ന്യൂഡൽഹി : ആർടിപിസിആർ പരിശോധനയിൽ, ഒറ്റനോട്ടത്തിൽ ഡെൽറ്റയെന്നു തോന്നിക്കും. എന്നാൽ, സംഗതി ഒമിക്രോൺ വകഭേദമാണ്. ഇന്ത്യയിൽ ഉൾപ്പെടെ പടർന്നുപിടിക്കുന്ന ബിഎ.2 എന്ന ഒമിക്രോൺ ഉപവിഭാഗത്തെ (ലീനിയേജ്) ഗൗരവത്തോടെ കാണാൻ ഗവേഷകരെ നിർബന്ധിതരാക്കുന്നത് ഈ പ്രത്യേകതയാണ്. ഒമിക്രോണിന്റെ നിഗൂഢ പതിപ്പായാണ് (സ്റ്റെൽത് വേർഷൻ) ബിഎ.2നെ പരിഗണിക്കുന്നത്. ഇതു കൂടുതൽ പ്രശ്നക്കാരൻ ആകുമോയെന്നു വ്യക്തമല്ല
എന്താണ് നിഗൂഢത
ആർടിപിസിആർ പരിശോധനയിൽ തെളിയേണ്ട ജീനുകളിലൊന്നിന്റെ (എസ് ജീൻ) അസാന്നിധ്യം ഒമിക്രോൺ വകഭേദം വഴിയുള്ള കോവിഡാണു ബാധിച്ചതെന്ന സൂചന നൽകുമായിരുന്നു. എന്നാൽ, ബിഎ.2 വഴിയുള്ള കോവിഡ് ബാധയിൽ എസ് ജീനും പ്രകടമാണ്. ബിഎ.1 വിഭാഗത്തെക്കാൾ കൂടുതൽ ജനിതക മാറ്റങ്ങൾ ബിഎ.2ൽ ഉണ്ട്. ഇതിൽ 20 എണ്ണം വൈറസിനെ കോശങ്ങളിലേക്കു നുഴഞ്ഞുകയറാൻ സഹായിക്കുന്ന സ്പൈക് പ്രോട്ടീനിലാണ്.
ആശങ്ക എന്തെല്ലാം
തുടക്കത്തിൽ കണ്ടെത്തിയ ഒമിക്രോൺ കേസുകൾ ബിഎ.1 വിഭാഗമായിരുന്നു. ഇതു ബാധിച്ചവർക്ക് ബിഎ.2 വഴി വീണ്ടും കോവിഡ് ബാധയുണ്ടാകുമോയെന്ന് സംശയമുണ്ട്. ഇന്ത്യ ഈ വാദത്തെ തള്ളിക്കളയുന്നു. രണ്ടും തമ്മിൽ കാര്യമായ പൊരുത്തങ്ങൾ ഉള്ളതുകൊണ്ട് വീണ്ടും വൈറസ് ബാധയേൽക്കില്ലെന്നാണു വാദം.
എന്നാൽ, ബിഎ.1 വിഭാഗത്തെക്കാൾ ഒന്നര മടങ്ങു വ്യാപനശേഷി ബിഎ.2ന് ഉണ്ടെന്നാണ് ഡെന്മാർക്കിൽനിന്നുള്ള പഠനത്തിൽ വ്യക്തമാകുന്നത്. വാക്സീൻ നൽകുന്ന സുരക്ഷിതത്വം രണ്ടിനും ഒരുപോലെയാണെന്നും ഗവേഷകർ പറയുന്നു.
ഏഷ്യയിലും യൂറോപ്പിലും ബിഎ.2 വ്യാപകമാണ്. ഡെന്മാർക്കിൽ ഇതു മിന്നൽവേഗത്തിൽ പടർന്നു. യുകെ ഇതിനെ ‘പരിശോധനയിലുള്ള വകഭേദം’ എന്ന ഗണത്തിൽപെടുത്തി. ആകെ 54 രാജ്യങ്ങളിൽ ഇതുവരെ സ്ഥിരീകരിച്ചു.













