ഫെബ്രു. 26,
പവിത്രശൂന്യതയില്‍ ഒഴുകിയ രണ്ട് പതീറ്റാണ്ട്.
ജനിമൃതികളെ തഴുകി ഒഴുകിപ്പോയവരില്‍ ഏറെ മനസ്സില്‍ തറച്ച ഒരു സുഹൃത്തായിരുന്നു എനിക്ക് പവിത്രന്‍.
ഹൃദയവാടിയില്‍ നിന്ന് പിഴുതെറിയാനാകാത്ത വിധം വിസ്മയങ്ങള്‍ വിതറിയ
അപൂര്‍വ്വവ്യക്തിത്വത്തിന്റെ സൗന്ദര്യധാമം.
മലയാള ചലച്ചിത്ര ആഖ്യാനങ്ങളില്‍ പുത്തന്‍ ഭാവുകത്വം തുന്നിച്ചേര്‍ത്ത
ധിക്കാരി.
വിടപറയുമ്പോള്‍ കേവലം 55 വയസ്സുമാത്രം പ്രായമുണ്ടായിരുന്ന പവിത്രന്റെ ആയുര്‍ദൈര്‍ഘ്യം ഇത്രമതിയായിരുന്നോ എന്നൊരു പരിഭവം സ്രഷ്ടാവിനോട് ചോദിക്കണമെന്ന് ആഗ്രഹിക്കുന്ന
കുറേപേരെങ്കിലും
ഇവിടെ ഇപ്പോഴും
ജീവിതം തുടരുന്നുണ്ട് എന്നറിയുമ്പോള്‍ ചിന്തകള്‍ക്കുപോലും നൊമ്പരം.
ഊഷ്മളമായ പുത്തന്‍ സിനിമാസങ്കല്‍പ്പങ്ങള്‍ തലയില്‍ കൊടുങ്കാറ്റായി വീശിയണഞ്ഞപ്പോള്‍ ചട്ടക്കൂടുകളെ തട്ടിമാറ്റികൊണ്ട് ഭയരഹിതനായി നേരിന്റെ കബനീനദിയില്‍ മുങ്ങിക്കുളിച്ച് ചലച്ചിത്രലോകത്തേക്ക് പിച്ചവെച്ചു. തുടര്‍ന്ന് ചലച്ചിത്രലോകത്തെ
വര്‍ണ്ണഗോപുരങ്ങളില്‍ ഒച്ചപ്പാടുകളുണ്ടാക്കി ധിക്കാരപൂര്‍വം തന്റെ സാന്നിധ്യമറിയിച്ച്
‘യാരോ ഒരാളാ’യി
വിസ്മയം തീര്‍ത്തു.
കബനീ നദിയില്‍ തിളപ്പിച്ചാറ്റിയ ശുദ്ധജലം
70 കളില്‍ രൂപപ്പെട്ട നവ കലാസങ്കല്‍പ്പങ്ങളില്‍ ഇതര കലാശാഖകളിലെന്നപോലെ ചലച്ചിത്രകലയിലും ആധുനികതയുടെ ചില രേഖപ്പെടുത്തലുകള്‍ പ്രകടമായിരുന്നു. അരവിന്ദനും, അടൂര്‍ ഗോപാലകൃഷ്ണനും, കെ. പി. കുമാരനും, കെ.ജി. ജോര്‍ജ്ജുമൊക്കെ അതിന്റെ ശക്തമായ വക്താക്കളായിരുന്നുവെന്ന് ശരിവെക്കുമ്പോളും ചട്ടക്കൂടുകളെ പൂര്‍ണ്ണമായും തിരസ്‌കരിച്ച്
മലയാള സിനിമയ്ക്ക് പുത്തന്‍ ഭാവുകത്വം സമ്മാനിച്ച ചിത്രമായിരുന്നു
‘കബനീനദി ചുവന്നപ്പോള്‍’.
