LIMA WORLD LIBRARY

ചൈനയില്‍ കോവിഡ് ഉയരുന്നു; എന്നാല്‍ ഇന്ത്യയില്‍ മാസ്‌ക് മാറ്റാന്‍ സമയമായോ?

ചൈനയിലും ദക്ഷിണകൊറിയയിലും യൂറോപ്പിലുമൊക്കെ വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ ഉയരുകയാണ്. മുന്‍ തരംഗങ്ങള്‍ വന്‍വിനാശം വിതച്ച ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഇത് ആശങ്കയ്ക്ക് കാരണമാകുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കോവിഡിന്റെ ഭാവി തരംഗങ്ങള്‍ കാര്യമായ ആഘാതമുണ്ടാക്കില്ലെന്നും നിര്‍ബന്ധിത മാസ്‌ക് പോലുള്ള നിയന്ത്രണങ്ങള്‍ മാറ്റുന്ന കാര്യത്തെ കുറിച്ച് ഗവണ്‍മെന്റിന് ആലോചിക്കാവുന്നതാണെന്നും ഒരു കൂട്ടം പകര്‍ച്ചവ്യാധി വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ, മാസ്‌ക്, ആള്‍ക്കൂട്ടം, കോവിഡ് നിയന്ത്രണ ലംഘനം എന്നിവയ്ക്ക് കേസുകള്‍ ഒഴിവാക്കാവുന്നതാണെന്ന് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുമുണ്ട്.

മൂന്ന് തരംഗങ്ങള്‍ മൂലമുണ്ടായ പ്രകൃതിദത്ത പ്രതിരോധശേഷിയും ഉയര്‍ന്ന വാക്‌സീന്‍ കവറേജുമാണ് ഇന്ത്യയെ താരതമ്യേന സുരക്ഷിതമാക്കുന്നതെന്ന് പല വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു. സാര്‍സ് കോവ്-2 ആര്‍എന്‍എ വൈറസ് ആയതിനാല്‍ ഇതിന് വകഭേദങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്ന് എയിംസ് സെന്റര്‍ ഫോര്‍ കമ്മ്യൂണിറ്റി മെഡിസിനിലെ പ്രഫസര്‍ സഞ്ജയ് റായ് പറയുന്നു. ആയിരത്തിലധികം ജനിതക വ്യതിയാനങ്ങള്‍ സാര്‍സ് കോവ്-2ന് സംഭവിച്ചിട്ടും ഇതില്‍ അഞ്ച് വകഭേദങ്ങള്‍ മാത്രമാണ് ആശങ്ക പരത്തുന്ന വകഭേദങ്ങളായി മാറിയതെന്ന് ഡോ. റായ് ചൂണ്ടിക്കാട്ടി.

മുതിര്‍ന്ന പൗരന്മാരും  അണുബാധ പകരാന്‍ സാധ്യത കൂടുതലുള്ളവരും ഒഴികെയുള്ളവര്‍ക്ക് മാസ്‌ക് അണിയുന്ന കാര്യത്തില്‍ ഇളവുകള്‍ നല്‍കാവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാവി വകഭേദങ്ങളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിന് ഗവണ്‍മെന്റ് സാര്‍സ് കോവ്-2 നിരീക്ഷണവും ജനിതക സീക്വന്‍സിങ്ങും വകഭേദങ്ങളുടെ ട്രാക്കിങ്ങും തുടരണമെന്നും ഡോ. റായ് നിര്‍ദ്ദേശിച്ചു.

ഒരു പുതിയ വകഭേദം ഉണ്ടായാല്‍ പോലും ഇന്ത്യയില്‍ ഇനിയൊരു കോവിഡ് തരംഗത്തിനുള്ള സാധ്യത കുറവാണെന്ന് പകര്‍ച്ച വ്യാധി വിദഗ്ധനായ ഡോ. ചന്ദ്രകാന്ത് ലഹാരിയയും അഭിപ്രായപ്പെട്ടു. മൂന്ന് തരംഗങ്ങള്‍ക്കും വാക്‌സീന്‍ വിതരണത്തിനും ശേഷം ഇന്ത്യ കൈവരിച്ച ഹൈബ്രിഡ് പ്രതിരോധമാണ് ഇതിന് കാരണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒരു സമൂഹമെന്ന നിലയില്‍ നാം കോവിഡിനൊപ്പം ജീവിക്കാനായി തയാറെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മാസ്‌ക് നിയന്ത്രണം ഘട്ടം ഘട്ടമായി പിന്‍വലിക്കുന്ന കാര്യത്തെ കുറിച്ച് ഗവണ്‍മെന്റ് ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. സഫ്ദര്‍ജങ് ആശുപത്രിയിലെ കമ്മ്യൂണിറ്റി മെഡിസിന്‍ തലവന്‍ ഡോ. ജുഗല്‍ കിഷോറും ഇതിനോട് യോജിക്കുന്നു.

ഇനിയും രണ്ടാമത് ഡോസ് വാക്‌സീന്‍ എടുക്കാത്ത മുതിര്‍ന്നവര്‍ അത് പൂര്‍ത്തിയാക്കണമെന്നും 12 മുതല്‍ 18 വരെയുളള എല്ലാ കുട്ടികളും വാക്‌സീന്‍ എടുത്തെന്ന് ഉറപ്പാക്കണമെന്നും പ്രതിരോധ കുത്തിവയ്പ്പിനു വേണ്ടിയുള്ള ദേശിയ സാങ്കേതിക ഉപദേശക സമിതിയുടെ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എന്‍. കെ. അരോര പറഞ്ഞു. ഇന്ത്യയില്‍ ഒരു കടുത്ത കോവിഡ് തരംഗത്തിനുള്ള സാധ്യതയും അദ്ദേഹം തള്ളിക്കളയുന്നു.

Content Summary : COVID-19

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px