‘ ഇനിയും മരിക്കാത്ത ഭൂമി !
നിന്നാസന്നമൃതിയില്‍
നിനക്കാത്മശാന്തി !
ഇത് നിന്റെ (എന്റെയും)
ചരമശിശ്രൂഷക്ക്
ഹൃദയത്തിലിന്നേ കുറിച്ച ഗീതം.
മൃതിയുടെ കറുത്ത വിഷപുഷ്പം
വിടര്‍ന്നതിന്‍ നിഴലില്‍
നീ നാളെ മരിക്കവേ
ഉയിരറ്റ നിന്‍
മുഖത്തശ്രുബിന്ധുക്കളാല്‍
ഉദകം പകര്‍ന്നു
വിലപിക്കുവാന്‍
ഇവിടെയവശേഷിക്കയില്ലാരും ഈ ഞാനും !
ഇതു നിനക്കായ് ഞാന്‍ കുറിച്ചിടുന്നു:
ഇനിയും മരിക്കാത്ത ഭൂമി !
നിന്നാസന്നമൃതിയില്‍ നിനക്കാത്മശാന്തി ! ‘
1983 ല്‍
‘ഭൂമിക്കൊരു ചരമഗീതം’
എന്ന കവിതയില്‍
ഒഎന്‍വി ഭൂമിക്കുവേണ്ടി, നമുക്കുവേണ്ടി
കുറിച്ചിട്ട വരികള്‍ !
ഇന്നും പ്രസക്തമല്ലേ
ചരമഗീതത്തിലെ
ഈ വരികള്‍ ?
ഒരുവശത്ത് ഭൂപ്രകൃതിയേയും ഭൂമിയെത്തന്നെയും നശിപ്പിച്ചുകൊണ്ടിരിക്കുന്ന ആധുനിക ‘പുരോഗമനവാദികള്‍’.
മറുവശത്ത്
മനുഷ്യരാശിയെ മുഴുവന്‍ കൊന്നൊടുക്കുവാന്‍ പ്രാപ്തിയുള്ള
ആയുധങ്ങളുടേയും അണുവായുധങ്ങളുടേയും ഉത്പാദനവും ക്രയവിക്രയവും
നടത്തിക്കൊണ്ടിരിക്കുന്ന ‘സമാധാനപ്രിയരായ ഭരണാധികാരികള്‍!
എല്ലാം കണ്ട്
മണ്ടന്മാരായി
മിണ്ടാതിരിക്കുന്ന
‘മനുഷ്യസ്‌നേഹികള്‍’ !
പിന്നെങ്ങനെ കവി കരയാതരിക്കും?
‘കത്തുന്ന സൂര്യന്റെ കണ്ണുകളില്‍ നിന്നഗ്‌നി വര്‍ഷിച്ച്
രോഷമുണരുന്നു’ എന്ന് കവി എഴുതുമ്പോള്‍
യഥാര്‍ത്ഥത്തില്‍ രോഷമുണരുന്നത് കത്തുന്ന സൂര്യന്റെ കണ്ണുകളിലല്ല,
പ്രത്യുത കവിയുടെ
സ്‌നഹാര്‍ദ്ദമായ
മിഴികളിലാണ് .
ഇന്ന് കരയും കടലും വെടിക്കോപ്പുകളും പടക്കോപ്പുകളും നിറച്ച്
ഒരുകൂട്ടര്‍
ഭൂമിയുടെ ചരമം
ആസന്നമാക്കുമ്പോള്‍
രോഷാകുലനാകുവാന്‍ നമുക്കൊരു കുറുപ്പില്ല !
ജ്ഞാനപീഠപുരസ്‌ക്കാരജേതാവായ, പത്മഭൂഷണ്‍ പത്മവിഭൂഷണ്‍
എന്നീ
പദവികള്‍ നല്‍കി രാഷ്ട്രം ബഹുമാനിച്ച മലയാളത്തിന്റെ പ്രശസ്ത കവിയും ഗാനരചയിതാവുമായ ആദരണീയ ശ്രീ ഒ.എന്‍.വി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ്
കൊല്ലം ജില്ലയിലെ ചവറയില്‍ ഒറ്റപ്ലാക്കല്‍ കൃഷ്ണകുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മൂന്നുമക്കളില്‍ ഇളയമകനായി
1931 മെയ് 27ന്
ജനിച്ചു. പരമേശ്വരനെന്നും അപ്പുവെന്നും
ഓമനപ്പേരില്‍
വീട്ടില്‍ വളര്‍ന്ന കുട്ടി സ്‌കൂളിലെത്തിയപ്പോള്‍ ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പായി.
