LIMA WORLD LIBRARY

ആയാസരഹിതമായ വാർദ്ധക്യത്തിന് – ആൻ്റെണി പുത്തൻപുരയ്ക്കൽ

നമ്മുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളിലും അവധാനപൂർവ ജീവിതം നമുക്ക് അനിവാര്യമാണ്. ഏകാന്തതയും അനാരോഗ്യവും ഉത്കണ്ഠകളും ആശങ്കകളും പ്രായം കൂടുംന്തോറും കൂടിവരാനുളള സാധ്യത നമുക്ക് അവഗണിക്കാൻ കഴിയുകയില്ല. അസ്വസ്ഥമായ മനസ്സ് അമിതമായി ഉത്കണ്ഠകളെ അനുസ്യൂതം സൃഷ്ടിക്കുന്നു. പ്രായമാകുമ്പോൾ ചില അപ്രിയ യാഥാർത്ഥ്യങ്ങൾ കൂടി നമ്മുടെ ജീവിതത്തിലേയ്ക്ക് കടന്നുവരുന്നു. ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടത് നമുക്കു വേണ്ടപ്പെട്ടവരുടെ വേർപാടാണ്. നമ്മളും ഒരിക്കൽ മരിക്കുമെന്ന ഭയം അനേകർക്ക് ഒരു പേടിസ്വപ്നമാണ്. മരണഭയമാണ് എല്ലാ ഭയങ്ങളുടെയും അടിസ്ഥാന ഭയം. വാർദ്ധക്യം എന്ന നിർണ്ണായക ഘട്ടത്തിൽ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ നമ്മെ സഹായിക്കുന്ന ഒരു ജീവിതരീതിയാണ് അവധാനപൂർവ്വമായ ജീവിതം (mindful living). സർഗ്ഗാത്മകവും ശാന്തവും ഊർജ്ജസ്വലവും അനുകമ്പയാൽ ശാക്തീകരിക്കപ്പെട്ടതുമായ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ ഈ ജീവനകല അഭ്യസിക്കുന്നത് വളരെ നല്ലതാണ്. അഗാധമായ സംവേദനക്ഷമതയുള്ള, ഊർജ്ജസ്വലമായ വാർദ്ധക്യ ജീവിതം നയിക്കാൻ ഇത് നമ്മെ സഹായിക്കും. ഇത് നമ്മുടെ ശാരീരിക ബുദ്ധിയെ (somatic intelligence) ഉണർത്താൻ സഹായിക്കുന്ന, ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു ശാസ്ത്രശാഖ കൂടിയാണ്.

 

അടിസ്ഥാനപരമായി ഇതൊരു ശ്വാസനാധിഷ്ഠിത അവബോധമാണ്. എല്ലായ്‌പ്പോഴും എവിടെയും നമ്മുടെ സ്വന്തം മാനസിക അന്തരീക്ഷത്തെയും പ്രവർത്തനത്തെയും ‘ബോധപൂർവ്വം ബോധവാന്മാരാക്കുന്ന’ പ്രക്രിയയാണിത്. ഇത് നമ്മുടെ സ്വന്തം മനസ്സിനെക്കുറിച്ചും നമ്മൾ എന്തു ചെയ്യുന്നുവെന്നതിനെക്കുറിച്ചും ബോധപൂർവ്വം നാം സ്വയം സൃഷ്ടിക്കുന്ന അവബോധമാണ്. ശ്രദ്ധിക്കുന്നതിൽ അതീവശ്രദ്ധ ചെലുത്തലാണിത്. ഈ ധ്യാനത്തിലൂടെ നാം ഒരു അധിസ്വാനുഭാവ ബോധം (meta cognition) സൃഷ്ടിക്കുന്നു. ഇതുവഴി ദൈനംദിന ജീവിതത്തിൽ നമുക്ക് എപ്പോഴും സജീവമായി നമ്മുടെ ശാരീരിക പ്രവൃത്തികളെയും മനോവ്യാപരങ്ങളെയും പിന്തുടരാൻ കഴിയും. ഇത്തരമൊരു ശ്രദ്ധ കേന്ദ്രീകരിക്കൽ ഏറെ നേരം തുടർന്നാൽ നമ്മുടെ തലച്ചോറിലെ അഗ്രമസ്തിഷ്കാവൃതി (prefrontal cortex) എല്ലായ്‌പ്പോഴും ഉത്തേജിപ്പിക്കപ്പെടും.

