LIMA WORLD LIBRARY

യുക്രെയിൻ സഹോദരങ്ങൾക്ക് അശ്രു തർപ്പണങ്ങൾ ! ( അധീശ്വരത്വത്തിലെ അർത്ഥരഹിത നിരാസങ്ങൾ.) – ജയൻ വർഗീസ്.

” ആരാണ്   വെള്ളം   കലക്കിയത്.? ” എന്ന   ചെന്നായയുടെ   ചോദ്യത്തിന്   അർദ്ധ പ്രാണനായിട്ടാണ്  ആട്ടിൻകുട്ടി   മറുപടി   പറഞ്ഞത്:

“അടിയനല്ലാ .”

ചെന്നായയുടെ   ചോരക്കണ്ണുകളിൽ  കത്തി  നിന്ന  അദമ്യമായ   ആർത്തിയുടെ   അർത്ഥമറിയാത്ത   ആട്ടിൻകുട്ടി   രക്ഷപ്പെടാമെന്നാണ്   കരുതിയത്.

“നീയല്ലങ്കിൽ  നിന്റെ   ‘അമ്മ.  അത്  മതി.  അത്   മാത്രം  മതി നിന്നെ എനിക്ക് തിന്നാൻ.”.

വെള്ളാമ്പൽ പൂവിനെ ഞെട്ടി വിറപ്പിച്ച, വെള്ളിലം കാടിനെ കരയിപ്പിച്ച , ആ ദുരന്തത്തിന്റെ സമകാലീനപരമ്പരകൾ നമുക്ക് ചുറ്റും  ആവർത്തിക്കുമ്പോളും, മണലിൽ തല പൂഴ്‌ത്തുന്ന ഒട്ടകപക്ഷികളെപ്പോലെ നാംവ്യർഥമായി രക്ഷപെടാമെന്നു വ്യാമോഹിക്കുകയാണ്. അധിനിവേശം എന്ന വാക്കിന് ‘കീഴ്പ്പെടുത്തൽ ‘ എന്നുംകൂടി അർത്ഥം കൽപ്പിക്കാമെങ്കിൽ , ആധുനിക കാല ഘട്ടത്തിന്റെ അഭിശാപമായി ആളിപ്പടരുന്ന അധീശ്വരത്വംഇന്ന് യുദ്ധ ഭൂമികളിൽ മാത്രമല്ല,  മനുഷ്യാവസ്ഥ മാറ്റുരക്കുന്ന ഏതൊരു വേദികളിലും നിത്യ സാന്നിദ്ധ്യമായിമാറിക്കഴിഞ്ഞു.

അപരന്റെ അവകാശങ്ങളിൽ നിന്ന് അണുവിടയെങ്കിലും നിഷേധിക്കപ്പെടുന്നതും, വ്യക്തിപരവും, സാമൂഹികവുമായ അവന്റെ നിലനിൽപ്പിനെ എത്ര നിസ്സാരമായിപ്പോലും ചോദ്യം ചെയ്യുന്നതും , അവന്റെ മേലുള്ളഅധിനിവേശമാകുന്നു.

ആകർഷകങ്ങളായ പരസ്യ മാദ്ധ്യമങ്ങളിലൂടെ നമ്മുടെ മേൽ മാർക്കറ്റിങ്ങ് നടത്തുന്ന കോർപ്പറേറ്റുകൾ മുതൽ, റിലീജിയൽ കൂട്ടായ്‌മ എന്ന ആഗോള നെറ്റ് വർക്കിൽ നമ്മെ കുടുക്കിയിടുന്ന മതങ്ങളും , ഭൂമിയുടെഉപരിതലത്തിലൂടെ തലങ്ങും, വിലങ്ങും വരക്കപ്പെട്ട അതിർ രേഖകൾക്കുള്ളിൽ സങ്കല്പിക്കപ്പെട്ട രാഷ്ട്രപൗരത്വങ്ങൾ വരെ മനുഷ്യ വർഗ്ഗത്തിന്മേൽ  അധീശരത്വത്തിന്റെ അശ്വമേധം നടത്തുന്ന സ്ഥാപനങ്ങളാകുന്നു. ജീവി വർഗ്ഗത്തിന്റെ അടിസ്ഥാന വികാരങ്ങളിലൊന്നായ ഭയം എന്ന നിസ്സഹായാവസ്ഥയുടെ വിളനിലങ്ങളിലാണ്ഈ എസ്റ്റാബ്ലിഷ്‌മെന്റുകൾ സമർത്ഥമായി തങ്ങളുടെ വിത്തെറിഞ്ഞ് വിള കൊയ്യുന്നത്.

