തെരുവുകള്‍ അടക്കിവാഴുന്ന നായകളെ കൊണ്ട് ജനം പൊറുതിമുട്ടുകയാണ്.
തെരുവുനായ്ക്കളുടെ ആക്രമണവും പേ വിഷ ബാധ മൂലമുള്ള മരണവും സംസ്ഥാനത്ത് അനുദിനം വര്‍ദ്ധിച്ചു വരുന്നു. അത്തരം വാര്‍ത്തകള്‍ നാടിന്റെ ഉറക്കം കെടുത്തുകയാണ്. വീട്ടുമുറ്റത്തോ, അകത്തോ, വഴിയിലോ നില്‍ക്കാനാകാത്ത അവസ്ഥയാണ്.
ഭരണഘടന ഉറപ്പു നല്‍കുന്ന ജീവിക്കാനുള്ള മൗലികാവകാശം നായ്പ്പല്ലില്‍ ബലി കഴിക്കപ്പെടുകയാണ്.
ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ ജീവനു മീതെ മറ്റൊന്നിനും പ്രാധാന്യം ഉണ്ടാവരുത്. ഭരണാധികാരികള്‍നിഷ്‌ക്രിയത്വം വെടിഞ്ഞ് രംഗത്തിറങ്ങിയേ മതിയാവൂ. അല്ലെങ്കില്‍ തെലങ്കാനയിലെ 7 ഗ്രാമമുഖ്യരുടെ നേതൃത്വത്തില്‍
ഹനംകൊണ്ട, കാമറെഡ്ഡി ജില്ലകളിലെ വിവിധ ഗ്രാമങ്ങളിലെ 500 നായ്ക്കളെ കൊന്നൊടുക്കിയ പോലെ , സഹികെട്ട ജനം നിയമം കയ്യിലെടുത്തേക്കും .
ഭീതിതമായ കണക്കുകള്‍ :-
തെരുവ് നായ ശല്യം കേരളീയ ജീവിതത്തില്‍ സമാനതകളില്ലാത്ത ഒരു പൊതുപ്രശ്‌നമായി മാറിയിട്ടുണ്ട്.
സംസ്ഥാനത്തെ തെരുവ് നായകളുടെ എണ്ണം 9 ലക്ഷം എത്തിയെന്നാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന്റെ കണക്ക്.
2019-20 ല്‍ സംസ്ഥാന വ്യാപകമായി നടത്തിയ സെന്‍സസില്‍
7 ലക്ഷം തെരുവ് നായ്ക്കള്‍ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു
കേരളത്തില്‍ 10 വര്‍ഷത്തിനിടെ നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണത്തില്‍ മൂന്ന് ഇരട്ടി വര്‍ദ്ധനയാണുള്ളത് .
2014ല്‍ 1.19 ലക്ഷം പേര്‍ക്ക് കടിയേറ്റു എന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. എന്നാല്‍ 2024 ല്‍
3, 16, 793 പേര്‍ക്കാണ് തെരുവ് നായയുടെ കടിയേറ്റത്.
2014 മുതല്‍ 2025 ഏപ്രില്‍ വരെ സംസ്ഥാനത്ത് 22.52 ലക്ഷം പേര്‍ക്കാണ് നായയുടെ കടിയേറ്റത്. ഇക്കാലയളവില്‍ പേ വിഷബാധയേറ്റു മരിച്ചത് 160 പേരാണ്.
2021 മുതല്‍ സംസ്ഥാനത്ത് ഓരോ വര്‍ഷവും നായയുടെ കടിയേറ്റ് ചികിത്സ തേടുന്നവര്‍ രണ്ട് ലക്ഷത്തിലധികം പേരാണ്. കഴിഞ്ഞവര്‍ഷം അത് മൂന്നുലക്ഷം കടന്നു.
