മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനെ സുരക്ഷിത സ്ഥാനത്തെത്തിച്ച സൈന്യത്തിന് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഇന്ത്യൻ സേനയുടെ മദ്രാസ് റെജിമെന്റിലെ സൈനികർ, പാരാ റെജിമെന്‍റ് സെന്‍ററിലെ സൈനികർ, രക്ഷാപ്രവർത്തനം ഏകോപിപ്പിച്ച ദക്ഷിണ ഭാരത ഏരിയ ജി ഒ സി ലഫ്റ്റനന്‍റ് ജനറൽ അരുൺ തുടങ്ങി അവസരോചിതമായ ഇടപെടലുകളിലൂടെ സഹായം നൽകിയ എല്ലാവർക്കും മുഖ്യമന്ത്രി നന്ദി രേഖപ്പെടുത്തി. ബാബുവിന് ആരോഗ്യം വീണ്ടെടുക്കാൻ ആവശ്യമായ ചികിത്സയും പരിചരണവും എത്രയും പെട്ടെന്ന് നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.













