LIMA WORLD LIBRARY

ദുബായിലേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറഞ്ഞു; കാരണം ?…

ദുബായ്: വാടക നിരക്ക് ദുബായിൽ കൂടിത്തുടങ്ങിയതോടെ ഷാർജയിൽ നിന്നും മറ്റ് വടക്കൻ എമിറേറ്റുകളിൽ നിന്നും ഇവിടേക്ക് താമസം മാറ്റുന്നവരുടെ എണ്ണം കുറയുന്നു. കോവിഡിനെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷം ദുബായിൽ പല മേഖലകളിലും വാടക കുറഞ്ഞിരുന്നു.

കരാമയിൽപോലും 80,000 ദിർഹം വാർഷിക വാടക നിരക്കായിരുന്നത് 70,000ത്തിലേക്കു കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിൽ ഷാർജയിൽ നിന്നും മറ്റും കൂടുതൽ കുടുംബങ്ങൾ ദുബായിലേക്ക് താമസം മാറ്റിയിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം അവസാനം മുതൽ വിപണി കൂടുതൽ സജീവമായതോടെ ദുബായിൽ പലയിടത്തും വാടക നിരക്കും കൂടിയിട്ടുണ്ട്.

ഈ വർഷവും ഇതേ നിലയിൽ വാടക കൂടുമെന്ന് മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു. ബിസിനസ് ബേ, ഗ്രീൻസ്, ദെയ്റ, ദുബായ് സ്പോർട്സ് സിറ്റി, പാം ജുമൈറ എന്നിവിടങ്ങളിലെ വാടക നിരക്ക് ഉയർന്നിട്ടുണ്ട്.ട 2012ലെ ഉയർന്ന നിലയിലേക്കു വാടക കൂടിക്കൊണ്ടിരിക്കുകയാണ്. അതേസമയം ദയ്റ, ഡിസ്കവറി ഗാർഡൻസ്, ഇന്റർനാഷനൽ സിറ്റി എന്നിവിടങ്ങളിൽ ഒരു മുറി അപാർട്മെന്റുകളുടെ വാടക കുറഞ്ഞിട്ടുമുണ്ടെന്ന് ഈ മേഖലയിലെ ആസ്റ്റെകോയുടെ കണക്കുകളും തെളിയിക്കുന്നു.

എന്നാൽ ഡൗൺടൗൺ, പാം ജുമൈറ, ദുബായ് മറീന, ഗ്രീൻസ്, ജുമൈറ ബീച്ച് എന്നിവിടങ്ങളിൽ ഒരു മുറി അപാർട്മെന്റുകളുടെ വാടക വല്ലാതെ ഉയർന്നിട്ടുമുണ്ട്. ഇവിടങ്ങളിലേക്ക് താമസം മാറുന്നവരുടെ എണ്ണവും ഉയർന്നിരുന്നു. ഡൗൺടൗണിൽ ഒരു മുറി അപ്പാർട്മെന്റിന് 73,000 ദിർഹമായിരുന്ന വാടക കഴിഞ്ഞ വർഷം 75000 ആയി. ഡൗൺടൗണിൽ 90,000 ദിർഹം 95,000 ആയി. ബിസിനസ് ബേയിൽ 58,000 ദിർഹം 60,000 ആയി.

ദുബായ് മറീനയിൽ 58,000 ദിർഹം 65,000 ആയി. ഗ്രീൻസിൽ 70,000 ദിർഹം 72,500 ആയും  ജുമൈറ ലേക്ക് ടവേഴ്സിൽ 50,000 ദിർഹം 57,500 ആയും ഉയർന്നിട്ടുണ്ട്. അംബരചുംബികൾ ഏറെ ഉയർന്നതോടെ ആവശ്യക്കാർ കുറയുകയും വാടക ഇടങ്ങൾ കൂടുകയും ചെയ്തതു മൂലം 2014 മുതൽ പല മേഖലയിലും വാടക കുറഞ്ഞു വരുന്ന പ്രവണത ആരംഭിച്ചിരുന്നതായി ആസ്റ്റെകോ ചൂണ്ടിക്കാട്ടുന്നു. 2019ൽ കോവിഡ് വന്നതോടെ വാടക പല മേഖലയിലും വല്ലാതെ താഴ്ന്നു.

എന്നാൽ ഇപ്പോൾ വിപണി വീണ്ടും സജീവമാകുകയും റിയൽ എസ്റ്റേറ്റ് മേഖലയിൽ ഉൾപ്പെടെ ഉണർവ് കാണുകയും ചെയ്തതോടെ മിക്ക മേഖലയിലും വാടക ഉയർന്നു തുടങ്ങിയിരിക്കുകയാണ്.രാവിലെ ഷാർജയിൽ നിന്നും മറ്റും മണിക്കൂറുകൾ ഗതാഗത കുരുക്കിൽ കിടന്ന് വരുന്നത് ഒഴിവാക്കാനാണ് മിക്കവരും ദുബായിലേക്ക് താമസം മാറുന്നത്.

എന്നാൽ അജ്മാൻ, റാസൽഖൈമ ഉൾപ്പെടെ വടക്കൻ എമിറേറ്റിൽ നിന്ന് എമിറേറ്റ്സ് റോഡു വഴി ഗതാഗതക്കുരുക്കിൽ അധികം പെടാതെ നേരെ ദുബായിലേക്ക് എത്താമെന്ന സൗകര്യം വന്നതോടെ കൂടുതൽ പേരും അവിടേക്കും താമസം മാറ്റിയിരുന്നു. ഗതാഗത സമയവും ലാഭിക്കാം എന്നതു കൊണ്ടു കൂടിയാണ് പലരും ദുബായിലെ താമസം ആഗ്രഹിച്ചിരുന്നത്.

എന്നാൽ വാടക ഇതേ നിലയിൽ ഉയർന്നാൽ വീണ്ടും അവിടങ്ങളിൽ തന്നെ താമസിക്കാനാകും മലയാളികൾ ഉൾപ്പടെയുള്ളവർ ആഗ്രഹിക്കുകയെന്ന് കണ്ണൂർ സ്വദേശിയായ ഫൈസൽ ചൂണ്ടിക്കാട്ടി. നേരത്തേ മുതൽ തന്നെ റാസൽഖൈമയിൽ വില്ല പോലുള്ള താമസയിടം കുറഞ്ഞ വാടകയ്ക്കു ലഭിച്ചതിനാൽ അവിടെത്തന്നെ തങ്ങാനാണ് ഇഷ്ടപ്പെടുന്നതെന്നു പായിപ്പാട് സ്വദേശി ഷാജു ബേബിയും പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px