മനുഷ്യരുടെ ജ്ഞാനാത്മാക ചിന്താശക്തി (cognitive thinking) പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക മേഖലയാണ് അഗ്രമസ്തിഷ്കാവൃതി (PFC). നമ്മുടെ ‘വ്യക്തിത്വ കേന്ദ്രം’ എന്നും അറിയപ്പെടുന്ന തലച്ചോറിന്റെ മുൻഭാഗത്തിന്റെ ഭാഗമാണിത്. കൗമാരത്തിന്റെ അവസാനത്തിൽ പൂർണ്ണമായി വികസിക്കുന്ന തലച്ചോറിന്റെ ഈ ഭാഗം നമ്മുടെ യുക്തിചിന്തയുടെ ഇരിപ്പിടമാണ്. മസ്തിഷ്കത്തിലെ മറ്റ് ആവൃത്തി (cortical regions) മേഖലകളുമായുള്ള അനേകം സംജോകങ്ങളിലൂടെ തീരുമാനങ്ങൾ എടുക്കൽ, യുക്തിയുക്ത ചിന്തകൾ, വ്യക്തിത്വ ആവിഷ്കാരം സാമൂഹിക വിജ്ഞാനം എന്നിങ്ങനെയുള്ള പല ഉയർന്ന വൈജ്ഞാനിക പ്രക്രിയകളിൽ ഈ മേഖല സുപ്രധാന പങ്ക് വഹിക്കുന്നു.

വിവിധ ജീവിതഘട്ടങ്ങളിൽ മാനസികവും ശാരീരികവുമായ ആരോഗ്യം നിലനിർത്താനും മെച്ചപ്പെടുത്താനുള്ള പ്രായോഗികവും വാഗ്ദാനപ്രദവുമായ മാർഗ്ഗമായി അവധാനപൂർവ്വജീവിത പരിശീലനം സമീപ വർഷങ്ങളിൽ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ പരിശീലനം പ്രധാനമായും മൂന്ന് മേഖലകളായി തിരിക്കാം. ഒന്നാമതായി, നമ്മുടെ ശ്രദ്ധ മുഴുവനും കേന്ദ്രീകരിക്കുന്ന ധ്യാനം. ഒരു വസ്തു അല്ലെങ്കിൽ പ്രവൃത്തിയെ നിരീക്ഷിക്കലാണിത്. ഉദാഹരണത്തിന്, നമ്മുടെ ശ്വാസോച്ഛ്വാസത്തെ നിരീക്ഷിക്കൽ. ഇതൊരു സുസ്ഥിരമായ ശ്രദ്ധ ചെലുത്തലാണ്. ഈ നീരീക്ഷണത്തലിനിടയിൽ നമ്മുടെ ശ്രദ്ധ വ്യതിചലിച്ചാൽ വീണ്ടും ശ്രദ്ധാകേന്ദ്രത്തിലേക്ക് സാവധാനം തിരിച്ചു വരിക. രണ്ടാമത്തെത്, ഒരു വസ്തുവിനെയോ അല്ലെങ്കിൽ പ്രവൃത്തിയെയോ നിരീക്ഷിക്കാതെ ക്ഷണികമായ പ്രതിഭാസങ്ങളുടെ വിശദമായ സവിശേഷതകൾ ശ്രദ്ധിക്കുക എന്നതാണ്. ഉദാഹരണത്തിന്, ധ്യാനസമയത്ത് നാം കേൾക്കാൻ ഇടയുള്ള ശബ്ദങ്ങളെ ബോധപൂർവ്വം അറിയുക. മൂന്നാമതായി, തന്നോടും മറ്റുള്ളവരോടുമുള്ള സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സാർവത്രിക അവസ്ഥ, സ്‌നേഹദയ ധ്യാനത്തിൽ വളർത്തിയെടുക്കലാണ്.

ജീവിതം സജീവമാകുന്നത് മാനസികവും ശാരീരികവുമായ വെല്ലുവിളികളെ സുഗമമായി നേരിടാനുള്ള ഊർജ്ജം നമ്മിൽ നിറയുമ്പോഴാണ്. മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും പ്രായം കൂടുംതോറും മാനസികപിരിമുറുക്കങ്ങൾ കൂടി വരാറുണ്ട്. ജീവിതം ആജീവനാന്തം ഒരു പോരാട്ടമായി ഇവർക്ക് തോന്നും. നിരന്തരമായ ഒരു പോരാട്ടത്തിൽ ഏർപ്പെടുന്ന ഒരാൾക്ക് ആന്തരിക സമതൂലിതാവസ്ഥാപലനം (homeostasis) നിലനിർത്താൻ കഴിയാതെ വരും. ഇതുകൊണ്ടാണ് പ്രായമായവരിൽ ഉയർന്ന മാനസികസമ്മർദ്ദം, ശാരീരിക വേദനകൾ, അജ്ഞാതരോഗങ്ങൾ, ശാരീരികവും മാനസികവുമായ ആഘാതങ്ങൾ എന്നിവ സംഭവിക്കുന്നത്.