തെരുവ് നായ്ക്കളുടെയും വളര്‍ത്തുന്ന നായ്ക്കളുടെയും ചേര്‍ത്തുള്ള കണക്കാണിത്. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടും മരിച്ച സംഭവങ്ങള്‍ ഉണ്ട്. പ്രതിരോധ കുത്തിവെയ്പ്പിന് ശേഷം വൈറസ് ബാധിച്ച് കഴിഞ്ഞവര്‍ഷം മൂന്നു കുട്ടികള്‍ സംസ്ഥാനത്ത് മരിച്ചു. കുഞ്ഞുങ്ങളെ പോലും അംഗന്‍വാടികളില്‍ കയറി തെരുവ് നായ്ക്കള്‍ കടിച്ചുകീറുകയാണ്.കടിയേല്‍ക്കുന്നവരില്‍ 35% കുട്ടികള്‍ ആണെന്നാണ് വിലയിരുത്തപ്പെടുന്നത്. മുഖത്തും കൈകളിലും ആണ് കൂടുതല്‍ കടിയേല്‍ക്കുന്നത് എന്നതിനാല്‍ കുട്ടികളുടെ അപകട സാധ്യത വളരെ കൂടുതലാണ്. കഴിഞ്ഞ ദിവസം തലയില്‍ നായയുടെ കടിയേറ്റ വാര്‍ത്ത കണ്ടു . പേപ്പട്ടിയാണ് കടിച്ചെതെങ്കില്‍ പേ വിഷം പെട്ടെന്ന് തലച്ചോറില്‍ എത്താം. വളരെ ഭീതിതമാണ് കേരളത്തിന്റെ അവസ്ഥ.
പ്രതീക്ഷയേകി സുപ്രീംകോടതിയുടെ ഇടപെടല്‍:-
തെരുവ് നായ വിഷയത്തില്‍ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി 2025 നവംബര്‍ ഏഴിന് ഒരു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു .വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആശുപത്രികള്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ എല്ലാ പൊതു പരിസരങ്ങളിലുമുള്ള തെരുവ് നായ്ക്കളെ ഉടന്‍ പിടികൂടി ഷെല്‍റ്ററുകളിലേക്ക് മാറ്റണമെന്നും നായ്ക്കളെ വന്ധ്യംകരണവും വാക്‌സിനേഷനും നടത്തിയശേഷം തിരികെ വിടാന്‍ പറ്റില്ലെന്നും ഇടക്കാല ഉത്തരവിലുണ്ട്.
പേ വിഷബാധയ്‌ക്കെതിരെയുള്ള വാക്‌സിന്‍ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും സ്റ്റോക്ക് ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.
നായ്ക്കളുടെ ആക്രമണത്തില്‍ പരിക്കോ മരണമോ സംഭവിച്ചാല്‍ സര്‍ക്കാരിന് മാത്രമല്ല, നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നവര്‍ക്കും പിഴ ചുമത്തുമെന്നും സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി.തെരുവ് നായ്ക്കളുടെ അവസ്ഥയില്‍ ആശങ്കയുള്ളവര്‍അവയെ അലഞ്ഞു തിരിയാനും പൊതുജനങ്ങളെ കടിക്കാനും അനുവദിക്കാതെ സ്വന്തം വീടുകളിലേക്ക് കൊണ്ടുപോകണമെന്നും കോടതി അഭിപ്രായപ്പെട്ടു.
തെരുവ് നായ്ക്കള്‍ മൂലമുണ്ടാകുന്ന അപകടങ്ങളും പ്രശ്‌നമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. രാജസ്ഥാനില്‍ 20 ദിവസത്തിനിടെ ഉണ്ടായ വാഹന അപകടങ്ങളില്‍ രണ്ട് ജഡ്ജിമാര്‍ക്ക് പരിക്കേറ്റത് കോടതി ഓര്‍മിപ്പിച്ചു. മൃഗസ്‌നേഹികള്‍ക്ക് കോഴി, ആട് തുടങ്ങിയവയെ കൊല്ലുന്നത് പ്രശ്‌നമല്ലേ എന്നും കോടതി ചോദിച്ചു. തെരുവ് നായ ആക്രമണം ജനങ്ങളുടെ ജീവനെടുക്കുകയാണെന്നും നിയമം നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശീയ- സംസ്ഥാന പാതകള്‍, ദേശീയ എക്‌സ്പ്രസ് വേ എന്നിവിടങ്ങളില്‍ അലയുന്ന കന്നുകാലികളെയും മറ്റു മൃഗങ്ങളെയും മാറ്റണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സുരക്ഷിത ജീവിതത്തിന് പൗരന്മാര്‍ക്കുള്ള മൗലികാവകാശം സംരക്ഷിക്കാനാണ് ഇടപെടുന്നതെന്നും കോടതി വ്യക്തമാക്കി.
