ഞാനിന്നലെ എന്റെ സുഹൃത്ത് പള്ളിയറ ശ്രീധരന്റെ “പഴമ മലയാളം” ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങി മറിച്ചു നോക്കി. കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയ ഒരു ചെറു പുസ്തകം.? 71 പുറം , വില: 90 രൂപ. ഓരോ അക്ഷരങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത നാലഞ്ച് അക്ഷരങ്ങളിൽ തുടങ്ങുന്ന വാക്കുകൾ. 52-ാം പുറത്ത് കൗതുകമുണർത്തുന്ന ഒരു പദം കണ്ടു. “മൂഞ്ചിപ്പോയി”!!!
ഞാൻ പോലും സാധാരണ ഉപയോഗിക്കാൻ മടിക്കുന്ന ഒരു പദം. എന്ത് ലാഘവത്തോടെയാണ് അതിന് പള്ളിയറയുടെ അർഥ കൽപ്പന:
“പരാജയപ്പെട്ടു” എന്ന് ഒറ്റവാക്ക്. തീർന്നു.
സാധാരണ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകങ്ങളാണ് നമ്മുടെ പള്ളിക്കൂടങ്ങളിലെല്ലാം വാങ്ങാൻ നിർബന്ധിതമാകുന്നത്. രണ്ട് കോടി രൂപയുടെ പുസ്തകങ്ങൾ പ്രതിവർഷം വാങ്ങും. പ്രത്യേക സർക്കുലറുണ്ട്. ചുമ്മാ ഈച്ചയടിച്ചിരുന്നാൽ മതി. സർക്കാർ തന്നെ സർക്കാരിന്റെ പുസ്തകങ്ങൾ വാങ്ങിക്കോളും. അതൊരു വില്പന മികവായി വീമ്പിളക്കുന്ന ഭാഷ്യം പുറത്തുവന്നിട്ടുണ്ട്. അക്കാര്യം വേറെ.
അങ്ങനെ സ്കൂളുകളിൽ എത്തപ്പെടുന്ന പുസ്തകങ്ങളിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ തന്നെ എഴുതിയ പുസ്തകത്തിന് വിശ്വാസ്യതയും കൂടുമല്ലോ. എന്നാൽ “പഴമ മലയാളം” അവിടുന്നും ഇവിടുന്നും വാക്കുകൾ പെറുക്കി എടുത്ത് പുസ്തകമാക്കിയിരിക്കുകയാണെന്ന് കുട്ടികൾ തിരിച്ചറിയാൻ വഴിയില്ല. ഇതാണ് ബാലസാഹിത്യത്തിന്റെ ഇന്നത്തെ അവസ്ഥ. കുട്ടികളല്ലേ? അവർക്കിതൊക്കെ മതിയെന്ന പ്രൈമറി സ്കൂൾ വാദ്ധ്യാന്മാരുടെ കണക്കുകൂട്ടൽ.
പഴമ മലയാളത്തെപ്പറ്റി പറയാൻ തുടങ്ങിയാൽ ഇന്ന് മുഴവൻ ഭാഷാ സ്നേഹികൾക്ക് ഇരുന്ന് ചിരിക്കാം. കുട്ടികൾ പഴയ മലയാള പദങ്ങൾ തേടി ഡയറക്ടറുടെ പുസ്തകം തന്നെ എടുത്തു റഫർ ചെയ്യും. എന്നിട്ട് എത്ര ശകാരിച്ചാലും നന്നാവാത്ത, ക്ലാസ്സിലെ സഹപാഠിയെ നന്നാക്കാൻ നോക്കിയാൽ ടീച്ചർ പരാജയപ്പെടുകയേ ഉള്ളൂ എന്ന് ടീച്ചറിന്റെ മുഖത്ത് നോക്കി പറയാൻ ഒരു വിദ്യാർഥി തുനിയുകയാണ്. പരാജയത്തിന് ഒരു പ്രാചീന പദം കിട്ടിയ സന്തോഷത്തിൽ മലയാളം അദ്ധ്യാപികയോട് “ടീച്ചർ, മൂഞ്ചും!” എന്ന് കുട്ടി പറഞ്ഞാലുള്ള അവസ്ഥയെന്തായിരിക്കും? ടീച്ചർ മലയൻകീഴ്കാരിയാണെങ്കിൽ പിന്നെ തീർന്നു. അന്നേരം തന്നെ ടി.സി. കൊടുക്കും. പിന്നെ പറഞ്ഞിട്ട് കാര്യമുണ്ടോ? ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എഴുതിയ നിഘണ്ടുവിൽ വെണ്ടക്കയിൽ എഴുതിയതാണെന്ന്!
