ഒഴുക്ക് ജീവിതത്തിന്റെ നിയമമാണ്. പുഴ പൊട്ടി
ച്ചിരിച്ച് ആർത്തലച്ച് ഒഴുകുകയാണ്… മരക്കൂട്ടങ്ങൾക്കിടയിലൂടെ കളകളാരവത്തോടെ ഒഴുകിയ പുഴയുടെ മുഖത്തേക്ക് മരങ്ങൾ സ്നേഹത്തോടെ കാരുണ്യത്തിന്റെ പച്ചിലകൾ വീഴ്ത്തി യാത്രാമൊഴി കൊടുത്തു… കരിമ്പാറക്കൂട്ടങ്ങൾക്കു മുകളിലൂടെ ഒഴുക്കിയ പുഴ പാറകളെ കോരിത്തരിപ്പിച്ചു… പോയ് വരൂ… പാറകൾ യാത്രമൊഴി ചൊല്ലി… വെളളാരങ്കല്ലുകൾ പുഴയിൽ തുള്ളിക്കളിക്കുകയും മുഖം മിനുക്കുകയും ചെയ്തു… പോയ് വരൂ അവയും പുഴയ്ക്ക് യാത്രാമൊഴിചൊല്ലി… പറന്നു പോയ കിളികളും, കൊഴിഞ്ഞു വീണ പൂക്കളും പുഴയ്ക്ക് വിട നൽകി… യാത്ര കഴിയാറായി… ആർത്തിരമ്പുന്ന കടൽത്തിരകൾ പുഴയെ മാടി മാടി വിളിച്ചു… വരൂ… കടൽ നിന്നെ കാത്തിരിക്കുന്നു… പുഴ ഒരു നിമിഷം നിശ്ചലമായി… കടൽ വിളിക്കുകയാണ്… മുന്നോട്ടു പോവുക തന്നെ വേണം… പുഴ കടലിലേക്ക് കുതിച്ചു… കടലും പുഴയും ഒന്നായി… ജീവിതം മുന്നോട്ടു കുതിക്കാനുള്ളതാണ്…