ആവശ്യങ്ങൾക്ക് മേലുള്ള സപ്ലെ എന്ന് വ്യവസായങ്ങളും, മരണാനന്തര ജീവിതത്തിന്റെ താക്കോലുകൾ എന്ന്മതങ്ങളും, ഭൗതിക ജീവിതത്തിന്റെ സുരക്ഷ എന്ന് രാഷ്ട്രങ്ങളും നമുക്ക് വിശദീകരണം നൽകുമ്പോൾ, നമ്മൾ  പാവങ്ങൾ ഇവരുടെ അധിനിവേശത്തിനായി നമ്മുടെ നട്ടെല്ലുകൾ വളച്ചു കൊടുക്കുകയും, അവിടെ അവർസ്ഥാപിച്ചെടുക്കുന്ന അവകാശങ്ങളുടെ അടയാളമായി , നമ്മുടെ നെറ്റിയിൽ തങ്ങളുടെ അദൃശ്യ ലേബലുകൾഒട്ടിച്ചു കൊണ്ട് , സ്വന്തം പാളയങ്ങളിലെ എണ്ണങ്ങളുടെ കൂട്ടങ്ങളിലേക്കു നമ്മൾ ആട്ടിത്തെളിക്കപ്പെടുകയുംചെയ്യുന്നു.

ഈ കൂട്ടങ്ങളെ ആവശ്യമെങ്കിൽ പരസ്‌പരം ഏറ്റു മുട്ടിക്കുകയും, കൊല്ലിക്കുകയും ചെയ്യുന്നതിലൂടെ  വർഗ്ഗീകരണത്തിന്റെ വർണ്ണജലത്തിൽ വളരുന്ന മഷിത്തണ്ട് ചെടികളെപ്പോലെ നാം അവരുടെ സ്വന്തം നിറംനമ്മളിലൂടെ പുറത്തേക്കു പ്രസരിപ്പിക്കുന്നു. അധികാരം ഉറപ്പിക്കുന്നതിനുള്ള വോട്ടു ബാങ്കുകളെയും, ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള മാർക്കറ്റുകളായും , യജമാനന്മാർക്കു ഏറാൻ മൂളുന്ന അടിമകളായും നാംമാറുന്നു.

മാതൃഭൂമി, മാതൃഭൂമി എന്ന ക്‌ളീഷേ  പദങ്ങൾ ഉരുവിട്ട് കൊണ്ട് യുദ്ധ മുന്നണികൾ രൂപം കൊള്ളുന്നതും , എന്റെദൈവം , നിന്റെ ദൈവം എന്നാക്രോശിച്ചു കൊണ്ട് പരസ്പരം വാളെടുക്കുന്നതും ഇപ്രകാരം സംഭവിക്കുന്നു. യുദ്ധമുന്നണിയിലോ , വർഗ്ഗകലാപത്തിലോ ആയിരങ്ങളെ കൊന്നൊടുക്കി തിരിച്ചെത്തുന്നവനെ ധീരനും, വീരനുമായിപ്രഖ്യാപിച്ചു അവനെഅനുമോദിക്കുകയും , ആശംസിക്കുകയും ചെയ്യുന്ന ഒരു സമൂഹമാണ് , ഇരുപത്തൊന്നാംനൂറ്റാണ്ടിലെ നമുക്ക് ചുറ്റുമുള്ളതെന്ന തിരിച്ചറിവിൽ എല്ലാ ഭൂഖണ്ഡങ്ങളിലെയും മനുഷ്യ സ്നേഹികൾലജ്ജിക്കുക!