2020 ൽ ഡയറക്ടർ പള്ളിയറ ശ്രീധരൻ എഴുതി ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പുസ്തകമാണിപ്പോൾ വെളുക്കാൻ തേച്ചത് പാണ്ടായി മാറിയിരിക്കുന്നത്.
എല്ലാവർക്കും കയറി നിരങ്ങാനുള്ളതാണ് മലയാളം എന്ന തോന്നലിൽ ഡയറക്ടറും ചെയ്തു പോയതാവാം. അങ്ങനെയിങ്ങനെ ആർക്കും കയറി നിരങ്ങാനുള്ള ഭാഷയല്ല മലയാളം. അല്ലെങ്കിൽ മലയാളത്തിന് ഒരു ലെക്സിക്കൻ അഥവാ മഹാ നിഘണ്ടു തന്നെ ഉണ്ടാകുമായിരുന്നോ? മലയാള പണ്ഡിതന്മാർ സ്കൂളിൽ നിന്നും കോളേജിൽ നിന്നും പെൻഷ്യൽ പറ്റി വീട്ടിൽ ഇരിപ്പുണ്ട്. അവരെ ആരെയും തൊടീക്കാതെ ഗണിത ശാസ്ത്രം തിരിച്ചും മറിച്ചുമിട്ട് നൂറ്റമ്പത് പുസ്തകം എഴുതിക്കഴിഞ്ഞ് ഗിന്നസിൽ നിന്ന് ഇറങ്ങി നൂറ്റമ്പത്തൊന്നാമത്തെ പുസ്തകം മലയാള ഭാഷയാകാമെന്ന് ധരിച്ചതാണ് ഡയറക്ടർക്ക് വിനയായത്.
കണക്കല്ല മലയാളം! ഭാഷ തെറ്റിയാൽ അടി വീഴുന്നത് കരണക്കുറ്റിക്കായിരിക്കും. എന്നാലും വിദ്യാർഥികളറിയേണ്ടേ “മൂഞ്ചി”പ്പിക്കലിന്റെ ശരിയായ അർഥം. അത് ഒടുവിൽ പറഞ്ഞുവരുമ്പോൾ മനസ്സിലാവും. മലയാളം വിശേഷിച്ചും പഴമലയാളം പ്രയോഗത്തിലൂടെയേ അർഥ വ്യക്തത കൈവരിക്കൂ.
