LIMA WORLD LIBRARY

വര്‍ദ്ധിച്ചു വരുന്ന വിവാഹ ധൂര്‍ത്തുകള്‍ – മിനി സുരേഷ് (Mini Suresh)

മനുഷ്യ ജീവിതത്തിലെ ഏറ്റവും പവിത്രമായ
ബന്ധങ്ങളിലൊന്നാണ് വിവാഹം . രണ്ടു ഹൃദയങ്ങള്‍ തമ്മിലുള്ള ഉടമ്പടിയും
രണ്ടു കുടുംബങ്ങളെ ഒന്നാക്കുന്ന സ്‌നേഹ സന്ധിയും.

ഇന്നത്തെ വിവാഹ വേദികള്‍ വിളിച്ചോതുന്നത്
ലാളിത്യത്തിന്റെ മഹത്വമല്ല. സാമ്പത്തിക ശേഷിയുടെ ആഡംബര
കാവ്യങ്ങളാണ്. അലങ്കാരം , സത്കാരം തുടങ്ങിയവക്ക് വേണ്ടി ചെലവഴിക്കുന്ന ലക്ഷങ്ങളാണ് ഇന്ന് ആഘോഷങ്ങളുടെ അളവുകോല്‍. ഒരു ദിവസത്തെ സന്തോഷത്തിന്
വേണ്ടി വര്‍ഷങ്ങളുടെ സമ്പാദ്യമാണ് അഗ്‌നിയില്‍
ഹോമിക്കുന്നതെന്ന സത്യം പലപ്പോഴും മറന്നു പോകാറുണ്ട്. ചുറ്റുവട്ടത്തുള്ളവര്‍ അതിഗംഭീരമായി കല്യാണ ഉത്സവം ആഘോഷിച്ചാര്‍മാദിക്കുമ്പോള്‍ ഒട്ടും പുറകോട്ട്പോകുവാന്‍ ഇന്നത്തെ കുട്ടികളും ഇഷ്ടപ്പെടുന്നില്ല. സാമ്പത്തിക അസമത്വം നോക്കാതെ കടം വാങ്ങിയും , പലിശയ്ക്ക്
പണമെടുത്തും മാതാപിതാക്കളും ഇത്തരം
മാമാങ്കങ്ങള്‍ക്ക് കൂട്ടു നില്‍ക്കേണ്ടി വരുന്നു. മറ്റുള്ളവരുടെ മുന്നില്‍ ഒന്നിനും കുറവു വരരുതെന്ന മനോഭാവം കടുത്ത
സാമ്പത്തിക സമ്മര്‍ദ്ധത്തിലേക്കും കടക്കെണിയിലേക്കുമാണ് ഇടത്തരം കുടുംബങ്ങളെ തള്ളി വിടുന്നത്.

പ്രീ -വെഡ്ഡിംഗ് ഷൂട്ട് ,സംഗീത് , ഹല്‍ദി , മെഹന്തി
സംഗീതവും നിറങ്ങളും ചാലിച്ച ചടങ്ങുകളുടെ പരേഡുകളാണിന്ന് വിവാഹം. മുന്‍ കാലങ്ങളില്‍
ലാളിത്യമായിരുന്നു വിവാഹങ്ങളുടെ മുഖമുദ്ര.
അടുത്ത ബന്ധുക്കള്‍ മാത്രം ഒത്തു ചേര്‍ന്ന്
വിവാഹം നിശ്ചയിക്കുന്നു. മയിലാഞ്ചി , ചന്തം ചാര്‍ത്ത് പോലെയുള്ള ചടങ്ങുകള്‍ക്കും ലാളിത്യമായിരുന്നു പരിവേഷം.
വടക്കേ ഇന്ത്യക്കാരുടെ വിവാഹ ചടങ്ങുകളുടെ
ഭാഗമായ ഹല്‍ദിയും സംഗീതുമെല്ലാം സന്തോഷം
പങ്കിടുവാനുള്ള അവസരങ്ങളായിരിക്കാം. ഇതില്ലെങ്കില്‍ വിവാഹം പൂര്‍ണ്ണമല്ല എന്നൊരു ധാരണ ഇന്ന് കുടുംബങ്ങളെ അനാവശ്യ ചെലവുകളുടെ വ്യൂഹത്തിലേക്ക് വലിച്ചിഴയ്ക്കുന്നു.