നിയമത്തിലെ പരിമിതികള്‍ :-
1960ലെ മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമത്തിലെ 11-ാംവകുപ്പു പ്രകാരം തെരുവ് നായ്ക്കളെ കൊല്ലാന്‍ അനുവാദം ഉണ്ടായിരുന്നു. എന്നാല്‍ 2001ലെ മൃഗ പ്രജന നിയന്ത്രണ (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ – എബിസി )ചട്ടം നായ്ക്കളെ കൊല്ലുന്നത് വിലക്കി. 2023ല്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പുതുക്കിയപ്പോള്‍ വന്ധ്യംകരണത്തിലൂടെ തെരുവ് നായ്ക്കളുടെ എണ്ണം കുറയ്ക്കണമെന്നാണ് വ്യവസ്ഥ ചെയ്തത് .
ഈ ചട്ട പ്രകാരം പേ ബാധിച്ച നായ്ക്കളെപ്പോലും കൊല്ലാന്‍ ആകില്ല. പ്രത്യേകം കൂട്ടിലിട്ട് നിരീക്ഷിക്കാനേ വ്യവസ്ഥ ചെയ്യുന്നുള്ളൂ. എന്നാല്‍ 2023 കേന്ദ്രം കൊണ്ടുവന്ന മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ (മൃഗപരിപാലന രീതികളും നടപടിക്രമങ്ങളും) ചട്ടങ്ങളിലെ എട്ടാം വകുപ്പ് ദയാവധത്തിന് അനുമതി നല്‍കുന്നുണ്ട്. അത് പ്രകാരം ഏതു മൃഗത്തിനും ഗുരുതര രോഗമുണ്ടെന്നോ മറ്റു മൃഗങ്ങളിലേക്ക് രോഗം പടരാന്‍ സാധ്യതയുണ്ടെന്നോ ബോധ്യപ്പെട്ടാല്‍ അതിനെ ദയാവധത്തിന് വിധേയമാക്കാം. പക്ഷേ പേ പിടിച്ചതും മറ്റു രോഗബാധയുള്ളതുമായ തെരുവ് നായ്ക്കളെ ദയാവധം നടത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം ഹൈക്കോടതി ഈയിടെ മരവിപ്പിച്ചു. ദയാവധം എബിസി നിയമത്തിന് വിരുദ്ധമാണെന്നും ഇത് സംബന്ധിച്ച കോടതിയുത്തരവുകള്‍ നിലവില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
കേരളത്തിന്റെ ഉദാസീനത :-
കേരളത്തില്‍ എബിസി കേന്ദ്രങ്ങളുടെയും ഷെല്‍ട്ടറുകളുടെയും കുറവുണ്ടെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗര്‍വാള്‍ സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വന്ധ്യംകരണത്തിലൂടെ നായ്ക്കളുടെ എണ്ണം കുറയ്ക്കാന്‍
2001 ല്‍ എബിസി ചട്ടം നിലവില്‍ വന്നതാണ്. എന്നാല്‍ സര്‍ക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ എബിസി പ്രോഗ്രാം നടപ്പാക്കിയില്ല. 2015- 16 മുതലാണ് കേരളത്തില്‍ എബിസി പ്രോഗ്രാം നടപ്പാക്കി തുടങ്ങിയത്. 2001 മുതല്‍ നടപ്പാക്കിയിരുന്നെങ്കില്‍ പ്രശ്‌നം ഇത്ര രൂക്ഷമായിത്തീരില്ലായിരുന്നു.
2016 മുതല്‍ 2024 വരെ എട്ടുവര്‍ഷം സംസ്ഥാനത്ത് വന്ധ്യംകരണം നടത്തിയത് 1.16 ലക്ഷം നായ്ക്കളെ മാത്രമാണ്. 2024 നവംബര്‍ 1 മുതല്‍ 2025 സെപ്റ്റംബര്‍ 30 വരെ 52 , 995 നായ്ക്കളെ വന്ധ്യംകരിച്ചിട്ടുണ്ട്.