അവധാനപൂർവ്വജീവിതം പ്രായമാകുന്നവർക്ക് അത്യന്തപേക്ഷിതമാണെന്ന് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നു. അൻപതു വയസ്സു കഴിഞ്ഞവരിലാണ് ഈ പഠനം നടത്തിയത്. ഈ പരീഷണപഠനത്തിൽ പങ്കെടുത്തവർക്ക് മാനസികസമ്മർദ്ദം കുറയ്ക്കാൻ ധ്യാന ശിക്ഷണവും അച്ചടക്കത്തോടെ ജീവിക്കാനുളള പരിശീലനവും പ്രത്യേകം നല്കി. ഈ പരീക്ഷണങ്ങൾക്ക് വിധേയമായവർ വൈജ്ഞാനികവും വൈകാരികവും ശാരീരികവുമായ അനവധി നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞതായി ശാസ്ത്രജ്ഞർ കണ്ടെത്തി. ഈ പരീക്ഷണത്തിന്റെ പ്രധാന ഉദ്ദേശ്യം പ്രായമായവരിൽ മൂന്ന് മേഖലകളിൽ സംഭവിക്കുന്ന സ്വാധീനത്തിന്റെ ഒരു അവലോകനം നടത്തുക എന്നതായിരുന്നു. ശ്രദ്ധാപരമായ പ്രകടനം, മാനസിക ക്ഷേമം, ദേഹിക കോശജ്വലനം (systemic inflammation) എന്നിവയായിരുന്നു ഈ മൂന്നു മേഖലകൾ. ശ്രദ്ധാപൂർവ ജീവിതപരിശീലനം ലഭിച്ചവരിൽ കൂടുതൽ വൈജ്ഞാനികവും വൈകാരികവും മസ്തിഷ്കത്തിലെ നാഡീബന്ധവുമായി ബന്ധപ്പെട്ട നേട്ടങ്ങൾ സിദ്ധിച്ചവരായി കണ്ടു.

അവധാനപൂർവ്വ ജീവിതം നയിക്കാൻ സാധിക്കന്നവർ ശാരീരികവും മനസ്സികവുമായ നിരവധി നേട്ടങ്ങൾ അനുഭവിക്കുന്നവരാണ്. ഭൂതകാലത്തിന്റെ വേദനകൾ അകറ്റി, ഭാവിയെക്കുറിച്ചുളള ആകുലതകൾ ഒഴിവാക്കി വർത്തമാന നിമിഷത്തിൽ അവബോധം കേന്ദ്രീകരിക്കുന്ന സ്വയം നിർമ്മിത അവസ്ഥയാണ് ശ്രദ്ധാപൂർവ്വ ജീവിതം. ഇവിടെ, ഇപ്പോൾ നമ്മുടെ സംവേദനങ്ങൾ, വികാരങ്ങൾ, ചിന്തകൾ, ചുറ്റുപാടുകൾ എന്നിവയിൽ സ്വീകാര്യമായ മനോഭാവത്തോടെ, മുൻവിധികൾ കൂടാതെ പൂർണ്ണ അവബോധമുളളവരായി ജീവിക്കുക എന്നാണ് ഇതിനർത്ഥം.

പ്രായമായവരിൽ പൊതുവേ കണ്ടുവരുന്ന വിഷാദം കുറയ്ക്കാൻ മനഃസാന്നിധ്യത്തിന് കഴിയും. ഈ ധ്യാനത്തിലൂടെ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും ഭാവിയിൽ ഈ ലക്ഷണങ്ങൾ തിരിച്ചുവരുന്നത് തടയാനും സഹായിക്കും.

 

വർദ്ധിച്ച വൈകാരിക നിയന്ത്രണം അവധാനപൂർവ്വ ധ്യാനത്തിലൂടെ നമുക്കു കൈവരിക്കാൻ സാധിക്കും. പ്രക്ഷുബ്ധമാകാറുളള നമ്മുടെ വികാരങ്ങൾ തിരിച്ചറിയാനും നിയന്ത്രിക്കാനും ഈ പരിശീലനം നമ്മെ സഹായിക്കും എന്നതാണ് ശ്രദ്ധേയമായ മറ്റൊരു സാധ്യത. നമ്മുടെ സ്വന്തം വികാരങ്ങളിൽ നിയന്ത്രണം ചെലുത്താനുള്ള നമ്മുടെ കഴിവിനെ സൂചിപ്പിക്കുന്നു. സാഹചര്യത്തെയും ആവശ്യത്തെയും ആശ്രയിച്ച് നമ്മുടെ വികാരങ്ങൾ വർദ്ധിപ്പിക്കാനോ നിയന്ത്രിക്കുവാനോ കഴിയുമെന്നാണ് ഇതിനർത്ഥം.

