പേച്ചിയും
തലവെട്ടിപ്പള്ളിയും.
തിരുവനന്തപുരത്ത് പണ്ടുപണ്ടേ ക്ലബ്ബുകളുടെ
കൂട്ടായ്മകളുണ്ട്. അവിടിരുന്ന് ചീട്ടുകളിച്ചും സ്മാളടിച്ചുമാണ് പുരോഗമനം തലയ്ക്കു പിടിപ്പിച്ചെതെന്നാണെങ്കിൽ തെറ്റി .ആ വക
പുരോഗമനങ്ങളൊക്കെ അങ്ങ്
പുളിമൂടും പാളയത്തുമാണ് നടന്നിട്ടുള്ളത്. സ്വാത ന്ത്ര്യത്തിന്റെ മുറവിളി.
ശാസ്തമംഗലവും വഴുതക്കാടുമൊക്കെ പ്രശാന്ത സുന്ദരമായിരുന്നു. ശ്രീമൂലം ക്ലബ്ബും ട്രിവാൻഡ്രം ക്ലബ്ബുമൊക്കെ വരുന്നത് 1885 നും 1924 നും ഇടയ്ക്ക് തിരുവിതാംകൂർ ഭരിച്ചിരുന്ന ശ്രീമൂലം തിരുനാളിന്റെ കാലത്താണ്. അദ്ദേഹം ഈ വക ഏർപ്പാടുകൾക്ക് ഭൂമി പതിച്ചു കൊടുക്കുമായിരുന്നു.
ഓരോ ഗ്രൂപ്പിനും ഓരോ ക്ലബ്ബ്. 1899 ൽനാഷണൽ ക്ലബ്ബ് നായന്മാർക്ക് . 1888 ൽ കരമനയിൽ ബ്രാഹ്മണർക്ക് റീഡിംഗ് ക്ലബ്ബ് . 25 ഏക്കർ സായ്പന്മാർക്ക് 1882 ൽ ഗോൾഫ് ക്ലബ്ബ്, ആഢ്യന്മാരായ സായ്‌പ്പ്മാരും അവരുടെ തോളിൽ കൈയ്യിട്ടു നടക്കുന്ന പണ്ണേശ്വരമാർക്കുമായി 1935 ൽ സ്ഥാപിതമായ ട്രിവാൻഡ്രം ക്ലബ്ബ് ,1890 ൽ ദിവാൻ രാമറാവു മാർക്ക് വെടി പറഞ്ഞിരിക്കാനായി തുടങ്ങിയ ശ്രീമൂലം ക്ലബ്ബ് ……
ഇതിനൊക്കെ മുമ്പേ ശാസ്തമംഗലത്ത് “മിത്രോദയം ” സമാജമുണ്ടായിരുന്നു. തിരുവനന്തപുരത്തെ കൊമ്പും തുമ്പിക്കൈയ്യമുള്ള ഗജ കസേരി നായന്മാരുടെ ചീട്ടുകളിയും സമകാലിക വിഷയ ചർച്ചയും നടന്നിരുന്നു ത് ഈ മിത്രോദയം സമാജ ത്തിൽ വച്ചാണ്. അത് മാത്രമല്ല നാടകാഭിനയവും തകർത്തു നടന്നിരുന്നു. ശാസ്തമംഗലത്ത് ഇന്നത്തെ എൻ.എസ്.എസ്. കരയോഗ മന്ദിരം പ്രവർത്തിക്കുന്ന സ്ഥലത്തായിരുന്നു ആ സമാജമെന്നാണ് എം.ജി.ശശിഭൂഷന്റെ അളിയൻ എസ്.പി.ഹരികുമാർ പറയുന്നത്. സമാജം വിളയെന്നാണ് ആ പ്രദേശത്തിന് പേർ.
നമുക്ക് ചീട്ടുകളിയും കള്ളുകുടിയും വിടാം.
നാടകക്കളിയിലേക്ക് വരാം.
ആദ്യത്തെ സ്ഥിരം നാടക വേദിയായിരുന്നു അത്. രാജാവിന്റെ തിരുനാൾ ജന്മനക്ഷത്രത്തിൽ ഓരോ നാടകങ്ങൾ വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ഗ്രന്ഥശാലയിൽ അരങ്ങേറാറുണ്ടായിരുന്നെങ്കിലും മാസാമാസം നാടകം നടത്തിയിരുന്ന മിത്രോദയം സമാജത്തെ ആരോർക്കാൻ ?