പി. എ. ബക്കറായിരുന്നു അതിന്റെ സംവിധായകനെങ്കിലും പവിത്രന്‍ എന്ന ശക്തനും ധിക്കാരിയുമായ ഒരു നിര്‍മാതാവിന്റെ പ്രേരണയിലാണ് ആ ചിത്രം രൂപപ്പെട്ടത്. അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അതേ ദിവസം തന്നെയായിരുന്നു
ഒരു നക്‌സലേറ്റിനെ കേന്ദ്രകഥാപാത്രമാക്കി ഭരണകൂടത്തെ
വിമര്‍ശിക്കുന്നതരത്തിലുള്ള പ്രമേയത്തിലൂന്നി ഒരു സൃഷ്ടി നടത്തുന്നതിന്
പവിത്രന്‍ സന്നദ്ധനായത്. സാധാരണക്കാരനായ ഒരു വ്യക്തി ഭയന്നുനില്‍ക്കുമായിരുന്ന അങ്കത്തട്ടിലേക്കാണ് പവി ധൈര്യപൂര്‍വ്വം കാലെടുത്ത് വെച്ചത്. ഏതുനിമിഷവും പോലീസിന്റെ അറസ്റ്റിന് വിധേയമാകാമായിരുന്ന സാഹചര്യമായിരുന്നിട്ടുകൂടി അതിനെ അവഗണിച്ചുകൊണ്ടാണ് പവിത്രന്‍ ഇതിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നതെന്നോര്‍ക്കണം.
സര്‍ക്കാരിന്റെ
അവിവേകകത്രിക നിരവധി രംഗങ്ങള്‍ അതില്‍നിന്ന് മുറിച്ചുമാറ്റപ്പെട്ടെങ്കിലും അവസാനം അത് വെളിച്ചം കാണുകയും മികച്ച രണ്ടാമത്തെ ചിത്രത്തിന്റെ സംവിധായകനുള്ള പുരസ്‌കാരം ബക്കര്‍ജി നേടുകയുമുണ്ടായി.
*പവിത്രഹൃദയം വീശിയ ചുടുകാറ്റ്
‘ ഞാന്‍ ഭയന്ന് നിന്നിരുന്ന ഗോപുരവാതിലുകള്‍ ചവുട്ടി നിരപ്പാക്കി എന്നെ ചവുട്ടിയ കാലുകളില്‍നിന്ന് ബൂട്ടുകള്‍ പിച്ചിക്കീറി മുന്നോട്ടിരമ്പുന്ന ശക്തന്മാരെ ഞാന്‍ നമിക്കുന്നു. നാളെ ആഞ്ഞടിക്കാനായി അവരിന്ന് ശേഖരിക്കുന്ന കൊടുങ്കാറ്റിന്റെ ഗൂഡസ്പന്ദങ്ങള്‍ എന്റെ തലയിലും നിലാവുപോലെ പരക്കുന്നു.
ഞാനിതാ നമിക്കുന്നു. പക്ഷേ, എന്നെ അധിഷേപിക്കുന്നത് ക്രൂരമാണ്.
ഞാനൊരു റൊമാന്റിക്കാണ്. മാര്‍ക്‌സിസത്തിനും ആധ്യാത്മികതയ്ക്കും ഇടയില്‍പ്പെട്ട
ഒരു റൊമാന്റിക്…എന്നോട് പൊറുക്കൂ. ‘
‘യാരോ ഒരാളി’ലെ ഒരു മോണോലോഗ് ആണ് മേലുദ്ധരിച്ചത്. പവിത്രന്‍ എന്ന വ്യക്തിയുടെ
അന്തരംഗസ്പന്ദനങ്ങള്‍ തുടിച്ചുനില്‍ക്കുന്ന ഒരു വാചകമാണ് ഇത്.
1978 ല്‍ മലയാള ചലച്ചിത്രലോകത്ത് അത്ഭുതങ്ങള്‍ തുറന്നുകൊണ്ട് പിറവിയെടുത്ത ഒരു ചലച്ചിത്രമായിരുന്നു
‘യാരോ ഒരാള്‍’.