സാമ്പത്തികശാസ്ത്രത്തില്‍ ബിരുദവും മലയാളഭാഷയില്‍ ബിരുദാനന്തരബിരുദവും കരസ്ഥമാക്കിയ
കുറുപ്പ് എറണാകുളം മഹാരാജാസ് കോളേജില്‍ മലയാളം അദ്ധ്യാപകനായും പിന്നിട് വിവിധ കോളേജുകളില്‍ മലയാളവിഭാഗം തലവനായും,
കുട്ടികളുടെ ദ്വൈവാരികയായ
‘തത്തമ്മ’യുടെ മുഖ്യപത്രാധിപനായും
സേവനമനുഷ്ടിച്ചു.
മനുഷ്യസ്‌നേഹത്തിന്റെ മഹിമയും
പ്രകൃതിസ്‌നേഹത്തിന്റെ പെരുമയും അക്ഷരങ്ങളില്‍ മാത്രം കോര്‍ത്തിണക്കാതെ, പാവങ്ങളുടെ പക്ഷംചേര്‍ന്ന രാഷ്ട്രീയചിന്താധാരയെ മറ്റുള്ളവരുടെ മുമ്പില്‍ മടികൂടാതെ
സ്വാഗതം ചെയ്തു
ജീവിച്ച മലയാളികളുടെ പ്രിയ കാവ്യഗന്ധര്‍വ്വന്‍
എണ്‍പത്തിനാലാം വയസ്സില്‍ 2016 ഫെബ്രുവരി 13ന് ലോകം വിട്ടു പോയിട്ട് പത്തു വര്‍ഷം തികയുകയാണ്.
പതിനഞ്ചാം വയസ്സില്‍ ‘മുന്നോട്ട്’ എന്ന ആദ്യ കവിതാരചനയില്‍നിന്ന് ഒരിക്കലും പിന്നോട്ടു പോകാതെ കാവ്യരചനയിലും അതിലുപരി ഗാനരചനയിലും മലയാളികളുടെ മനം കവര്‍ന്ന വിശ്വസാഹിത്യപ്രതിഭ..!
കാവ്യഗന്ധര്‍വ്വന്‍!
എന്റെ കാവ്യവഴിയിലെ വെട്ടവും വെളിച്ചവും!
ശ്രീ ഒ.എന്‍.വി
അദ്ദേഹത്തിന്റെ കവിതാരചനയേയും ആദ്യനാളുകളേയും കുറിച്ച്
രേഖപ്പെടുത്തിയിരിക്കുന്നത് ഇപ്രകാരം: ‘ഏകാന്തതയുടെ അമാവാസിയില്‍ എന്റെ ബാല്യത്തിന് കൈവന്ന ഒരു തുള്ളി വെളിച്ചമാണ് കവിത. കുട്ടികള്‍ പറയും, കിളിക്ക് അതിന്റെ കൂട്ടില്‍ രാത്രികാലത്ത് വെളിച്ചമാകുന്നത് മിന്നാമിനുങ്ങുകളാണെന്ന്.
എനിക്കാവട്ടെ, അത് കവിതയായിരുന്നു.’
അതെ, കവിതക്ക് അദ്ദേഹം ഒരു മിന്നാമിനിങ്ങിന്റെ സ്ഥാനം നല്‍കുകയായിരിന്നു ! എന്നാല്‍ കാലന്തരത്തില്‍ മിന്നാമിനുങ്ങിന്റെ മിന്നും വെളിച്ചത്തില്‍നിന്ന്
ചന്ദ്രപ്രഭയിലേക്കും സൂര്യശോഭയിലേക്കും നക്ഷത്രത്തിളക്കത്തിലേക്കും പറന്നുയരുകയായിരിന്നു ഒ.എന്‍.വി യുടെ അക്ഷരങ്ങള്‍!
അങ്ങനെ എന്റെ മനസ്സിലും ഇത്തിരി വെട്ടവുമായി കുറെ
മിന്നാമിനുങ്ങകള്‍ കൂടുകൂട്ടി.