1981 ൽ തുടങ്ങിയതാണ് “കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ചിൽഡ്രൻസ് ലിറ്ററേച്ചർ”. തമാശക്ക് പറയും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ ചേരിപ്പോര് ഒഴിവാക്കാൻ എബ്രഹാം ജോസഫിനെ പൊക്കി ഇരുത്താൻ വേണ്ടിയുണ്ടാക്കിയ ലാവണമാണ് ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടെന്ന്. ഒരിക്കലും ഒരു വളർച്ചയുമില്ലാത്ത സ്ഥാപനം. സിനിമയിൽ വരുന്നതിന് മുമ്പ് അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത സാമുവൽ ബക്കറ്റിന്റെ “വെയിറ്റിങ് ഫോർ ഗോദോ”യിലെ ലക്കിയുടെ വേഷം അരങ്ങത്ത് ഗംഭീരമാക്കിയ നടനായിരുന്നു എബ്രഹാം ജോസഫ്. അദ്ദേഹത്തിന്റെ ഡയറക്ടർ സ്ഥാനത്തുള്ള തുടക്കം മികച്ച ബാലസാഹിത്യ ഗ്രന്ഥങ്ങളോടെയായിരുന്നു. തുടർന്ന് ഡയറക്ടറായി വന്ന ഡോ.ജോർജ് ഓണക്കൂറാണ് യഥാർത്ഥത്തിൽ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനെ പുസ്തകം കൊണ്ട് സമ്പന്നമാക്കിയത്. ഇന്ന് കുട്ടികൾക്ക് ഈടുറ്റ ഏത് ബാലസാഹിത്യ ഗ്രന്ഥമാണുള്ളത്.? സ്കൂൾ പിള്ളേരെഴതുന്ന സാഹിത്യം പ്രസിദ്ധപ്പെട്ടുത്താനാണോ ഈ സ്ഥാപനമുണ്ടാക്കിയിരിക്കുന്നത്?
കുട്ടികൾ എഴുതുന്നതല്ല, കുട്ടികളുടെ ഉന്നമനം ലാക്കാക്കിയുള്ള പുസ്തകങ്ങളാണ് പ്രസിദ്ധപ്പെടുത്തേണ്ടത്. ആ ലക്ഷ്യത്തിനപ്പുറത്തേക്ക് പോകണമെങ്കിൽ ഇത് പിരിച്ചു വിടണം. എന്നാൽ സാഹിത്യത്തിന്റെ കച്ചിയിൽ തൊടാനാവാതെ ക്രാവി നടക്കുന്ന ചില നാലാം കിട എഴുത്തുകാർക്ക് കയറിയിറങ്ങാനുള്ള ഇടമായി മാറിയിരിക്കുന്നു ആ സ്ഥാപനം.
മഹാഭാരതവും പഞ്ചതന്ത്രവും കഥാസരിത്സാഗരവും അറബിക്കഥകളും എവിടെപ്പോയി.? രാമായണ കഥകളെവിടെ? അതൊക്കെ അച്ചടിച്ചിറക്കിയാൽ സംഘിയാണെന്ന് വിചാരിച്ച് പണി പള്ളിപ്പുറത്തായാൽ പള്ളിയറയിലേക്ക് നടന്നു പോവുകയേ നിവൃത്തിയുള്ളൂ. രാജാരവിവർമ്മ, ജാമിനി റോയ് മുതൽ എം.എഫ് ഹുസൈൻ വരെയുള്ള ചിത്രകാരന്മാരുടെ പുസ്തകമിറക്കിയ സ്ഥാപനമാണിത്. എന്റെ സുഹൃത്ത് റൂബിൽ ഡിക്രൂസിന്റെ കാലത്ത് അന്തർദേശീയ നിലവാരം പ്രസാധനത്തിൽ കാത്തു സൂക്ഷിച്ചതും മറക്കാനാവില്ല.
ഇന്ന് അക്ഷരം കൂട്ടി താളത്തിൽ എഴുതാനറിയാവുന്ന ഏതു മരമണ്ടൻ മടവൂരാന്മാർക്കും ബാലസാഹിത്യ അവാർഡു വരെ വാങ്ങാൻ പാകത്തിൽ തുറന്നുവെച്ചിരിക്കുന്ന കടയാണത്! ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അടിക്കടി മുഖ്യമന്ത്രിയുടെ ചേംബറിൽ അപദാനപുകഴ്ത്തലിന് ചെല്ലുമ്പോൾ അവിടെ വച്ച് പുസ്തകം ഒന്ന് അദ്ദേഹത്തിന്റെ കൈയ്യിൽ കൊടുത്ത് പടമെടുത്ത് ഫേസ്ബുക്കിലിടുന്ന കലാപരിപാടിയാണ് കഴിഞ്ഞ അഞ്ച് വർഷമായി കണ്ടു കൊണ്ടിരിക്കുന്നത്. പത്ത് പിള്ളാരെയും സാറമ്മാരെയും പോലും വിളിച്ചു കൂട്ടാൻ കെല്പില്ലാത്തൊരു സ്ഥാപനം. കുറ്റം പറയരുതല്ലോ! ഇന്ന് ആർക്കുവേണം പുസ്തക പ്രകാശനം. അത്തരം പുസ്തകമായതു കൊണ്ടല്ലേ? സൂര്യപ്രകാശന്മാരായിരുന്നു ഉപദേശകസമിതിയിൽ.