മരണത്തെ അതിജീവിക്കാനുള്ള ചിന്തകളുമായി അലയുന്ന ഒരുവന്റെ ജീവിതം പ്രമേയമായുള്ള അസാധാരണമായ ചിത്രമായിരുന്നു ഇത്. ആവിഷ്‌കാര രീതിയിലും, രചനാരീതിയിലും അങ്ങേയറ്റം പുതുമ പുലര്‍ത്തിയ ഈ ചിത്രം അന്നോളമുണ്ടായിട്ടുള്ള മറ്റ് ചലച്ചിത്രസൃഷ്ടികളില്‍നിന്ന് വേറിട്ടുനില്‍ക്കുകയും ആസ്വാദകലോകത്തെ അമ്പരിപ്പിക്കുകയും ചെയ്തു.
പവിത്രന്‍ നിര്‍മ്മിക്കുകയും,
പവിത്രന്‍ തന്നെ സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും പവിത്രന്റേത് തന്നെയായിരുന്നു.
ചലച്ചിത്രവ്യാകരണ വേദാന്തം വലിച്ചെറിഞ്ഞ്
‘പേര്‍സണല്‍ സിനിമ’ എന്ന വിഭാഗത്തില്‍ പെടുത്താവുന്ന മലയാളത്തിലെ അസാമാന്യമായൊരു
ദൃശ്യവിരുന്നായിരുന്നു
ആ ചലച്ചിത്രം. ഈ ചിത്രം ആസ്വദിച്ച കലോപാസകര്‍ മിഴിച്ചിരുന്നുപോയ നൂതനമായൊരു ആഖ്യാന ശൈലിയിലായിരുന്നു പവിത്രന്‍ ഇത് രൂപപ്പെടുത്തിയത്. മാത്രവുമല്ല, വിഷയഗരിമയിലും ഇത് വേറിട്ട ഒരു വിഭവമായിരുന്നു.
ചലച്ചിത്ര വ്യാകരണമന്ത്രങ്ങളെ കാറ്റില്‍പറത്തികൊണ്ട് സിനിമക്ക് ഇങ്ങനേയും ഒരു ആവിഷ്‌ക്കാര സൗന്ദര്യം ചാര്‍ത്താമെന്ന് സിനിമാസമൂഹത്തെ ബോധ്യപ്പെടുത്തിയ ഉത്തമമായ രചനയാണ് ‘യാരോ ഒരാള്‍’. ആരോടും കണക്കുപറയാനോ, ആരാലും നിയന്ത്രണച്ചരടില്‍ തെളിക്കപ്പെടാനോ ഒട്ടും ഇഷ്ടപ്പെടാത്ത പവിത്രന് അതുകൊണ്ടുതന്നെ തന്റെ മനസ്സിന്റെ തോന്നലുകളോട് പൂര്‍ണ്ണമായും നീതിപുലര്‍ത്താന്‍ ഈ ആവിഷ്‌ക്കാരത്തിലൂടെ സാധിച്ചിട്ടുണ്ട്.
എന്നെന്നും ആത്മസഖാവായ
ടി. വി. ചന്ദ്രനോട് മാത്രമാണ് അല്‍പ്പമെങ്കിലും ചിത്രത്തിന്റെ ഉള്ളറകള്‍ ചിത്രീകരണത്തിന് മുന്‍പ് പവി പങ്കുവെച്ചിട്ടുള്ളത്.
തൊഴിലില്ലായ്മയും വിരസതയും ഭാവിയെക്കുറിച്ചുള്ള വിഹ്വലതകളും പേറുന്ന വ്യക്തിജീവിതങ്ങളുടെ സ്പന്ദനങ്ങള്‍ സംവിധായകമനസ്സില്‍ തീര്‍ത്ത അസ്വസ്ഥചിന്തകളിലൂടെ വികസിക്കുന്ന ഈ ചിത്രം നമ്പൂതിരിയുടെ
കലാസംവിധാന ചാരുതയാലും, അരവിന്ദന്റെ ശാന്തഗംഭീരമായ സംഗീതസംവിധാന
മിടുക്കിനാലും, മധു അമ്പാട്ടിന്റെ വിഷയധ്വനി ചേര്‍ത്തുവെച്ച ഛായാഗ്രാഹണ വൈദഗ്ദ്യത്താലും പുതുമകള്‍പെയ്ത
അനുഭൂതി കൈവരിക്കാന്‍ ഇതിനായി.