പക്ഷേ ആഡംബരങ്ങളും മത്സരം നിറഞ്ഞ പ്രദര്‍ശനങ്ങളും ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള
കലാപരിപാടികളും മറ്റും വിവാഹത്തിന്റെ
അവിഭാജ്യ ഘടകങ്ങളാക്കി മാറ്റേണ്ട ആവശ്യമുണ്ടോ എന്ന് വധു വരന്മാരും മാതാപിതാക്കളും ചിന്തിക്കേണ്ടിയിരിക്കുന്നു.
ആഘോഷങ്ങള്‍ അനിവാര്യമാണെന്ന
ശാഠ്യം പലപ്പോഴും പെണ്‍കുട്ടികളുടെ
ഭാഗത്ത് നിന്നാണ് കണ്ടു വരുന്നത്. ആണായാലും
പെണ്ണായാലും മാതാപിതാക്കളെ ഞെരുക്കി തകര്‍ക്കാതെ ധൂര്‍ത്തുകള്‍ക്ക് സ്വന്തമായി സമ്പാദിക്കുന്ന പണം
ചെലവഴിക്കുന്നതായിരിക്കും ഉത്തമം.

കൊറോണ സമയത്ത് സാഹചര്യങ്ങള്‍ക്കൊത്ത്
ഏറ്റവും ചുരുങ്ങിയ രീതിയില്‍ വിവാഹം നടത്തുവാന്‍ മലയാളികള്‍ പഠിച്ചതാണ്. വിവാഹ
ധൂര്‍ത്തുകളെ കുറിച്ചും അവ ഒഴിവാക്കേണ്ടതിന്റെ
ആവശ്യകതയെ കുറിച്ചും
ധാരാളം ചര്‍ച്ചകളും സാമൂഹിക മാധ്യമങ്ങളില്‍
സജീവമായിരുന്നു.

ഏതു നിമിഷവും മരണം കവര്‍ന്നെടുക്കാവുന്ന
പ്രഹേളികയാണ് മനുഷ്യ ജീവിതമെന്ന
തിരിച്ചറിവ് അടച്ചുപൂട്ടലിന്റെ കാലത്തിനു ശേഷം
മനുഷ്യരെ പിടിമുറുക്കിയിട്ടുണ്ട്. തകര്‍ത്തുല്ലസിച്ച്
ഓരോ ആഘോഷങ്ങളും ഘോഷിക്കുന്നതിന്റെ
പിന്നിലുള്ള മന: ശാസ്ത്രവുമതാകാം.

മറ്റുള്ളവര്‍ ചെയ്തതു പോലെ ചെയ്യണം എന്ന
അദൃശ്യ സമ്മര്‍ദ്ധം സാധാരണ കുടുംബങ്ങളെ
കടക്കെണിയിലേക്ക് തള്ളിയിടുന്നു. വിവാഹ ശേഷം തുടങ്ങേണ്ട സുഖവും സമാധാനവും
നിറഞ്ഞ ജീവിതം തിരിച്ചടവുകളുടെ താളില്‍
ആരംഭിക്കുമ്പോള്‍ ആഘോഷങ്ങളുടെ തിളക്കം
മാഞ്ഞു പോകുന്നു.
വിവാഹം ഒരു ദിവസം കൊണ്ടവസാനിക്കുന്ന
ഉത്സവമല്ല. ഒരു ജീവിതകാലത്തിന്റെ യാത്രയാണ്.
അനാവശ്യ ധൂര്‍ത്തുകളൊഴിവാക്കി കൊക്കിലൊതുങ്ങുന്ന ആഘോഷങ്ങളുമായി
തോണി തുഴഞ്ഞാലേ സാധാരണക്കാര്‍ക്ക് ആ യാത്ര അര്‍ത്ഥവത്തും മനോഹരവും ആകൂ. ആര്‍ഭാടങ്ങളുടെ ആരവങ്ങളെക്കാള്‍ സ്‌നേഹത്തിന്റെയും അനുഗ്രഹങ്ങളുടെയും നിശ്ശബ്ദ ഭാഷയിലൂടെ ബന്ധങ്ങള്‍ക്കും മൂല്യങ്ങള്‍ക്കും പ്രധാന്യം നല്‍കുമ്പോളാണ്
വിവാഹ ചടങ്ങുകള്‍ക്ക് പവിത്രത ലഭിക്കുന്നത്.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px