കണ്ണൂരിൽ മഹാനായ കഥാകാരന്റെ വീട്ടുവാതിൽക്കൽ പുസ്തകം കൊടുത്ത് പടമെടുക്കാൻ ചെന്നതും അതിന് കൂട്ടാക്കാത്ത കഥാകാരനെ തെരുവിൽ വിളിച്ചിറക്കി കടവാതിൽക്കൽ കൊണ്ടുചെന്നു നിർത്തി പുസ്തകം പ്രസാധനം ചെയ്തതുമായ നാണം കെട്ട അദ്ധ്യായങ്ങൾ ഇവിടെ കുറിക്കുന്നില്ല.
ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങിയ കാലത്ത് അവിടെ ജോലി ചെയ്തിരുന്ന അതി സുന്ദരിയായൊരു തരുണിയെ ദർശിക്കാൻ എനിക്ക് ഭാഗ്യമുണ്ടായിട്ടുണ്ട്. ഞാനിടക്കിടെ അവിടെയുള്ള ആജീവനാന്ത റേഡിയോ ശ്രോതാവിനെ അന്വേഷിച്ച് വ്യാജേന അവിടെ കയറിയിറങ്ങാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതാഭിലാഷം ആകാശവാണിയിൽ ഒരു പ്യൂണായിട്ടെങ്കിലും കയറണമെന്നായിരുന്നു. മാത്രമോ 26 കൊല്ലം ആകാശവാണിയിലെ ഒരുദ്യോഗസ്ഥയെ മനസ്സിൽ കൊണ്ടു നടക്കുകയും ചെയ്തു. അവരറിഞ്ഞിട്ടുമില്ല അദ്ദേഹം പറഞ്ഞിട്ടുമില്ല. റേഡിയോയിൽ എന്റെ പരിപാടി കേട്ടാൽ പിറ്റേന്നാൾ അവിടെ എന്നോട് അന്വേഷിച്ചു വരും. പുകഴ്ത്തി എന്നെ ചെത്തക്കൊമ്പിലിരുത്തും. ഇന്നദ്ദേഹം ജീവിച്ചിരിപ്പില്ല. അവിവാഹിതനായിത്തന്നെ അറുപത് വയസ്സിൽ മരിച്ചു. കോളിയൂർക്കാരൻ കൃഷ്ണസ്വാമി!
രണ്ട് കൈ കൊണ്ടും എഴുതിയിരുന്ന ആ ബാലസാഹിത്യകാരി സുന്ദരിയുടെ പ്രീതി പിടിച്ചുപറ്റാൻ ഒരു ബാലസാഹിത്യ കൃതി അങ്ങ് എഴുതാൻ തുനിഞ്ഞതുമാണ്. പാവം കുട്ടികളെ വിഷമിപ്പിക്കാൻ എന്തുകൊണ്ടോ മനസ്സു വന്നില്ല. പിന്നെ ഇന്നേവരെ ഒരു ബാലസാഹിത്യമെഴുതാനും എനിക്കു തോന്നിയിട്ടില്ല.
