LIMA WORLD LIBRARY

സര്‍ഗ്ഗാത്മകതയും AI-യും: ഒരു വിശകലനം – ഉദയചന്ദ്രന്‍ (Udayachandran)

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ഒരു ദേവതയോ അതോ രാക്ഷസനോ? ഉത്തരമില്ലാത്ത ചോദ്യങ്ങളുയര്‍ത്തി ഈ സാങ്കേതികവിദ്യ പലപ്പോഴും നമുക്ക് നേരെ കൊഞ്ഞനം കുത്താറുണ്ട്.
എന്നാല്‍ വൈകാരികമായ ഈ പുകമറ മാറ്റിനിര്‍ത്തി യാഥാര്‍ത്ഥ്യത്തെ നാം വസ്തുനിഷ്ഠമായി വിശകലനം ചെയ്യേണ്ടതുണ്ട്.
AI സൃഷ്ടിക്കുന്ന സാഹിത്യം ‘പട്ടിണിയുടെ മണ്ണില്‍ നിന്നല്ല, യന്ത്രത്തില്‍ നിന്നാണ്’ എന്ന നിരീക്ഷണം അങ്ങേയറ്റം സപ്ഷടവും വസതുനിഷ്ഠവുമാണ്.
എങ്കിലോ? യന്ത്രം സ്വയം ഒന്നും സൃഷ്ടിക്കുന്നില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം?
മനുഷ്യന്‍ പകര്‍ന്നുനല്‍കിയ കോടിക്കണക്കിന് വാചകങ്ങളെയും ഭാഷാഭാവങ്ങളെയും അപഗ്രഥിച്ച് വാക്കുകള്‍ കോര്‍ത്തുവെച്ചുള്ള ഒരു പ്രതിഫലനം മാത്രമാണ് AI നിങ്ങള്‍ക്ക് തിരിച്ച് തരുന്നത്.
AI-ക്ക് അത്മാവിലല, ആത്മാനുഭവവുമില്ല; പക്ഷേ AI-ക്ക് അനുകരിക്കാനാവും. പ്രത്യേകിച്ച് അനുഭവത്തിന്റെ ഭാഷയെ അതിമനോഹരമായി അതിന് പ്രയോഗിക്കാനാവും.
ഒഥല്ലോയിലെ ‘I kissed thee ere I killed thee’ എന്ന വരിയെടുക്കുക.
വിരുദ്ധഭാവങ്ങള്‍ ഒരേ നിമിഷം കൂട്ടിമുട്ടുന്ന കലയുടെ ആ ഉച്ചസ്ഥായിയെ വിശകലനം ചെയ്യാന്‍ AI-ക്ക് കഴിഞ്ഞേക്കാം. എന്നാല്‍ ഡെസ്ഡിമോണയോടുള്ള ഒഥല്ലോയുടെ ഹൃദയവേദന അനുഭവിക്കാന്‍ അതിനാവില്ല.
AI-ക്ക് അനുഭവത്തിന്റെ ‘രൂപത്തെ’ (Form) പുനര്‍നിര്‍മ്മിക്കാനാവും. പക്ഷേ അതിന്റെ ‘സത്തയെ’ (Essence) അതിനൊന്ന് തൊടാന്‍ പോലുമാവുന്നില്ല.
ശരിയാണ്, ലോകത്തുള്ള അറിവുകളും വസ്തുതകളും ചരിത്രവുമെല്ലാം എല്ലാവര്‍ക്കും ലഭ്യമായ കാര്യങ്ങളാണ്. അവ ആരുടെയും സ്വന്തമല്ല.
ആ വിവരങ്ങളെ ഒരാള്‍ തന്റെ മനക്കണ്ണിലൂടെ എങ്ങിനെ കാണുന്നു എന്നതും, സ്വന്തം ഭാവനയിലൂടെ അതിനെ എങ്ങിനെ അവതരിപ്പിക്കുന്നു എന്നതിലാണ് സര്‍ഗ്ഗാത്മകത പ്രകടമാകുന്നത്.
അതുകൊണ്ടുതന്നെ, AI ഉപയോഗിക്കുന്ന ഒരാള്‍ എഴുത്തുകാരന്‍ എന്ന പദവിക്ക് അര്‍ഹനാകുന്നത് അയാളുടെ സര്‍ഗ്ഗാത്മകമായ ഉത്തരവാദിത്തത്തെയും നൈതികതയെയും അടിസ്ഥാനമാക്കിയാണ്.
എഴുത്തിന്റെ ലോകത്തെ മാഫിയകളും ചൂഷണങ്ങളും സാങ്കേതികവിദ്യയുടെ തകരാറല്ല, മറിച്ച് മനുഷ്യന്റെ ദുരുപയോഗമാണ്.