നില നിൽക്കുന്ന വ്യവസ്ഥിതിക്കെതിരെ ശബ്ദമുയർത്തുന്നവർ ഏതു കാലഘട്ടത്തിലുംപീഡിപ്പിക്കപ്പെട്ടിരുന്നതായിക്കാണാം. സമൂഹ ഗാത്രത്തിലെ മഹാ ഭൂരിപക്ഷത്തിന്റെയും വിശ്വാസ പ്രമാണങ്ങളെതുറന്നെതിർക്കുമ്പോൾ, സ്വാഭാവികമായും ഉരുത്തിരിയുന്ന ക്രോധത്തിൽ നിന്നാണിത് സംഭവിക്കുന്നത്. വ്യവസ്ഥിതിയുടെ മേൽ നിർദ്ദേശിക്കപ്പെട്ട തിരുത്തലുകൾ അംഗീകരിക്കപ്പെടാൻ സുദീർഘമായ ഒരു കാലഘട്ടംആവശ്യമായി വന്നേക്കാം. തിരുത്തലുകളുടെ ഗുണഫലങ്ങൾ ഏറ്റു വാങ്ങാൻ കഴിയുന്നത് വരുവാൻ പോകുന്നതലമുറകൾക്കു ആയിരിക്കും എന്നതിനാൽ അവർക്കു വേണ്ടിയുള്ള കരുതൽ എന്ന നിലയിലാണ്, ഇന്ന് നാംപീഡനങ്ങൾ ഏറ്റു വാങ്ങുന്നത്.

മനുഷ്യ വർഗ്ഗം ഒരു വന്മരമായി നില നിൽക്കുകയാണെന്നും, നാമാകുന്ന പഴുത്തു കൊഴിയുന്ന ഇലകളാണ് , വിരിയുന്ന തളിരുകൾക്കു വളവും വെള്ളവുമായിത്തീർന്നു വംശ വൃക്ഷത്തെ പോറ്റി വളർത്താൻ പോകുന്നത്എന്നും  നാം ഇപ്പഴേ തിരിച്ചറിയേണ്ടതുണ്ട്.

വൻ കരകളെയും അവയിലെ വിഭവങ്ങളെയും കാൽകീഴിലാക്കാൻ ശ്രമിച്ചവർ എത്ര വേണമെങ്കിലുമുണ്ട്. അലക്സൻഡർ ,നെപ്പോളിയൻ,ഹിറ്റലർ, ഇപ്പോൾ പുട്ടിൻ…. പരമ്പര നീളുന്നു. കേവലമായ നൂറുവർഷങ്ങൾക്കിടയിൽ തങ്ങളുടെ മാന്ത്രിക പ്രകടനങ്ങൾക്ക് ശേഷം വെറും കൈയോടെ പലരും മടങ്ങിക്കഴിഞ്ഞു. അവർ വരച്ച അതിർ രേഖകൾ കാലം മായ്ച്ചു കഴിഞ്ഞു. ആർക്കും അതിർ വരക്കാൻ കഴിയാത്ത അത്ഭുതമായിഭൂമി ഇന്നും നിലനിൽക്കുന്നു.

ആധുനിക യുദ്ധോപകരണങ്ങളുടെ പിൻബലത്തോടെ ഇന്നും കടലുകൾ കടന്നു ചെന്ന് ചിലർ അധിനിവേശംനടത്തുന്നു. പ്രത്യക്ഷമായ ഈ അധിനിവേശത്തിനും അപ്പുറത്താണ് , ബൗദ്ധിക- വ്യാവസായിക അധിനിവേശം. ശാസ്ത്ര-സാങ്കേതിക വിദ്യകളുടെ ശുപാർശകളോടെ തെറ്റായ വസ്തുതകളെ ശരിയെന്ന് വരുത്തി തീർത്ത്വിറ്റഴിക്കുകയാണ്. ശീലങ്ങളുടെ അടിമകളായ സാധാരണ ജനം ഇവരുടെ ചൂണ്ടയിൽ കൊത്തി കുടുങ്ങുകയാണ്. സമൂഹത്തിലെ കള്ളന്മാരും, കൊള്ളക്കാരും കൈയാളുന്ന അച്ചടി-ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ ഈഅധിനിവേശത്തിന് ആമ്മേൻ പാടുമ്പോൾ, ഒരിക്കൽ അടിപ്പെട്ടാൽ പിന്നെ അടിമ എന്ന നിലയിൽ ഇവരുടെവലയിൽ കുടുങ്ങുകയാണ് ജനകോടികൾ.