എന്നാലും എനിക്കു മനസ്സിലാകാത്തത് “തളി”രിന്റെ അവസ്ഥയാണ്. സുഗതകുമാരിയുടെ “തളിർ” ഞങ്ങളുടെയൊക്കെ കുട്ടിക്കാലത്ത് ഒരു ഹരമായിരുന്നു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഏറ്റെടുത്തപ്പോൾ ആദ്യമൊക്കെ നന്നായിരുന്നു. ഇപ്പോൾ സ്‌കോളർഷിപ്പ് പരീക്ഷ എഴുതണമെങ്കിൽ തളിരിന്റെ വാർഷികവരിസംഖ്യ 300 രൂപ കെട്ടിവയ്ക്കണം പോലും. എവിടെയെങ്കിലും കേട്ടിട്ടുണ്ടോ സർക്കാർ സ്കോളർഷിപ്പ് പരീക്ഷയ്ക്ക് ഫീസടക്കണമെന്ന്? 1974 ൽ “ബാലയുഗം” വരുത്താൻ വാർഷിക വരിസംഖ്യ 20 രൂപ ഇല്ലാതെ നിരാശരായിരിക്കുന്ന കുട്ടികളെ എനിക്കറിയാം. ഇന്നും സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന മിടുക്കന്മാർക്ക് രൂപ കെട്ടിവയ്ക്കണം സ്‌കോളർഷിപ്പ് പരീക്ഷ എഴുതാൻ, തളിരിന്റെ പേരിൽ. സമ്പന്നന്മാരുടെ മക്കൾക്കു മാത്രം സ്കോളർഷിപ്പ് എഴുതിയാൽ മതി എന്ന അലിഖിത നയമാണോ തളിരിന്റെ പേരിൽ സർക്കാർ നടത്തുന്നത് ?
ഇടക്കൊരാലോചനയുണ്ടായിരുന്നു ഈ സ്ഥാപനം നിലനിർത്തേണ്ടതുണ്ടോ എന്ന്. സർക്കാർ പണം ധൂർത്തടിക്കാനും പിൻവാതിലിലൂടെ ജീവനക്കാരെ കയറ്റി സ്ഥിരപ്പെടുത്തി വെളുപ്പിക്കാനും പിന്നെ സ്ഥാപനങ്ങൾ വേണ്ടേ അതിലൊന്നാണിപ്പോൾ ഇതും.
ഇനി നമുക്ക് ആദ്യം പറഞ്ഞ പദത്തിലേക്ക് പോകാം. ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ളയുടെ “ശബ്ദതാരാവലി” മറിച്ചു നോക്കുക. 1445 ാം പുറത്ത് 28 ാം വരിയായി കൊടുത്തിരിക്കുന്ന “മൂഞ്ചുക” എന്ന പദത്തിന് , വലിച്ചു കൂടിക്കുക, ഈമ്പുക, നക്കുക എന്നിങ്ങനെയാണ് അർഥം കൊടുത്തിരിക്കുന്നത്. ഇതിന്റെ വ്യംഗ്യം ആലോചിച്ചാൽ പിടികിട്ടും. “മു” വിൽ തുടങ്ങുന്ന എത്രയോ പഴയ പദങ്ങൾ കിടക്കുമ്പോൾ അഞ്ച് പദങ്ങൾ മാത്രം എടുത്ത് അർഥം കൊടുക്കാൻ ഉപദേശിച്ചത് ആരാവും?
എന്തായാലും അർഥം എഴുതുന്നതിനു മുമ്പ് മോഹൻ കുമാറിന്റെ കടയിൽപ്പോയി ശബ്ദതാരാവലി ഒന്ന് മറിച്ച് നോക്കാമായിരുന്നില്ലേ! മലയാള മഹാനിഘണ്ടു നോക്കണമെന്നൊന്നും പറയുന്നില്ല. എട്ടാം വാല്യത്തിൽ ചത്തിരിക്കുകയല്ലേ ലക്സിക്കൻ. പാ-പൂ വിൽ തളർവാതം പിടിച്ചു പോയി. തിരുമ്മലിന് മലയാളമെഴുതാനും വായിക്കാനുമറിയാത്തൊരു മേധാവിയെക്കൊണ്ടിരുത്തിയിട്ടുമുണ്ട്. “മു”വിൽ തുടങ്ങുന്ന ആ പദം വരുന്നത് അവരുടെ കാലത്തായിരിക്കും. ഉൽപ്പത്തി മുതലുള്ള അതിന്റെ അർഥമറിയുമ്പോൾ ഉറപ്പാണ് ആ മാന്യമഹിള രാജിവച്ച് ജീവനും കൊണ്ട് കേരളം വിടും.
