ആൾക്കൂട്ട അക്രമത്തിൽ കൊല്ലപ്പെട്ട മധുവിന്‍റെ കേസുമായി ബന്ധപ്പെട്ട നിയമസഹായങ്ങള്‍ ലഭ്യമാക്കുമെന്ന് നടന്‍ മമ്മൂട്ടി വ്യക്തമാക്കിയിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ നീക്കത്തെ പ്രശംസിച്ച് ഒട്ടേറെ പേർ രംഗത്തെത്തി. ഇതിന് പിന്നാലെ 2018 അന്ന് മധു കൊല്ലപ്പെട്ടപ്പോൾ മമ്മൂട്ടി എഴുതിയ കുറിപ്പും ഇപ്പോൾ വൈറലാണ്. ‘മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ.’ അന്ന് മമ്മൂട്ടി കുറിച്ചു. ഇന്ന് ആ അനുജന്റെ നീതിക്കായി പോരാടുന്നവർക്കൊപ്പം നിൽക്കുകയാണ് അദ്ദേഹം. കുടുംബത്തിന് നിയമപരമായ വശങ്ങൾ പരിശോധിക്കാൻ കേരള, മദ്രാസ് ഹൈക്കോടതികളിലെ അഭിഭാഷകനായ അഡ്വ നന്ദകുമാറിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബേർട്ട് കുര്യാക്കോസ് പറഞ്ഞിരുന്നു.
അന്ന് മമ്മൂട്ടി കുറിച്ചത്:
മധുവിനെ ആദിവാസി എന്നു വിളിക്കരുത്. ഞാൻ അവനെ അനുജൻ എന്ന് തന്നെ വിളിക്കുന്നു. ആൾക്കൂട്ടം കൊന്നത് എന്റെ അനുജനെയാണ്. മനുഷ്യനായി ചിന്തിച്ചാൽ മധു നിങ്ങളുടെ മകനോ അനുജനോ ജ്യേഷ്ഠനോ ഒക്കെ ആണ്. അതിനുമപ്പുറം നമ്മെപ്പോലെ എല്ലാ അവകാശാധികാരങ്ങളുമുള്ള പൗരൻ. വിശപ്പടക്കാൻ മോഷ്ടിക്കുന്നവനെ കള്ളനെന്ന് വിളിക്കരുത്. പട്ടിണി സമൂഹത്തിന്റെ സൃഷ്ടിയാണ്. ആൾക്കൂട്ടത്തിന് നീതിപാലനത്തിന്റെ അമിതാധികാരങ്ങളും ശിക്ഷാവിധിയുടെ മുൾവടികളും കല്പിച്ചു കൊടുത്ത നമ്മുടെ വ്യവസ്ഥിതിക്ക് കൂടി മധുവിന്റെ മരണത്തിന് ഉത്തരവാദിത്തമുണ്ട്. മനുഷ്യൻ മനുഷ്യനെത്തന്നെ ആക്രമിക്കുന്നത് എന്തിന്റെ പേരിലായാലും മനുഷ്യൻ എന്ന നിലയിൽ അംഗീകരിക്കാനാവില്ല. വിശപ്പിന്റെയും വിചാരണയുടെയും കറുത്ത ലോകത്തു നിന്നു കൊണ്ട് നമ്മൾ എങ്ങനെയാണ് പരിഷ്കൃതരെന്ന് സ്വയം പ്രഖ്യാപിക്കുന്നത്? മധു… മാപ്പ്…













