കീവ് ∙ ‘ സ്വന്തം കുഞ്ഞുങ്ങൾ ജീവനോടെയിരിക്കണമെന്ന് ആഗ്രഹിക്കുന്നു ഞാൻ ഉൾപ്പെടെയുളള യുക്രെയ്ൻകാർ. യുക്രെയ്നൊപ്പം നൽക്കൂ. ഞങ്ങൾക്കൊപ്പമാണു നിങ്ങളെന്നു പ്രവർത്തിച്ചു കാണിക്കൂ!’
യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി വികാരഭരിതനായി യൂറോപ്യൻ യൂണിയനോട് പറഞ്ഞതത്രയും ലോകം കേട്ടു, കയ്യടിച്ചു. 27 അംഗ യൂറോപ്യൻ യൂണിയനിൽ (ഇയു) യുക്രെയ്നെയും ചേർക്കാനുള്ള അപേക്ഷ നൽകിയതിനു പിറ്റേന്നാണ് ഇനിയും അംഗത്വം വൈകിപ്പിക്കരുതെന്നു സെലെൻസ്കി വിഡിയോ സന്ദേശത്തിൽ യൂറോപ്യൻ പാർലമെന്റിനോട് ആവശ്യപ്പെട്ടത്.
യുക്രെയ്ന് അംഗത്വം നൽകിയാൽ മരണത്തിനു മീതെ ജീവിതവും ഇരുട്ടിനു മേലെ പ്രകാശവും പരക്കുമെന്നാണ് സെലെൻസ്കി ഓർമിപ്പിച്ചത്. യുക്രെയ്ൻ ഉണ്ടെങ്കിൽ ഇയു കൂടുതൽ ശക്തി പ്രാപിക്കും; ഇയുവിൽ ഇല്ലാത്ത യുക്രെയ്ൻ ഏകാന്തതയും നിസ്സഹായതയും കൊണ്ടു വീർപ്പുമുട്ടുകയാണ്– അദ്ദേഹം പറഞ്ഞു.
പ്രസംഗം യുക്രെയ്നിയൻ ഭാഷയിൽനിന്നു തത്സമയം ഇംഗ്ലിഷിലാക്കിയ ദ്വിഭാഷിയും വികാരഭരിതനായി. പ്രസംഗം അവസാനിച്ചതും യൂറോപ്യൻ പാർലമെന്റിൽ അംഗങ്ങൾ എഴുന്നേറ്റുനിന്നു നിർത്താതെ കരഘോഷം മുഴക്കി. ആരവമടങ്ങാൻ സമയമെടുത്തു. റഷ്യയ്ക്കെതിരെ ശക്തമായ ഉപരോധങ്ങളും യുക്രെയ്ന് ആയുധസഹായവുമായി ഇയു ഐക്യദാർഢ്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അംഗത്വം ഉടനെ നൽകുമെന്ന സൂചനയില്ല.
ആവശ്യം ന്യായം; പക്ഷേ വലിയ പ്രതീക്ഷ വേണ്ട
ബ്രസൽസ് ∙ യൂറോപ്യൻ യൂണിയൻ അംഗത്വമെന്ന യുക്രെയ്‍ൻ ആവശ്യം ന്യായമാണെങ്കിലും നടന്നു കിട്ടാൻ പ്രയാസമായിരിക്കുമെന്ന് യൂറോപ്യൻ കൗൺസിൽ അധ്യക്ഷൻ ചാൾ മിഷേൽ പറഞ്ഞു.
‘യുക്രെയ്നിന്റെ അംഗത്വ അപേക്ഷ പ്രതീകാത്മകവും രാഷ്ട്രീയപരവും നിയമസാധുതയുള്ളതുമാണ്. പക്ഷേ, ഇപ്പോഴത്തെ സ്ഥിതിയിൽ 27 അംഗങ്ങളുള്ള ഇയു സംഘം വികസിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ ഐക്യം ഒട്ടുമില്ല. അതു നടക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കും ’ – യൂറോപ്യൻ പാർലമെന്റിൽ മിഷേൽ പറഞ്ഞു.

English Summary: Zelensky address session of European Parliament