എല്ലാ തെരുവ് നായ്ക്കളെയും വന്ധീകരിക്കുമെന്നും തദ്ദേശസ്ഥാപനങ്ങളില്‍ ഷെല്‍ട്ടറുകള്‍ തുറക്കുമെന്നുമുള്ള പ്രഖ്യാപനം നാളിതുവരെ നടപ്പായിട്ടില്ല. ഷെല്‍ട്ടര്‍ ഹോം സംസ്ഥാനത്ത് തിരുവനന്തപുരം നഗരസഭയില്‍ ഒഴികെ ഒരിടത്തും ആരംഭിച്ചിട്ടുമില്ല. തെരുവ് നായ്ക്കളെ പിടികൂടി പാര്‍പ്പിക്കാനുള്ള അഭയ കേന്ദ്രങ്ങള്‍ ( ഷെല്‍ട്ടറുകള്‍) തുറക്കുന്നത് കേരളത്തില്‍ പ്രായോഗികമല്ലെന്നാണ് വകുപ്പ് മന്ത്രിയുടെ വാദം.കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ തെരുവ് നായ്ക്കളെ പാര്‍പ്പിക്കാന്‍ ഷെല്‍ട്ടറിന് സ്ഥലം
കണ്ടെത്തുക വെല്ലുവിളിയാണെന്ന് പറഞ്ഞിട്ടുണ്ട്. കോടികള്‍ അനുവദിക്കുന്നുണ്ടെങ്കിലും എബിസി ചട്ടം അനുവദിക്കുന്ന നിയന്ത്രണ നടപടികള്‍ കാര്യക്ഷമമായി കേരളത്തില്‍ നടക്കുന്നില്ല .15 എബിസി കേന്ദ്രങ്ങള്‍ മാത്രമേ സംസ്ഥാനത്തുള്ളു. അവയില്‍ പലതും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുമില്ല.
തെരുവ് നായ്ക്കള്‍ വര്‍ധിക്കാന്‍ കാരണം:-
തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം ആയിത്തീരുന്ന മാംസം അടക്കമുള്ള മാലിന്യത്തിന്റെ ലഭ്യതയാണ് തെരുവ് നായ്ക്കളുടെ എണ്ണം വര്‍ധിക്കാന്‍ പ്രധാന കാരണം. ചിലര്‍ തെരുവ് നായ്ക്കള്‍ക്കായി പ്രത്യേകം ഭഷണം തയ്യാറാക്കി വിതരണം ചെയ്യു ന്നുണ്ട്.വഴിയോരക്കടകളില്‍ നിന്നുള്ള ഭക്ഷണാവശിഷ്ടവും വേണ്ടതുപോലെ നായ്ക്കള്‍ക്ക് ലഭിക്കുന്നുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ തെരുവില്‍ വലിച്ചെറിയാതെ വേണ്ട വിധം സംസ്‌ക്കരിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. പ്രാകൃത രീതിയിലുള്ള അറവുശാലകളും പരിസരങ്ങളും തെരുവ് നായ്ക്കളുടെ വിഹാരരംഗമാണ്. മാലിന്യക്കൂമ്പാരം പെരുകാതിരിക്കാന്‍ തദ്ദേശസ്ഥാപനങ്ങളും സമൂഹവും നിരന്തരജാഗ്രത പുലര്‍ത്തണം.
നായ് പ്രേമികളുടെ പിന്നില്‍ : –
നായ്‌പ്രേമവുമായി രംഗത്തിറങ്ങുന്നവരുടെ പിന്നില്‍ വമ്പന്‍ വാക്‌സിന്‍ ലോബികളാണെന്ന് പറയപ്പെടുന്നു.മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരതയാണ് പ്രശ്‌നമെങ്കില്‍ എന്തുകൊണ്ടാണ് നായ്ക്കളുടെ കാര്യത്തില്‍ മാത്രം ഇവര്‍ താല്പര്യമെടുക്കുന്നത്. ഭക്ഷണത്തിനായി എത്രയോ മൃഗങ്ങളെ കൊല്ലുന്നു. കൊന്നു തിന്നുന്നു. ‘
സുപ്രീംകോടതിയിലെ കേസില്‍ തെരുവ് നായ്ക്കളുടെ പക്ഷം പിടിച്ച് ഒട്ടേറെ ഹര്‍ജികളാണ് ലഭിച്ചത് . ഇവയുടെ കടി കൊള്ളുന്ന മനുഷ്യരുടെ പക്ഷം പിടിക്കാന്‍ ഇത്രയും ആളില്ലല്ലോ എന്ന് കോടതി ചോദിക്കുകയും ചെയ്തു. തെരുവ് നായ്ക്കള്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായത് മണിക്കൂറിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന വക്കീലന്മാരാണ്.