ഒഎന്‍വിയെക്കുറിച്ചോര്‍ക്കുമ്പോള്‍ അദ്ദേഹമെഴുതിയ ചലച്ചിത്രഗാനങ്ങളേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് അദ്ദേഹത്തിന്റെ
കവിതകള്‍ക്കാണെന്നു വ്യക്തമാകും.
അദ്ദേഹം 1984 ല്‍
രചിച്ച
‘ സൂര്യഗീതം ‘
ശ്രദ്ധേയമാണ്.
‘ സ്വസ്തി, ഹേ സൂര്യ !
തേ സ്വസ്തി !
മറ്റുള്ളവര്‍ക്കായ്
സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യാ !
വറ്റാത്ത നിറവാര്‍ന്ന നിന്‍
തപ്തദീപ്തമാം
അക്ഷയപാത്രത്തില്‍നിന്നുറന്നൊഴുകുന്നൊരിത്തിരിച്ചൂടുപാല്‍
വെളിച്ചം കുടിച്ചിവിടെ
ഇച്ചെറിയ വട്ടത്തിലിക്കൊച്ചുഭൂമിയില്‍
ജീവന്റെയുന്മത്തനൃത്തം…’
ദീര്‍ഘമേറിയ ഈ കവിത അദ്ദേഹം എഴുതിയവസാനിപ്പിക്കുന്നതിങ്ങനെ:
‘മറ്റുള്ളവര്‍ക്കായ്
സ്വയം കത്തിയെരിയുന്ന
സുസ്‌നേഹമൂര്‍ത്തിയാം സൂര്യ !
സ്വസ്തി ഹേ സൂര്യ ! തേ സ്വസ്തി !’
ഇവിടെ സൂര്യനെ സ്തുതിക്കുന്ന സൂര്യഗായത്രീമന്ത്രരചയിതാവായ വിശ്വാമിത്രൊ മഹര്‍ഷിയെ എങ്ങനെ ഓര്‍ക്കാതിരിക്കും !
‘ ഓം ഭൂര്‍ ഭുവഃ സ്വഃ
തത് സവിതുര്‍ വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ
പ്രചോദയാത് ‘
അല്ലയോ സൂര്യാ,
അങ്ങില്‍ കാണുന്ന സൃഷ്ടാവായ പരമാത്മാവിന്റെ
ദിവ്യതേജസ്സിനെ ഞങ്ങള്‍ ധ്യാനിക്കുന്നു. ആ പരമാത്മാവ് ഞങ്ങളുടെ ബുദ്ധിയെ പ്രകാശിപ്പിക്കട്ടെ.
ഒഎന്‍വിയുടെ ‘സൂര്യഗീതം’ പഠിക്കുമ്പോള്‍,
1182നും 1226നുമിടയില്‍ ഇറ്റലിയിലെ അസ്സീസിയില്‍ ജീവിച്ചിരുന്ന വി.ഫ്രാന്‍സ്സീസ് അസ്സീസി 1225 ല്‍ രചന പൂര്‍ത്തിയാക്കിയ
‘സൂര്യകീര്‍ത്തനം’
എന്ന കവിതയിലെ ഏതാനും ഭാഗങ്ങള്‍ അനുവാചകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്.
‘സര്‍വ്വ സൃഷ്ടികളിലും ശ്രേഷ്ഠവും, സര്‍വ്വരാലും ആദരിക്കപ്പെടേണ്ടവവനും,
എന്റെ സ്‌നേഹസഹോദരനുമായ സൂര്യ , നിന്നില്‍ക്കൂടി
സര്‍വ്വചരാചരസൃഷ്ടാവായ ദൈവം സ്തുതിക്കപ്പെടട്ടെ ! പകലായ അവനിലൂടെ ഞങ്ങള്‍ക്കു നീ വെളിച്ചമേകുന്നു.
അവന്‍ സുന്ദരനും, ഉജ്ജ്വലകാന്തിയാല്‍ പ്രകാശത്തിന്റെ കതിരുകള്‍ വീശുന്നവനും, മഹോന്നതനും,
നിന്റെ സാദൃശ്യവുമാകുന്നു.’
