ഇന്ത്യൻ മധ്യനിര തകർന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ 31 റൺസ് തോൽവി

Facebook
Twitter
WhatsApp
Email

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലും  ഇന്ത്യയ്ക്ക് തോൽവി. മൂന്നു മത്സര പരമ്പരയിലെ ആദ്യ കളിയിൽ 31 റൺസിനാണു ദക്ഷിണാഫ്രിക്ക ജയിച്ചത്. സ്കോർ– ദക്ഷിണാഫ്രിക്ക: 50 ഓവറിൽ 296–4; ഇന്ത്യ 50 ഓവറിൽ 8 വിക്കറ്റിന് 265. ഇരട്ടസെഞ്ചുറി കൂട്ടുകെട്ടും ‘ഇരട്ട സെഞ്ചുറി’കളുമായി പടനയിച്ച ക്യാപ്റ്റൻ തെംബ ബാവുമ, റാസ്സി വാൻഡർ ദസ്സൻ എന്നിവരും അച്ചടക്കത്തോടെ പന്തെറിഞ്ഞ ബോളർമാരുമാണു ദക്ഷിണാഫ്രിക്കയ്ക്ക് അർഹിച്ച ജയം സമ്മാനിച്ചത്. മറുവശത്ത്, ഓപ്പണർ ശിഖൻ ധവാൻ (79), വിരാട് കോലി (51) എന്നിവർ ഒഴികെയുള്ള ബാറ്റർമാർ ആരും തിളങ്ങാതെ പോയതാണ് ഇന്ത്യയ്ക്കു തിരിച്ചടിയായത്. യുവതാരങ്ങൾ മാത്രം ഉൾപ്പെട്ട മധ്യനിര പാടേ നിരാശപ്പെടുത്തി. ശാർദൂൽ ഠാക്കൂർ അർധസെഞ്ചുറിയോടെ (50) പുറത്താകാതെനിന്നു.

പാളിലെ ഗ്രൗണ്ടിൽ റെക്കോർഡ് വിജലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് പവർപ്ലേ ഓവറുകൾ അവസാനിക്കുന്നതിനു മുൻപുതന്നെ ക്യാപ്റ്റൻ കെ.എൽ. രാഹുലിനെ (12) നഷ്ടമായി. ന്യൂ ബോൾ ബോളറായെത്തിയ ഏയ്ഡൻ മാർക്രത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ രാഹുലിന്റെ ബാറ്റിൽ ഉരസിയ പന്ത് കീപ്പർ ഡി കോക്കിന്റെ കൈകളിലേക്ക്. ഇന്ത്യൻ സ്കോർ ബോർഡിൽ അപ്പോൾ 46 റൺസ്. മികച്ച ടച്ചിൽ ബാറ്റു ചെയ്തിരുന്ന ധവാനൊപ്പം വിരാട് കോലി ചേർന്നതോടെ ഇന്ത്യൻ സ്കോർബോർഡ് കുതിച്ചു തുടങ്ങി. 51–ാം പന്തിൽ ധവാൻ അർധ സെഞ്ചുറി തികച്ചു. ഇന്ത്യൻ റൺറേറ്റ് 6 നോട് അടുപ്പിച്ച നിരക്കിൽത്തന്നെ കാത്തുസൂക്ഷിച്ചായിരുന്നു കോലി– ധവാൻ സഖ്യത്തിന്റെ ബാറ്റിങ്. അനായാസം ബൗണ്ടറികളടിച്ചു മുന്നേറിയ ധവാനെ (84 പന്തിൽ 10 ഫോർ അടക്കം 79) 26–ാം ഓവറിൽ കേശവ് മഹാരാജ് ബോൾഡാക്കി. ഇന്ത്യൻ സ്കോർബോർഡിൽ 92 റൺസ് ചേർത്തതിനു ശേഷമാണു സഖ്യം വേർപിരിഞ്ഞത്.

ക്യാപ്റ്റൻസിയുടെ ‘അധിക’ ഭാരം ഇല്ലാതെയിറങ്ങിയ ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി തികച്ചെങ്കിലും തൊട്ടുപിന്നാലെ കോലിയും (63 പന്തിൽ 3 ഫോർ അടക്കം 51) വീണു. തബ്രേസ് ഷംസിയെ സ്വീപ് ചെയ്യാനുള്ള കോലിയുടെ ശ്രമം മിഡി വിക്കറ്റിൽ തെംബ ബാവുമയുടെ കൈകളിൽ അവസാനിച്ചു. ഇതോടെ ദക്ഷിണാഫ്രിക്ക വീണ്ടും മത്സരത്തിൽ പിടിമുറുക്കി.  ശ്രേയസ് അയ്യരെ (17 പന്തിൽ ഒരു ഫോർ അടക്കം 17) ലുങ്കി എൻഗിഡി മടക്കി. ഇന്ത്യൻ വിജയപ്രതീക്ഷയുമായി ബാറ്റു ചെയ്തിരുന്ന ഋഷഭ് പന്തിനെ (22 പന്തിൽ ഒരു ഫോർ അടക്കം 16) ഉജ്വല സ്റ്റംപിങ്ങിലൂടെ പുറത്താക്കിയ ക്വിന്റൻ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്കു മത്സരത്തിൽ വ്യക്തമായ മേൽക്കൈ നൽകി. ആൻഡിലെ പെഹ്‌ലുക്‌വായോ ആയിരുന്നു ബോളർ. പന്ത് പുറത്താകുമ്പോൾ 95 പന്തിൽ 115 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. അരങ്ങേറ്റ ഏകദിനം കളിച്ച വെങ്കിടേഷ് അയ്യരുടെ ഇന്നിങ്സ് 2 റൺസിന് അവസാനിച്ചു. എൻഗിഡിക്കായിരുന്നു വിക്കറ്റ്.

പിന്നാലെ രവിചന്ദ്രൻ അശ്വിനെ (7) പെഹ്‌ലുക്‌വായോ ക്ലീൻ ബോൾഡ് ചെയ്തതോടെ ഇന്ത്യ 38.3 ഓവറിൽ 7 വിക്കറ്റിന് 199 എന്ന സ്കോറിലായി. അവസാന 10 ഓവറിൽ 94 റൺസാണ് ഇന്ത്യയ്ക്കു വേണ്ടിയിരുന്നത്. ഡെത്ത് ഓവറുകളിൽ തകർത്തടിച്ച ശാർദൂൽ ഠാക്കൂറാണ് (43 പന്തിൽ 5 ഫോറും ഒരു സിക്സും അടക്കം 50 നോട്ടൗട്ട്) ഇന്ത്യൻ റൺ കടം കുറച്ചത്. ജസ്പ്രീത് ബുമ്ര 14 റൺസോടെ പുറത്താകാതെ നിന്നു. 9-ാം വിക്കറ്റിൽ ബുമ്രയ്ക്കൊപ്പം ശാർദൂൽ 51 റൺസാണു ചേർത്തത്. ദക്ഷിണാഫ്രിക്കയ്ക്കായി ലുങ്കി എൻഗിഡി, പെഹ്‌ലുക്‌വായോ, തബ്രേസ് ഷംസി എന്നിവർ 3 വിക്കറ്റ് വീതവും ഏയ്ഡൻ മാർക്രം, കേശവ് മഹാരാജ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

About The Author

Leave a Reply

Your email address will not be published. Required fields are marked *