മാർത്താണ്ഡവർമ്മ , ധർമ്മരാജാ, രാമരാജബഹദൂർ , തുടങ്ങിയ ചരിത്ര നാടകങ്ങളുൾപ്പെടെ കണക്കില്ലാത്ത നാടകങ്ങളല്ലേ സമാജം വിളയിലെ “മിത്രോ ദയ “ത്തിൽ അവതരിപ്പിച്ചിരുന്നത്.
ശാസ്തമംഗലം മുതൽ വെള്ളയമ്പലം വരെയായിരുന്നു അന്നത്തെ രാജാവിന്റെ വിശേഷ ദിവസങ്ങളിലെ എഴുന്നള്ളിപ്പ്.
നക്ഷത്രം നോക്കിയുള്ള വിശേഷങ്ങൾ എല്ലാം ഇന്നത്തെ കോൺഗ്രസ്സ് ഹൗസിനു മുന്നിലെ റോഡിലൂടെയാണ് നടന്നിരുന്നത്.
മിക്കവാറും മാസങ്ങളിൽ മിത്രോദയത്തിൽ നാടകമുണ്ടാകും. നാലണയായിരുന്നു അംഗത്വഫീസ്.
ഇവി കൃഷ്ണ പിള്ള
തുടങ്ങി സമസ്തനായന്മാരും
സെറ്റായിട്ടാണ് അവിടെ അണിനിരന്നിരുന്നത്.
മന്നത്തു പത്മനാഭന്റെ ” ജീവിത സ്മരണ”കളിൽ ഈ സമാജത്തെപ്പറ്റി പരാമർശമുണ്ട്. നാടകം കളിച്ചുണ്ടാക്കിയ പണം കൊണ്ട് നേടിയ സ്ഥലത്ത് രാജാ കേശവദാസന്റെ പ്രതിമ സ്ഥാപിക്കാനായിരുന്നു പരിപാടി. ചാലക്കമ്പോളം നിർമ്മിച്ച രാജാ കേശവദാസന്റെ പേരിൽ സ്ക്കൂളു വന്നു. നായർ പ്രമാണി സ്ഥലം വിട്ടുകൊടുക്കാത്തതുകൊണ്ട് പ്രതിമ വന്നില്ല. എങ്ങനെ വിട്ടുകൊടുക്കും. ബാക്കിയുള്ളവരും കൂടി തീരുമാനിക്കണ്ടേ.
എന്തായാലും രാജാകേശവദാസന്റെ പ്രതിമ വന്നില്ലെന്ന് ചുരുക്കം. മിത്രോദയ സമാജവും പൂട്ടി.
ഇനി എരണം കെട്ട മറ്റൊരു സമാജത്തെപ്പറ്റിക്കൂടി…
വഴുതക്കാട് കോട്ടൺഹിൽ സ്ക്കൂളിന് ഇടതു വശത്ത് കാടുപിടിച്ചൊരു കെട്ടിടം കിടപ്പുണ്ട്. തലവെട്ടി ക്ലബ്ബാണത്! “തലവെട്ടിപ്പള്ളി ”
അവിടെപ്പോയിട്ടുള്ളവർക്കറിയാം എരണം കെട്ട സ്ഥലമാണെന്ന്. ഫ്രീമേസൺ ക്ലബ്ബല്ല “ലോഡ്ജ് “എന്നാണ് വിളിച്ചിരുന്നത്. യൂറോപ്പിലെ കൽപ്പണിക്കാരും മേസ്തരിമാരും തൊഴിലാളികളും 1717 ൽ ലണ്ടനിൽ ആദ്യ ലോഡ്ജ് സ്ഥാപിച്ചു. ഇന്ത്യയിൽ കൽക്കത്തയിൽ 1730 ന്സ്ഥാപിച്ച ഫ്രീമേസൺ ലോഡ്ജ് 1806 ൽ കൊല്ലത്ത് വന്നപ്പോൾ ട്രാവൻകൂർ യൂണിയനായി. 1886 ൽ “ലോഡ്ജ് കേരള” എന്ന പേരിൽ കോഴിക്കോട്ട് ഒന്ന് തുടങ്ങി.