ഓപ്പൺ മാർക്കറ്റ് , ആഗോളവൽക്കരണം മുതലായ ഓമനപ്പേരുകളിൽ പുതിയ അധിനിവേശംഅരങ്ങുതകർക്കുന്പോൾ , ഇതിനെ തിരിച്ചറിഞ്ഞ് തിരുത്തേണ്ട കലാ-സാംസ്ക്കാരിക-സിനിമാ പ്രവർത്തകർകണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചകളെപ്പോലെ വ്യവസ്ഥിതിക്ക് പുറം ചൊറിഞ്ഞു കൊടുക്കുകയാണ്.

ഫലമോ:  വേദങ്ങളുടേയും, ഉപനിഷത്തുകളുടെയും സത്യ-ധർമ്മ അടിത്തറയിൽ സഹസ്രാബ്ദങ്ങൾ കൊണ്ട്പടുത്തുയർത്തിയ ഭാരതീയ സിദ്ധാന്തങ്ങൾ പോലുള്ള മഹത്തായ ആശയങ്ങൾക്ക് ജന്മം നൽകിയ ഇന്ത്യയിലെഭരണ കൂടങ്ങൾ പോലും അനീതിയെ ചോദ്യം ചെയ്യാനുള്ള ചങ്കൂറ്റം നഷ്ടപ്പെട്ട്, സ്വന്തം വായിൽ ആരോതിരുകിക്കൊടുത്ത മുഴുവൻ പഴം ഏറ്റു വാങ്ങി സ്വന്തം ആസനത്തിൽ മാത്രം അഷ്ടികൾ ഉറപ്പിച്ചുചടഞ്ഞിരിക്കുകയാണ്. കേരളത്തിലെ അടിപൊളിയൻ കരുതൽ കമ്യൂണിസ്റ്റ് സർക്കാരിലെ താതാത്വികഅവലോകനക്കാരാവട്ടെ, സത്യത്തിനു നേരെ കണ്ണടച്ചുണ്ടാക്കുന്ന ഇരുട്ടിൽ അമേരിക്കൻ സാമ്രാജ്യത്തിന്റെഇല്ലാത്ത കറുത്ത പൂച്ചയെ തപ്പുകയാണ്.

പെന്തക്കോസ്തു സഹോദരന്മാരുടെ നല്ല കാലം. മണിക്കൂറും, മിനിറ്റും, സെക്കണ്ടും വച്ച് കണക്കു കൂട്ടിയിട്ടാണ്ലോകാവസാനത്തിനുള്ള ശുഭ മുഹൂർത്തം കണക്കു കൂട്ടിയെടുക്കുന്നത്. തന്നെ കുരിശിൽ തറച്ചവർക്ക് വേണ്ടി ‘ ഇവരോട് ക്ഷമിക്കേണമേ ‘ എന്ന് പ്രാർത്ഥിച്ചവനായ യേശുവിന്റെ ഈ കുഞ്ഞാടുകൾക്ക് പരസ്‌പ്പരംക്ഷമിക്കുവാനുള്ള ആർജ്ജവം എന്നേ നഷ്ടപ്പെട്ടത് കൊണ്ടായിരിക്കണം, തങ്ങളുടെ ലക്ഷ്വറി ഭവനങ്ങളും, ദശാംശനിക്ഷേപങ്ങളും ഒക്കെ ഉപേക്ഷിച്ച് റേഷൻ കടയിൽ മണ്ണെണ്ണ വരുമ്പോൾ കുപ്പിയുമായി റോഡിൽ ചാടുന്നനാട്ടുമ്പുറത്തു കാരനെപ്പോലെ ഏതോ കാഹള നാദം കാതോർത്ത് പെട്ടി നിറച്ചു കാത്ത് നിൽക്കുന്നത്.

