സംസ്ഥാനത്തെ മന്ത്രിമാരുടെയും പ്രതിപക്ഷനേതാവിന്റെയും പഴ്സണല്‍ സ്റ്റാഫിനായി സര്‍ക്കാര്‍ പ്രതിമാസം ചെലവാക്കുന്നത് രണ്ട് കോടിയോളം രൂപ. മുഖ്യമന്ത്രിയും, മന്ത്രിമാരും, ചീഫ് വിപ്പുമടക്കം ഇരുപത്തിരണ്ടുപേര്‍ക്കായി 415 പഴ്സണല്‍ സ്റ്റാഫുണ്ട്. സ്റ്റാഫ് നിയമനം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു.
മന്ത്രിമാരെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ നിയമിതരാകുന്നവരാണ് പഴ്സണല്‍ സ്റ്റാഫ്. ഓരോ മന്ത്രിയുടെയും ഒപ്പമുള്ളവരുടെ എണ്ണം ഒന്ന് പരിശോധിക്കാം.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം 29പേര്‍, റോഷി അഗസ്റ്റിന്‍,ആന്റണി രാജു, വി.ശിവന്‍കുട്ടി, പി.എ.മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പം 21 വീതം. കൃഷ്ണന്‍കുട്ടി, സജി ചെറിയാന്‍, കെ.രാധാകൃഷ്ണന്‍ 20 വീതം. ജി.ആര്‍.അനില്‍, അഹമ്മദ് ദേവര്‍കോവില്‍, ചീഫ് വിപ്പ് എന്‍.ജയരാജ് എന്നിവര്‍ക്കൊപ്പം 19 വീതം. വി.അബ്ദുറഹ്മാന്‍, വി.എന്‍.വാസവന്‍, കെ.രാജന്‍, എം.വി.ഗോവിന്ദന്‍ 18 വീതം. ജെ.ചിഞ്ചുറാണി, വീണാ ജോര്‍ജ്, ആര്‍.ബിന്ദു എന്നിവര്‍ക്ക് 17 പേരുണ്ട്. പി.രാജീവ്, എ.കെ.ശശീന്ദ്രന്‍, പി.പ്രസാദ് 16 വീതം. ധനമന്ത്രി കെ.എന്‍.ബാലഗോപാലിനാണ് ഏറ്റവും കുറവ് പഴ്സണല്‍ സ്റ്റാഫ് 14 പേര്‍.
പ്രതിപക്ഷനേതാവിന്റെ പഴ്സണല്‍ സ്റ്റാഫിന്റെ എണ്ണം മുന്‍ പ്രതിപക്ഷ നേതാവിന്റേതിലും കൂടരുതെന്ന് നിര്‍ദേശമുണ്ട്. അപ്പോഴും 16പേര്‍. ആകെ മൊത്തം 431 പഴ്സണല്‍ സ്റ്റാഫുകള്‍. 23000 മുതല്‍ 1,60,000 വരെയാണ് ശമ്പള സ്കെയില്‍. രണ്ടുവര്‍ഷവും, ഒരു ദിവസും ജോലി ചെയ്താല്‍ പെന്‍ഷനും കിട്ടും. അതുകൊണ്ടുതന്നെ സ്റ്റാഫ് നിയമനം ഇതുവരെ പൂര്‍ത്തായിട്ടില്ലെന്നും വിവരാവകാശ മറുപടിയില്‍ പറയുന്നു. പഴ്സണല്‍ സ്റ്റാഫ് നിയമനം ഹൈക്കോടതിയും അംഗീകരിച്ചിരുന്നു എന്നതാണ് സര്‍ക്കാരിന്റെ വാദം.