അങ്ങനെ തിരുവനന്തപുരത്തും 1897 ൽ ലോഡ്ജ് വന്നു.
തൊഴിലാളികൾക്കും വേണ്ടേ ഒരു ക്ലബ്ബ് ! അതു വേണ്ട ഞങ്ങളോളം പൊങ്ങണ്ട എന്ന് കരുതി “ലോഡ്ജ്” മതി എന്നാക്കിയതാവാം. തൊഴിലാളികളുടെ വിനോദവും വിചാരവും പരിപോഷിപ്പിക്കാൻ രാജാവ് സ്ഥലം കൊടുത്തത് ഇപ്പോഴത്തെ ഡി.പി.ഐയിലായിരുന്നു.
1897 നവംബർ 8 ന് നേപ്പിയർ പാർക്ക് എന്നറിയപ്പെട്ടിരുന്ന മ്യൂസ്യത്തിനു സമീപമുള്ള വാടകക്കെട്ടിടത്തിലാണ് അവർ കൂടിയിരുന്നത്. തിരുവിതാംകൂർ ചീഫ് എഞ്ചിനീയർ അലക്സാണ്ടർ മിഞ്ചിന്റെ അദ്ധ്യക്ഷതയിൽ എല്ലാ മാസത്തെയും ആദ്യത്തെ ശനിയാഴ്ച യൂറോപ്യൻ ഇഞ്ചിനീയറന്മാരും തൊഴിലാളികളും ഒന്നിച്ച് സമ്മേളിക്കുമായിരുന്നു.
ഇതൊരു നല്ലകാര്യമാണല്ലോ എന്ന് മനസ്സിലാക്കി നാട് ഭരിച്ചിരുന്ന ശ്രീമൂലം തിരുനാൾ തൊഴിലാളികൾക്കും 1903 ൽ ജഗതിയിൽ ഒന്നര ഏക്കർ സ്ഥലം പതിച്ചു കൊടുത്തു. ആയിരം രൂപയും നൽകി. 1905 ൽ കെട്ടിടം പണി പൂർത്തിയാക്കിയെങ്കിലും സംഘടന കടം കയറി .ഒടുവിൽ ഇരുപതിനായിരം രൂപക്ക് സർക്കാർ തന്നെ ഈ കെട്ടിടം ഏറ്റെടുത്തു. ഇന്നത്തെ വിദ്യാഭ്യാസവകുപ്പ് പ്രവർത്തിക്കുന്നത് ഈ തലവെട്ടി ലോഡ്ജിലാണ്. ഇതിന്റെ മുന്നിലെ റോഡിന് മിഞ്ചിൽ റോഡ് എന്ന പേരും. പിന്നീടാണ് കോട്ടൺ ഹിൽ സ്കൂളിനരികിലെ കാട്ടിൽ ഏതോ കൊള്ളസംഘത്തെപ്പോലെ ആ കൂട്ടായ്മയുട കെട്ടിടം ഉയർന്നത്. പുറത്തു നിന്ന് നോക്കിയാൽ കാണില്ല. അകത്തു കയറിക്കാണണം.
ഇപ്പോഴും പുറംചുമരൊന്നും ചായം പൂശിയിട്ടില്ല.
എങ്ങനെ ഇതിന് തലവെട്ടി ക്ലബ്ബ് എന്ന് പേരുവന്നു?
ഇനിയാണ് കഥയിലേക്ക് കടക്കുന്നത്. ആദിവാസി ദളിത് മുന്നേറ്റ ചരിത്രം അടയാളപ്പെടുത്താൻ മറന്നു പോയൊരു പ്രതിരോധ ചരിത്രം. പ്രകൃതി പാരിസ്ഥിതികാവബോധം ഒതാട്ടുതീണ്ടിയിട്ടില്ലായിരുന്ന കാലത്തെ ഒരു വിപ്ലവ കഥ.
ഒരു നീചപ്രവൃത്തി ചെയ്താൽ അത് പലവിധത്തിൽ ചരിത്രത്തിലങ്ങനെ നാമധാരിയായികിടക്കും.
മിഞ്ചൽ സായ്പിന്റെ കാര്യം തന്നെ എടുക്കാം.
