വാഷിങ്ടൻ∙ 2023 സാമ്പത്തിക വർഷത്തിലേക്കുള്ള എച്ച്1 ബി വീസകൾക്ക് അപേക്ഷിക്കാനുള്ള റജിസ്ട്രേഷൻ നടപടികൾ മാർച്ച് ഒന്നിന് ആരംഭിക്കുമെന്ന് യുഎസ് ഫെഡറൽ ഇമിഗ്രേഷൻ ഏജൻസി അറിയിച്ചു. തിരഞ്ഞെടുക്കപ്പെട്ടവരെ മാർച്ച് 31 നു മുൻപ് ഓൺലൈനായി വിവരമറിയിക്കും.
സാങ്കേതിക വൈദഗ്ധ്യം ആവശ്യമുള്ള തൊഴിലുകളിൽ വിദേശികളെ നിയമിക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന എച്ച്1 ബി വീസ ഉപയോഗിച്ച് ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്ന് വർഷം തോറും ആയിരക്കണക്കിനു പേരാണ് യുഎസിൽ എത്തുന്നത്.
പ്രാരംഭ റജിസ്ട്രേഷൻ വഴി മാർച്ച് 18 വരെ വീസയ്ക്ക് അപേക്ഷിക്കാം. ഓരോ റജിസ്ട്രേഷനും ഓരോ സ്ഥിരീകരണ നമ്പർ നൽകും. ഇതുപയോഗിച്ച് റജിസ്ട്രേഷൻ നടപടികൾ ട്രാക്ക് ചെയ്യാം. ഓരോ അപേക്ഷകനും myUSCIS അക്കൗണ്ട് ക്രിയേറ്റ് ചെയ്യണം. 10 ഡോളർ വീതം റജിസ്ട്രേഷൻ ഫീസും അടയ്ക്കണം. എല്ലാവർഷവും ആകെ 65,000 പുതിയ എച്ച്1 ബി വീസകളാണ് യുഎസ് അനുവദിക്കുന്നത്. ഇതിനു പുറമേ സയൻസ്, ടെക്നോളജി , എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് (STEM) വിഷയങ്ങളിൽ യുഎസ് സർവകലാശാലയിൽ നിന്ന് ഉന്നത പഠനം പൂർത്തിയാക്കിയ വിദേശ വിദ്യാർഥികൾക്ക് 20,000 വീസകൾ വേറെയും അനുവദിക്കും.
English Summary: US visa registration