രാജ്യത്തെ തെരുവ് നായ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണാന്‍ പരമോന്നത കോടതി ശ്രമിക്കുമ്പോള്‍ അതിന് ഇടങ്കോലിടാന്‍ നോക്കുകയാണ് മൃഗസ്‌നേഹികളെന്ന വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ചില വ്യക്തികളും സംഘടനകളും. ഇതാണ് കോടതിയെ അസ്വസ്ഥമാക്കിയത്.ആളുകളെ കടിക്കരുതെന്ന് നായകള്‍ക്ക് കൗണ്‍സിലിംഗ് കൊടുക്കാം എന്ന് കോടതി പരിഹാസപൂര്‍വം പറഞ്ഞത് ഈ സാഹചര്യത്തിലാണ് .നായ്ക്കളെ ഷെല്‍ട്ടറില്‍ ( അഭയ കേന്ദ്രങ്ങള്‍) അടയ്ക്കുന്നതിന് മൃഗസ്‌നേഹികള്‍ എതിരാണ്. നായ്ക്കളെ പിടി കൂടി, വന്ധ്യംകരിച്ച്, വാക്‌സിന്‍ കൊടുത്ത്,തെരുവില്‍ വിട്ടയക്കുക എന്നതാണ് നായ പ്രേമികളുടെ വാദം. ഇത് തന്നെയാണ് വാക്‌സിന്‍ ലോബിയും പറയുന്നത്. വന്ധീകരിച്ചാലും നായ്ക്കള്‍ കടിക്കും. അത് അവര്‍ക്കറിയാം. കടി നടന്നാലെ വാക്‌സിന്‍ വില്‍പ്പന നടക്കു.
പേ വിഷ പ്രതിരോധത്തിനായി കേരളത്തില്‍ മാത്രം ഒരു വര്‍ഷം വാങ്ങുന്നത് 28 കോടിയുടെ വാക്‌സിന്‍ ആണ്. കോടികളുടെ വ്യാപാരമാണ് ഇന്ത്യയില്‍ വാക്‌സിന്‍ ലോബിയ്ക്കുള്ളത്.ഇവരുടെ പ്രേരണയാല്‍ നായ് പ്രേമികള്‍ കരുക്കള്‍ നീക്കുകയാണെന്ന് പറയപ്പെടുന്നു.
പരിഹാരമാര്‍ഗ്ഗങ്ങള്‍ :-
തെരുവ് നായ ശല്യം നിയന്ത്രിക്കാന്‍ പ്രായോഗികമായും ശാസ്ത്രീയമായും തെളിയിക്കപ്പെട്ട ഫലപ്രദമായ ഒരു മാര്‍ഗ്ഗം വന്ധ്യം കരണമാണ്. പ്രജനനം കുറക്കാന്‍ ഉദ്ദേശിച്ചു കൊണ്ടുവന്ന പദ്ധതിയായ എബിസി (അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍)വേണ്ടവിധം മുന്നോട്ടു പോകാന്‍ അധികൃതര്‍ അടിയന്തിര നടപടി സ്വീകരിക്കണം.
