LIMA WORLD LIBRARY

ഒടുവില്‍ യുക്രെൻ പച്ചക്കൊടി; 694 ഇന്ത്യക്കാർ; 12 ബസുകൾ; സൂമിയിലെ ദൗത്യം ഇങ്ങനെ

സൂമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇരുനൂറോളം മലയാളികള്‍ ഇക്കൂട്ടത്തിലുണ്ട്. 12 ബസുകളിലായി ഇന്ത്യന്‍ സംഘം പോള്‍ട്ടോവ അതിര്‍ത്തിയിലേയ്ക്ക് നീങ്ങുകയാണ്. നാളെ വൈകീട്ടോടെ നാട്ടിലെത്തും. മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഇന്ന് ഒഴിപ്പിക്കുമെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

റഷ്യയുടെ വെടിനിര്‍ത്തലിന് ഒടുവില്‍ യുക്രെയ്ന്‍ പച്ചക്കൊടി കാട്ടിയതോടെ പലതവണ മുടങ്ങിയ സൂമിയിലെ രക്ഷാദൗത്യം യാഥാര്‍ഥ്യമായി. ഇതോടെ ഒാപ്പറേഷന്‍ ഗംഗ വിജയകരമായ അന്തിമഘട്ടത്തിലേയ്ക്ക്. 694 ഇന്ത്യക്കാരാണ് പോരാട്ടം രൂക്ഷമായ സൂമിയില്‍ കുടുങ്ങിയിരുന്നത്. ഇരുനൂറോളം മലയാളി വിദ്യാര്‍ഥികളുണ്ട്. ഇവരെ 12 ബസുകളായി ഇന്ത്യന്‍ എംബസിയുെടയും റെഡ് ക്രോസിന്‍റെയും വാഹനങ്ങളുടെ അകമ്പടിയോടെ പോള്‍ട്ടോവ വഴി പടിഞ്ഞാറന്‍ അതിര്‍ത്തിലേയ്ക്ക് കൊണ്ടുപോവുകയാണ്. പത്തുമണിക്കൂറില്‍ കൂടുതല്‍ യാത്രാസമയമെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അപായഭീഷണിയുള്ളതിനാല്‍ ഏറെ കരുതലോടെയാണ് എംബസിയുടെ നീക്കം. അയല്‍രാജ്യങ്ങള്‍ എത്തിച്ച് പ്രത്യേക വിമാനത്തില്‍ നാളെ നാട്ടിലെത്തിക്കും. നേപ്പാള്‍, ബംഗ്ലദേശ്, പാക്കിസ്ഥാന്‍, ടുണീഷ്യ എന്നിവിടങ്ങളിലെ പൗരന്മാരെയും ഇതോടൊപ്പം ഇന്ത്യ ഒഴിപ്പിക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും നേരിട്ട് രക്ഷാദൗത്യം നിരീക്ഷിച്ച് വരികയാണ്.

മുന്‍കാല രക്ഷാദൗത്യങ്ങളെ അപേക്ഷിച്ച് യുക്രെയ്നിലേത് അതീവ സങ്കീര്‍ണമായിരുന്നെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കൂട്ടിച്ചേര്‍ത്തു. 52 നാവികരെ റോഡുമാര്‍ഗം ബസുകളാണ് ഒഴിപ്പിച്ചത്. ഇനിയൊരു വെടിനിര്‍ത്തലിന്‍റെ സാഹചര്യമുണ്ടാകുമോയെന്ന് വ്യക്തമല്ലാത്തതിനാല്‍ നാട്ടിലേയ്ക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ഇപ്പോഴത്തെ അവസരം പ്രയോജനപ്പെടുത്തണമെന്ന് യുക്രെയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു. 410 ഇന്ത്യക്കാരുമായി 2 വിമാനങ്ങള്‍ റുമാനിയയില്‍ നിന്ന് യാത്ര തിരിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px