യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളിലും ഇല്ലാതായത് നിരവധി ജീവനുകൾ, നിരവധി ജീവിതങ്ങൾ. ഉറ്റവരും ഉടയവരുമില്ലാതായ ലക്ഷക്കണക്കിനാളുകൾ, വീടും നാടും സർവതും വിട്ട് സുരക്ഷായിടം തേടി പോകുന്ന അഭയാർത്ഥികൾ , ഒരു കോടി ആളുകൾ ഇതിനോടകം തന്നെ പലായനം ചെയ്തതായാണ് ഐക്യരാഷ്ട്രസഭാ റിപ്പോർട്ടുകൾ. ഇതിനിടെ അന്നാട്ടിലെ ജനത മാത്രമല്ല വിദേശപൗരൻമാരടക്കം അവരുടെ ആയുധങ്ങളായി തീരുന്നു..മനുഷ്യ ഇടനാഴിയിലൂടെയാണ് ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ തങ്ങളുടെ പൗരൻമാരെ രക്ഷിച്ചത്. വെടിനിർത്തൽ പല ഘട്ടങ്ങളിലും പ്രഖ്യാപനം മാത്രമായി മാറി. സാധാരണക്കാരെ പോലും വെറുതെ വിടാതെ തുരുതുരാ പായുന്ന പീരങ്കികളും മിസൈലുകളും .
കിഴക്കന്‍ തുറമുഖ നഗരമായ മരിയുപോളില്‍ പോരാട്ടം കനക്കുന്നതിനിടെ ആയുധം വച്ച് കീഴടങ്ങണമെന്ന് റഷ്യ അന്ത്യശാസനം നല്കി. അതേസമയം കീഴടങ്ങില്ലെന്ന് യുക്രെയ്ന്‍ വ്യക്തമാക്കി. മരിയുപോളില്‍ നാനൂറോളം പേര്‍ അഭയം തേടിയിരുന്ന ആര്‍ട്സ് സ്കൂളില്‍ റഷ്യ ബോംബിട്ടതായി യുക്രെയ്ന്‍ വ്യക്തമാക്കി. സുരക്ഷിതമെന്ന് കരുതി ജനം മാറിത്താമസിക്കുന്ന സ്ഥലങ്ങളില്‍ ബോധപൂര്‍വം റഷ്യ ആക്രമിക്കുകയാണെന്ന് യുക്രെയ്ന്‍ ആരോപിക്കുന്നു. ഇതെല്ലാം നിഷേധിച്ച് റഷ്യയും നിലയുറപ്പിക്കുന്നു.
ഏറ്റവും ഒടുവിലായി അത്യാധുനിക ഹൈപ്പർസോണിക് ,ക്രൂയിസ് മിസൈലുകള്‍ വരെ ഉപയോഗിക്കാൻ റഷ്യ ആരംഭിച്ചിരിക്കുന്നു..ഇനിയങ്ങോട് കൂടുതൽ വന്യമായി ആക്രമണരീതിയായിരിക്കുമെന്നത് യാഥാർത്ഥ്യം..അഭയം തേടുന്ന ,ബങ്കറുകളാക്കുന്ന സ്കൂളുകൾ പോലും റഷ്യ ആക്രമിക്കുന്നതായി യുക്രെയിൻ ആരോപിക്കുന്നു. റഷ്യയിലേക്ക് ഒരു ലക്ഷം, പോളണ്ടില്‍ 20 ലക്ഷത്തിനു മേലെ, റൊമാനിയയിൽ 5 ലക്ഷത്തോളം, മൂന്നര ലക്ഷത്തോളം മോൾഡോവയിലേക്ക്, 65 ലക്ഷത്തിനു മേലെ യുക്രയിനിൽ തന്നെയും അഭയാർത്ഥികളായി. ഇതിൽ മോൾഡോവ പോലുള്ള ദരിദ്രരാജ്യങ്ങൾ അഭയാർത്ഥികളെ എങ്ങനെ കൈകാര്യം ചെയ്യും എന്നത് യൂറോപ്യന്‍ രാജ്യങ്ങൾക്കും മറ്റു ലോകരാജ്യങ്ങൾക്കും മുൻപിലുയരുന്ന ചോദ്യമാണ്.