പേച്ചിപ്പാറ അണക്കെട്ടിന്റെ നിർമ്മാണ കാലമാണ്. ഇന്നത്തെപ്പോലെ ജനകീയ പ്രക്ഷോഭങ്ങൾ വളർന്നിട്ടില്ലാത്ത കാലം. മേഥാ പട്കർ അന്നു ജനിച്ചിട്ടില്ല. എന്നാലും പ്രതിഷേധിക്കാൻ ഒരാളുണ്ടായിരുന്നു. ഒരു വനിത. മലമൂപ്പന്റെ മകൾ പേച്ചി.
പേച്ചിയുടെ നേതൃത്വത്തിൽ
പ്രദേശവാസികൾ കൂട്ടം കൂടി. പ്രതിരോധിച്ചതോ ഓരോ കല്ലിളക്കിയും. മുദ്രാവാക്യം വിളിക്കാനോ ധർണ ഇരിക്കാനോ ഒന്നും പോയില്ല. അണയ്ക്കുവേണ്ടി കെട്ടുന്ന ഭാഗങ്ങൾ അന്നന്ന് രാത്രി പേച്ചിയുടെ നേതൃത്വത്തിൽ പ്രദേശവാസികൾ വന്ന് കമ്പിപ്പാര കൊണ്ട് ഇടിച്ച് കളയും. താക്കീത് നൽകി. ആരു വകവയ്ക്കാൻ ?അവസാനം മിഞ്ചിൽ സായ്പിന് കലി കയറി. പേച്ചിപ്പാറയിലെ മേധാ പട്കറെ ഒറ്റ വെടിയിൽ തീർത്തു. അതാണ് മിഞ്ചിൽസായ്പ്. പിന്നെ പണി എളുപ്പമായി. രക്തസാക്ഷി പേച്ചിയെ അണക്കെട്ടിനു താഴെ അടക്കി. 1913 ൽ മിഞ്ചിൽ സായ്പും മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം അണക്കെട്ടിന്റെ മുകളിൽ അടക്കി. ഒന്നിച്ചെങ്ങനെ അടക്കും?
മിഞ്ചിൽ സായ്പ് രൂപം കൊടുത്ത ഫ്രീമേസൺ ലോഡ്ജിനും ആകെ ഒരു ദുരൂഹതയാണ്. കാഞ്ചി വലിച്ചൊരാദിവാസിയെ കൊന്നതല്ലേ? അവിടെ രഹസ്യസ്വഭാവമുള്ള പലതും നടന്നിരുന്നു. അത് പുറത്തു പറഞ്ഞാൽ തലവെട്ടിക്കളയുമെന്നൊരു ഭീഷണിയും നിലനിന്നിരുന്നു. മാത്രമോ സ്ഥാനമാറ്റ സമയത്ത് വാളു കൈമാറുന്ന ഒരേർപ്പാടും കൊലവിളികളും അവിടെ ആ ലോഡ്ജിൽ നിന്ന് നിന്ന് കേൾക്കാറുമുണ്ടായിരുന്നു.
തിരുവിതാംകൂർ രാജാവ് ആദ്യമായി റബ്ബർ കൃഷിക്ക് വിദഗ്ധനായൊരു ഇഞ്ചിനീയറെ ലണ്ടനിൽ നിന്ന് തക്കലയിൽ കൊണ്ടുവന്നു. അവരുടെ മകൾ മെഡിക്കൽ കോളേജിലെ ആദ്യ ബാച്ചിലെ ഡോക്ടറായിരുന്നു. ഡോ. മുറൈൽ. സുകുമാരനെ വിവാഹം ചെയ്ത് മുറേൽ സുകുമാരനായി.
ഇപ്പോൾ പത്തു തൊണ്ണൂറ് വയസ്സുണ്ട്. ഇംഗ്ലീഷിലാണ് എഴുത്ത്. എഴുതുന്നതെല്ലാം പരിധിയാണ് പ്രസിദ്ധപ്പെടുത്തുന്നത്. ഈ അടുത്ത കാലത്ത് അവരെ ഴുതിയ ” ദൊരൈ റോഡി “ലും തലവെട്ടിപ്പള്ളിയെപ്പറ്റി പരാമർശമുണ്ട്.
നോക്കണേ ഓരോരോ പേരുകൾക്കു പിന്നിലുള്ള കഥകൾ.