കണക്ക് പോലെയല്ലല്ലോ മലയാളം. ഇത്രയും കുഴപ്പം പിടിച്ച പദമാണെന്ന് പള്ളിയറ മനസ്സിലാക്കിക്കാണില്ല. കണ്ണൂരിൽ നിന്ന് വന്നിറങ്ങി വൈകിട്ട് കൈലിയും ഉടുത്ത് ചെങ്കൽചുള്ള വഴി നടന്നപ്പോൾ പാവം അവിടുന്നു കേട്ടതാവും ആ പദം. അത് പഴ മലയാളത്തിൽ കുത്തിത്തിരുകി എഡിറ്റർമാരെ കാണിക്കാതെ അങ്ങിറക്കി. ആ, രാധികയെങ്ങാനും കണ്ടിരുന്നെങ്കിലും ഈ തെറ്റ് പോകത്തില്ലായിരുന്നു. അല്ലെങ്കിൽ കണ്ടിട്ടും കണ്ണടച്ചതാവുമോ? ഒരു പണി കൊടുക്കാൻ. എന്തായാലും ഗണിതത്തിൽ നിന്ന് ഭാഷയിലേക്ക് ചേക്കേറാനുള്ള ഡയറക്ടറുടെ പണി പാളി. ഇതാരും അറിഞ്ഞിട്ടില്ല.
സർക്കാരാണെങ്കിൽ പല നല്ല കാര്യങ്ങളും കൊണ്ടുവരുന്നു. സാംസ്കാരിക സ്ഥാപനങ്ങളുടെ ചുക്കാൻ പിടിക്കൽ ഇനി 65 വയസ്സു വരെ മതി എന്ന് ഉത്തരവുവന്നപ്പോൾ തന്നെ കടിച്ചു തൂങ്ങിയിരിക്കാതെ ബഹു മിടുക്കന്മാരായ കെ.പി. മോഹനൻ സാഹിത്യ അക്കാദമിയുടേയും പ്രഭാകരൻ പഴശ്ശി സംഗീത നാടക അക്കാദമിയുടേയും സെക്രട്ടറി സ്ഥാനങ്ങളൊഴിഞ്ഞു. ആ ഉത്തരവ് ഇപ്പോൾ മാറ്റിയിരിക്കുകയാണ്. നന്നാവാൻ സമ്മതിക്കില്ലെന്നു തന്നെ! ആജീവനാന്തം എന്ന് മാറ്റിയോ ആവോ? 65 വേണ്ട എഴുപത് വയസ്സു വരെ ആയിക്കൊള്ളട്ടെ.
എല്ലാം നിയമമനുസരിച്ചല്ലേ മലയാളത്തിൽ നടക്കുന്നത്. മലയാളത്തിൽ എത്ര അക്ഷരമുണ്ടെന്നു ചോദിച്ചാൽ സ്വരവ്യഞ്ജനങ്ങൾ ഉൾപ്പെടെ 52 എന്നും 48 എന്നും പക്ഷ ഭേദമില്ലേ? അതാണ് മലയാളി. വൈരുദ്ധ്യം! സാഹിത്യ അക്കാഡമിയുടെ സമഗ്ര സാഹിത്യ പുരസ്കാരം തന്നെ നോക്കുക. അവശസാഹിത്യകാര പുരസ്കാരമായി അത് മാറിയിരിക്കുകയല്ലേ?