ഒരു കത്തി കൊണ്ട് ശസ്ത്രക്രിയയും നടത്താം, കൊലപാതകവും ചെയ്യാം. കുറ്റം ഉപകരണത്തിന്റേതല്ല, അത് പ്രയോഗിക്കുന്ന കൈകളുടേതാണ്.
ഒരു മഹാകവിയേയോ, മഹാ-കലാകാരനെയോ സൃഷ്ടിക്കാന്‍ AI-ക്ക് കഴിയുമോ? രൂപത്തില്‍ ചിലരെ പ്രശസ്തരാക്കാന്‍ കഴിഞ്ഞേക്കാം, പക്ഷേ ‘മഹാ….. എന്നത് കാലം നല്‍കുന്ന പദവിയാണ്.
പട്ടിണിയും വേദനയും ജീവിതത്തിന്റെ എരിവുകളും അനുഭവിച്ചുതീര്‍ത്ത അയ്യപ്പന്റെ വരികള്‍ ഇന്നും നമ്മുടെ ചങ്കില്‍ തറക്കുന്നത് അതുകൊണ്ടാണ്. ചങ്ങമ്പുഴയുടേയും, ഇടശ്ശേരിയുടേയും വരികള്‍ നമ്മെ ഇളക്കിമറിക്കുന്നത് അത് കൊണ്ടാണ്.
മറ്റ് ഭാഷകളിലെ സ്ഥിതിയും മറ്റൊന്നല്ല. കാഫ്ക, ഓസ്‌കാര്‍ വൈല്‍ഡ്, ദസ്‌തേവ്‌സകി എന്നിങ്ങനെ ആ പട്ടികയും അവസാനിക്കുന്നില്ല.
AI-ക്ക് അത്തരമൊരു ജീവിതമില്ലല്ലോ! ആ യാന്ത്രികശക്തിക്ക് ഒരു എഴുത്തുകാരന്റെ അധ്വാനം കുറയ്ക്കാനായേക്കും, പക്ഷേ ഒരാശയമോ, വൈകാരികമായ ചിന്തയോ സങ്കല്‍പ്പിക്കാനാവില്ല, മനുഷ്യമനസ്സില്‍ നിന്ന് അതിന് കിട്ടുന്ന ഒരു ചിന്താശകലമോ, ഉള്‍ക്കാഴ്ചയോ വരുന്നത് വരെ!
AI- ക്ക് വരുത്താനാവുന്ന കാതലായ വ്യത്യാസമെന്നത് വേഗതയിലാണ്.
കാല്‍നടയാത്രയും വിമാനയാത്രയും തമ്മിലുള്ള അന്തരമായി ഇതിനെ നമുക്ക് കാണേണ്ടിവരും. വിമാനം യന്ത്രസഹായത്തോടെ മിന്നല്‍ വേഗത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നു. എന്നാല്‍ കാല്‍നടയാത്ര ക്ലേശപൂര്‍ണ്ണമാണെങ്കിലും ആത്മാനുഭവം നല്‍കുന്നു. വിമാനം വേഗത നല്‍കുമ്പോള്‍ കാല്‍നടപ്പാണ് തിരിച്ചറിവുകള്‍ നല്‍കുന്നത്. ഇതില്‍ ഏത് വേണമെന്ന് തീരുമാനിക്കേണ്ടത് മനുഷ്യനാണ്.
AI-ക്ക് ആത്മാവുണ്ടോ എന്നത് അപ്രസക്തമായ ചോദ്യമാണ്. അതൊരു ജീവനുള്ള സത്തയല്ല, മറിച്ച് ഒരു ഗണിത മാതൃക (Mathematical Model) മാത്രമാണ്. മനുഷ്യന്റെ മനസ്സാക്ഷിയിലും ഹൃദയശുദ്ധിയിലുമാണ് ആത്മാവിന്റെ ഭാഷയുള്ളത്.
മനുഷ്യന്‍ സ്വയം ശൂന്യനാകാന്‍ തയ്യാറായാല്‍ മാത്രമേ AI അവനെ ശൂന്യനാക്കൂ. എഴുത്തിന്റെ പരിസരങ്ങള്‍ വിപുലമാക്കാന്‍ AI-ക്ക് കഴിയും, പക്ഷേ സത്യസന്ധമായ പ്രതിഭയെ ഇല്ലാതാക്കാന്‍ അതിനാവില്ല; മറിച്ച് യഥാര്‍ത്ഥ പ്രതിഭയ്ക്ക് തിളക്കം കൂട്ടാന്‍ അത് സഹായിച്ചേക്കാം.
അതുകൊണ്ട് ‘AI ഒരു എഴുത്തുകാരനാണോ?’ എന്നതല്ല നമ്മുടെ മുന്നിലുള്ള ചോദ്യം!
‘AI ഉപയോഗിക്കുന്ന മനുഷ്യന്‍ എത്രത്തോളം സത്യസന്ധനാണ്?’ എന്നത് മാത്രമാണ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px

Related posts