചവരുടെയും അപേക്ഷിക്കാത്തവരുടെയും പേരില്‍ പോസ്റ്റല്‍ വോട്ട് തയാറാക്കിയതിന്റെ തെളിവുകള്‍ പുറത്ത്.
തിരുവനന്തപുരം കണ്ണേറ്റുമുക്കില്‍ എട്ട് വര്‍ഷം മുന്‍പ് മരിച്ചയാളും വഞ്ചിയൂരില്‍ നാല് വര്‍ഷം മുന്‍പ് മരിച്ചയാളും പോസ്റ്റല്‍ വോട്ടിനുള്ള പട്ടികയിലുണ്ട്. വോട്ട് അനുവദിച്ചുള്ള പട്ടിക പ്രാദേശിക രാഷ്ട്രീയക്കാരുടെ കയ്യില്‍ കിട്ടിയപ്പോഴാണ് ഭൂരിഭാഗം പേരും വോട്ടിന്റെ കാര്യം അറിഞ്ഞത്. ലിസ്റ്റ് തയാറാക്കിയതിലെ പിഴവെന്ന് പറഞ്ഞ് ഒഴിയാനാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.
80 വയസ് കഴിഞ്ഞവരുടെ പോസ്റ്റല്‍ വോട്ടില്‍ മരിച്ചവരും ഇടംപിടിച്ചെന്ന ആക്ഷേപം ശക്തമാണ്. അത്തരത്തില്‍ സംശയമുനയിലുള്ള വോട്ടുകളിലൊന്നാണ് തിരുവനന്തപുരം മണ്ഡലത്തിലെ കണ്ണേറ്റുമുക്കിലെ കെ.തങ്കമ്മയുടേത്. ആ വോട്ടറെ അന്വേഷിക്കുകയാണ് ഞങ്ങള്‍. എട്ട് വര്‍ഷം മുന്‍പ് 97 ാം വയസില്‍ മരിച്ച തങ്കമ്മയെയാണ് വോട്ടറായി ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതും ഇവര്‍ അപേക്ഷിക്കുകയോ ഉദ്യോഗസ്ഥര്‍ ഇവിടെ വന്ന് അന്വേഷിക്കുകയോ ചെയ്യാതെ.
തിരുവനന്തപുരം മണ്ഡലത്തിന്റെ മറ്റ് ഭാഗങ്ങളിലുമുണ്ട് ഇത്തരം വോട്ടുകള്‍. വഞ്ചിയൂരിലെ മുന്‍ ന്യായാധിപന്‍ ടി.എന്‍.ചന്ദ്രശേഖരന്‍പിള്ള അവരിലൊരാളാണ്. ഉദാഹരണമെന്ന നിലയില്‍ ചൂണ്ടിക്കാട്ടിയത് മാത്രമാണ് ഈ കുടുംബങ്ങളെ. ഓരോ മണ്ഡലത്തിലും ശരാശരി ഏഴായിരത്തിന് മുകളില്‍ 80 വയസിന് മുകളിലുള്ളവരുടെ പോസ്റ്റല്‍ വോട്ടുണ്ട്. കടുത്ത മല്‍സരം നടക്കുന്നിടത്ത് അത് വിധിനിര്‍ണായകവുമാണ്.