സൂര്യശോഭ ഭൂമിക്കും ഭൂമിയിലെ സര്‍വ്വ ജീവജാലങ്ങള്‍ക്കും ജീവനും ഉണര്‍വ്വും നല്‍കുമ്പോള്‍ ദൈവസ്‌നേഹം
ആത്മീയ-മാനസ്സീകോണര്‍വിന് കാരണമാകുന്നു.
ഇവയില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്.
കാലദേശങ്ങള്‍ കടന്നു ചിന്തിക്കുന്ന ഒരു കാവ്യമനസ്സിന്റെ ഉടമയാണ് കാവ്യഗന്ധര്‍വ്വനായ ഒഎന്‍വി കുറുപ്പ്.
ഒരു പെണ്‍കിടാവിന്റെ ജന്മത്തെ കോതമ്പുമണികളോടുപമിച്ചെഴുതിയ ‘കോതമ്പുമണികള്‍’ എന്ന കവിത കാവ്യഗന്ധര്‍വ്വന്റെ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള മനോവ്യധകളായിരുന്നു എന്നു കാണാം:
‘പേരറിയാത്തൊരു പെണ്‍കിടാവേ
നിന്റെ നേരറിയുന്നു ഞാന്‍, പാടുന്നു:
കോതമ്പക്കതിരിന്റെ നിറമാണ് !
പേടിച്ച പേടമാന്‍ മിഴിയാണ് !
കൈയില്‍ വളയില്ല, കാലില്‍ കൊലുസുമില്ല
മെയ്യിലലങ്കാരമൊന്നുമില്ല.’
……………………………..
ഒരമ്മൂമ്മയുടെ ഗദ്ഗദം ഒഎന്‍വിയുടെ
വാക്കുകളില്‍ നോക്കൂ:
‘നമ്മള് നോക്കി വളര്‍ത്തുമിക്കോതമ്പും
നമ്മളും മക്കളേ ഒന്നുപോലെ !
ആറ്റുനോറ്റാരോ വളര്‍ത്തുന്നു !
കതിരാരോ കൊയ്തുമെതിക്കുന്നു !
പൊന്നിന്‍ മണികളേതോകമ്പളങ്ങളില്‍
പോയിത്തുലയുന്നു !’
ഒരു പെണ്‍കിടാവിന്റെ മനസ്സറിയുന്ന കവി ‘കോതമ്പുമണികള്‍’ എഴുതി നിര്‍ത്തുന്നതിങ്ങനെ:
‘പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍
തേടുന്നതാരെയെന്നറിവൂ ഞാന്‍;
മാരനെയല്ല ,മണവാളനെയല്ല ,
നിന്‍ മാനം കാക്കുമൊരാങ്ങളയെ !
കുതതിരപ്പുറത്ത്
തന്നുടവാളുമായവന്‍ കുതികുതിച്ചെത്തുന്നതെന്നാവോ !’
കോതമ്പുമണികളേയും പെണ്‍കിടാങ്ങളേയും കവി എത്ര മനോഹരമായിട്ടാണ് വര്‍ണ്ണിച്ചിരിക്കുന്നത് !
ഒഎന്‍വിയുടെ ഗാനശേഖരങ്ങളിലേക്ക് കടന്നാല്‍ പ്രവാസികളുടേയും സ്വദേശികളുടേയും മനസ്സില്‍
ഒരുപോലെ
മങ്ങലേല്‍ക്കാതെയും
മായാതെയും നില്‍ക്കുന്ന ഒരീണമുണ്ട്.
‘ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം
മരമൊന്നുലുത്തുവാന്‍ മോഹം !
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം !
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം !
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ച്
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്ത്
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നൊരു കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
എതിര്‍പാട്ടു പാടുവാന്‍ മോഹം !
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോട്
അരുതേയെന്നോതുവാന്‍ മോഹം !
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം…..’
അതെ , വെറുതെയീ മോഹങ്ങള്‍ എന്നറിയുമ്പോഴും ഓര്‍മ്മകളുടെ
തുരുത്തിലേക്ക്
വെറുതെ ഒന്നോടിയെത്തുവാന്‍
മോഹിക്കത്തവരായി ആരാണുള്ളത് ?
‘മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടു വരൂ
കൊണ്ടു പോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍’
ഇവിടെയും നമുക്ക് ഒഎന്‍വിയുടെ
വരികള്‍ കടമെടുക്കാം