ആരും കാണാത്ത അങ്ങെവിടെയോ ഉണ്ടെന്ന് പറയുന്ന സങ്കൽപ്പ സ്വർഗ്ഗത്തിന് വഴിയൊരുക്കുവാനുള്ള പാഴ്ശ്രമവുമായിട്ടല്ലാ, യൂഫ്രട്ടീസും,ടൈഗ്രീസും, ഗംഗയും, വോൾഗയും ഒഴുകുന്ന ഈ ചുവന്ന മണ്ണിൽ സ്വയംനഷ്ടപ്പെട്ടു കൊണ്ടും അപരൻ എന്ന അയൽക്കാരനെ കരുതുന്ന മണ്ണിലെ മനോഹര സ്വർഗ്ഗംനിർമ്മിച്ചെടുക്കുന്നതിനുള്ള പ്രായോഗിക വെള്ളി വെളിച്ചവുമായിട്ടാണ് യേശു വന്നത് എന്ന നഗ്ന സത്യം ഈപുസ്തക വിശ്വാസികൾക്ക് ആര് പറഞ്ഞു കൊടുക്കും ? ഒരു ഹിറ്റ്ലർക്കോ, പുട്ടിനോ, മറ്റാർക്കെങ്കിലുമോതങ്ങളുടെ ആയുസ്സിന്റെ ശത വർഷ സമസ്യകൾക്കുള്ളിൽ കുറേ ചോര വീഴ്ത്താൻ സാധിച്ചേക്കാം. അവന്റെആയുസ്സും ആരുടെയോ ദാനമാണെന്ന് അവൻ പോലും അറിയാതെയാണ് ഈ ഹാലിളക്കങ്ങൾ !

ഈ അക്രമികൾക്കെതിരെ അവരുടെ കുഞ്ഞുങ്ങൾ പ്രതിരോധം തീർക്കുന്ന ഒരു കാലം വരും. അതിരുകളില്ലാത്തലോകത്തിലെ ലേബലുകളില്ലാത്ത മനുഷ്യന്റെ പുത്തൻ തലമുറകൾ വരും. സ്‌കൂളുകളിലെ പുസ്തക സഞ്ചികൾവലിച്ചെറിഞ്ഞ് അക്രമകാരികൾക്കെതിരേ അവർ മനുഷ്യ മതിലായി നിൽക്കും. അവരുടെ നെഞ്ചിൽ നിറയൊഴിച്ചുകൊണ്ടേ പിതാക്കന്മാർക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു എന്ന നില വരുമ്പോൾ തോക്കുകൾ വലിച്ചെറിഞ്ഞ്അവർ തങ്ങളുടെ ഓമനകളെ വാരിപ്പുണരും. ആഗോള യുദ്ധ മുന്നണികളിൽ പിഞ്ചു നെഞ്ചുകളുടെ മനുഷ്യമതിലുകൾ തീർക്കുന്നതിനുള്ള നിരായുധ ബാല്യങ്ങൾ പിതാക്കന്മാരുടെ ആയുധങ്ങളെ കളിപ്പാട്ടങ്ങളാക്കും.

പ്രളയ ജലത്തിന് മുകളിലൂടെ ഇളം ചുണ്ടിൽ വിശ്വ സാഹോദര്യത്തിന്റെ ഒലിവിലക്കൊമ്പുമായി പെട്ടകത്തിന്റെകിളിവാതിൽ ലക്ഷ്യമാക്കി പറന്നെത്തുന്ന സമാധാനത്തിന്റെ വെള്ളരി പ്രാവിനെ സ്വീകരിക്കാൻ നമുക്കുംകാത്തിരിക്കാം. ഈ ഭൂമിയുടെയും, അതിന്റെ സപ്പോർട്ടിംഗ് സാധ്യതകളായ പ്രപഞ്ചത്തിന്റെയും ഉടമസ്ഥൻനീയല്ലെന്ന് സ്വയമറിഞ്ഞു കൊണ്ടും, നിന്റെ അധിനിവേശങ്ങളെ അതിജീവിക്കാനുള്ള ആത്മസംവിധാങ്ങളോടെയാണ് അത് നിർമ്മിക്കപ്പെട്ടിട്ടുള്ളത് എന്ന് തിരിച്ചറിഞ്ഞു കൊണ്ടും, നിലത്തെ പൊടിയിൽനിന്ന് നിനക്കായി വേർതിരിച്ച നൂറ് വർഷങ്ങൾ സമ്മാനിച്ച പ്രപഞ്ചാത്മാവിനോട് നന്ദി പറഞ്ഞു കൊണ്ടും, അടുത്ത മണി മുഴങ്ങുന്നത് ആർക്ക് വേണ്ടി എന്ന ആകാംക്ഷയോടെ,  കാതോർത്ത് കാത്തിരിക്കുകയാണ് നമ്മൾ, ബഹുമാന്യനായ മിസ്റ്റർ പുട്ടിനോടൊപ്പം !

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px