സമഗ്രം എന്നതിന് അവശം എന്നാണിപ്പോൾ അർഥം. ഭരിക്കുന്നത് ഏത് കക്ഷിയായാലും അവർക്ക് വെള്ളം കോരുകയും വിറകുവെട്ടുകയും ഊഴിയവേല ചെയ്യുകയും നോക്കുകൂലി കൈപ്പറ്റുകയും ചെയ്യുന്നവർക്കുള്ള അംഗീകാരം! അതിന് വേറൊന്നും നിലവിലില്ലല്ലോ. സാഹിത്യത്തിൽ പരഗതി കിട്ടാത്തവർക്കുള്ള അവാർഡ്!
അത് പോലെയാണോ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ പദവിയും? കണക്കിൽ ഇനിയും തിരിച്ചിട്ട് മറിച്ചിട്ട് അനന്തമായ പൂജ്യങ്ങളിട്ട് കയറിക്കൊണ്ടിരിക്കുകയാണ് പള്ളിയറ ശ്രീധരൻ. അദ്ദേഹത്തെ ഇനിയെങ്കിലും കണ്ണൂരിൽ പോയി വിശ്രമിക്കാൻ അനുവദിക്കുക. തിരുവനന്തപുരത്തെ സംസ്കൃത കോളേജിന്റെ കാടുപിടിച്ച മൂലയിൽ എസി പോലുമില്ലാത്ത വൃത്തിഹീനമായ മുറിയിൽ 101 ന്റെ തടവറയിൽ കൊണ്ടിരുത്താനുള്ളതാണോ ആ സാർഥക ജീവിതത്തെ?
എന്നാൽ ദോഷൈകദൃക്കുകൾ പറയുന്നത് ഈ എഴുപത്തിമൂന്നാം വയസ്സിലും അദ്ദേഹം അധികാര കേന്ദ്രങ്ങളിൽ കയറിയിറങ്ങി ചെരുപ്പു തേയ്ക്കുകയാണെന്നാണ്! അറിഞ്ഞിടത്തോളം അങ്ങനെയാണ് കാര്യങ്ങൾ! മൂന്നു വർഷമാണ് കാലാവധി. തുടർഭരണക്കാരോടൊപ്പം രണ്ട് ടേം വിജയകരമായി തികക്കാൻ ഒരു വർഷമെങ്കിൽ ഒരു വർഷം കൂടി ഡയറക്ടറായി കടിച്ചു തൂങ്ങിരിക്കാനുള്ള ശ്രമം നടത്തുകയാണോ? ജനപ്രതിനിധികളിൽ ചില രാജവെമ്പാലകൾ പ്രസാദിച്ചിട്ടുമുണ്ട്. ഇനി പന്ത്രണ്ടാം മണിക്കൂറിൽ സർക്കാരെങ്ങാനും “മൂഞ്ചിപ്പിക്കു”മോ ആവോ?
ഇപ്പോൾ വ്യക്തമായിക്കാണുമല്ലോ പരാജയമല്ല ആ പദത്തിന്റെ ശരിയായ അർഥമെന്ന്. എന്തുകൊണ്ടും അർഥവത്തായ പദമാണത്! കാലഹരണപ്പെടാത്ത പദം. ഓരോ നാൾ കഴിയുന്തോറും സർക്കാരിനും ജനതയ്ക്കുമിടയിൽ തെളിഞ്ഞു വരുന്ന പദം! ഡയറക്ടർ പള്ളിയറ ശ്രീധരനേയും, അദ്ദേഹം എഴുതിയ പദം അറം പറ്റിച്ചു കളയുമോ? അപ്പോഴേ അദ്ദേഹത്തിന് ബോധ്യമാകൂ അതിന്റെ യഥാർത്ഥ അർഥമെന്തെന്ന്!
SOURCE – https://kalamnews.in/column-calendar-m.rajeev-kumar-290











