
ഫെബ്രുവരി 25 സാമൂഹ്യ പരിഷ്കർത്താവായ ഭാരത കേസരി
മന്നത്ത് പത്മനാഭൻറെ
ഓർമ്മ ദിനമാണ് .
നാടും നഗരവും മന്നസ്മൃതിയിൽ മുഴുകുമ്പോൾ മന്നത്ത് അപ്പൂപ്പൻറെ പാദസ്പർശമേറ്റ ഒരു വീടുണ്ട് അടൂർ താലൂക്കിൽ തട്ടയിൽ!
കൊല്ലവർഷം 1104 ധനു ഒന്നിനു ശനിയാഴ്ച ഉത്രാടം നാളിൽ പന്തളം തെക്കേക്കര പഞ്ചായത്തിൽ തട്ടയിൽ ഗ്രാമത്തിലെ രണ്ടു പുരാതന നായർ തറവാടുകളായ ഇടയിരേത്ത് തറവാട്, കല്ലുഴത്തിൽ തറവാട് എന്നീ രണ്ട് നായർ തറവാടുകളിൽ യഥാക്രമം രാവിലെയും വൈകുന്നേരവും നടന്ന നായർ കരപ്രമാണിമാരുടെ യോഗത്തിലാണു മന്നത്ത് പദ്മനാഭൻ കരയോഗ പ്രസ്ഥാനവും പിടിയരി പ്രസ്ഥാനവും വിളംബരം ചെയ്തത്.
അങ്ങനെ നായർ കരയോഗ ചരിത്രത്തിലെ ആദ്യസ്ഥാനീയരായ
ഒന്നും രണ്ടും നമ്പർ കരയോഗങ്ങൾ തട്ട എന്ന ഉൾനാടൻ ഗ്രാമത്തിനു സ്വന്തമായി. മകരം 6 നാണു ഈ രണ്ട് കരയോഗങ്ങളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തത്.
മന്നത്ത് പദ്മനാഭന്റെ പാദസ്പർശ്ശമേറ്റ കല്ലുഴത്തിൽ തറവാടിന്റെ നാലുകെട്ട് പൂമുഖം ഒന്നര നൂറ്റാണ്ടിന്റെ പ്രൗഡപാരമ്പര്യവും കാത്തുസൂക്ഷിച്ച് ഇന്നും അതേപടി നിലനിൽക്കുന്നു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ഏറ്റവും കാലപ്പഴക്കം ചെന്ന കെട്ടിടവും ഇതുതന്നെയാണു.
കൊല്ലവർഷം 1104 ൽ തറവാട് പൂമുഖത്ത് നടന്ന കരയോഗപ്രസ്ഥാന വിളംബരത്തിൽ മന്നത്ത് പദ്മനാഭനെ കൂടാതെ തൃശൂരിൽ നിന്ന് മന്നത്ത് അപ്പൂപ്പനൊപ്പം എത്തിയ മതപാഠശാല അദ്ധ്യാപകൻ റ്റി പി വേലുക്കുട്ടി മേനോൻ , തട്ടയിലെ അക്കാലത്തെ നായർ പ്രമാണിമാരായ കല്ലുഴത്തിൽ നാരായണപിള്ള നാണുപിള്ള, കൃഷ്ണപിള്ള, ഗോവിന്ദപിള്ള, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
നായർ കരയോഗപ്രസ്ഥാനത്തിന്റെ വിളംബര യോഗത്തിനു സാക്ഷ്യം വഹിച്ചു എന്നതിനുപുറമേ വേറെയും നിരവധി കൗതുകസ്മരണകൾ പറയാനുണ്ട് കല്ലുഴത്തിൽ തറവാടിന്റെ പൂമുഖത്തിനു. മെഗ്ഗാസ്റ്റാർ മോഹൻ ലാലിന്റെ മുത്തച്ഛൻ (അച്ഛന്റെ അച്ഛൻ)