അവധാനപൂർവ്വം ധ്യാനം അഭ്യസിക്കുന്നവർക്ക് ഉയർന്ന തലത്തിലുള്ള രോഗപ്രതിരോധശേഷി കൈവരിച്ചതായി പഠനങ്ങൾ തെളിയിക്കുന്നു. കാൻസർ രോഗികളും വിട്ടുമാറാത്തതോ മാരകമായതോ ആയ അസുഖം ബാധിച്ചവരുടെ രോഗവിമുക്തി ധൃതഗതിയിൽ സംഭവിക്കുന്നതായും ശാസ്ത്രലോകം വെളിപ്പെടുത്തുന്നു.

തീവ്രമായ നിഷേധാത്മക വികാരങ്ങളിൽ നിന്ന് പിന്മാറാനും അവയെ തിരിച്ചറിയാനും അവയോട് പോരാടുന്നതിനുളള ശക്തി ഈ ധ്യാനത്തിലൂടെ നമുക്കു കൈവരിക്കാൻ കഴിയും. വിഷാദരോഗത്തെ മികച്ച രീതിയിൽ നേരിടാനും കൈകാര്യം ചെയ്യാനും ഇത് നമ്മെ സഹായിക്കും.

അമിതവണ്ണവും അമിതഭാരവുമുളളവരുടെ ശരീരഭാരം കുറയ്ക്കാനും അവരുടെ ഭക്ഷണരീതികളും മനോഭാവവും മെച്ചപ്പെടുത്താനും വിഷാദവും ഉത്കണ്ഠയും കുറയ്ക്കാനും അവധാനപൂർവ്വ ധ്യാനത്തിന് ഗവേഷകൻ കണ്ടെത്തിയിട്ടുണ്ട്.

വാർദ്ധക്യത്തിൽ അനുഭവപ്പെടുന്ന ഓർമ്മക്കുറവ് പരിഹരിക്കാനും ഓർമ്മശക്തി വർധിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി അവധാനപൂർവ്വ ധ്യാനം സഹായിക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

ശ്രദ്ധാപൂർവ ജീവിതപരിശീലനം നമ്മുടെ ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനോ കാര്യങ്ങൾ കൂടുതൽ എളുപ്പത്തിൽ ഓർക്കുന്നതിനോ നമ്മെ സഹായിക്കും. ചിന്തയിൽ നമനീയത്വവും വ്യക്തതയും വർദ്ധിപ്പിക്കുവാൻ ഇതു നമ്മെ സഹായിക്കും. വാർദ്ധക്യത്തിലും നിരവധിയായ നമ്മുടെ വൈജ്ഞാനിക കഴിവുകൾ, വൈവിധ്യമാർന്ന ദൈനംദിന ജോലികൾ ചെയ്യാനും വേഗത്തിൽ ചിന്തിക്കാനും മാറുന്ന സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും ബൗദ്ധിക പ്രശ്നങ്ങൾ പരിഹരിക്കാനും ഇത് നമുക്ക് സഹായകമാകും.

അവധാനപൂർവ്വ ജീവിതരീതി പരിശീലിക്കുന്നവർ വ്യക്തിബന്ധങ്ങളിൽ നല്ല സ്വാധീനം ചെലുത്തുമെന്നതിന് തെളിവുകളുണ്ട്. ഈ പരിശീലനം ലഭിച്ചവർ ജീവിതപങ്കാളികളെയും സുഹൃത്തുക്കളെയും കൂടുതൽ അംഗീകരിക്കുന്നവരും ബന്ധങ്ങളിൽ കൂടുതൽ സംതൃപ്തരുമായിരിക്കും. പങ്കാളിയുടെ പോരായ്മകളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അവ മാറ്റാൻ ശ്രമിക്കുന്നതിനുപകരം, അവരുടെ പങ്കാളി എല്ലായ്പ്പോഴും തികഞ്ഞവനല്ലെന്ന് അംഗീകരിക്കാൻ ഇവർ തയ്യാറാകും.

സർവ്വോപരി, വാർദ്ധക്യത്തിൽ അനേകംപേർ അനുഭവിക്കുന്ന ഏകാന്തത, വിരസത, ക്ഷോഭം, അസ്വസ്ഥത എല്ലാം അകറ്റാനുളള ഏറ്റവും സുഗമമായ മാർഗ്ഗം അവധാനപൂർവ്വ ജീവിതരീതിയാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px