കഥയും കഥാപാത്രങ്ങളുമൊക്കെ കേവലയുക്തിയിലധിഷ്ഠിതമായ നീതിബോധങ്ങളില്‍ നിന്ന് വഴിമാറി സഞ്ചരിക്കുന്നതായി ബോധ്യപ്പെടുന്ന ഈ രചന പവിത്രന്റെ തന്നെ ജീവിതഗന്ധം പേറുന്ന ഒരു ആവിഷ്‌ക്കാരമായിരുന്നുവെന്ന് ചിന്തരവിയും, ടി. വി. ചന്ദ്രനും സാക്ഷ്യപ്പെടുത്തുന്നുണ്ട്.
പുരസ്‌കാരങ്ങളുടെ പെരുമഴയില്‍
ജനകീയ കൂട്ടായ്മകളുടെ സഹായത്തോടെയാണ് ഈ ചിത്രം അക്കാലത്ത് കേരളം മുഴുവന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.
ബോംബെയില്‍ വെച്ച് നടന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വിദേശപ്രതിനിധികള്‍ ഈ ആവിഷ്‌കാരശൈലി ആസ്വദിച്ച് മിഴിച്ചിരുന്നുപോയിട്ടുണ്ടെന്ന് കെ. ആര്‍. മോഹനന്‍ ഒരിക്കല്‍ പറഞ്ഞത് ഞാന്‍ ഓര്‍ത്തുപോകുകയാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ള
സിനിമ ‘യാരോ ഒരാളാ’ണെന്ന് വി. കെ. ശ്രീരാമനും ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാറിന്റെ ചിത്രസംയോജനത്തിനുള്ള അവാര്‍ഡ് രാമന്‍ നായര്‍ക്കും, ക്യാമറാമാനുള്ള അവാര്‍ഡ് മധു അമ്പാട്ടിനും നേടാന്‍ ഈ ചിത്രം അവസരമൊരുക്കി. മാത്രവുമല്ല അവാര്‍ഡ് ജൂറിയുടെ പ്രത്യേക പ്രശംസയും ‘യാരോ ഒരാള്‍’ കരസ്തമാക്കി.
ടി. രവീന്ദ്രനാഥ് (ബാങ്ക് രവി),
എ. സി. കെ. രാജ, പ്രൊതിമ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി മാറിയ ഈ ചിത്രത്തില്‍
ഒരു ആന്ത്രോപോളജിസ്റ്റിന്റെ വേഷം പവിത്രനും അണിയുകയുണ്ടായി.
‘ഉപ്പ്’ മുതല്‍ ‘കുട്ടപ്പന്‍ സാക്ഷി’ വരെ
ശരീയത്ത് നിയമങ്ങളെ ചൊല്ലിയുള്ള വിവാദങ്ങള്‍ കേരളമൊട്ടാകെ എരിപിരികൊണ്ടിരുന്ന ഒരു കാലത്താണ് ‘ഉപ്പ്’ എന്ന അസാധാരണമായ സിനിമയുടെ സൃഷ്ടി നടക്കുന്നത്.
വ്യക്തികള്‍ തങ്ങളുടെ
സ്വാര്‍ത്ഥമോഹങ്ങള്‍ക്കുവേണ്ടി മതനിയമങ്ങളെ വികലമായി വ്യാഖ്യാനിച്ച് പാവപ്പെട്ടവരേയും, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരേ യും ദുരുപയോഗം ചെയ്യുന്ന ഒരു വിഷയമാണ് ‘ഉപ്പ്’ ചര്‍ച്ച ചെയ്തത്.
പാവപ്പെട്ട ഒരു മത്സ്യത്തൊഴിലാളിയുടെ സുന്ദരിയായ ഭാര്യയെ ജന്മിയായ ഒരാള്‍ മതനേതാക്കളുടെ സഹായത്താല്‍ മൊഴിചൊല്ലിപ്പിച്ച് തന്റെ ഭാര്യയാക്കി മാറ്റുന്ന വിചിത്രമായ പ്രമേയമായിരുന്നു അത്. കാലത്തെ അതിജീവിച്ച് ഇന്നും ‘ഉപ്പി’ന്റെ പ്രസക്തി നമ്മുടെ സമൂഹത്തില്‍ ഭീതിയോടെ നിലനില്‍ക്കുന്നു. സംസ്ഥാനതലത്തിലും, ദേശീയതലത്തിലും നിരവധി അംഗീകാരങ്ങള്‍ ഈ ചിത്രം നേടുകയുണ്ടായി.