മാടപ്പാടത്ത് രാമൻ നായരും മോഹൻ ലാലിന്റെ മുത്തശ്ശി ഗൗരിയമ്മയും ഏറെക്കാലം താമസിച്ചിട്ടുണ്ട് ഈ വീട്ടിൽ. കല്ലുഴത്തിൽ തറവാട് സ്ഥിതി ചെയ്യുന്ന പന്തളം തെക്കേക്കര (തട്ട) യിലെ പ്രവർത്തിയാർ ആയിരുന്നു പതിറ്റാണ്ടുകൾക്ക് മുൻപ് മോഹൻലാലിന്റെ അച്ഛന്റെ അച്ഛൻ മാടപ്പാടത്ത് രാമൻ നായർ. ഇലന്തൂർ സ്വദേശിയായ അദ്ദേഹത്തിനു ഇലന്തൂരിൽ നിന്ന് നിത്യവും ജോലിസംബന്ധമായി നിത്യേന പന്തളം തെക്കേക്കരയിലേക്ക് പോയിവരിക പൊതുഗതാഗതസംവിധാനം ഗ്രാമങ്ങളിൽ അപ്രാപ്യമായ അക്കാലത്ത്
അസാദ്ധ്യവുമായിരുന്നു. കുടുംബസുഹൃത്തിന്റെ വീടായ കല്ലുഴത്തിൽ തറവാട്ടിൽ അദ്ദേഹം ദീർഘകാലം താമസിക്കാൻ ഇടയായതും ഇക്കാരണം കൊണ്ടുതന്നെ. മോഹൻ ലാലിന്റെ അച്ഛൻ വിശ്വനാഥൻ നായർ ആദ്യമായി കോളേജിലേക്ക് പഠിക്കാൻ പോയതും കല്ലുഴത്തിൽ വീട്ടിൽ താമസിച്ചുകൊണ്ടാണു. ഗുരു നിത്യ ചൈതന്യയതിയും ബാല്യകാലത്ത് നിരവധി തവണ കല്ലുഴത്തിൽ വീട്ടിൽ വന്നുപോയിരുന്നു. നിത്യചൈതന്യയതിയുടെ അമ്മ വാമാക്ഷിയമ്മയുടെ കുടുംബവീട് കല്ലുഴത്തിൽ തറവാടിന്റെ അയൽപക്കത്തായിരുന്നു. പിന്നീട് അവർ കവി പന്തളം രാഘവപ്പണിക്കരെ വിവാഹം കഴിച്ച് കോന്നി വകയാർ ദേശത്തേക്ക് താമസം മാറ്റുകയായിരുന്നു.
നിത്യ ചൈതന്യ യതിയുടെ കടുത്ത ആരാധകനും അതിവേഗ ചിത്രകാരനുമായ ജിതേഷ്ജിയാണു കല്ലുഴത്തിൽ തറവാടിന്റെ ഇപ്പോഴത്തെ താമസക്കാരൻ. സമസ്ത ജീവജാലങ്ങളെയും സമഭാവനയോടെ കാണുന്ന ഹരിതാശ്രമം പാരിസ്ഥിതിക ആത്മീയ ഗുരുകുലത്തിന്റെയും എക്കസഫി & ബയോ ഡൈവേഴ്സിറ്റി സെന്ററിന്റെയും ആസ്ഥാനമായിട്ടാണു ഇന്ന് കല്ലുഴത്തിൽ തറവാടിന്റെ പൂമുഖം പ്രവർത്തിക്കുന്നത്. അനവധി പക്ഷി മൃഗാദികൾക്ക് സ്വതന്ത്രമായി വിഹരിക്കുന്ന ഇവിടം ബഷ്Iറിന്റെ ഭൂമിയുടെ അവകാശികൾ എന്ന കഥയുടെ ഇൻസ്റ്റലേഷൻ ആർട്ട് കൂടിയാണു.












