20 കോടി തരാമെന്ന് ചിരഞ്ജീവി; പണം തന്നാൽ അഭിനയിക്കില്ല; ഞെട്ടിച്ച് സൽ‌മാൻ

Facebook
Twitter
WhatsApp
Email

മോഹൻലാൽ–പൃഥ്വിരാജ് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘ലൂസിഫർ’ െതലുങ്ക് റീമേക്ക് ‘ഗോഡ്ഫാദറി’ൽ  ചിരഞ്ജീവിക്കൊപ്പം സൽമാൻ ഖാനും ഉണ്ടെന്ന് സ്ഥിരീകരിച്ചിരുന്നു. സിനിമയ്ക്ക് സൽമാൻ വാങ്ങുന്ന പ്രതിഫലം എത്രയെന്ന ചോദ്യവും ഉയർന്നിരുന്നു. എന്നാൽ തനിക്ക് ഒരു രൂപ പോലും പ്രതിഫലം വേണ്ടെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. 20 കോടി രൂപ നൽകാമെന്ന് നിർമാതാക്കൾ അദ്ദേഹത്തെ അറിയിച്ചിരുന്നു. എന്നാൽ പണം തന്നാൽ താൻ ഈ സിനിമയിൽ അഭിനയിക്കില്ല എന്നായിരുന്നു താരത്തിന്റെ മറുപടി. ചിരഞ്ജീവിയും സൽമാൻ ഖാനും തമ്മിൽ പതിറ്റാണ്ടുകളുടെ സൗഹൃദമാണുള്ളത്.

പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന ഗ്യാങ്സ്റ്റർ കഥാപാത്രത്തിന്റെ റോളിലാണ് സല്‍മാന്‍ ഖാന്‍ എത്തുക. എന്നാൽ ഇതേ കഥാപാത്രത്തെ ചില മാറ്റങ്ങളോടെയാകും തെലുങ്കിൽ അവതരിപ്പിക്കുക. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം രാജ)യാണ് ചിരഞ്ജീവിയെ നായകനാക്കി തെലുങ്ക് ലൂസിഫര്‍ ഒരുക്കുന്നത്. എസ്. തമന്‍ ആണ് സംഗീത സംവിധാനം. മലയാളത്തിൽ മഞ്ജു വാരിയർ അവതരിപ്പിച്ച പ്രിയദർശിനി എന്ന കഥാപാത്രത്തെ നയന്‍താരയാണ് തെലുങ്കിൽ പുനരവതരിപ്പിക്കുന്നത്.

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ നിരവധി മാറ്റങ്ങളുണ്ടാകുമെന്ന് മോഹൻരാജ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളിയായി തെലുങ്കില്‍ ചിരഞ്ജീവി വരുമ്പോള്‍ കഥാപാത്രത്തിന്റെ ഭൂതകാലം മലയാളത്തില്‍ നിന്ന് വ്യത്യസ്ഥമാണന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഖുറേഷി അബ്രാം എന്ന ഡോണ്‍ ആയി ഇന്ത്യയ്ക്കു പുറത്തും സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി കേരളത്തിലും വിലസുന്ന  നായകനെയാണ് മോഹന്‍ലാല്‍ മലയാളത്തില്‍ അവതരിപ്പിച്ചത്. മലയാളത്തില്‍ മാസ് പൊളിറ്റിക്കല്‍ ത്രില്ലറായിരുന്നുവെങ്കില്‍ തെലുങ്കില്‍ റൊമാന്റിക് ട്രാക്കിലൂടെയും സ്റ്റീഫന്‍ സഞ്ചരിക്കും.

സത്യദേവ് കഞ്ചരണയാണ് ചിത്രത്തിലെ മറ്റൊരു താരം. ഛായാഗ്രഹണം നിരവ് ഷാ. എഡിറ്റിങ് ശ്രീകർ പ്രസാദ്. സത്യദേവ്, നാസർ, ഹരീഷ് ഉത്തമൻ, സച്ചിൻ ഖഡേക്കർ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. നീരവ് ഷാ ഛായാഗ്രഹണവും തമൻ സംഗീത സംവിധാനവും നിർവഹിക്കും. കൊനിഡേല പ്രൊഡക്ഷൻ കമ്പനിയും മെഗാ സൂപ്പർ ഗുഡ് ഫിലിംസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *