LIMA WORLD LIBRARY

എണ്ണ വരാതായാൽ ഞങ്ങളെ കുറ്റം പറയരുത്’; ലോക രാജ്യങ്ങളോട് സൗദി

റിയാദ്:ആ​ഗോള എണ്ണ വിതരണത്തിൽ തടസ്സം നേരിട്ടാൽ തങ്ങളെ പഴി ചാരരുതെന്ന് വ്യക്തമാക്കി സൗദി അറേബ്യ. രാജ്യത്തെ എണ്ണ ഉൽപാദന കേന്ദ്രങ്ങളിലേക്ക് കഴിഞ്ഞ ദിവസം ഹൂതി വിമത സേനയുടെ ആക്രമണം നടന്ന പശ്ചാത്തലത്തിലാണ് പ്രതികരണം. രാജ്യത്തിന് നേരെയുള്ള ഹൂതി ആക്രമണത്തെ അന്താരാഷ്ട്ര സമൂഹം ​ഗൗരവമായി കാണണമെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.

‘രാജ്യത്തിന്റെ ഉൽപാദന ശേഷിയെയും അതിന്റെ പ്രതിബന്ധങ്ങൾ നിറവേറ്റാനുള്ള കഴിവിനെയും അപകടത്തിലാക്കുന്ന ആക്രമണങ്ങളെ തടയാനും, ഊർജ വിതരണം സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണം,’ സൗദി അറേബ്യയുടെ പ്രസ്താവനയിൽ പറയുന്നു.

നിലവിൽ യുക്രെയ്ൻ-റഷ്യ യുദ്ധ പശ്ചാത്തലത്തിൽ ആ​ഗോള എണ്ണ വില ഉയർന്നിട്ടും ക്രൂഡ് ഓയിൽ ഉൽപാദനം കൂട്ടില്ലെന്ന ഒപെക് ധാരണയിൽ ഉറച്ചു നിൽക്കുകയാണ് സൗദി. ഉൽപാദനം കൂട്ടണമെന്ന യുഎസിന്റെ ആവശ്യവും സൗദി പരി​ഗണിച്ചിട്ടില്ല.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് മുമ്പേ തന്നെ എണ്ണ വിപണി പ്രതിസന്ധികൾ നേരിടുകയായിരുന്നു. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആവശ്യകത വർധിച്ചതായിരുന്നു കാരണം. ഇതിനിടെ റഷ്യ-യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തിൽ റഷ്യക്ക് മേൽ പാശ്ചാത്യ രാജ്യങ്ങൾ വിലക്കുകളും പ്രഖ്യാപിച്ചതോടെ വിപണി കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടെയാണ് സൗദിയിലേക്കുള്ള ഹൂതി ആക്രമണവും.

കഴിഞ്ഞ ദിവസം രാജ്യത്തെ എണ്ണക്കമ്പനിയായ അരാംകോയുൾപ്പെടെ സൗദിയിലെ നാലിടങ്ങളിലേക്കാണ് ഹൂതി വിമത സേനയുടെ ഡ്രോൺ, മിസൈൽ ആക്രമണം നടന്നത്. ജിസാനിലെ അരാംകോ ശാഖയിലേക്കും ദർഹ്രാൻ അൽ ജനൂബ് പവർ സ്റ്റേഷനിലേക്കും അൽ ഷഫീഖിലെ ഡീസലിനേഷൻ പ്ലാനിലും, വിമത സേനയുടെ ആക്രമണം ഉണ്ടായി. ഖാമിസ് മുഷെയ്തിലെ ​ഗാസ് സ്റ്റേഷനിലേക്കായിരുന്നു നാലാമത്തെ ഡ്രോൺ ആക്രമണം. ഡ്രോൺ ആക്രമണത്തിന് പുറമെ ജിസാനിലേക്ക് ഒരു മിസൈലാക്രമണവും ഉണ്ടായി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px