സിൽവർ ലൈൻ പദ്ധതിയുടെ സാധ്യതാ പഠന റിപ്പോർട്ട് പുറത്ത്. നിയമസഭാ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച സാധ്യതാ പഠനത്തിൽ ഡിപിആറിൽ നിന്ന് പ്രകടമായ വ്യത്യാസങ്ങളുണ്ട്. ജൈക്കയിൽ നിന്ന് 35181 കോടി രൂപ വായ്പയെടുക്കുമെന്നാണ് സാധ്യതാ പഠനത്തിൽ പറയുന്നത്. 2019 ൽ തയ്യറാക്കിയ സിൽവർ ലൈൻ സാധ്യതാ പഠന റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്ത് വിട്ടിരുന്നില്ല. അൻവർ സാദത്ത് എംഎൽഎ യുടെ ആവശ്യപ്രകാരമാണ് ഇപ്പോൾ നിയമസഭയുടെ വെബ്സൈറ്റിൽ ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡിപിആറിൽനിന്ന് പ്രകടമായ പല വ്യത്യാസങ്ങളും സാധ്യതാ പഠന റിപ്പോർട്ടിൽ ഉണ്ട്. ഏറ്റവും പ്രധാനം വിദേശ വായ്പയുടെ കാര്യത്തിലാണ്. ജൈക്കയിൽ നിന്ന് 35181 കോടി രൂപ വായ്പ എടുക്കുമെന്നാണ് സാധ്യത പഠനത്തിൽ പറയുന്നത്. ഇതിൽ 2457 കോടി രൂപയും 2021 സാമ്പത്തിക വർഷം എടുക്കും എന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാൽ പദ്ധതിയുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു രൂപ പോലും വായ്പയെടുക്കാൻ ആയിട്ടില്ല. മാത്രമല്ല ഡിപിആർ അനുസരിച്ച് പദ്ധതിക്ക് എടുക്കുന്ന ആകെ വിദേശ വായ്പ 33700 കോടി രൂപ മാത്രമാണ്.
സാധ്യതാ പഠന റിപ്പോർട്ട് പ്രകാരം ജൈക്കയിൽ നിന്ന് എടുക്കുന്ന വായ്പ 30 വർഷം കൊണ്ടാണ് തിരിച്ച് അടക്കേണ്ടത്. ഇതിൽ പത്തുവർഷം മൊറട്ടോറിയം കാലയളവാണ് പലിശ 1.40%. സാധ്യതാ പഠന റിപ്പോർട്ടിലും പ്രളയ സാധ്യതയെക്കുറിച്ചുള്ള മുന്നറിയിപ്പുണ്ട്. സംസ്ഥാനത്തെ നദി ജലനിരപ്പ് തത്സമയം രേഖപ്പെടുത്താനുള്ള സംവിധാനം വേണം എന്നാണ് പറഞ്ഞിരിക്കുന്നത്. 70 കിലോമീറ്റർ ദൂരം റെയിൽപാത നെൽപ്പാടങ്ങളിൽ കൂടെയാണ് പോകുന്നത്. റെയിൽ പാതയുടെ നിർമ്മാണ രീതിയിലും രണ്ടു പഠനറിപ്പോർട്ടുകളും തമ്മിൽ വ്യത്യാസമുണ്ട്. സാധ്യതാ പഠനം അനുസരിച്ച് റെയിൽപാതയുടെ 236 കിലോമീറ്റർ ദൂരവും മൺതിട്ടകളിലൂടെ ആണ് നിർമിക്കുന്നത്. ഡി പി ആറിൽ ഇത് 327 കിലോമീറ്റർ ദൂരം ആണ്. 200 കിലോമീറ്റർ ദൂരം കട്ടിങ് അഥവാ മണ്ണെടുത്ത് മാറ്റിയുള്ള പാതാ നിർമാണമാണ് സാധ്യതാ പഠനത്തിലുള്ളത്. ഡിപിആറിൽ ഇത് 101 കിലോമീറ്ററായി കുറഞ്ഞു. പദ്ധതിയുടെ സാധ്യത എത്രമാത്രമെന്ന പഠനം മാത്രമാണ് ആദ്യ റിപ്പോർട്ടിലുള്ളതെന്നും അതിനാൽ ഡിപിആർ മായുള്ള വ്യത്യാസം സ്വാഭാവികം മാത്രമാണെന്നും കെ റെയിൽ അധികൃതർ വിശദീകരിച്ചു.













