LIMA WORLD LIBRARY

പലായനത്തിന്റെ കഷ്ടദിനങ്ങൾ; പ്രതീക്ഷയുടെ ദിക്കിലേക്ക്

നിറഞ്ഞു നിൽക്കുന്ന 2 ബാഗ്, അത്ര കനമില്ലാത്ത ഒരു ബാഗ്, കുഞ്ഞ് അല്ലെങ്കിൽ കുഞ്ഞുങ്ങൾ – അതിർത്തി കടന്നെത്തുന്ന യുക്രെയ്ൻ സ്ത്രീകളിൽ പലരുടെയും ഒപ്പമുള്ളത് ഇത്രയുമാണ്. ചിലരുടെ കൂടെ നായയോ പൂച്ചയോ. അവർക്കു 2 ബാഗിൽ തിക്കിക്കൊള്ളിക്കാവുന്നതേയുള്ളു ഇതുവരെയുള്ളതും ഇനിയുമുള്ളതുമായ ജീവിതം. അത്ര കനമില്ലാത്തതെന്നു കരുതാവുന്ന നിറഞ്ഞ ബാഗിലുള്ളത് കളിപ്പാട്ടങ്ങളാണ്. കുഞ്ഞുങ്ങളുടെ സന്തോഷത്തിന് അവർ നൽകുന്ന പ്രാധാന്യത്തിന്റെ അടയാളമാണ് ആ ബാഗ്.

ഇവിടെ, യുക്രെയ്ൻ‍ അതിരിൽ‍നിന്ന് ഒരു കിലോമീറ്ററോളം നടന്നാലാണ് പോളണ്ടിന്റെ മണ്ണിലെത്തുക. മൈനസ് 5 ഡിഗ്രി സെൽഷ്യസാണ് താപനില. നടത്തവും തണുപ്പും മാത്രം കൊണ്ടല്ല അവർ കിതയ്ക്കുന്നത്. മിക്കവരുംതന്നെ വീട്ടിലെ ആണുങ്ങളോട് വിടപറഞ്ഞാണ് യാത്ര തുടങ്ങിയത്.

തിരികെചെല്ലാമെന്ന് ഉറപ്പില്ല, തിരികെ പോകാനൊത്താൽ അത് എന്നു സംഭവിക്കുമെന്ന് ധാരണയില്ല, എന്നെങ്കിലും അതു സംഭവിച്ചാൽ യാത്രയാക്കിയവരെ അവിടെ വീണ്ടും കണ്ടുമുട്ടാനാവുമെന്ന് തീർച്ചയില്ല. രണ്ടാം ലോകയുദ്ധ സിനിമകളിലെ അഭയാർഥി ദൃശ്യങ്ങളോർ‍ത്താൽ മതി: പേരുകളുടെ വ്യത്യമാസമേയുള്ളു, ഇവരുടെ ദൈന്യതയും അതൊക്കെപ്പോലെതന്നെയെന്ന് മുഖത്തറിയാം. പോളണ്ടിന്റെ മണ്ണിലേക്ക് ചുടവുവച്ചാലുടൻ ബാഗുകൾ എടുത്തു സഹായിക്കാൻ അതിർത്തിയിലെ പൊലീസുണ്ട്, ചൂടുവെള്ളവും ചായയുമൊക്കെ നൽകാൻ സന്നദ്ധ പ്രവത്തകരുണ്ട്. അമൃതാനന്ദമയി മഠത്തിന്റെ പ്രതിനിധികളായ പാലക്കാട് കുഴൽമന്ദത്തുനിന്നുള്ള ശ്രീപ്രിയയും ഭർത്താവ് രോഹിത്തും ഉൾപ്പെടെ. ഈ കരുതലിന്റെ ചൂടേറ്റശേഷവും മിക്കവരും കുറച്ചുനേരമെങ്കിലും വെറും നിലത്തോ മതിൽക്കെട്ടിന്റെ വശത്തോ ഇരിക്കുന്നു. ശ്വാസത്തിന്് ഇടംകൊടുക്കാതെയുള്ള വർത്തമാനം, ചിലർ‍ ഇടയ്ക്കു കരയും. എന്നിട്ടേ യാത്ര തുടരുന്നുള്ളു.

ചിലർ‍ സമീപനഗരങ്ങളിലെ ക്യാംപുകളിലേക്കാണ്. അവിടെനിന്ന്, തൽക്കാലത്തേക്കെങ്കിലും ഒപ്പം നിർത്താൻ തയാറുള്ളവരെന്ന് സർക്കാരിനെയോ സന്നദ്ധ സംഘടനകളെയോ അറിയിച്ചിട്ടുള്ള പോളണ്ടുകാരുടെ വീട്ടിലേക്ക്. ചിലരെ കൊണ്ടുപോകാൻ പോളണ്ടിലുള്ള ബന്ധുക്കളുണ്ട്.

ഇടയ്ക്കിടെ, ഇന്ത്യൻ വിദ്യാർഥികളും കടന്നുവരുന്നുണ്ട്. ഹാർകീവിലെ നാഷനൽ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഹരിയാനക്കാരി മാനസി പറഞ്ഞു: ‘ഞങ്ങളുടെ ഹോസ്റ്റലിനു സമീപത്തുവരെ ബോംബ് വീണു. ഞങ്ങൾ അലറി വിളിച്ചു കരഞ്ഞു. 9 ദിവസം അറയ്ക്കുള്ളിൽ കഴിഞ്ഞു. രണ്ടുംകൽപിച്ചാണ് 18 കിലോമീറ്റർ നടന്നത്, റെയിൽവേ സ്റ്റേഷനിൽ പലപ്പോഴും തള്ളിമാറ്റപ്പെട്ടു. ഇവിടെവരെയെത്തുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു.’

ഇതിനകം 17 ലക്ഷം യുക്രെയ്ൻകാർ അയൽരാജ്യങ്ങളിൽ അഭയാർഥികളായെന്നാണ് യുഎന്നിന്റെ കണക്ക്. പോളണ്ടിലേക്കാണ് കൂടുതൽ പേർ എത്തുന്നത്. കൊർഷോവ, മെഡിക്ക ഷെയ്നി, ബുഡൊമീർസ് തുടങ്ങി യുക്രെയ്നിൽനിന്നു പോളണ്ടിലേക്ക് പല അതിർവാതിലുകളുണ്ട്. ഇവയിലൂടെയല്ലാതെ, ട്രെയിനിലും ബസിലും എത്തുന്നവരുമുണ്ട്.

യുക്രെയ്ൻ അഭയാർഥികളുടെ സംരക്ഷണത്തിനുള്ള ബിൽ ഇന്ന് പോളണ്ട് പാർലമെന്റ് പരിഗണിക്കും. ജോലി, പഠനം, പോളണ്ടിൽ നിയമപരമായ താമസം, സാമ്പത്തിക സഹായത്തിനു പ്രത്യേക ഫണ്ട് തുടങ്ങിയവയ്ക്കുള്ള വ്യവസ്ഥകളാണു ബില്ലിലുള്ളത്.

Content Highlight: Russia, Ukraine, Ukraine Crisis, Russia-Ukraine War

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px