കടുത്ത നായ പ്രേമികള്‍ക്ക് പറ്റാവുന്നത്ര നായ്ക്കളെ അവരു തെ വീടുകളിലേക്ക് കൊണ്ടുപോകാം. ( അതിന് നായ് പ്രേമികള്‍ തയ്യാറായി കാണുന്നില്ല)പക്ഷെ പൊതുജനത്തിന് ശല്യമുണ്ടാക്കാതെ വളര്‍ത്തണം. ബാക്കിയുള്ളവയ്ക്ക് മൃഗശാലകളുടെ സ്ഥലമോ, മറ്റിടങ്ങളോ കണ്ടെത്തി ഷെല്‍ട്ടറുകള്‍ ഒരുക്കണം. അത് ആണിനും പെണ്ണിനും വെവ്വേറെ വേണം. വനാതിര്‍ത്തിക്കുള്ളില്‍ ഉയരവും കരുത്തും ഉള്ള താല്‍ക്കാലിക നിര്‍മിതിയിലൂടെ ഷെല്‍റ്ററുകള്‍ ഒരുക്കാം. മലയോരങ്ങളിലെ കര്‍ഷകരുടെ ജീവനും സ്വത്തിനും ഭീഷണിയായി, ജനവാസയിടങ്ങളില്‍ മൃഗങ്ങള്‍ അതിക്രമിച്ചു കടക്കുന്നത് ഒരു പരിധിവരെ തടയാന്‍ ഇത് ഉപകരിക്കും. മറ്റ് രാജ്യങ്ങളിലെ ഫലപ്രദ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തി ഇവിടെ നടപ്പിലാക്കണം.
പേ വിഷബാധയുണ്ടെന്ന് വെറ്റിനറി സര്‍ജന്‍ സ്ഥിരീകരിച്ച നായ്ക്കളെ നടപടിക്രമങ്ങള്‍ പാലിച്ചു കൊന്നുകളയണം. സര്‍വ്വകക്ഷി യോഗം വിളിച്ച് മറ്റ് മാര്‍ഗ്ഗങ്ങളും കണ്ടെത്തണം.
തെരുവ് നായ്ക്കളുടെ കടിയേറ്റ് ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിനും പരുക്ക് പറ്റിയവര്‍ക്കും ഉടനെ നഷ്ടപരിഹാരം നല്‍കണം. നഷ്ടപരിഹാരം ഇരകളുടെ അവകാശമാണ്
പാല്‍ – പത്രം ജീവനക്കാര്‍, മത്സ്യ കച്ചവടക്കാര്‍, ഇരു ചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍, സൈക്കിള്‍ യാത്രക്കാര്‍, കാല്‍നടക്കാര്‍ , പുലര്‍കാല സവാരി ക്കാര്‍ എന്നിങ്ങനെ സാധാരണക്കാരും അവരുടെ മക്കളുമാണ് തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിക്കുന്നത്. നിയമം പറയുന്നവരും നടപ്പാക്കുന്നവരും
അവരുടെ മക്കളും കാറില്‍ സഞ്ചരിക്കുന്നതിനാല്‍ അവര്‍ക്ക് നായ്ക്കളെ പേടിക്കേണ്ടി വരുന്നില്ല. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലാന്‍ അനുമതി ഉണ്ടെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ കടിച്ചു കൊല്ലുന്ന നായ്ക്കളെ തൊടാന്‍ പറ്റാത്ത അവസ്ഥയാണ്.
തെരുവില്‍ അല്ല നായ്ക്കളെ വളര്‍ത്തേണ്ടത്. ലോകത്ത് ഒരിടത്തും തെരുവില്‍ നായ്ക്കളെ വളര്‍ത്തുന്നുമില്ല. ഉത്തരേന്ത്യയിലെ ഗോശാലകള്‍ പോലെ നമുക്ക് ശ്വാനാലയങ്ങള്‍ തുറക്കാം. അത്തരം ഷെല്‍റ്ററുകള്‍ ജനവാസ മേഖലയില്‍ നിന്ന് അകലെയാവണമെന്ന് മാത്രം.
പേ പിടിച്ചുള്ള ദാരുണ മരണത്തിലേക്ക് സര്‍ക്കാരും തദ്ദേശസ്ഥാപനങ്ങളും ജനങ്ങളെ ഇനിയും തള്ളി വിടരുത്.മനുഷ്യന്റെ ജീവനും ആരോഗ്യത്തിനും രക്ഷ വേണം.നായ്ക്കളെ പ്രതിയുള്ള മനുഷ്യരുടെ മനസ്സാ സമാധാനമില്ലായ്മക്ക് അറുതി വേണം. തെരുവ് നായ്ക്കളേക്കാള്‍ വിലയും നിലയുമര്‍ഹിക്കുന്നത് മനുഷ്യരാണ് . അത് മറക്കരുത്.
(അഭിഭാഷകനും ട്രെയ്‌നറും മെന്ററുമായ ലേഖകന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളുടെ പരിശീലകനാണ് – 80757897 68)