ഇടവിട്ടിടവിട്ടുള്ള ഇത്തരം കലാസപര്യകള്‍ക്കിടയില്‍ പിറന്നുവീണ മഹിമ നിറഞ്ഞ സൃഷ്ടികളാണ് ഉത്തരം, ബലി, കുട്ടപ്പന്‍ സാക്ഷി തുടങ്ങിയ ചലച്ചിത്രങ്ങളും മറ്റേതാനും ഡോക്യുമെന്ററി ചിത്രങ്ങളും. അതില്‍ എം. ടി. തിരക്കഥയെഴുതി മമ്മൂട്ടി പ്രധാന കഥാപാത്രമായി അവതരിപ്പിച്ച ഉത്തരം
അന്നും ഇന്നും ജനഹൃദയങ്ങളെ ആകര്‍ഷിച്ചുകൊണ്ടിരിക്കുകയാണ്. കുട്ടപ്പന്‍ സാക്ഷിയാകട്ടെ ഒരു നൂറ്റാണ്ടിലെ കേരളചരിത്രത്തിന്റെ സിരകളില്‍ കൂടിയുള്ള അന്വേഷണാത്മകമായ ഒരു യാത്രയെ ആവിഷ്‌കരിച്ച ‘ഡോക്യൂഫിക്ള്‍ഷന്‍’ ഗണത്തില്‍പെടുന്ന ഒന്നായിരുന്നു.
Pavithran was an ultimate practising Post modernist
അനാവശ്യമെന്ന് തോന്നിയിട്ടുള്ള പവിയുടെ ചില ഉദാസീനതകളെ വിമര്‍ശിക്കാറുള്ള എന്നോട്; ‘എന്റെ ആഗ്രഹങ്ങളെല്ലാം കഴിഞ്ഞെടാ, സിനിമ നിര്‍മ്മിക്കണമെന്നും, സിനിമ സംവിധാനം ചെയ്യണമെന്നും, സിനിമയില്‍ അഭിനയിക്കണമെന്നും എന്റെ ആഗ്രഹങ്ങളായിരുന്നു. അത് മൂന്നും ഞാന്‍ ചെയ്തുതീര്‍ന്നിരിക്കുന്നു, ഇനിയെന്താ..!’
എന്ന് പറയാറുണ്ടായിരുന്നു.
സ്വന്തം കുടുംബത്തെ നിശബ്ദമായും, സൗഹൃദ സാമ്രാജ്യങ്ങളെ ആരവത്തോടുകൂടിയും പ്രണയിച്ചിരുന്ന പവിത്രന്‍ സത്യത്തില്‍ മനസ്സുനിറയെ സ്‌നേഹം കവിഞ്ഞൊഴുകിയ ഒരു പാവത്താനായിരുന്നു. ആകാരത്തിലും, ശബ്ദത്തിലും, വസ്ത്ര ശബളിമയിലും അസാധാരണത്വം തീണ്ടിയിരുന്നുവെങ്കിലും മനസ്സില്‍ ഒരു ഇളനീരുമായി ജീവിച്ച
പ്രസന്നചിത്തനായിരുന്നു പവി.
എളുപ്പത്തില്‍ വ്യാഖ്യാനിക്കപ്പെടാവുന്ന ഒരു ജന്മമായിരുന്നില്ല പവിത്രന്റേത്. അതുകൊണ്ടാണ് മാധ്യമ പ്രവര്‍ത്തകനായ ശശികുമാര്‍ പറഞ്ഞത് ;
‘Pavithran was better than his work,
Pavithran was better than what he has done,
Pavithran was a process,
Pavithran was an ultimate practising post modernist
and he was a part of our life.’











