കീവ് ∙ ഇന്നു രണ്ടാംഘട്ട ചർച്ച നടക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും ആക്രമണം കൂടുതൽ കടുപ്പിക്കുകയാണു റഷ്യ. ഇരട്ട ലക്ഷ്യങ്ങളോടെയാണ് ഇപ്പോഴത്തെ നീക്കങ്ങളെന്നും സൂചന– യുക്രെയ്ൻ തലസ്ഥാനമായ കീ്വ് ഉടൻ പിടിച്ചെടുക്കുക; ഒപ്പം തന്നെ രണ്ടാമത്തെ വലിയ നഗരമായ ഹർകീവും. ടാങ്കുകളും മറ്റുമായി റഷ്യയുടെ 65 കിലോമീറ്റർ സൈനികവ്യൂഹം കീവിലേക്കു നീങ്ങുന്നതായാണ് ഉപഗ്രഹ ചിത്രങ്ങൾ നൽകുന്ന സൂചന. സേനാവ്യൂഹം നഗരകേന്ദ്രത്തിൽനിന്നു 16 കിലോമീറ്റർ അടുത്തുവരെയെത്തി.

ജനങ്ങൾ കീവ് വിടണമെന്നു റഷ്യ കഴിഞ്ഞദിവസം നിർദേശം നൽകിയിരുന്നു. റഷ്യൻ അതിർത്തിയോടു ചേർന്ന ടെക് നഗരമായ ഹർകീവിൽ പാർപ്പിട സമുച്ചയങ്ങൾ വരെ ആക്രമിക്കപ്പെടുന്നു. ഒരു ആശുപത്രിയിലെ പ്രസവ വാർഡ് ബങ്കറിലേക്കു മാറ്റേണ്ടിവന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ പാർപ്പിട സമുച്ചയങ്ങളുള്ള നഗരവും ഹർകീവ് ആണ്. സൈനിക കേന്ദ്രങ്ങൾ മാത്രമാണു ലക്ഷ്യമിടുന്നതെന്നു റഷ്യ അവകാശപ്പെട്ടെങ്കിലും ഇതുശരിയല്ലെന്നു വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. ചെർണീവ് മേഖലയിൽ ബെലാറൂസ് സേനയും റഷ്യയ്ക്കൊപ്പം യുദ്ധരംഗത്തുണ്ടെന്നു യുക്രെയ്ൻ ആരോപിച്ചു.
തിങ്കളാഴ്ച നടന്ന ആദ്യഘട്ട ചർച്ചയുടെ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ലെങ്കിലും ഇത്ര കടുത്ത ആക്രമണം നടക്കുമ്പോൾ തങ്ങളുടെ ഭാഗത്തുനിന്നു വിട്ടുവീഴ്ചയുണ്ടാവില്ലെന്നാണു യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പറഞ്ഞത്. അതിനിടെ, യുദ്ധവിരുദ്ധ പ്രകടനങ്ങളുടെ പേരിൽ റഷ്യയിൽ 411 പേർ കൂടി അറസ്റ്റിലായി. ആക്രമണം സംബന്ധിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ ചർച്ച നടത്തി.
Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War













